നാക്ക് പിഴകളുടെ തെരഞ്ഞെടുപ്പുകാലം (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തെരഞ്ഞെടുപ്പ് കാലം പ്രസംഗകരുടെ പെരുമഴക്കാലമാണ്. ഏറ്റവും കൂടുതല്‍ പ്രസംഗകര്‍ ഉദയം
കൊള്ളുന്ന കാലംകൂടിയാണിത്. നാക്ക് പിഴകള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്താണ്.

ആവേശം കേറുമ്പോള്‍ നടത്തുന്ന ചില പദപ്രയോഗങ്ങള്‍ അധിക്ഷേപകരവും നിന്ദ്യവുമായി
പ്പോകാറുണ്ട്. അണികള്‍ ആര്‍ത്ത്ചിരിച്ച്, കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമ്പോള്‍ കുറച്ചുകൂടി കടന്ന് അധിക്ഷേപ താരാവലികളിലൂടെ ചിലര്‍ കടന്നുപോകും.

അത്തരം നാക്കുപിഴകള്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികള്‍ സമ്മാനിച്ചിട്ടുണ്ടെന്നത് മുന്‍കാലചരിത്രം. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ "സൗഭാഗ്യ"പ്രയോഗത്തെയും "ചങ്ങല പൊട്ടിയ പട്ടി" യെയും നാക്ക് പിഴകളായി ചിലര്‍ കാണുന്നുണ്ട്.

"നികൃഷ്ടജീവി" മുതല്‍ "പരനാറി"വരെയുള്ള പ്രയോഗങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് ചിലര്‍. 2014-ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വേളയില്‍ അന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫ്.ചേരിയില്‍ എത്തിയ എന്‍.കെ.പ്രേമചന്ദ്രന് എതിരെ പിണറായി വിജയന്‍ നടത്തിയ "പരനാറി" പ്രയോഗം അണികളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലാണ് കലാശിച്ചത്.

മുതിര്‍ന്ന നേതാവ് എം.എ.ബേബിയാണ് അവിടെ തോറ്റുപോയത്. നിര്‍ണായക സന്ദര്‍ഭത്തില്‍
മുന്നണി വിട്ടയാളോടുള്ള അരിശമാണ് ആ പരാമര്‍ശങ്ങള്‍ ക്കിടവരുത്തിയതെന്ന് വിശദീകരിച്ചെങ്കിലും ജനം അത് അംഗീകരിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി.

ഇത്തരം പരാമര്‍ശങ്ങള്‍ നിഷ്പക്ഷമതികളായ വോട്ടര്‍മാരെ സ്വാധീനിക്കും. അവര്‍ തിരിഞ്ഞ് വോട്ട് ചെയ്യും. പറയുമ്പോള്‍തന്നെ തത്സമയം വിഷ്വല്‍ മീഡിയായില്‍ വരുന്നതിനാല്‍ പറഞ്ഞു പോയവ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് തലയൂരാന്‍ പറ്റില്ല.

മറ്റു വ്യാഖ്യാനങ്ങള്‍ നടത്താനേ സാധിക്കൂ. പക്ഷെ അവ ഫലം ചെയ്യണമെന്നില്ല. വിവാദങ്ങള്‍ പെട്ടെന്ന് കത്തിപ്പടരും. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകാലത്ത് ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും വലിയ ജനരോഷ മുണ്ടാക്കി.

ഇടതുകോട്ടയില്‍ രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ചു. അരൂര്‍ മണ്ഡലത്തിലെ കഴിഞ്ഞ ഉപതെര ഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന് എതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

അവിടെയും ആ വാക്കുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കാണ് ഗുണം ചെയ്തത്. പ്രത്യേകിച്ച് സ്ത്രീ സ്ഥാനാര്‍ത്ഥികളെ പരാമര്‍ശിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണം. 'അവള്‍' 'എടീ' എന്നീ പ്രയോഗങ്ങള്‍പോലും ഒട്ടും കുലീനമല്ല. ഈ വാക്കുകളില്‍ ഒരു കയ്പ് ഉണ്ട്.

നാവിന്‍റെ വിലയുംനിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകള്‍ സ്വന്തം മൂല്യം കുറയ്ക്കും. ആരായാലും എന്തിന്‍റെ പേരിലായാലും ഓരോരുത്തരുടെയും നാവില്‍ നിന്ന് വരുന്ന വാക്കു കള്‍ക്ക് മൂല്യമുണ്ടാകണം.

തെരഞ്ഞെടുപ്പുകളില്‍ വിജയമുഹൂര്‍ത്തം കുറിക്കാന്‍ സഹായിക്കുന്ന അത്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. വാക്കുകൊണ്ടും തന്‍റെ താത്വിക നിലപാട്കൊണ്ടും വിജയംനേടിയ വ്യക്തിത്വമാണ്.

1991 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും യുദ്ധമുഖത്തായിരുന്നു. കോണ്‍ഗ്രസ് അമേരിക്കയുടെ നീക്കങ്ങളെ അനുകൂലിച്ചപ്പോള്‍ വേറിട്ട തന്ത്രവുമായി ഇ.എം.എസ്. രംഗത്ത് വന്നു.

സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമാണ് സദ്ദാം ഹുസൈന്‍ നടത്തുന്നതെന്ന് ഇ.എം.എസ്. പ്രസംഗിച്ചു. അത് ഗുണം ചെയ്തു. സദ്ദാമിനെ അനുകൂലിക്കുന്നവരുടെ വോട്ട് ഒന്നിച്ച് ഇടതുപക്ഷത്തിന് ലഭിച്ചു. 14-ല്‍ 13 ജില്ലകളിലും ഇടതുപക്ഷം ജില്ലാ കൗണ്‍സില്‍ വിജയികളായി.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.നീക്കങ്ങള്‍ ഇസ്ലാമിന് എതിരാണെന്ന ചിന്ത പ്രചരിപ്പിക്കപ്പെട്ടതോടെ മുസ്ലിം വോട്ടുകള്‍ ഒന്നിച്ച് യു.ഡി.എഫിന് അനുകൂലമായി. 20-ല്‍ 19
സീറ്റും യു.ഡി.എഫ് നേടി.

അധികാരഭാഷയില്‍ അഹങ്കാരം, അഹന്ത, അപഹാസം, നിന്ദ, പുച്ഛം, അശ്ലീലം, വിടുവായത്തം, ദ്വയാര്‍ത്ഥ പ്രയോഗം, ഭീഷണി, ആഭാസത്തരം, തെറി എന്നിവ നിഴലിക്കരുത്. വാക്കുകള്‍കൊണ്ട് വ്യക്തിഹത്യയും നടത്തരുത്.

അത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഫലം നിറയുംതോറും വൃക്ഷത്തിന്‍റെ കൊമ്പുകള്‍ താഴ്ന്ന് വരുമെന്നതു പോലെ, ഉന്നതിയിലെത്തുമ്പോള്‍ കൂടുതല്‍ വിനയാന്വിതരാകുക. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയെന്ന് തിരിച്ചറിയുക. ലത്തീന്‍ ഭാഷയില്‍ ഒരു ചൊല്ലുണ്ട്: “Verbum transit; Scriptum manet’’.Word vanishes, script remins എന്നര്‍ത്ഥം.

ആധുനിക കാലഘട്ടത്തില്‍ script മാത്രമല്ല word ഉം നിലനില്‍ക്കും. എല്ലാം റിക്കോര്‍ഡ്
ചെയ്യപ്പെടുന്ന കാലമാണിത്. "അങ്ങനെ പറഞ്ഞിട്ടില്ല, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണ്" എന്ന പ്രയോഗങ്ങള്‍ മാധ്യമ ങ്ങള്‍ പൊളിക്കും. തെറ്റ് സമ്മതിച്ച് തിരുത്തുകയേ മാര്‍ഗ്ഗമുള്ളൂ.

അതു കൊണ്ട് ഓരോ വാക്കും സൂക്ഷിച്ചുവേണം പ്രയോഗിക്കാന്‍. ദൃശ്യമാധ്യമമാകുമ്പോള്‍ ശരീരഭാഷയും പ്രകടമാകും. ഉള്ളിലുള്ളത് ശരീരം പ്രകടിപ്പിക്കും. സംസാരത്തിലൂടെ, ശരീരഭാഷയിലൂടെ പുറത്ത് വരുന്നത് ഒരു വ്യക്തിയുടെ സംസ്കാരമാണ്. അധികാരികള്‍ മാന്യവും ഹിതകരയും കുലീനവുമായ ഭാഷ പ്രയോഗിക്കണം. നാവില്‍
പിഴക്കാതിരിക്കട്ടെ. (8075789768)

Advertisment