കറുപ്പ് പകര്‍ത്തുന്ന കാലീക രാഷ്ട്രീയം (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കറുപ്പിന് ഏഴഴകാണെന്നാണ് കവിഭാവന. എന്നാല്‍ രാഷ്ട്രീയത്തില്‍ കറുപ്പിന് പ്രതിഷേധത്തിന്റെ പ്രതീകമാണ്. കേരളത്തില്‍ ഈയിടെയുണ്ടായ രാഷ്ട്രീയ വിഷയങ്ങളില്‍ മുഖ്യമന്ത്രി കറുപ്പിനെ ഭയപ്പെടുന്നുവെന്നാണ് കരക്കമ്പി.

പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രി കറുപ്പ് നിറത്തോട് അസഹിഷ്ണുത കാട്ടുന്നുവെന്നും പൊലീസിനെ ഉപയോഗിച്ച്, സാധാരണക്കാരുടെ മുഖത്തെ കറുത്ത മാസ്‌കും, ധരിച്ച വസ്ത്രവും മാറ്റാന്‍ നിര്‍ബന്ധിക്കുന്നുവെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നു പോകുന്ന വഴിയില്‍ നില്‍ക്കുന്ന കറുത്ത പര്‍ദ്ധ ധരിച്ച സ്ത്രീകളെ പോലും മഴയത്ത് നിര്‍ത്തി കേരള പൊലീസ് യുപി പൊലീസിനെ പഠിക്കുകയാണെന്നും പരക്കെ വിമര്‍ശിക്കപ്പെടുകയാണ്.

നാടുഭരിക്കുന്ന ഭരണാധികാരി സ്വീകരണങ്ങളെ മാത്രം ഇഷ്ടപ്പെടുകയും എതിര്‍ശബ്ദങ്ങളെ ഭയന്ന്, അധികാര ദണ്ഡ് ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതും ഒരര്‍ത്ഥത്തില്‍ ഹിറ്റ്‌ലറിന്റെ ശൈലി തന്നെ.

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ കടന്നുവന്ന ഒരാളാണ് താനെന്ന പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി, സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌നയുടെ ആരോപണങ്ങളെ തുടര്‍ന്ന് കൂടുതല്‍ സേനകളെ ഉപയോഗിച്ച് സുരക്ഷാസംവിധാനമൊരുക്കുകയും രാജിവെക്കണമെന്നാവശ്യപ്പെടുന്നവരെ, അവരുടെ കറുത്ത തുണികളെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗത്തിലൂടെ പൊതുഇടത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് ചാകരയായി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ ക്ഷീണവും സ്വര്‍ണ്ണക്കടത്തിലെ മുഖ്യ പ്രതികളിലൊരാളുടെ വെളിപ്പെടുത്തലുണ്ടാക്കിയ നാണക്കേടും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഉണ്ടാക്കിയ പരുക്കുകളെ കൂടുതല്‍ വേദനിപ്പിക്കുന്നതാവുകയാണ് കറുപ്പിനോടുള്ള വിദ്വേഷം.

സോളാര്‍ വിഷയത്തില്‍ പിണറായി വിജയനും സിപിഎമ്മും എടുത്ത നിലപാടുകളും കവല പ്രസംഗങ്ങളും നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണക്കടത്തില്‍ മലക്കം മറിയുന്നത് എതിരാളികള്‍ക്ക് പൊതുസമൂഹത്തിന് മുന്നില്‍, അന്നത്തെ നാണക്കേട് മറക്കാനുള്ള തുണിയായിരിക്കുകയാണ് കറുത്ത മാസ്‌കും വസ്ത്രവും.

ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും കഴിക്കാനുള്ള പൗരാവകാശത്തിന് മേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കടന്നുകയറ്റത്തിനെതിരേ ഘോരഘോരം പ്രസംഗിച്ച പിണറായി വിജയനുള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കന്മാര്‍ക്ക്, സ്വര്‍ണ്ണക്കടത്തിലുള്ള പങ്കിലെ ആരോപണത്തിനെതിരേയുള്ളേ പ്രതിഷേധത്തെ സമരാവകാശമായി കാണാനാവുന്നില്ലെന്നത് നിലപാടുകള്‍ അവസരവാദമായി കാണുന്നത് കൊണ്ടാണെന്ന് കുറ്റപ്പെടുത്തിയാല്‍ തെറ്റ് പറയാനൊക്കുകില്ല.

പിണറായി വിജയന്‍, സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നോ, സ്വപ്‌ന സുരേഷിന്റെ ആരോപണം ശരിയെന്നോ വിശ്വസിക്കാന്‍ മാത്രം തെളിവുകളൊന്നും കേന്ദ്രത്തിന്റെ എല്ലാ ഏജന്‍സികളും കണ്ടെത്തിയിട്ടില്ല.

രാഷ്ട്രീയപരമായി സിപിഎമ്മിനുള്ള ജനപിന്തുണ കുറക്കാനും കേരളത്തില്‍ ബിജെപിക്ക് നിയമസഭയിലൊരു അവസരമുണ്ടാക്കാനുമുള്ള തന്ത്രങ്ങളും തിരക്കഥകളുമാണ് കുറച്ച് ദിവസങ്ങളായി കാണുന്ന രാഷ്ട്രീയ നാടകം.

എന്നാല്‍, ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ പൊലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കുകയും പിപ്പിടി കാട്ടി വിരട്ടാനൊന്നും നോക്കേണ്ടെന്നുമുള്ള പിണറായി വിജയന്റെയും സര്‍ക്കാറിന്റെയും അധികാര ധാര്‍ഷ്ട്യം വരുത്തുന്ന അപകടത്തെ കാണാതിരിക്കാനുമാവില്ല.

ആരോപണങ്ങളെ, അതിന്റെ വിശ്വാസ്യതയെ തെളിവുകള്‍ കൊണ്ട് പ്രതിരോധിക്കുന്നതിന് പകരം, അടിയന്തരാവസ്ഥക്ക് സമാനമായ രീതി പിന്തുടരുന്നത് കേരളം പോലുള്ള സംസ്ഥാനത്തിന് യോജിച്ചതല്ല.

കെ-റെയില്‍ പോലുള്ള വികസനത്തിനായി സാധാരണക്കാരുടെ വാക്കുകള്‍ സ്വീകരിക്കാതെ മുന്നോട്ടുപോയ സര്‍ക്കാറിനെയാണ്, തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടിലൂടെ തിരുത്തിയത്. യുഡിഎഫിന്റെ കോട്ടയില്‍ ഞങ്ങള്‍ വിജയിക്കാത്തത് കെ-റയില്‍ വികസനങ്ങളോടുള്ള എതിര്‍പ്പാണെന്ന് പറയുന്നത് ശരിയല്ലെന്ന് വേണമെങ്കില്‍ ഒരുവാദത്തിനായി ചൂണ്ടിക്കാണിക്കാമെങ്കിലും നൂറ് സീറ്റ് തികയ്ക്കാന്‍ എടുത്ത അധ്വാനങ്ങളെ കാണിച്ചുകൊണ്ട് ജനങ്ങളുടെ വെറുപ്പ് എത്രമാത്രം ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് ഏത് നിഷ്പക്ഷനും വാദിക്കാന്‍ കഴിയും.

കോഴി കൂവിയാലും ഇല്ലെങ്കിലും സൂര്യന്‍ ഉദിക്കുമെന്നത് പോലെ, പിണറായി സര്‍ക്കാര്‍ വിമര്‍ശനത്തിനതീതനാണെന്ന് ധരിക്കുന്നത് പരിഹാസ്യമാണ്. കറുപ്പ് ധരിച്ചാലും ഇല്ലെങ്കിലും ജനങ്ങളോടുള്ള സമീപനത്തിലാണ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഏത് മുന്നണി അധികാരത്തിലിരിക്കണമെന്ന് അന്തിമ വിധിയുണ്ടാവുക.

ഇപ്പോഴത്തെ കറുപ്പ് പകര്‍ത്തുന്ന രാഷ്ട്രീയം നിര്‍ണായകമാവുമെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. എതിര്‍ശബ്ദങ്ങള്‍ ഉന്നയിക്കുന്നവരുടെ ജാതിയും മതവും പാര്‍ട്ടിയും നോക്കി അവരുടെ പാര്‍പ്പിടങ്ങളെ തകര്‍ക്കുന്നതും മര്‍ദ്ദിച്ചവശരാക്കി തുറങ്കിലടക്കുന്നതും വെടിയുതിര്‍ത്ത് കൊല്ലുന്നതും ഉത്തര്‍പ്രദേശിലെ ഭരണാധികാരിക്ക് ഹരം പകരുമ്പോള്‍, കറുത്ത കാറില്‍ സഞ്ചരിച്ച്, തെരുവിലെ കറുത്ത നിഴലിനെ പോലും ഭയപ്പെടുന്നത് കേരളം പോലുള്ള സാക്ഷരയും രാഷ്ട്രീയ ബോധവമുള്ളവരുടെ ഭരണാധികാരിക്ക് ഒട്ടും ഭൂഷണമല്ല.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറയുന്ന പ്രത്യയശാസ്ത്രം അധികാരം ഭരണാധികാരികളെ മയക്കുന്ന കറുപ്പാണെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എഴുതി ചേര്‍ക്കുന്നതാവരുത് പിണറായി സര്‍ക്കാര്‍ എന്നേ ഈയവസരത്തില്‍ പറയാനുള്ളൂ. എല്ലാവര്‍ക്കും ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും കഴിച്ച്, സമരം ചെയ്യാനുള്ള പൗരാവകാശം ആ നല്ലകാലം ഇനിയമുണ്ടാവട്ടെ. ശുഭ സായാഹ്നം നേരുന്നു, ജയ്ഹിന്ദ്.

Advertisment