കെ ശങ്കരനാരായണന്‍ ധാര്‍മ്മികതയുടെ ആള്‍രൂപം - (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വിവിധ തലമുറകള്‍ക്ക് ധാര്‍മ്മികതയുടെ ഗുരുനാഥനായ കെ ശങ്കരനാരായണന്‍ ഒരുപാട് ഓര്‍മ്മകള്‍ ബാക്കിവെച്ച് വിടവാങ്ങി. ജനകീയ പ്രശ്‌നങ്ങളിലും നാടിന്റെ വികസനപ്രശ്‌നങ്ങളിലും വിശാലമായ കാഴ്ചപ്പാടുള്ള വ്യക്തിത്വത്തിനുടമായിരുന്നു.

രാഷ്ട്രീയ അന്ധത ബാധിക്കാത്ത, പൊതുപ്രശ്‌നങ്ങളില്‍ ശരിപക്ഷനിലപാടെടുക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തി പിടിച്ച, മന്ത്രി, ഗവര്‍ണര്‍, ജനപ്രതിനിധി എന്ന നിലയിലും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം സാമൂഹിക പ്രതിബദ്ധതയോടെ നിറവേറ്റിയ ജനനേതാവിനെയാണ് കെ ശങ്കരനാരായണന്റെ വിയോഗത്തോടെ നഷ്ടമായത്.

പാലക്കാട് ശേഖരീപുരത്തെ അനുരാധയില്‍ ആര്‍ക്കും കടന്നുചെല്ലാവുന്ന സ്വാതന്ത്ര്യമുണ്ടായിരുന്നു. സങ്കടങ്ങള്‍ക്കും മറ്റും അദ്ദേഹത്തിന്റെ പക്കല്‍ പരിഹാരമുണ്ടാവുമായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി എത്തിയവര്‍, ആശ്വാസത്തിന്റെ പുഞ്ചിരി തൂകി പോകുന്നയത്ര, മാന്ത്രികതയിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍.

പ്രസംഗങ്ങളും വ്യക്തിബന്ധങ്ങളുമായിരുന്നു ശങ്കരനാരായണന് ഏറ്റവും സന്തോഷകരമായത്. രാഷ്ട്രീയ ചര്‍ച്ചകളും മറ്റുമുള്ള സംഘര്‍ഷഭരിതമായ സാഹചര്യത്തിലായാലും നാടന്‍ രുചിയേറിയ ഭക്ഷണത്തിന് മുന്നില്‍ ശാന്തനായി ഇരുന്ന് ആസ്വദിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

എല്ലാവരെയും നയപരമായി കൈകാര്യം ചെയ്യുന്ന പാടവമാണ്, അദ്ദേഹത്തിന് നാഗാലാന്റ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചല്‍ പ്രദേശ്, ഗോവ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവിയിലെത്തിച്ചത്. പാലക്കാടിന്റെ, മലയാളിയുടെ മുഖമുദ്രയായി അദ്ദേഹം സേവനം ചെയ്തു.

ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളി എന്ന വിശേഷങ്ങള്‍ക്കൊപ്പം തന്നെ, കേരളത്തില്‍ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് തുടങ്ങിയ വകുപ്പ് മന്ത്രിയുമായിരുന്നു.

വിദ്യാര്‍ത്ഥി കാലത്ത് തന്നെ രാഷ്ട്രീയത്തിലെത്തി, ഷൊര്‍ണ്ണൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തുടക്കം കുറിച്ച് പടിപടിയായി ഉയര്‍ന്ന് ദീര്‍ഘകാലം യുഡിഎഫ് കണ്‍വീനറും പാലക്കാട് ഡിസിസി പ്രസിഡന്റും സംഘടനാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുപ്പത്തിയാറാമത്തെ വയസ്സില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുള്ള പാലക്കാട് ജില്ലയില്‍  കോണ്‍ഗ്രസിന് അടിത്തറയൊരുക്കാന്‍ അക്ഷീണം പ്രയ്തനിച്ച നേതാവ് കൂടിയായിരുന്നു. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായി, പിന്നീട് സംഘടനാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ, അടിയന്തരാവസ്ഥക്കെതിരേ ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍, മാപ്പെഴുതി നല്‍കാത്തതിനാല്‍ പൂജപ്പുര ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിരുന്നു.

അന്ന് ആഭ്യന്തര മന്ത്രി കെ കരുണാകരനായിരുന്നു. 1976ല്‍ ശങ്കരനാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ് കോണ്‍ഗ്രസില്‍ ലഭിക്കുകയും 1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നിന്ന് വിജയിച്ച് കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായതും രാജന്‍ കേസിനെ തുടര്‍ന്ന് മന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്ന് 16 ദിവസം മാത്രമെ ആദ്യമന്ത്രി സ്ഥാനം തുടര്‍ന്നുള്ളുവെന്നതുള്‍പ്പെടെ തിരിഞ്ഞുനോക്കുമ്പോള്‍ ആശ്ചര്യമുളവാക്കുന്ന തരത്തിലായിരുന്നു ശങ്കരനാരായണന്റെ രാഷ്ട്രീയ ജീവിതം.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമായ അദ്ദേഹവുമായി എനിക്ക് ദീര്‍ഘനാളത്തെ ആത്മബന്ധമാണുള്ളതെന്ന് ഇവിടെ അഭിമാനത്തോടെ കുറിക്കുന്നു. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി നല്ലൊരു വായനക്കാരന്‍ കൂടിയായ ശങ്കരനാരായണന്‍ സായാഹ്നം പത്രവുമായി നല്ല ആത്മബന്ധം സൂക്ഷിച്ചിരുന്നു.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സായാഹ്നം ഉദ്ഘാടനം ചെയ്തത് അദ്ദേഹവുമായിരുന്നു. അന്നുമുതല്‍ വിശ്രമകാലം വരെ അദ്ദേഹം പത്രത്തിന്റെ വളര്‍ച്ചയിലും മറ്റും അന്വേഷണം നടത്താറുണ്ടായിരുന്നു.

സായാഹ്നവുമായി മാത്രമല്ല, അദ്ദേഹത്തിന്റെ കരുതലുണ്ടായത്. അധ്യാപകനായിരിക്കെ, അദ്ദേഹം ധനമന്ത്രിയായിരുന്ന വേളയിലാണ് എസ് എസ് എല്‍ സി പരീക്ഷയുടെ സൂപ്പര്‍വിഷന്‍ ചുമതല നല്‍കി ദുബായിലേക്ക് അയച്ചത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായപ്പോള്‍ ഏറെ സന്തോഷിച്ച ആത്മിത്രം കൂടിയായിരുന്നു അദ്ദേഹമെന്നത് ഇന്നും ആഹ്ലാദത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല.

മാത്രവുമല്ല, 'ഇന്ത്യാ ചരിത്രവും കമ്മ്യൂണിസവും' ചരിത്രത്തില്‍ ജീവിക്കുന്ന ഗാന്ധിജി, 'ഭാഷ, ദേശം, കഥാപാത്രങ്ങള്‍' എന്നിങ്ങനെ ഞാന്‍ രചിച്ച മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതും കെ ശങ്കരനാരായണനായിരുന്നു. അദ്ദേഹം ജീവിച്ച കാലവും കാപട്യമില്ലാത്ത ജനസേവനവും എന്റെ വ്യക്തിപരമായ അനുഭവങ്ങളും എന്നും ഒരു പ്രകാശനാളമായി മനസ്സില്‍ ജ്വലിച്ച് കൊണ്ടേയിരിക്കും. ആത്മബന്ധമുള്ള പ്രിയ ജനനേതാവിന് പ്രണാമം. നിത്യശാന്തി നേരുന്നു. ജയ്ഹിന്ദ്.

Advertisment