/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
"തളർന്നു. ഇനി വയ്യ. എത്ര നാളായി പ്രാർത്ഥിക്കുവാൻ തുടങ്ങിയിട്ട്. ഇങ്ങനെയുണ്ടോ ഒരു ജീവിതം. പരീക്ഷണങ്ങളുടെ ഒരു ഘോഷ യാത്ര. ഇത്ര മാത്രം റബ്ബെന്നെ പരീക്ഷിക്കുവാൻ ഞാനെന്ത് തെറ്റാണ് ചെയ്തത്" തളർന്നു വീഴുമ്പോൾ മിക്കവാറും എല്ലാവരും പറയുന്ന ഒരു വാക്ക്.
ഒരു കപ്പൽ. ശാന്തമായ കടലിലൂടെ നീങ്ങിക്കൊണ്ടിരിക്കെ, പെട്ടന്ന് ഒരു വലിയ മഞ്ഞു മലയിലിടിച്ചു ഒരു ഭാഗം തകർന്നു. വെള്ളം ശക്തിയോടെ കപ്പലിലേക്ക് ഇരച്ചു കയറി. സാവകാശം കപ്പൽ മുങ്ങി. ഇരുട്ടുള്ള ഒരു രാത്രിയിലാണ് ഈ അപകടം സംഭവിച്ചത്.
ജീവനോടെ ഒരാൾ മാത്രമേ രക്ഷപ്പെട്ടുള്ളു. തകർന്ന കപ്പലിന്റെ ഒരു തടിക്കഷണത്തിൽ പിടിച്ചു കിടന്ന അയാൾ, ആൾ താമസമില്ലാത്ത ഒരു ദ്വീപിൽ എത്തിച്ചേർന്നു. തികച്ചും ഒറ്റപ്പെട്ടുപോയ ആ മനുഷ്യൻ പൊട്ടിക്കരഞ്ഞു പ്രാർത്ഥിച്ചു."ആരെങ്കിലും തന്നെ രക്ഷപ്പെടുത്താൻ വരണമേ" എന്ന്.
എന്നാൽ ആരും വന്നില്ല. ഒടുവിൽ രക്ഷപ്പെടുവാൻ ഉപയോഗിച്ച മരക്കഷണം കൊണ്ട് അയാളവിടെ ഒരു കൊച്ചു കുടിൽ കെട്ടി താമസിക്കുവാൻ തുടങ്ങി. നേരം വെളുക്കുമ്പോൾ കഴിക്കാനുള്ള പഴ വർഗ്ഗങ്ങൾ തേടി അയാൾ ദ്വീപിൽ അലയും. വൈകുന്നേരമാകുമ്പോൾ കുടിലിൽ തിരിച്ചെത്തും.
ഒരു ദിവസം, ഭക്ഷണവുമായി വൈകുന്നേരം തന്റെ കുടിലിലെത്തിയപ്പോൾ കണ്ട കാഴ്ച,അയാളെ ഞെട്ടിച്ചു കളഞ്ഞു. തന്റെ അഭയ കേന്ദ്രമായ കൊച്ചുകുടിൽ കത്തിയെരിയുന്നു.
തന്നോടും ലോകത്തോടും വെറുപ്പ് തോന്നിയ ആ മനുഷ്യൻ, ജീവിതം അവസാനിപ്പിക്കുവാൻ ഉറപ്പിച്ചു. അതിനുമുൻപ്, ഒന്ന് പ്രാർത്ഥിക്കുവാൻ അയാൾ തീരുമാനിച്ചു.
മുട്ടു കുത്തിയിരുന്ന് ആകാശത്തേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുന്ന ആ നേരത്ത്, ആരോ ഒരാൾ അയാളുടെ ചുമലിൽ കൈ വെച്ചു. അയാൾ തിരിഞ്ഞു നോക്കി. അയാൾക്ക്തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു വലിയ ജന കൂട്ടം.
അയാൾ അവരോട് ചോദിച്ചു: "ഞാൻ ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് എങ്ങിനെ അറിയാൻ കഴിഞ്ഞു" അവർ പറഞ്ഞു:"ഞങ്ങൾ കപ്പലിൽ ഈ ദ്വീപിനരികിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ആകാശത്തേക്കുയരുന്ന തീയും പുകച്ചുരുളുകളും കണ്ടത്. ആരോ സഹായത്തിനു വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അങ്ങിനെയാണ് ഞങ്ങൾ ഇവിടെ എത്തിയത്"
അതെ, സങ്കടങ്ങളെല്ലാം താൽക്കാലികമാണ്. ചിലപ്പോൾ അവ നീണ്ടു നിന്നെക്കാം. എന്നാലും ആശ്വാസം അരികിലായിരിക്കും ജീവിതം ശാന്തമായി സന്തോഷത്തോടെ നീങ്ങിക്കൊണ്ടിരിക്കുന്ന നേരത്തായിരിക്കും, തിരമാലകൾ കണക്കെ പരീക്ഷണങ്ങൾ വരുന്നത്. അതിൽ തളർന്നു പോയാൽ, പിന്നെ എഴുന്നേൽക്കാൻ പ്രയാസമായിരിക്കും.
നമ്മളറിയണം. റബ്ബ് പരീക്ഷിക്കും. എന്നാലും കാരുണ്യവാൻ വിശ്വാസിയെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഈ വ്രത രാവുകൾ, നാഥനോട് കരുണ ചോദിക്കാനായി നമുക്ക് മാറ്റി വെയ്ക്കാം. ഒപ്പം, പരീക്ഷങ്ങളിൽ തകർന്നു പോകാതിരിക്കാനും...