Advertisment

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടണം. കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ഡബ്ല്യുസിസി ഉറച്ച നിലപാടെടുത്ത സ്ഥിതിക്ക് സർക്കാർ അത് പരസ്യപ്പെടുത്താൻ അൽപ്പം പോലും അമാന്തിക്കാൻ പാടുള്ളതല്ല 

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടണം. റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല ? അതിനുള്ള വ്യക്തമായ കാരണമെന്താണ് ? കമ്മിറ്റിക്കായി ഖജനാവിൽനിന്ന് ലക്ഷങ്ങൾമുടക്കിയിട്ടുണ്ട്. ജനങ്ങളുടെ പണമാണത്. ഒരു സിനിമാക്കാരന്റെയോ രാഷ്ട്രീയക്കാരന്റെയോ പണമല്ല. അപ്പോൾ അതിലെ വിവരങ്ങൾ അറിയാനുള്ള അവകാശവും ജനത്തിനാണ്.

കോടികൾ മറിയുന്ന സിനിമാരംഗം, സ്വന്തമായി സംഘടനകൾ. സമ്പന്നരായ നിരവധി നടീന ടന്മാർ. എങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ അതിനുള്ള പരിഹാരം സർക്കാർ ഖജനാവ് മാത്രമെന്നതും വിചിത്രം.

എന്നിട്ടു റിപ്പോർട്ട് പുറത്തുവിടുകയില്ലത്രേ ? അതെന്തു ന്യായം ? പുറത്തുവിട്ടാൽ പല ബിംബങ്ങളും വീണുടയുമെന്നൊരു കിംവവദന്തി കേട്ടിരുന്നു. ഉടയട്ടെ അത്തരം വിഗ്രഹങ്ങൾ. ആർക്കാണതിൽ ചേതം ? 500 പേജുള്ള റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമതന്നെ പറഞ്ഞിരുന്നവെന്നാണ് പുതിയ ന്യായം.

അവർക്കെന്താണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് പറയാൻ അധികാരം ? അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാരിന് നൽകാനാണ് അവരെ ചുമതലപ്പെടുത്തിയിരുന്നത്. മറ്റു കാര്യങ്ങൾ സർക്കാരാണ് തീരുമാനിക്കേണ്ടത്.

റിപ്പോർട്ട് പുറത്തുവിടാത്തത് ദുരൂഹമാണ്. ഭരണസിരാകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളും അധികാരികളും ഉറപ്പായും ഈ റിപ്പോർട്ട് കണ്ടിട്ടുണ്ടാകണം. അതുകൊണ്ടുതന്നെ റിപ്പോർട്ട് പുറത്തു വിടേണ്ടത് അനിവാര്യവുമാണ്‌.

ഇല്ലെങ്കിൽ റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന ഏതെങ്കിലും സംഭവവുമായി ബന്ധപ്പെട്ട വ്യക്തിയെയോ,വ്യക്തികളെയോ എപ്പോഴെങ്കിലും ആരെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യില്ല എന്നാരുകണ്ടു ? കാരണം കോടതികളിൽനിന്നുവരെ റിക്കാർഡുകൾ ചോർത്തപ്പെടുന്ന കാലമാണ്.

നിരവധി നടിമാർക്ക് നേരിടേണ്ടിവന്ന പീഡനങ്ങളുടെയും യാതനകളുടെയും വിവരണങ്ങൾ റിപ്പോർട്ടിലു ണ്ടെന്നും അത് ബുദ്ധിമുട്ടാകുമെന്നും അതുകൊണ്ടു പുറത്തുവിടാനാകില്ലെന്നും പറയുന്നത് തികച്ചും മൗഢ്യമാണ്.

കാരണം 2012 ൽ ഡൽഹിയിൽ നടന്ന ഭാരതമനസ്സാക്ഷിയെ ഞെട്ടിച്ച നിർഭയയുടെ അതിക്രൂരവും അമാനവീയവുമായ ബലാൽസംഗവും ആ നരാധമന്മാർ നിർഭയയോട് നടത്തിയ പൈശാചികതകളും നാടിനെത്തന്നെ ഞെട്ടിച്ച സംഭവമാണ്.

22 കാരിയായിരുന്ന നിർഭയയോട് ആ 6 കാപാലികർ കാട്ടിയ കൊടും ക്രൂരതകൾ എല്ലാ ദൃശ്യ - പത്രമാദ്ധ്യ മങ്ങളിലും വാർത്തയായി വന്നതാണ്. 6 പേരും നിഷ്ടൂരമായി ആ കുട്ടിയെ ബലാൽസംഗം ചെയ്തശേഷം ആറാമൻ അവളുടെ ജനനനേന്ദ്രിയത്തിൽ ബസിന്റെ വീൽ ജാക്ക് ഹാൻഡിൽ തിരുകിക്കയറ്റിയതുമൂലം കുടൽമാല പുറത്തുവരുകയും അവൾക്കേറ്റ മർദ്ദനങ്ങളെക്കാളുപരി അതായിരുന്നു നിർഭയ മരിക്കാനുള്ള മുഖ്യകാരണമെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിരുന്നു.

അതുപോലെതന്നെ 2011ലെ സൗമ്യയുടെ കൊലപാതകം. ഗോവിന്ദച്ചാമി എന്ന അധമൻ 23 കാരിയായ ആ പെൺകുട്ടിയെ ട്രെയിനിൽ വച്ചാക്രമിച്ചശേഷം പുറത്തേക്ക് തള്ളിയിടുകയും അതുവഴി തലയിലേറ്റ പരുക്കുമൂലം അവൾ മരണപ്പെടുകയുമായിരുന്നു. ഓടുന്ന ട്രെയിനിൽനിന്നും പുറത്തേക്ക് തള്ളിയിട്ട സൗമ്യയെ അർദ്ധബോധാവസ്ഥയിലും ആ നരപിശാച് റേപ്പ് ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കൂടാതെ 5 വർഷം മുൻപ് നടന്ന നടി ആക്രമിക്കപ്പെട്ട കേസിലും ആ അഭിനേത്രി അതിക്രരൂരമായ ലൈംഗിക - പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരയായതായി നിരവധി വാർത്തകൾ വന്നിരുന്നു.

ഈ പൈശാചിക സംഭവങ്ങളൊക്കെ നിർബാധം ജനങ്ങൾക്കറിയാൻ കഴിഞ്ഞു.കാരണം ജനാധിപത്യത്തിൽ വോട്ടുനൽകുക യെന്നതുമാത്രമല്ല ജനങ്ങളുടെ അവകാശം.അഭിപ്രായസ്വാതന്ത്ര്യം പോലെത്തന്നെ അറിയാനുള്ള അവകാശവും ജനത്തിനുണ്ട്.

അപ്പോൾ പുരുഷന്മാരാൽ സ്ത്രീകൾക്കെതിരേ നടത്തപ്പെട്ട ഈ ക്രൂരകൃത്യങ്ങൾ വ്യക്തമായി ജനങ്ങൾക്കറി യാൻ കഴിഞ്ഞെങ്കിൽ നമ്മുടെ സിനിമാരംഗത്ത് നടന്നതായി കമ്മീഷൻ കണ്ടെത്തിയ അതിക്രമണങ്ങളും പീഡനങ്ങളും എന്തിനൊളിച്ചുവെക്കണം ? അറിയട്ടെ ജനങ്ങൾ കാര്യങ്ങളെല്ലാം. അഴിഞ്ഞുവീഴട്ടെ ആ പൊയ്‌മുഖങ്ങൾ ഒന്നൊന്നായി.

ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾ ലൈംഗികപീഡനത്തിരയാകുന്ന പല സംഭവങ്ങളും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നതായി ഇന്ത്യൻ എക്സ്പ്രസ്സ് വെളിപ്പെടുത്തുന്നു.

മലയാള സിനിമാ വ്യവസായത്തിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും ചലച്ചിത്രമേഖലയിൽ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗികആവശ്യങ്ങൾക്ക്‌ വിധേയരാകേണ്ടിവരുന്ന ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുണ്ടെന്നും അവർ പോലീസിൽ പരാതിപ്പെടാൻ ധൈര്യം കാട്ടാറില്ലെന്നും റിപ്പോർട്ടിലുള്ളതായി പത്രം വെളിപ്പെടുത്തുന്നു.

ഇതുകൂടാതെ സിനിമാരംഗത്തെ മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗത്തെത്തുടർന്നുള്ള അതി ക്രമങ്ങളെയും അശ്‌ളീല പദപ്രയോഗങ്ങളെയും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ പ്രശ്നങ്ങൾക്കും അതിക്രമങ്ങൾക്കും തടയിടാനും സിനിമാരംഗത്ത് സ്ത്രീസുരക്ഷ ഉറപ്പുവരുത്താനും വിലപ്പെട്ട പല നിബന്ധനകളും കമ്മീഷൻ നിർദ്ദേശിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഈ റിപ്പോർട്ട് പുറത്തു വിടേണ്ടത് അനിവാര്യമാണ്.

നിയമം കൊണ്ട് എല്ലാ അതിക്രമങ്ങൾക്കും പൂർണ്ണമായി തടയിടാനാകില്ല. അതിനുള്ള മുൻകരുതലും സുരക്ഷയും പരമാവധി ഓരോരുത്തരും സ്വയം കണ്ടെത്തേണ്ടതുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മുൻകാല അഭിനേത്രികൾ അനുഭവിച്ച യാതനകളും ചൂഷണങ്ങളും എന്തൊക്കെയായിരുന്നുവെന്നും ആരൊക്കെയാണ് സിനിമാമേഖലയിൽ ഈ ചതിക്കുഴികൾ നിർമ്മിക്കുന്നതെന്നും പുറംലോകമറിഞ്ഞാൽ മാത്രമേ സമൂഹത്തിലും അതുപോലെ ഈ മേഖലയിലേക്ക് പുതുതായി കടന്നുവരു ന്നവരിലും ശരിയായ അവബോധം സൃഷ്ടിക്കാൻ കഴിയുകയുള്ളു. സുരക്ഷയ്ക്കും മുൻകരുതലിനുമുള്ള മുന്നറിയിപ്പ് കൂടിയാകും അത്.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് സിനിമാമേഖലയിലെ ഒരു സംഘടനകൾക്കോ വ്യക്തി കൾക്കോ പറയാനാവകാശമില്ല. അങ്ങനെ ആരെങ്കിലും പറയുന്നുവെങ്കിൽ അതിൽ ദുരൂഹത ഉറപ്പായുമുണ്ട്.

കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ഡബ്ല്യുസിസി ഉറച്ച നിലപാടെടുത്ത സ്ഥിതിക്ക് സർക്കാർ അത് പരസ്യപ്പെടുത്താൻ അൽപ്പം പോലും അമാന്തിക്കാൻ പാടുള്ളതല്ല. ഇല്ലെങ്കിൽ സർക്കാർ നിലപാടും ജനം സംശയദൃഷ്ടിയോടെ നോക്കിക്കാണാനിടയാകും.

Advertisment