ബസവേശ്വരൻ ഭാരതത്തിലെ പ്രഥമ സാമൂഹിക പരിഷ്കർത്താവ് (ലേഖനം)  

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര ചിന്തകനും, സോഷ്യലിസ്റ്റുമായ ബസവേശ്വരൻ ഭാരത നവോത്ഥാന ശിൽപികളിൽ പ്രഥമഗണനീയനാണ്. വർഗ രഹിതവും ജാതിരഹിതവുമായ ഒരു സമൂഹത്തെ സ്വപ്നം കണ്ട് ഭൗതികതേയും ആത്മീയയേയും സമന്വയിപ്പിച്ച ശ്രീ ബസവേശ്വരന്റെ 889-മത് ജന്മദിനം മെയ് 3 ന് അക്ഷയ ത്വതീയ ദിനത്തിൽ ലോകമെമ്പാടും ആഘോഷിക്കുന്നു.

ബ്രാഹ്മണനായി ജനിച്ച ബസവേശ്വരൻ എട്ടാം വയസ്സിൽ തന്റെ സഹോദരിക്ക് നിഷേധിച്ച പൂണൂൽ തനിക്കും ആവശ്യമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് ഉപനയന വേദി വിട്ടിറങ്ങി സ്ത്രീ പുരുഷ വിവേചനത്തിന് എതിരെ ആദ്യ ശബ്ദമുയർത്തി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച അദ്ദേഹം പന്ത്രണ്ടാം നൂറ്റാണ്ടിൽ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങൾ പ്രചരിപ്പിച്ചു.

ബസവേശ്വരൻ എ.ഡി 1131-ൽ കർണ്ണാടകയിലെ ബിജാപൂർ ജില്ലയിലുള്ള ഇംഗലേശ്വര ബഗവാഡിയിൽ ബ്രാഹ്മണ ദമ്പതികളായ മദരസയുടെയും മദലാംബികയുടെയും മകനായി ജനിച്ചു. പിതാവ് ഒരു ഗ്രാമതലവനായിരുന്നു. പൂണൂൽ ജാതിയുടെയും ലിംഗത്തിന്റെയും പ്രതീകമാണെന്നും മനുഷ്യനെ വേർതിരിച്ച് കാണുവാനുള്ള ഒരു ഉപകരണം മാത്രമാണെന്നും ബസവേശ്വരൻ വിശ്വസിച്ചു.

ഉപനയന ചടങ്ങ് ബഹിഷ്കരിച്ച ബസവേശ്വരൻ കുടല സംഗമ ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന് അവിടെ നിന്നും വിദ്യാഭ്യസം പൂർത്തിയാക്കി പിന്നീട് മാതുലനും കല്യാണിലെ രാജാവിന്റെ മന്ത്രിയുമായ ബലദേവന്റെ മകളെ വിവാഹം ചെയ്തു. തുടർന്ന് കല്യാൺ ഭരിച്ചിരുന്ന ബിജ്യല രാജാവിന്റെ രാജധാനിയിലെത്തുകയും ഖജനാവു സൂക്ഷിപ്പുകാരനായും ക്രമേണ രാജാവിന്റെ പ്രധാന മന്ത്രി പദത്തിലെത്തി ചേരുകയും ചെയ്തു.

ഈ കാലത്തിലൊക്കെ സാമൂഹിക പരിഷ്ക്കരണ ശ്രമങ്ങൾ നടത്തി വന്നിരുന്ന അദ്ദേഹം നാട്ടിലാകെ ഇതിനായി സഞ്ചരിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും നേരിൽ മനസ്സിലാക്കുകയും ചെയ്തു.

സമൂഹത്തിലെ വിവിധ മേഘലകലുള്ളവരെ ഉൾപ്പെടുത്തി കൊണ്ട് 'അനുഭമണ്ഡപം' എന്ന ഒരു ആദ്ധ്യാത്മിക പാർലമെന്റിന് അദ്ദേഹം രൂപം നൽകി. ഇതാണ് പിന്നീട് ആധുനീക പാർലമെന്റിനും ജനാതിപത്യ സങ്കല്പ്ത്തിനും മാതൃകയായത് എന്ന് വിശ്വസിക്കുന്നു.

അനുഭവ മണ്ഡപത്തിൽ ചെരുപ്പു കുത്തിയും കർഷകനും അലക്കുകാരനും തൈയ്യൽകാരനും ബ്രാഹ്മണനും തുടങ്ങി വിവിധ കൈ തൊഴിൽ ചെയ്യുന്നവരും അംഗങ്ങളായിരുന്നു. അന്ധ വിശ്വാസത്തിനും അനാചരങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

അനുഭവമണ്ഡപത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് അല്ലമപ്രഭുവിനെ നിയോഗിച്ച് കൊണ്ട് താഴ്ന്ന ജാതിയിൽപെട്ടവർക്ക് ആത്മ വിശ്വാസം നൽകുവാൻ ബസവേശ്വരൻ തയ്യറായി. ആദ്ധ്യാത്മിക പാർലമെൻറിൽ അക്ക മഹാദേവി, മുക്തയക്ക, നാഗാലാംബിക, നീലാംബിക തുടങ്ങിയ സ്ത്രീകൾ സജ്ജീവ സാന്നിധ്യമായിരുന്നു.

'കായവേ കൈലാസം' എന്ന തത്വമാണ് ബസവേശ്വരൻ പ്രചരിപ്പിച്ചത്. തൊഴിൽ തന്നെയാണ് ഈശ്വര ആരാധന. അധ്വാനത്തെ ഈശ്വരാരാധന എന്ന നിലയിൽ കാണുമ്പോൾ തൊഴിലിന്റെ മഹത്വമേറും നീചമായ ജോലി മഹത്തായ ജോലി എന്നിങ്ങനെ വേർതിരിവ് പിടല്ലെന്നും അദ്ദേഹം നിഷ്കർഷിച്ചു.

ഒരോരുത്തർക്കും തനിക്ക് ആവശ്യത്തിനുള്ള ഭക്ഷത്തിനുള്ള വക സ്വയം അധ്യാനിച്ചു കണ്ടെത്തണമെന്നു മിച്ചം വരുന്നവ ഇല്ലാത്തവർക്ക് കൈമാറണമെന്നും അദ്ദേഹം ഉപദേശിച്ചു. ഈ ചിന്താധാര 'കായിക ദാസോഹ' സിദ്ധാന്തമെന്ന പേരിൽ അറിയപ്പെടുന്നു.

ഈശ്വരപൂജ ഹൃദയത്തിലാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈശ്വര സാമീപ്യത്തിന് പുരോഹിതരുടെ ആവശ്യമില്ല. ഇഷ്ട ലിംഗം ധരിച്ച് ആരാധന നടത്തുവാൻ അനുയായികളെ ഉപദേശിച്ചു. ബ്രാഹ്മണനും മുൻമന്ത്രിയുമായിരുന്ന മധു വരശയുടെ മകൾ ലാവണ്യയും അവർണ്ണനും ചെരുപ്പുകുത്തിയും ആയ ഹരളയ്യയുടെ മകൻ ശിലവന്തയും തമ്മിലുള്ള വിവാഹം നടത്തി കൊണ്ട് ജാതി വ്യവസ്ഥയെ അദ്ദേഹം വെല്ലുവിളിച്ചു.

സമൂഹിക വിപ്ലവകാരിയും പരിഷ്കർത്താവുമായ മഹാത്മ ബസവേശ്വരന്റെ ചരിത്രം കേരളത്തിൽ എല്ലാ മേഘലകളിലും അടയാളപ്പെടുത്തണം. ബസവേശ്വരന്റ പ്രതിമ ഇന്ത്യൻ പാർലമെൻറിലും ലണ്ടൻ പാർലമെന്റിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.

കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കർണ്ണാടകയിലെ മിക്ക സർക്കാർ ഓഫീസുകളിലും ബസവേശ്വര ഛായാചിത്രങ്ങൾ ഉണ്ട്. 2 തവണ കേരള നിയമ സഭ സ്പീക്കർമാർക്കും ശ്രീരാമര്യക്ഷ്ണൻ അവർകൾക്കും സ്പീക്കർ എം. ബി. രാജേഷിനും ബസവേശ്വരന്റെ ഛായാ ചിത്രം ഓൾ ഇന്ത്യാ വീരശൈവ സഭ സമർപ്പിച്ചിട്ടുണ്ട്.

(ലേഖകന്‍ ഓൾ ഇന്ത്യാ വീരശൈവ സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്)

Advertisment