പ്രതീക്ഷ നഷ്ടപ്പെടുന്നതാവരുത് കോണ്‍ഗ്രസ്... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കോണ്‍ഗ്രസ് പ്രസ്ഥാനം രാജ്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ എത്ര മഹത്തരമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ നാം ചരിത്രമൊന്നും വായിക്കണമെന്നില്ല. നമ്മളിന്ന് ജീവിക്കുന്ന ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാവും.

ഇന്നലെ വരെ നാമും മുന്‍ തലമുറകളും അനുഭവിച്ച സ്വാതന്ത്ര്യവും ഭയരഹിതമായ അഭിപ്രായ-ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മതനിരപേക്ഷതയുടെ സൗന്ദര്യവും ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്ന് സ്വയം ചോദിക്കുക മാത്രം ചെയ്താല്‍ മതിയാവും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനവും അതിന്റെ ഉള്‍ക്കരുത്തും ബോധ്യമാവാന്‍.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങുകള്‍ കൊണ്ട് രാജ്യസിംഹാസനത്തെ വലയം ചെയ്യപ്പെടുന്ന സമകാലിക ഇന്ത്യയില്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉയര്‍ത്തുന്ന ചെറുവിരലിന്റെ നിഴലിലാണ് ഇത്രയുമെങ്കിലും ഫാസിസ ഭരണത്തെക്കുറിച്ച് എഴുതാനാവുന്നത്, കവലയില്‍ പ്രസംഗിക്കാനാവുന്നത്, ചിത്രമായും വീഡിയോയാലും പരിഹാസങ്ങള്‍ തൊടുത്തുവിടാനാവുന്നത്.

എത്ര നാള്‍ ഈ സ്വാതന്ത്ര്യം നില നില്‍ക്കും എന്നേ അറിയേണ്ടതുള്ളു. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും കുലത്തിന്റെയും പേരില്‍ നമുക്ക് മുന്നില്‍ ഉച്ഛനീചത്വത്തിന്റെ, അന്ധകാരത്തിന്റെ കാറ്റ് പല ദിക്കുകളില്‍ നിന്നായി ആഞ്ഞടിക്കുമ്പോഴും മതേതരത്വമെന്ന മഹാവൃക്ഷം കടപുഴകി വീഴാത്തത്, സ്വാതന്ത്ര്യാനന്തര കാലം മുതലേ വേരോടിയ മതസാഹോദര്യമാണ്.

അതിനെ നട്ടും വളം വെച്ചും വെള്ളമൊഴിച്ചും സംരക്ഷിച്ച് പോരുന്നത് കോണ്‍ഗ്രസാണ്.
ഗാന്ധിജിയുടെ, നെഹ്‌റുവിന്റെ, രാജീവ്ഗാന്ധിയുടെ, സ്വപ്‌നങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട ഇന്ത്യയെന്ന മഹാരാജ്യവും അവര്‍ വളര്‍ത്തിയ കോണ്‍ഗ്രസും ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്ന ചോദ്യത്തിന് മുന്നില്‍, ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് തല കുമ്പിടാനേ നേരമുള്ളൂ.

അധികാരത്തിന്റെ വടംവലിയില്‍ രാജ്യത്തിന്റെ, അതിലെ പൗരന്മാരുടെ ജീവനും സ്വത്തിനും ശ്രദ്ധ നല്‍കാതെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന പലമുഖങ്ങളും ചേര്‍ന്നാണ്, വെറുപ്പിന്റെയും ഭയത്തിന്റെയും മാനഹാനിയുടെയും ചെളിക്കുഴിയിലേക്ക് ഇന്ത്യയെ നയിച്ചത്.

മതപരവും രാഷ്്ട്രീയപരവും സാംസ്‌കാരികപരവുമായ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണങ്ങളും ക്രൂരതയും കൊണ്ട് വേദനിപ്പിക്കുമ്പോള്‍, ജനാധിപത്യവിശ്വാസ സമൂഹത്തിന് പ്രതീക്ഷ ഇനിയും തിരി കെടാത്ത കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിലാണ്. വെറും രാഷ്ട്രീയ പാര്‍ട്ടിയല്ല, കോണ്‍ഗ്രസ്.

അവരുടെ ചിഹ്നമായ 'കൈ' പോലെ ശുദ്ധം തന്നെയാണ്, അതിന്റെ ആദര്‍ശ വിശുദ്ധിയുടെ കയ്യൊപ്പ്. എന്നാല്‍, ആ 'കൈ'കളില്‍ കറപുരളാതിരിക്കാനുള്ള ജാഗ്രതക്കുറവിനാണ് ഇന്ന് രാജ്യവും പൗരന്മാരും കോണ്‍ഗ്രസ് പ്രസ്ഥാനവും കനത്ത വില നല്‍കുന്നത്.

തെരഞ്ഞെടുപ്പുകളില്‍ മാത്രം ഉയരുന്ന കൈകള്‍, വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേയും ഉയര്‍ത്താന്‍ ശേഷിയുള്ള തലമുറകളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ പല നേതാക്കന്മാര്‍ക്കും കഴിയുന്നില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടി തന്നെ, പറയട്ടെ പറയാന്‍ മടിക്കുന്ന നാവും ഉയരാന്‍ മടിക്കുന്ന കൈകളും അടിമത്വത്തിന്റേതാണെന്ന് വിശ്വസിക്കുന്ന തലമുറകള്‍ വിഭിന്നങ്ങളായി ചെറുപാര്‍ട്ടികളിലേക്ക് ചേക്കേറുമ്പോള്‍, അവരെ ഹൃദയപൂര്‍വ്വം സ്വീകരിക്കാമനുള്ള മനസ് കാണിക്കാന്‍ അതിവേഗ റെയില്‍പ്പാതയൊന്നും വരേണ്ടതില്ല.

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെയും ശേഷിക്കുന്ന നേതാക്കന്മാരുടെയും ഇന്നത്തെ അവസ്ഥയും യുവാക്കളടക്കമുള്ളവരുടെ കൊഴിഞ്ഞു പോക്കും അധികാരത്തിന്റെ പല്ലക്കില്‍ നിന്നും ഇറങ്ങിവരുന്ന പല്ലുകൊഴിഞ്ഞ സിംഹങ്ങളും കൊണ്ട് ശബ്ദമുഖരിതമായ സാഹചര്യത്തില്‍, പുതുതലമുറയെ വിശ്വാസത്തിലെടുക്കാനാവുന്ന, പുതുതലമുറക്ക് വിശ്വസിക്കാനാവുന്ന നേതൃനിര കൊണ്ടുവരാന്‍ സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും സാഹസികത കാണിക്കണം.

കേരളത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുചെല്ലുകയും എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് സാധാരണക്കാരുടെ ബഹുമുഖ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിച്ച്, ജീവിത സായാഹ്നത്തില്‍ ജന്മനാട്ടിലേക്ക് കടന്നുവരുന്ന, രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുകയോ, അതിനായി അവസരം നോക്കുകയോ ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാതെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പഴയകാല പ്രതാപത്തോടെ വരാന്‍ സമാനചിന്താഗതിയുള്ള ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളെയും യുവജന കൂട്ടായ്മയെയും സ്വാഗതമോതുവാന്‍ ഇനിയെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണം.

എങ്കില്‍ വെറുപ്പിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തോട് അകലം പാലിച്ച് ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തിന്റെ ചെങ്കോലും കിരീടവും ഏല്‍പ്പിക്കാന്‍ മുന്നോട്ട് വരിക തന്നെ ചെയ്യും.

പൂര്‍വ്വാധികം ശക്തിയോടെ, മതേതരത്വ, ജനാധിപത്യ നാവായ കോണ്‍ഗ്രസിനെ കരുത്തുറ്റതാക്കാന്‍ നാടുനീളെ പണിയെടുക്കുന്ന താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്ന നേതൃനിര വരാതിടത്തോളം പ്രതീക്ഷ അസ്തമിക്കുന്ന കോണ്‍ഗ്രസിനെയാണ് എവിടേയും കാണാനാവുന്നതെന്ന സങ്കടം മറച്ചുവെക്കുന്നില്ല. എല്ലാവര്‍ക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment