കോവിഡ് വീണ്ടും വകഭേദങ്ങളിലൂടെ നമ്മുടെ ആരോഗ്യത്തെ കീഴ്‌പ്പെടുത്തുമ്പോള്‍, രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയില്‍, എല്ലാവര്‍ക്കും ലഭ്യമായ ചികിത്സ കിട്ടണമെന്നില്ല. കൊറോണയോടുള്ള അകലം ഉറപ്പുവരുത്തുക (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കോവിഡ് തരംഗം സൃഷ്ടിച്ച പ്രതിസന്ധികളുടെ ഇടവേളകളിലാണ് നാമെല്ലാവരും. പൂര്‍ണ്ണമായും കൊറോണ നമ്മെ കൈയൊഴിഞ്ഞിട്ടില്ലെങ്കിലും അത് ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ അയവ് വന്നു എന്നത് ശരിയാണെങ്കിലും ഇപ്പോള്‍ വരുന്ന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും തീവ്രമാകുന്നുവെന്നാണ്.

ഭയപ്പെടുത്തുന്ന കണക്കുകളാണ്  ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി കൊറോണ വ്യാപനത്തിന്റെ വേഗത കുറഞ്ഞിരുന്നുവെങ്കിലും കൊറോണ വൈറസിനെ ഇല്ലാതാക്കാനോ ചികിത്സ സാധ്യമാക്കാനോ കഴിഞ്ഞിട്ടില്ല, എന്നാല്‍ മരണനിരക്കില്‍ കാര്യമായ കുറവ് വന്നിരുന്നു.

ഇതാണ്, മുഖത്തെ ആത്മവിശ്വാസം വീണ്ടും പൊതുയിടങ്ങളില്‍ കാണാവുന്ന തരത്തില്‍, മാസ്‌കുകളെ താഴ്ത്തി ആളുകള്‍ പെരുമാറി തുടങ്ങിയത്. മാത്രവുമല്ല, കൊറോണ വ്യാപനത്തില്‍ വന്ന കുറവുകള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരും തയ്യാറായി. മാസ്‌കുകള്‍ കൊണ്ടുള്ള പ്രതിരോധം ഓരോ വ്യക്തിയുടെയും താത്പര്യപൂര്‍വ്വമായി.

എല്ലാം പഴയ പടിയായെന്ന് ഒരു തരത്തില്‍ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ലോകത്ത് സംഭവിച്ചത്. കോവിഡ് ഉയര്‍ത്തിയ ഭീഷണിയില്‍ എല്ലാം നിലച്ചതും വീണ്ടും അത് പുനരാരംഭിച്ചതും വിപണികള്‍ സജീവമായതും ആഭ്യന്തര-അന്താരാഷ്ട്ര യാത്രകള്‍ പതിവു പോലെയായതും ഭൂരിപക്ഷം പേരും വാക്‌സിന്‍ സ്വീകരിച്ചതും എല്ലാം കോറോണയെ മറന്നതു പോലെയായി.

എന്നാല്‍ വീണ്ടും രാജ്യത്ത് കോവിഡ് നാലാം തരംഗത്തിലേക്ക് കുതിക്കുന്നുവെന്നത് ഭീതിപ്പെടുത്തുന്നതാണ്. നമുക്കെല്ലാം അറിയാം, മുന്‍കാലങ്ങളില്‍ കോവിഡ് ബാധിതരും അവയെ തുടര്‍ന്ന് ഇലകള്‍ കൊഴിയുന്നത് പോലെ ആളുകള്‍ വീടിനകത്തും പുറത്തും ആശുപത്രിയിലും ചികിത്സ കിട്ടാതെയും കിട്ടിയിട്ടും മരണമടഞ്ഞത്.

ശവദാഹത്തിന് പോലും ബന്ധുമിത്രാദികള്‍ പങ്കെടുക്കാതിരുന്നത്, അങ്ങനെ ശരിക്കും നരകതുല്യമായ ഒരു അവസ്ഥയിലൂടെയായിരുന്നു കോവിഡ് നമുക്ക് മുന്നില്‍ ഉറഞ്ഞു തുള്ളിയിരുന്നത്. ഈ ഓര്‍മ്മകള്‍ നമുക്കുണ്ടാവണം.

അതില്ലാത്തതാണ്, നമ്മളെല്ലാവരും കൊറോണയില്‍ ഒളിഞ്ഞിരിയ്ക്കുന്ന വന്‍ അപകടത്തെ അവഗണിക്കുകയും അതിനോട് നിസ്സംഗത പുലര്‍ത്തുകയും ചെയ്യുന്നത്. കൊറോണ വാക്‌സിനിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് ലോകം മുഴുവന്‍ കൊറോണയ്ക്കെതിരെ പോരാടുകയാണ്.

എങ്കിലും ആരോഗ്യരംഗത്തെ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്, മാസ്‌കുകള്‍ നിര്‍ബന്ധമായും വെക്കണമെന്നും സാമൂഹികാകലം പാലിക്കണമെന്നും കൈകള്‍ ഇടക്കിടക്ക് അണുനാശിനി ഉപയോഗിച്ച് കഴുകണമെന്നും ഓര്‍മ്മപ്പെടുത്തുകയാണ് ആരോഗ്യവിദഗ്ദ്ധര്‍.

രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. താനെയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 313 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലും കൊറോണ വ്യാപനം തീവ്രമാകുകയാണ്.

നിലവില്‍ മഹാരാഷ്ട്ര, കേരളം, തമിഴ് നാട്,  കര്‍ണാടകം, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത് നാം ഓരോരുത്തരും ഗൗരവത്തോടെ കാണണം.

കോവിഡ് വീണ്ടും വകഭേദങ്ങളിലൂടെ നമ്മുടെ ആരോഗ്യത്തെ കീഴ്‌പ്പെടുത്തുമ്പോള്‍, രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയില്‍, എല്ലാവര്‍ക്കും ലഭ്യമായ ചികിത്സ കിട്ടണമെന്നില്ല.

രോഗം വരാതെ സൂക്ഷിക്കുന്നതാണ്, രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതെന്ന ബോധ്യമുണ്ടാവട്ടെ. എല്ലാവര്‍ക്കും നല്ലൊരു ആരോഗ്യദായകമായ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment