Advertisment

രണ്ട് വര്‍ഷം മുമ്പ് വാഹനപരിശോധനയ്ക്കിടെ ചടയമംഗലം പ്രൊബേഷൻ എസ്ഐ നടുറോഡിൽ വച്ച് പരസ്യമായി മർദ്ദിച്ച വൃദ്ധനെ ഓര്‍ക്കുന്നുവോ... പ്രൊബേഷൻ എസ്ഐയ്ക്കെതിരയുള്ള കേസിൽ മൊഴിനൽകാൻ ഇടുക്കി ഡിവൈ.എസ്.പി ഓഫീസിലെത്താനാണ് ഇപ്പോഴത്തെ പോലീസ് തിട്ടൂരം ! പോലീസിനോടാണോ കളി ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

പോലീസ് അതിക്രമങ്ങൾ നമ്മുടെ നാട്ടിൽ പുത്തരിയല്ല. പോലീസ് സേനയിലെ ആധുനികവൽക്കരണവും ജനമൈത്രിയുമൊക്കെ അതിൻ്റെ വഴിക്ക് നടക്കുമ്പോഴും സാധാരണക്കാരോടുള്ള പോലീസിന്റെ പെരുമാറ്റത്തിൽ ഇന്നും കാര്യമായ മാറ്റമൊ ന്നുമുണ്ടായിട്ടില്ല.

അതുപോലെതന്നെ ഒട്ടുമിക്ക ആൾക്കാർക്കും പോലീസ് സ്റ്റേഷനിൽ പോകാൻ ഭയമാണ്. പൊലീസിനെ ജനകീയ വൽക്കരിക്കാൻ മാറിമാറിവരുന്ന പോലീസ് മേധാവികൾ ഇറക്കുന്ന ഉത്തരവുകളൊക്കെ സ്ഥിരമായി ഫയലുകളിൽ നിദ്രകൊള്ളുകയാണ്‌ പതിവ്.

ഓർക്കുന്നുവോ ഏകദേശം രണ്ടുകൊല്ലം മുൻപ് വാഹനപരിശോധനയ്ക്കിടെ ചടയമംഗലം പ്രൊബേഷൻ എസ്ഐ ആയിരുന്ന ഷജീം നടുറോഡിൽ വച്ച് പരസ്യമായി മർദ്ദിച്ച ആയൂർ മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദൻ നായർ എന്ന വൃദ്ധനെ ? അന്നത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

ഇതായിരുന്നു സംഭവം. 2020 ഒക്ടോബർ മാസം ബൈക്കിനുപിന്നിലിരുന്ന് യാത്രചെയ്ത രാമാനന്ദൻ നായർ ഹെൽമെറ്റ് വച്ചില്ല എന്ന കുറ്റത്തിന് 500 രൂപ പോലീസ് പെറ്റി ചുമത്തിയത് തൽക്കാലം അടയ്ക്കാൻ കയ്യിൽ പണമില്ലെന്നും താനൊരു കൂലിപ്പണിക്കാരനാണെന്നും പിന്നീട് അടച്ചുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞിട്ടും വകവെക്കാതെ ചടയമംഗലം പ്രൊബേഷൻ എസ്ഐ ഷജീം ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ വാഹനത്തിൽ കയറ്റവേ പൊതു നിരത്തിൽ വച്ച് കരണത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തതാണ് കേസ്.

നാട്ടുകാരിൽ ആരോ പകർത്തിയ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമദ്ധ്യമങ്ങളിൽ വൈറലായ തോടെയാണ് വിഷയത്തിൽ ഡിജിപി യുടെ ഇടപെടലുണ്ടായത്. അന്ന് മർദ്ദനമേറ്റ രോഗിയായ രാമാനന്ദൻ നായരെ ഒടുവിൽ പോലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

ഇതേത്തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരം പ്രൊബേഷൻ എസ്ഐ ഷജീമിനെ കൂട്ടിക്കാനത്തെ കെഎപി അഞ്ചാം ബറ്റാലിയനിൽ കഠിന പരിശീലനത്തിന് അയക്കുകയായിരുന്നു. എന്ത് കഠിന പരിശീലനമാണ് അവിടെ നടന്നതെന്നൊന്നും നമുക്കറിയില്ല ?

5 മാസത്തെ കഠിന പരിശീലനം കഴിഞ്ഞ പ്രൊബേഷൻ എസ്ഐ ഷജീo വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിയമിതനായി. ഇപ്പോൾ ഒന്നരവർഷത്തിലേറെയായിട്ടും കോടതിയിൽ ഷജീമിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

പോലീസിനെതിരെയുള്ള പരാതികളിൽ പരമാവധി കുറ്റപത്രം വൈകിപ്പിക്കുന്നതാണ് അവരുടെ രീതി. അന്ന് പോലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യുവാവിനും ഭീഷണിയുള്ളതായി പറയുന്നു.

എന്നാൽ രാമാനന്ദൻ നായരുടെ കഠിനതകൾ ഇനിയും വിട്ടൊഴിയുന്നില്ല. മർദനത്തിന് പ്രൊബേഷൻ എസ്ഐക്കെതിരെയെടുത്ത കേസ് പിൻവലിപ്പിക്കാൻ അദ്ദേഹത്തിനുമേൽ നിരന്തരം സമ്മർദ്ദമുണ്ടായിട്ടും അദ്ദേഹം അതിനു തയ്യറായില്ല.

ഒടുവിലിതാ രാമാനന്ദൻ നായരെ വരുതിയിലാക്കാൻ പോലീസിന്റെ അടുത്ത നടപടി വന്നിരിക്കുന്നു. പ്രൊബേഷൻ എസ്ഐ ഷജീമിനെതിരെയുള്ള കേസിൽ മൊഴിനൽകാൻ ഇടുക്കി ഡി.വൈ.എസ്.പി ഓഫിയിലെത്താനാണ് ഇപ്പോഴത്തെ പോലീസ് തിട്ടൂരം.

ഇന്നുവരെ ഇടുക്കിയിൽ പോയിട്ടില്ലാത്ത രോഗങ്ങളും അവശതകളും മൂലം ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമാകാത്ത രാമാനന്ദൻ നായർ ഭീതിയിലാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ വേറെയും.

പോലീസിന്റെ തല്ലുകൊണ്ടതും അതുമൂലം ആശുപത്രിയി ലായതും കൂടാതെ അതിൻ്റെ പേരിൽ പ്രൊബേഷൻ എസ്ഐക്കെതിരേ പോലീസെടുത്ത കേസിലും മൊഴിനൽകാൻ ചടയമംഗലത്തുനിന്നും ഏകദേശം 200 കിലോമീറ്റർ ദൂരെയുള്ള ഇടുക്കി ഡി.വൈ.എസ്.പി ഓഫീസിലെത്തണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗിയും അവശനുമായ രാമാനന്ദൻ നായർക്ക് ഇടുക്കിവരെ യാത്രചെയ്യാൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകളുമുണ്ട്. പോലീസ് ഉത്തരവ് അനുസരിച്ചില്ലെങ്കിൽ അവരുടെ ഭാഗത്തുനിന്നും പ്രതികാരനടപടികളുണ്ടാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ ആ സാധുമനുഷ്യൻ.

അന്ന് ഈ സംഭവം ആഘോഷിച്ച മാദ്ധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും നേതാക്കളും സംഘടനകളും ഇപ്പോഴത്തെ ഈ വിഷമഘട്ടത്തിൽ അദ്ദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ വസ്തുത. രാമാനന്ദൻ നായർ ഒരു സിപിഎം അനുഭാവിയായിരുന്നിട്ടും പാർട്ടിയിൽ നിന്ന് പിന്തുണയോ സഹായമോ ലഭിച്ചിട്ടുമില്ല.

ഈ സംഭവത്തിൽ അന്ന് മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. അതിനുശേഷമെന്തു നടപടിയെടുത്തു എന്നോ എന്തായി ആ കേസിന്റെ അവസ്ഥയെന്നോ ഒരു വിവരവുമില്ല.

Advertisment