/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കലാപരമായ വാസനയും കലാപവാസനയും നമുക്കിടയിലുണ്ട്. എന്നാൽ സാമൂഹികപരമായി ഒട്ടേറെ ഗുണം ചെയ്യുന്നത് കലാബോധമുള്ളവരാണ്. ചുറ്റുവട്ടത്തെ നന്മകളെ പ്രോത്സാഹിപ്പിക്കാനും തിന്മകളെ നിശിതമായി വിമർശിക്കാനും കലാകാരന്മാർ, അവരവരുടെ സർഗാത്മക സൃഷ്ടികളിലൂടെ ശ്രമിക്കുകയാണ് എന്നും ചെയ്യാറുള്ളത്.
തൻ്റെ ആയുസ്സിൻ്റെ സിംഹഭാഗവും കലകൾക്ക് വേണ്ടി മാറ്റി വെച്ച്, ആടിയും പാടിയും പറഞ്ഞും വിസ്മയിപ്പിച്ചും നമ്മുടെ ആസ്വാദന ചോദനകളെ തൃപ്തിപ്പെടുത്തുന്ന ഇവരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കാൻ, ഭൂരിപക്ഷം കലാസ്വാദകരും താത്പര്യപ്പെടാറില്ല എന്നതാണ് വാസ്തവം.
ഒരു കാലത്ത് കലകൾക്ക് വേണ്ടി പ്രതികൂലാവസ്ഥയിൽ പോലും പോരാടിയ ഇവരുടെ ആരോഗ്യ- കുടുംബക്ഷേമങ്ങൾ ഉറപ്പ് വരുത്താൻ പൊതുബോധം ഉയർന്നു വന്നിട്ടില്ല എന്നത് സങ്കടകരം തന്നെ.
മനസിനും ശരീരത്തിനും ശാന്തിയും സമാധാനവും നൽകുന്ന ഒട്ടേറെ കലാരൂപങ്ങളാണ് ഉള്ളത്. എന്നാൽ, നാടൻകലാരൂപങ്ങൾ പലതും വിസ്മൃതിയിലായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കലകൾക്ക് വേണ്ടി മുന്നോട്ടു വരാൻ പുതുതലമുറ തയ്യാറാവുന്നില്ല.
ഇവരെ ആകർഷിക്കാനുതകുന്ന ഒന്നും തന്നെ സർക്കാറും ആസ്വാദനലോകവും സംഭാവനയോ, പ്രോത്സാഹനമോ നൽകുന്നില്ല എന്നത് ഒരു പ്രധാന കാരണങ്ങൾ തന്നെയാണ്.
വിവിധ തുറകളിലുള്ള, ജീവിതത്തിൻ്റെ സായംസന്ധ്യകളിലെത്തിയ കലാകാരന്മാർക്ക് പലർക്കും ക്ഷേമനിധികളോ, മറ്റ് ആനുകൂല്യങ്ങളോ കിട്ടുന്നില്ല. കിട്ടുന്നവർക്കാകട്ടെ, സാമൂഹിക പെൻഷന് സമാനമായ തുക മാത്രം.
സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന തുക കിട്ടാൻ കലാകാരന്മാരാകണമെന്നില്ല. അറുപത് പിന്നിട്ട ഏതൊരു വ്യക്തിക്കും കിട്ടുന്ന, അവകാശപ്പെട്ട തുക തന്നെയാണ്. കേന്ദ്രത്തിൻ്റെ പെൻഷൻ വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. അത് ലഭിക്കുകയാണെങ്കിൽ ഇവർക്ക് കിട്ടുന്ന ആശ്വാസം ചെറുതല്ല.
പക്ഷഭേദമില്ലാതെ കലാകാരന്മാരുടെ കഴിവുകളെ ആദരിക്കുന്ന സംവിധാനങ്ങളും ഗ്രാമീണ കൂട്ടായ്മകളും മുൻകാലങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. ടെലിവിഷൻ ചാനലുകളുടെ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെടുന്നവർക്ക് മാത്രം ചില മുൻഗണനകൾ കിട്ടുന്നുവെന്നല്ലാതെ, തിരശ്ശീലകൾക്ക് പിറകിൽ രോഗപീഢകളാലും സാമ്പത്തിക പരാധീനതകളാലും മാറി നിന്നവരെ കണ്ടെത്തി മുന്നോട്ടുവരാൻ ആർക്കാണ് താത്പര്യം. ഇതിനൊരപവാദമാണ് അഖിലകേരള കലാകാര ക്ഷേമസമിതി.
ഇക്കഴിഞ്ഞ ദിവസം കണ്ണൂരിൽ ചേർന്ന അഖിലകേരള കലാകാര ക്ഷേമസമിതിയുടെ സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിൻ്റെയും പൊതു സമൂഹത്തിൻ്റെയും ശ്രദ്ധ ക്ഷണിക്കുംവിധം ആവശ്യപ്പെട്ടത് കലാകാരന്മാർക്ക് അയ്യായിരം രൂപയെങ്കിലും പെൻഷൻ നൽകണം എന്നതായിരുന്നു.
ഇത് കലാകാരന്മാർ രാഷ്ട്രീയ- സംഘടനഭേദമന്യേ ആവശ്യപ്പെട്ട് ഈയൊരു തുകയെങ്കിലും വാങ്ങിക്കാൻ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചു എന്നു തന്നെ പറയാം. കോവിഡിന് ശേഷം ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമാണ് കലാകാരന്മാർ.
അതു കൊണ്ട് തന്നെ, ഈ തുകയെങ്കിലും പെൻഷൻ ആയി ലഭിച്ചാലേ, സാമൂഹികപരമായ നിലയിൽ ഇവരുടെ വാർധക്യകാലം അന്തസ്സുറ്റതാവുകയുള്ളു. ഒപ്പം തന്നെ, കലാകാരന്മാർക്ക് ബാധിക്കുന്ന ഏത് അസുഖത്തിനുള്ള ചികിത്സയും ഇതിൻ്റെ ഭാഗമായുള്ള യാത്രയും സൗജന്യമാക്കുകയും വേണം.
കലകൾക്കും കലാകാരന്മാർക്കും ആസ്വാദക ലോകവും ക്ഷേമകാര്യങ്ങളിൽ സർക്കാറിൽ സമ്മർദ്ദമേർപ്പെടുത്തുകയും സാമൂഹികപരമായ സമ്മർദ്ധങ്ങളിൽപ്പെട്ട് ഉഴലുന്ന ആളുകൾക്ക് ചിരിയുടെ വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്ന ഒരു സായാഹ്നം ആശംസിക്കുന്നു. ജയ്ഹിന്ദ്.