കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന സുന്ദരം സ്വാമിയുടെ ഓര്‍മ്മകള്‍ക്ക് 14 വയസ് (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ചേരി നിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാരില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്‌നേഹിയായിരുന്നു, കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍മന്ത്രി സിഎം സുന്ദരം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് പതിനാല് വയസ് തികഞ്ഞിരിക്കുന്നു.

എല്ലാവരുടെയും സ്വാമിയായിരുന്നു സുന്ദരം. പാലക്കാട് നഗരസഭാംഗമായിരുന്ന അദ്ദേഹം താൻ ജീവിച്ചിരിക്കെ തൻ്റെ പേരിൽ രൂപീകൃതമായതാണ് സുന്ദരം കോളനി. 1950കളിലാണ് ചേരിനിവാസികളെ അണിനിരത്തി പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്.

ചേരിനിവാസികള്‍ക്കായി മുന്‍നിരയില്‍ പോരാടിയ അദ്ദേഹത്തിന്റെ നിരവധി സമരങ്ങളില്‍ പ്രധാനപ്പെട്ടവയിലൊന്നായിരുന്നു ചേരിനിവാസികളെയും കൊണ്ട് മുംബൈ മുന്‍സിപ്പല്‍ ഓഫിസില്‍ ചെല്ലുകയും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്ത സംഭവം.

മുംബൈ ജീവിതത്തില്‍ നിന്നും കേരള രാഷ്ട്രീയത്തിലേക്ക് അദ്ദേഹം കടന്നുവന്നത് 1955ലായിരുന്നു. ജന്മദേശമായ കല്‍പ്പാത്തിയിലെ ആദിവാസികളെയും ചേരിനിവാസികളെയും സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്.

മലമ്പുഴയില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സുന്ദരം ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കി. ഇതിലൊന്നും തീരുന്നില്ല, പാവങ്ങള്‍ക്കായുള്ള സുന്ദരത്തിന്റെ ജീവിതം. കല്‍പ്പാത്തിയില്‍ സുന്ദരം കോളനി പണിതതും മലമ്പുഴയിലെ റിംഗ് റോഡിന്റെ ഉപജ്ഞാതാവുമായതും കാലം എന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകളായി സൂക്ഷിക്കും.

ആദിവാസി-കോളനി ജനതയ്ക്കായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സുന്ദരം സ്വാമി 1977ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1982 മുതല്‍ 1987 വരെ യു ഡി എഫ് മന്ത്രിസഭയില്‍  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി.

തുടര്‍ന്ന് 1990ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1919ലായിരുന്നു സുന്ദരസ്വാമിയുടെ ജനനം. സാധാരണക്കാരുടെ അവകാശങ്ങള്‍ക്കും ഉന്നത ജീവിതങ്ങള്‍ക്കും വേണ്ടി അഹോരാത്രം വിയര്‍പ്പൊഴുക്കിയ സ്വാമി 2008 മെയ് രണ്ടിനായിരുന്നു ഓര്‍മ്മയായത്.

തന്റെ കര്‍മ്മമണ്ഡലങ്ങളില്‍ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനായി കൈകള്‍ നീട്ടിയ   സുന്ദരസ്വാമിയുടെ സുന്ദരമായ ജീവിതം എന്നും പാലക്കാടിന്റെ ചരിത്രത്തില്‍ പ്രകാശമായി നിലനില്‍ക്കുക തന്നെ ചെയ്യും. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ശുഭ സായാഹ്നം. ജയ്ഹിന്ദ്.

Advertisment