/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
നടിയെ ആക്രമിച്ച കേസ് ജ്യുഡീഷ്യൽ മനസ് വിചാരിക്കാത്ത കോണിലേക്കാണ് തിരിയുന്നത്. എന്തരുത് എന്ന് കരുതുന്നുവോ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും.
എന്റെ കൂടെ എറണാകുളം ലോ കോളേജിൽ പഠിച്ച പലരും കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സീനിയർ വക്കീലന്മാരും ജഡ്ജിമാരുമായുണ്ട്. പലരും ജഡ്ജിമാരായി വിരമിച്ചു. ജ്രനിയർമാരായി പഠിച്ച ചിലർ സീനിയർ വക്കീലന്മാരായി. എൽഎൽബിയ്ക്കും എൽഎൽഎമ്മിനും പഠിക്കുമ്പോൾ ജ്യുഡീഷ്യറി എങ്ങനെയാവണമെന്നതിനെകുറിച്ച് നല്ല സങ്കല്പമുണ്ടായിരുന്നു.
അത് നടക്കുമോ ? കെഎസ്ആർടിസി, ഹാൻഡിക്രാഫ്‌റ്റ്‌സ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റിഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നീ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുമ്പോൾ എന്റെ സത്യസന്ധത, ജനങ്ങളുടെ പണം എന്നിവ നഷ്ടപ്പെടാതെ, ആ സ്ഥാപനങ്ങൾ മുമ്പോട്ടു കൊണ്ടുപോകാൻ ആവതു ശ്രമിച്ചു.
ഒരാൾ വിചാരിച്ചാൽ നടക്കാവുന്നതല്ല ഒന്നും. എല്ലാവരുടെയും സഹകരണമുണ്ടായാലേ വിജയിക്കു. അവിടെ ഞാൻ പരാജയപ്പെട്ടു. എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനായില്ല. എന്റെ ഈ ദൗർബ്ബല്യത്തെക്കുറിച്ച്, എന്നെ ബോദ്ധ്യപ്പെടുത്തിയത്, ഇപ്പോഴത്തെ കേരളമുഖ്യമന്ത്രി സ: പിണറായി വിജയനാണ്.
അന്ന് സഖാവ് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയാണ്. ലോക പ്രശസ്തരായ എത്രയോ മാനേജ്മെൻറ് വിദഗ്ദ്ധരെ എനിക്ക് പരിചയമുണ്ടെന്നോ ! എന്നാലും കേരളത്തിന്റെ പൊതുസമൂഹം, സാഹചര്യം എന്നിവ അടിസ്ഥാനപ്പെടുത്തി, വിലയിരുത്തി മുമ്പോട്ടു പോയവരിൽ മുഖ്യമന്ത്രിമാരായ ഇഎംഎസും സ : പിണറായി വിജയനും മുമ്പിൽ നില്ക്കുന്നു.
വിമോചനസമരത്തിൽകൂടി 1959 ലും അട്ടിമറിയിലൂടെ 1969 ലും ഇഎംഎസ് സർക്കാരുകളെ ഭരിക്കാതിരിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഇ എം എസ്സിന് വികസനം മുന്നോട്ടുകൊണ്ടു പോകാൻ കഴിയാതിരുന്നത്.
സ:പിണറായി വിജയന് ഭൂരിപക്ഷം കൃത്യമായി ഉണ്ടാവുകയും വികസന കാഴ്ചപ്പാട് വ്യക്തമായി സിദ്ധിക്കുകയും ചെയ്തതുകൊണ്ടാണ് തുടർഭരണം സാദ്ധ്യമായത്. അടിയന്തിരാവസ്ഥയിൽ കെ കരുണാകരന്റെ ദുർഭരണത്തിന് ചുക്കാൻപിടിക്കേണ്ടിവന്നതു കൊണ്ടാണ് സി അച്യുതമേനോൻ എന്ന സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവ് മുഖ്യമന്ത്രി എന്ന നിലയിൽ പരാജയപ്പെട്ടത്.
കൂടെ സഖാക്കൾ എം എൻ ഗോവിന്ദൻനായരും ടി വി തോമസും കോൺഗ്രസ് എന്ന വൻചുഴിയിൽപ്പെട്ട് മുങ്ങിത്താണു. ഈ ദൗർബ്ബല്യങ്ങളൊന്നും സ : പിണറായി വിജയനെ അലട്ടുന്നില്ല. പക്ഷേ, പോലീസ്, ക്രമസമാധാനം, വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവയെ മുന്നോട്ടു കൊണ്ടുപോകാൻ അസാമാന്യ മെയ്യഭ്യാസം വേണം.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ വല്ലാതെ ആശ്രയിച്ചാൽ അത് തികഞ്ഞ പരാജയമായിരിക്കും. അവർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഉണ്ടാവണമെന്നില്ല. പൊതുസമൂഹത്തെക്കുറിച്ച് അറിവുണ്ടാവണമെന്നില്ല.
ഭരണവും ജ്യുഡീഷ്യറിയും ജനസമൂഹത്തിന്റെ രണ്ടു കൈകളാണ്. അതിൽ ജ്യുഡീഷ്യറി അടുത്ത കാലത്തായി പരിതാപകരമായി പരാജയപ്പെടുന്നോ എന്ന് പൊതുസമൂഹത്തിന് സംശയം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് കേസുകളുടെ പൊതുവായ ചുമതലയേറ്റയാളും കേരളഹൈക്കോടതി ചീഫ് ജസ്റ്റീസും സുപ്രീം കോടതി ചീഫ് ജസ്റ്റീസും കൊളീജിയവുമാണ്.
അതിജീവിതയുടെ കേസിൽ, അതിജീവിതയുടെ ആഗ്രഹപ്രകാരം ചുമതലവഹിച്ച ആളും ഹൈക്കോടതിയിലെ ഒരാളും ചേർന്നു കളിക്കുന്നത് ജ്യുഡീഷ്യറിക്ക് ആകെ നാണക്കേടുണ്ടാക്കും.
ഒരാളെ എനിക്ക് ഇഷ്ടമല്ലെങ്കിൽ, ആ ആൾ ഞാൻ പറയുന്നത് പുച്ഛിച്ച് തള്ളുമെങ്കിൽ, ആ ആൾ എന്റെ കുടുംബകാര്യങ്ങളിൽ നിരന്തരം ഇടപെട്ടാൽ എങ്ങനെയിരിക്കും ? എന്റെ താല്പര്യം പരിഗണിക്കപ്പെടുമോ ? അതുകൊണ്ട് ദയവായി നിങ്ങൾ എന്റെ കേസു കേട്ട് വിധി പ്രസ്താവിച്ച് എന്നെ സഹായിക്കല്ലേ എന്ന് അതിജീവിത പറഞ്ഞാൽ അതിൽ നിന്ന് ഒഴിഞ്ഞു നില്ക്കുന്നതല്ലെ ഭംഗി ?
കേസ്സിലെ എട്ടാം പ്രതിയെ സഹായിക്കാനുള്ള ദുസ്സൂചനയാണ് ഈ അഭിപ്രായമെന്ന് ദയവായി കണക്കാക്കരുത്. കോടതിയിൽ വക്കീലായില്ലെങ്കിലും സ്വന്തം സഹോദരരായേ ജ്യൂഡീഷ്യറിയിലുള്ളവരെ എനിക്ക് കണക്കാക്കാനാവൂ.
ഒരു സാമാന്യ മര്യാദ കാണിക്കണേ എന്നു മാത്രമേ അതിജീവിതക്ക് അപേക്ഷിക്കാൻ ഉള്ളൂ. “ഞാൻ പറയുന്നത് എഴുതിയെടുക്കേണ്ടേ“ എന്ന് സാക്ഷിക്കൂട്ടിൽ നിന്ന അതിജീവിത ചോദിച്ചപ്പോൾ അവരോട് തട്ടിക്കയറിയ വ്യക്തിയെ ജ്യുഡീഷ്യറിയുടെ മഹനീയ പാരമ്പര്യത്തിൽ പെടുത്താനാവുമോ ?
ഈ കേസിൽ അതിജീവിതക്ക് കേരളത്തിലെ കോടതികളിൽനിന്ന് നീതി കിട്ടുമോ ? അറിയില്ല. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസുൾപ്പെടെ ഒരു വിപുലമായ ബെഞ്ച് ഈ കേസ് കേൾക്കുന്നത് നന്നാണ്. അല്ലെങ്കിൽ സുപ്രീം കോടതി ഇടപെട്ട് അതിജീവിതയുടെ ഈ കേസ് കേരളത്തിനു പുറത്ത് ഒരു കോടതിയിലേക്ക് മാറ്റണം.
ജ്യുഡീഷ്യറിയുടെ അന്തസ്സ് പരിപാലിക്കപ്പെടണം. ജ്യുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞു കുളിക്കാനുള്ള ചിലരുടെ ശ്രമത്തിന് തടയിടണം. ആന്ധ്ര അരികുംഭകോണക്കേസ്, ഇഎംഎസ് നമ്പൂതിരിപ്പാട് vs ബാർ കൗൺസിൽ ഓഫ് കേരള, എ.കെ. ഗോപാലൻ vs സ്റ്റേറ്റ് ഓഫ് മദ്രാസ്, തട്ടിൽ എസ്റ്റേറ്റ് കേസ് തുടങ്ങി നിരവധി കേസ്സുകളുടെ വാദം ഞാൻ കേട്ടിട്ടുണ്ട്.
ഇഎംഎസിന്റെ കേസ് അദ്ദേഹം സ്വയം വാദിക്കുകയായിരുന്നു. അപ്പോഴൊക്കെ പ്രിസൈഡിങ്ങ് ഓഫീസര്‍മാർ (ജഡ്ജിമാർ) എത്ര മാന്യമായിട്ടാണ് ഇഎംഎസുൾപ്പടെയുള്ളവരോട് പെരുമാറിയിരുന്നത്. തിരിച്ചും അങ്ങനെയായിരുന്നു.
ജ്യുഡീഷ്യറിയെ വിമർശിക്കുമ്പോഴും സിപിഐഎം നേതാക്കൾ മാന്യതയോടെയുള്ള പെരുമാറ്റംകൊണ്ട് ധന്യത പ്രദർശിപ്പിച്ചു. ജ്യുഡീഷ്യറിയുൾപ്പടെയുള്ള മർദ്ദനോപകരങ്ങളെപ്പറ്റി വിശദമായിത്തന്നെ പറഞ്ഞു. ഒരു ജഡ്ജി ഇഎംഎസിനെ മാർക്സിസം – ലെനിനിസം പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ, “എന്നെ മാർക്സിസം – ലെനിനിസം പഠിപ്പിക്കാൻ താങ്കൾ ശ്രമിക്കുന്നത് താങ്കളെ നിയമം പഠിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നതുപോലെയാണെ” ന്ന് അദ്ദേഹം വിനയപൂർവ്വം കോടതിയോട് പറയുന്നതും ഞാൻ കേട്ടു.
ഇതാണ് കോടതി. ഇതാവണം കോടതി. സുപ്രീം കോടതി ഇഎംഎസിന് വിധിച്ച പിഴ ആയിരം രൂപയിൽ നിന്ന് അഞ്ഞൂറ് രൂപയായി കുറച്ചു. അപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഹിദായത്തുള്ള പറഞ്ഞു : “ ഈ പിഴ അടക്കുകവഴി ഇഎംഎസ് ചെറുതാവുകയുമില്ല; സുപ്രീം കോടതി വലുതാവുകയുമില്ല“ എന്ന്. ഒരു സുപ്രീം കോടതി ഇതിലധികം സൂര്യശോഭയാർന്ന് ജ്വലിക്കുകയില്ല. കോടതി. ഇതാവണം കോടതി.
അതിജീവിതയുടെ കേസ് കെട്ടിച്ചമച്ചതാണെന്നാണോ കേരളത്തിലെ പൊതുസമൂഹം കരുതേണ്ടത് ? അങ്ങനെ അതിജീവിതക്ക് ബലാത്സൽസംഗം നടന്നിട്ടില്ല എന്നാണോ മനസ്സിലാക്കേണ്ടത്. അതോ പ്രോസിക്യൂഷൻ പരാജയപ്പെട്ടതെന്നാണോ ?
അതാണ് പ്രോസിക്യൂഷൻ കൂടുതൽ തെളിവിനായി സമയം നീട്ടിച്ചോദിച്ചത്. ഒരു പെൺകുട്ടിയും അനുഭവിക്കാത്തരീതിയിലുള്ള ലൈംഗികാക്രമണമാണ് അതിജീവിത നേരിട്ടത്. വിചാരണസമയത്ത്, ആ കുട്ടിയ്ക്ക്, അത് വിവരിക്കുമ്പോഴുണ്ടായ മാനസികാഘാതം എത്ര ഞെട്ടലുണ്ടാക്കുന്നതരത്തിലുള്ളതായിരുന്നു !
എന്തിനാണ്, പ്രതികളെ രക്ഷിക്കാൻ, അത് ആരായാലും, ഇത്ര വ്യഗ്രത കാണിക്കുന്നത് ? മോശമല്ലേ ഇത് ? സത്യം തെളിയിക്കാനല്ലേ ശ്രമിക്കേണ്ടത് ? കേരളത്തിലെ മജിസ്ട്രേറ്റു കോടതികൾ മുതൽ ഹൈക്കോടതിവരെ സത്യത്തിനും ധർമ്മത്തിനും പേരുകേട്ടതാണ്. അതിന് ഗ്ലാനി സംഭവിക്കരുത്.
ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ കോടതിയിൽ പോയി കേസു കേൾക്കാറുണ്ടായിരുന്നു ഞാൻ. നിയമത്തിൽ ബിരുദാനന്തരബിരുദം കഴിഞ്ഞ എനിക്ക് കോടതികളോട് ബഹുമാനമേയുള്ളൂ.
മരിക്കുന്നതിനു മുമ്പ് എന്റെ അച്ഛൻ തലയിൽ തൊട്ട് രണ്ടു കാര്യത്തിൽ സത്യം ചെയ്യിപ്പിച്ചു. ഒന്ന്, നുണ പറയില്ല. രണ്ട്, കൈക്കൂലി വാങ്ങിക്കുകയില്ല. അറിഞ്ഞോ അറിയാതെയോ നുണ പറയേണ്ടി വന്നാലോ. അതു കൊണ്ടാണ് കോടതിവഴി പോകാഞ്ഞത്. കേരള സമൂഹം അതിജീവിതയുടെ കേസ് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.
ബാധ്യതകളും സാധ്യതകളും തിരിച്ചറിയണം. സമകാലികജീവിതത്തിന്റെ സങ്കീർണ്ണതകളെ അപഗ്രഥിക്കുന്ന മഹാപ്രയത്നത്തിന്റെ ഭാഗമാവണം ജഡ്ജിമാർ. ഒരു കഥയായി മാറാനുള്ളതല്ല, അതിജീവിതയുടെ സത്യം; അവരുടെ ജീവിതം.
അസാധാരണത്വത്തിൽ സാധാരണത്വം കണ്ട് വിലയിരുത്തലാണല്ലോ ആവശ്യം. അസ്വാസ്ഥ്യങ്ങൾ പലരുടേയും മനസിലെ വികാരമായി മാറുമ്പോൾ അത് പങ്കു വെച്ചതായി മാത്രമേ ഈ പോസ്റ്റിനെ കാണാവൂ എന്നും അപേക്ഷിക്കുന്നു.