Advertisment

നിയമം പാലിക്കാൻ നമ്മുടെ ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരല്ലേ ? ഇ-മെയിൽ വഴി പരാതി അയച്ചാൽ നടപടിയുമില്ല, പരാതിക്ക് രസീതുമില്ല ? ആരോടാണ് പരാതിപ്പെടേണ്ടത് ? ആർക്കാണ് ഇനി പരാതി നൽകേണ്ടത് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

നിയമം പാലിക്കാൻ നമ്മുടെ ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരല്ലേ ? ഇ-മെയിൽ വഴി പരാതി അയച്ചാൽ നടപടിയുമില്ല, പരാതിക്ക് രസീതുമില്ല ? ഇതാണ് നമ്മുടെ ഉദ്യോഗസ്ഥവൃന്ദം ? ആരോടാണ് പരാതിപ്പെടേണ്ടത് ? ആർക്കാണ് ഇനി പരാതി നൽകേണ്ടത് ?

പുനലൂർ ആര്‍ഡിഒ (08/05/2022 at 3.14 PM), കൊല്ലം ജില്ലാ കളക്ടർ (08/05/2022 at 7.34 PM), റവന്യൂ മന്ത്രി (11/05/2022 at 11.27 AM) എന്നിവർക്ക് ഇ-മെയിൽ വഴി അയച്ച പരാതികൾക്ക് റിട്ടേൺ രസീത് ഇന്ന് 4 ദിവസം കഴിഞ്ഞിട്ടും എനിക്ക് ലഭിച്ചിട്ടില്ല.

വസ്തുവിന് 25 രൂപ കരമടച്ച എന്നിൽനിന്നും 15 രൂപ നിയമവിരുദ്ധമായി സർവീസ് ചാർജ് ഈടാക്കാൻ കാരണക്കാരായ കൊല്ലം ജില്ലയിലെ തലവൂർ വില്ലേജ് ഓഫീസർക്കും ഉദ്യോഗസ്ഥർക്കുമെതിരേ കർശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് ഞാൻ ഇ-മെയിൽ വഴി മേൽവിവരിച്ചവർക്ക് പരാതികൾ സമർപ്പിച്ചത്.

പരാതിക്കാരന് രസീത് നൽകണമെന്ന് കർശനമായ നിയമമുണ്ട്. പരാതിയെപ്പറ്റി പുനലൂർ ആര്‍ഡിഒയെ വിളിച്ചപ്പോൾ നോക്കാം എന്ന മറുപടി ലഭിച്ചു. കൊല്ലം കളക്ട്രേറ്റിൽ വിളിച്ചപ്പോൾ പരാതി സെക്ഷനിലയച്ചെന്നു പറഞ്ഞു. അവിടെ വിളിച്ചപ്പോൾ അദ്ദേഹം ഒരാഴ്ച അവധിയാണെന്നറിഞ്ഞു. കൊല്ലം കളക്ട്രേറ്റിലേക്കയക്കുന്ന പരാതികൾ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ബലമായി സംശയിക്കുന്നു. കാരണം മുമ്പയച്ച പരാതികളെപ്പറ്റിയും ഒരു വിവരവുമില്ല. വളരെ ദയനീയമാണ് ഈ അവസ്ഥ.

റവന്യൂ മന്ത്രിയുടെ ഓഫീസിൽ വിളച്ചപ്പോൾ എൻ്റെ പരാതി അദ്ദേഹത്തിൻ്റെ അഡീഷണൽ പി.എയുടെ പക്കലാണെന്ന് അറിയിച്ചു. അഡീഷണൽ പി.എയെ വിളിച്ചപ്പോൾ നോക്കാം എന്ന മറുപടി നൽകി ഫോൺ കട്ട് ചെയ്തു. റവന്യൂ മന്ത്രിയുടെ മൊബൈൽ നമ്പറിൽ രണ്ടുതവണ വിളിച്ചപ്പോഴും മന്ത്രി യാത്രയിലാണെന്ന മറുപടിയാണ് കിട്ടിയത്. പിന്നെ ഇങ്ങോട്ടും അങ്ങോട്ടും വിളിയുണ്ടായില്ല.

എല്ലാവരും തിരക്കോട് തിരക്കിലാണ്... ഇനി ആരോടാണ് എൻ്റെ പാരാതിയെപ്പറ്റി അന്വേഷിക്കേണ്ടത് ? ആർക്കാണ് ഇവിടെ നീതി ലഭിക്കുക ? ഒരു സീനിയർ സിറ്റിസൺ കൂടിയായ ഞാൻ, എനിക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയെക്കുറിച്ചുള്ള പരാതി ഇത്ര യേറെ കഷ്ടപ്പെട്ട് തയ്യറാക്കി നീതിക്കുവേണ്ടി പുനലൂർ ആര്‍ഡിഒ, കൊല്ലം ജില്ലാ കളക്ടർ, റവന്യൂ മന്ത്രി എന്നിവർ ക്കൊക്കെ ഇ-മെയിൽ വഴി അയച്ചിട്ടും അതിനുള്ള കൈപ്പറ്റു രസീത് അയക്കുകയോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി കൈക്കൊള്ളുകയോ ചെയ്തതായി നാളിതു വരെ ഒരു വിവരവുമില്ല എന്ന ദുഖകരമായ വസ്തുത ആരോട് വിവരിക്കാൻ ? നീതിക്കായി പോരാടുന്നവർക്ക് ഇതാണോ അനുഭവം ?

12 -മത് കേരള നിയമസഭയുടെ 14 -ാം സമ്മേളനത്തിൽ നൽകപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിൽ "എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരും തങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽ ലഭിക്കുന്ന അപേ ക്ഷകൾ/പരാതികൾ എന്നിവ യഥാസമയം പരിശോധിച്ച് അനന്തര നടപടി സ്വീകരിക്കേണ്ടതും ആയത് ലഭിച്ച വിവരത്തിന് റിട്ടേൺ രസീത് അയക്കേണ്ടതാണെന്നും ഈ നിർദ്ദേശം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും കർശനമായി പാലിക്കേണ്ടതുമാണെന്ന് " വ്യക്തമാക്കിയിരുന്നു.

publive-image

നിയമസഭയിലെ ചോദ്യത്തിന് നൽകപ്പെട്ട ഈ മറുപടി സർക്കാർ ഉത്തരവായി പൊതുഭരണവകുപ്പ് സെക്രട്ടറി ഉത്തരവ് നമ്പർ 18825/സി.ഡി.എൻ 3/10/പോ.ഭ.വ Date 19/05/2011 ൽ എല്ലാ വകുപ്പുമേധാവികൾക്കും അധികാരികൾക്കും അയച്ചിട്ടുള്ളതുമാണ്. ഈ ഉത്തരവ് പുറത്തിറങ്ങി 11 വർഷം കഴിഞ്ഞിട്ടും പല ഉദ്യോഗസ്ഥരും ഇതറിഞ്ഞ മട്ടില്ല.

നമ്മുടെ നിയമനിർമ്മാണസഭയിൽ നൽകപ്പെട്ട മറുപടിയും അതേത്തുടർന്നുള്ള സർക്കാർ ഉത്തരവും അനുസരിച്ച്, എൻ്റെ പരാതിയിക്ക് റിട്ടേൺ രസീത് നൽകുന്ന കാര്യത്തിലും പരാതിയിൽ നടപടികൈ ക്കൊള്ളുന്ന വിഷയത്തിലും പുനലൂർ ആര്‍ഡിഒ, കൊല്ലം ജില്ലാ കളക്ടർ, റവന്യൂ മന്ത്രി എന്നിവരുടെ ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിരിക്കുന്നത്.

ഇതുസംബന്ധമായ പരാതി ബന്ധപ്പെട്ട അധികാരികൾക്കും കേരള സംസ്ഥാന നിയമസഭയുടെ പെറ്റിഷൻസ് കമ്മിറ്റിക്കും ബഹു. മുഖ്യമന്ത്രിക്കും ഇതോടൊപ്പം അയക്കുകയാണ്.

Advertisment