140 സീറ്റില്‍ 99 സീറ്റു നേടി ഏറ്റവും സുരക്ഷിതമായി രണ്ടാമൂഴം തുടരുന്ന പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചരിത്രവിജയത്തിന്റെ കുപ്പായം തുന്നി കാത്തിരുന്നെങ്കിലും പിടിയെ കൈവിടാന്‍ തൃക്കാക്കരക്കാര്‍ തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം. തൃക്കാക്കര നല്‍കുന്ന പാഠം... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേരള മണ്ണില്‍ രാഷ്ട്രീയപരമായ ഒരുപാട് മാനങ്ങള്‍ നല്‍കുന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും രണ്ടു തദ്ദേശ തെരഞ്ഞെടുപ്പുകളിലെയും വിജയത്തിനു പിന്നാലെ നൂറ് തികയ്ക്കാനുള്ള കഠിനധ്വാനം ചെയ്ത എല്‍ഡിഎഫ് പക്ഷേ, ജനവിധിയില്‍ അമ്പേ പരാജയപ്പെട്ടപ്പോഴും ഭരണവിരുദ്ധ വികാരമായി ഈ തെരഞ്ഞെടുപ്പിനെ കാണുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം കഴിഞ്ഞയുടന്‍ പുറത്തുവന്ന തൃക്കാക്കര തെരഞ്ഞെടുപ്പുഫലം സര്‍ക്കാരിനു കുറച്ചു ക്ഷീണമാണെന്നു സമ്മതിക്കേണ്ടിവരും.

യുഡിഎഫിന്റെ കൈവശമിരുന്ന സീറ്റ് അവര്‍ നിലനിറുത്തിയെന്നു സമാധാനിക്കുകയുമാകാം. ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ വെറുപ്പിച്ചുകൊണ്ടുള്ള ഏതു നടപടിയും രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന പാഠം സര്‍ക്കാര്‍ കാണാതെ പോകയുമരുത്.

വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കി നടപ്പാക്കുമ്പോഴാണ് അത് കൂടുതല്‍ ജനകീയമാകുന്നതെന്ന വലിയൊരു പാഠം തന്നെയാണ് തൃക്കാക്കര നല്‍കുന്നത്.
മണ്ഡലം പിറന്ന ശേഷം കോണ്‍ഗ്രസിന്റെ കോട്ടയായ തൃക്കാക്കരയില്‍ മറിച്ചൊരു ചരിത്രം സംഭവിക്കുകയെന്നത് രാഷ്ട്രീയം സസൂക്ഷ്മം വിലയിരുത്തുന്നവര്‍ പോലും പ്രതീക്ഷിക്കില്ല.

എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎല്‍എമാരും സകല ഭരണസംവിധാനങ്ങളും പാര്‍ട്ടിയുടെ എല്ലാ ശക്തിയും ഉപയോഗിച്ചും തൃക്കാക്കരയില്‍ മത്സരിത്തിനിറങ്ങിയ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം പ്രശംസനീയം തന്നെ.

കേവലം സഹതാപതരംഗത്തിന്റെ ചിറകിലേറിയാണ് യുഡിഎഫ് ഈ നേട്ടമുണ്ടാക്കിയതെന്ന് ആര്‍ക്കും പറയാനാവില്ല. ഏതു നിലയില്‍ നോക്കിയാലും യുഡിഎഫിന്റെ വലിയൊരു രാഷ്ട്രീയവിജയം തന്നെയാണിത്.

ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി ഇത്രയേറെ നേതാക്കള്‍ ഒരേസമയം പ്രചാരണത്തിനിറങ്ങിയ ഒരു തെരഞ്ഞെടുപ്പ് കേരളം ആദ്യമായാണ് കാണുന്നത്. നിയമസഭയില്‍ 140 സീറ്റില്‍ 99 സീറ്റു നേടി ഏറ്റവും സുരക്ഷിതമായി രണ്ടാമൂഴം തുടരുന്ന പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചരിത്രവിജയത്തിന്റെ കുപ്പായം തുന്നി കാത്തിരുന്നെങ്കിലും പിടിയെ കൈവിടാന്‍ തൃക്കാക്കരക്കാര്‍ തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം.

കാരണം, വിവാദങ്ങള്‍ക്ക് അതീതനും പാര്‍ട്ടി ഭേദമെന്യേ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനുമായിരുന്നു പി ടി തോമസ്. അദ്ദേഹത്തോടുള്ള ആദരവായാണ് ഉമ തോമസിന്റെ വിജയം കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിച്ചതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലെന്ന് തന്നെ കരുതാം.

കുറ്റിയറ്റ് പോകുന്ന ഒരു  പാര്‍ട്ടിയെന്ന് ആക്ഷേപവും പരിഹാസവും പേറുന്ന കോണ്‍ഗ്രസിന് തൃക്കാക്കരയിലെ വിജയം നല്‍കുന്ന കരുത്ത് ചെറുതല്ല. കോ്ണ്‍ഗ്രസ് അത്യുജ്ജ്വല വിജയം നേടിയെന്നു മാത്രമല്ല എഴുതിത്തള്ളേണ്ടവരല്ല തങ്ങളെന്ന് അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തുവെന്നത് തന്നെ കോണ്‍ഗ്രസ് പാളയത്തിന് നല്‍കുന്ന ആശ്വാസം വരുംകാല തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഊര്‍ജ്ജം തന്നെയായിരിക്കും.

മാത്രവുമല്ല, ചിട്ടയോടെ കൈകോര്‍ത്തുള്ള പ്രവര്‍ത്തനമുണ്ടെങ്കില്‍ വിജയത്തിന്റെ വാതില്‍ തുറക്കുമെന്നുള്ള പാഠം കോണ്‍ഗ്രസിനും ജനവിരുദ്ധതയോളമെത്തുന്ന അധികാര ധാര്‍ഷ്ട്യം തോല്‍വിയിലേക്കു വഴികാണിക്കുമെന്ന പാഠം സിപിഎമ്മിനും നല്‍കുന്ന വിധിയെഴുത്ത് ഗുണപാഠവുമാണ്.

ഗ്രൂപ്പ് കളിപ്പോരില്‍ നിന്നും മാറി, ബൂത്തുതലം മുതല്‍ കണിശതയോടെയുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഏകോപിതമായ സംഘടനാപ്രവര്‍ത്തനം കോണ്‍ഗ്രസിന് നല്‍കിയ അടിത്തറ, കേരളം മുഴുവന്‍ മാതൃകയാക്കാവുന്നതാണ്.

ഉമ ജയിക്കണം എന്നതിനൊപ്പം പി.ടി.തോമസിന്റെ ഭാര്യ തോല്‍ക്കാന്‍ പാടില്ലെന്ന തീരുമാനവും തൃക്കാക്കരയിലെ വോട്ടര്‍മാരെക്കൊണ്ട് ചിന്തിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായത് വലിയൊരു മാറ്റം തന്നെ.

പൊതു വിഷയങ്ങളിലും മനുഷ്യന്റെ കണ്ണീരിലും പ്രകൃതിയുടെ കണ്ണുനീരിലും എല്ലാം ഇടപെട്ട പിടി തോമസിന്റെ സീറ്റ് നില നിര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രിയതമ ഉമയെ തര്‍ക്കവുമില്ലാതെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതിന്റെ കൂടി ഫലമാണ്, തുടര്‍ഭരണത്തിന്റെ കരുത്തില്‍, ചോദിക്കാനും പറയാനും ആരുമില്ലെന്ന മട്ടിലുള്ള ധാര്‍ഷ്ട്യത്തിനു തിരിച്ചടിയെന്നോണം ഇടതുപക്ഷത്തിന് തൃക്കാക്കരയില്‍ ആധിപത്യം ഉറപ്പിക്കാനാവിതിരുന്നത്.

ഭരണവിരുദ്ധവികാരമില്ലെന്നും സില്‍വര്‍ലൈനിനെതിരെയുള്ള തിരിച്ചടിയായി കാണുന്നില്ലെന്നുമൊക്കെ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇവന്റ് മാനേജ്‌മെന്റുകാരുടെ തന്ത്രങ്ങളിലാണ് പാര്‍ട്ടി പരാജയപ്പെട്ടതെന്ന ഇപി ജയരാജന്റെ പ്രസ്താവന, പരിഹാസ്യമാണെന്നതില്‍ തര്‍ക്കമില്ല.

ഇവന്റ് മാനേജ്‌മെന്റിന് തോല്‍പ്പിക്കാവുന്ന അടിത്തറ മാത്രമാണ് ഇടതുപക്ഷത്തിനുള്ളൂവെന്ന ധ്വനി ഈ വാചകത്തില്‍ ദര്‍ശിച്ചാല്‍, അതിന്റെ കൂടി ക്ഷീണം പാര്‍ട്ടിക്ക് എങ്ങനെ മറികടക്കാനാവും. പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്വവും സിപിഎമ്മിനാണെന്ന് സിപിഐ ആരോപിച്ച സാഹചര്യത്തില്‍, പക്വതയില്ലാത്ത വിലയിരുത്തല്‍, പാര്‍ട്ടിക്കും അണികള്‍ക്കും നല്‍കുന്ന നാണക്കേടിന്റെ ഭാരം ഏറെയായിരിക്കും.

ജാതി, മത വോട്ടുകള്‍ക്കുവേണ്ടി പ്രചാരണവേളയില്‍ നേതാക്കളില്‍നിന്നുണ്ടായ പല മോശം പ്രതികരണങ്ങളും വിലപ്പോവില്ലെന്നതിന്റെ മറ്റൊരു പാഠം കൂടിയാണ് തൃക്കാക്കരയിലെ ഉമയുടെ വിജയം എന്ന് പറയാതിരിക്കാനാവില്ല. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെന്ന് ആക്ഷേപം നേരിട്ടപ്പോഴും എല്‍ഡിഎഫിനു ചെറിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാനായത് നേട്ടമായി കരുതാം.

തൃക്കാക്കര സീറ്റ് നിലനിറുത്തുക യു.ഡി.എഫിന് വളരെയധികം നിര്‍ണായകവുമായിരുന്നു. ഒരിക്കല്‍പ്പോലും ഈ ലീഡ് മറികടക്കാനോ അടുത്തെങ്ങും എത്താനോ പോലും എതിരാളിക്കു കഴിഞ്ഞില്ല. എല്ലാ അര്‍ത്ഥത്തിലും ആധികാരികവും സുവ്യക്തവുമായ വിജയമാണ് രാഷ്ട്രീയത്തിലെ ഈ കന്നിക്കാരി കോണ്‍ഗ്രസിനും യുഡിഎഫിനും സമ്മാനിച്ചിരിക്കുന്നത്.

പതിവുപോലെ ജനകീയാടിത്തറ കൂടുതല്‍ നഷ്ടമായത് ബി ജെ പിക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ 15483 വോട്ടില്‍ നിന്ന് ഏറെ താഴെയാണ് ഇപ്പോഴത്തെ നില. ഒരേവിഷയത്തില്‍ വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്ന പൊലീസിന്റെ നിലപാടും വിമര്‍ശനാത്മകമായാണ് ജനങ്ങള്‍ വിലയിരുത്തിയത്.

ആദ്യനാളുകളിലെല്ലാം തികഞ്ഞ സംയമനവും മാന്യതയും പുലര്‍ത്തിയ പ്രചാരണം അവസാനമായപ്പോഴേക്കും പി സി ജോര്‍ജ്ജും കെ വി തോമസും അവരുടെ നിലപാടുകളും രാഷ്ട്രീയ പ്രബുദ്ധതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്ന് തന്നെ പറയാം. വൃത്തികെട്ട വ്യക്തിഹത്യയിലേക്കു വരെ അത് ചെന്നെത്തുകയും ചെയ്തു.

കേസും അറസ്റ്റുമെല്ലാം ഉണ്ടായെങ്കിലും മുളയിലേ നുള്ളേണ്ട ദുഷ്പ്രവണതയാണിതെന്ന് തൃക്കാക്കരക്കാര്‍ കേരളക്കാരോട് മുഴുവന്‍ പറയാതെ പറയുന്നതായി അവരുടെ വിധിയെഴുത്ത്.
പ്രചാരണത്തിനു നേതൃത്വം വഹിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഈ വിജയത്തിന്റെ അവകാശികളാണ്.

അവരുടെ നേതൃത്വം യു.ഡി.എഫ് നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്, 15ാം നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എയായും പ്രതിപക്ഷത്തെ രണ്ടാമത്തെ വനിതാ എം.എല്‍.എയുമായി നിയമസഭയിലേക്ക് ഉമ തോമസിന്റെ കന്നിപ്രവേശനം.

യുഡിഎഫ് പിന്തുണയോടെ ജയിച്ച ആര്‍.എം.പിയിലെ കെ.കെ. രമ മാത്രമാണ് പ്രതിപക്ഷത്തെ ഏക വനിതാ എംഎല്‍എ.  ഇതോടെ നിയമസഭയില്‍ വനിതാ പ്രാതിനിദ്ധ്യം 12 ആകുമെങ്കിലും ഉമയുടെയും രമയുടെയും നിലപാടുകളും നിയമസഭയിലെ പ്രകടനങ്ങളും രാഷ്ട്രീയ കേരളം സസൂക്ഷ്മം വിലയിരുത്തും.

ജനകീയ വിഷയങ്ങളില്‍ മുന്നണിപ്പോരാളികളായി ഇവര്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഉമ തോമസിന് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം എല്ലാ വായനക്കാര്‍ക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment