തോറ്റവരെ ഇതിലേ, ഇതിലേ … !!! (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

ക്ലാസിൽ സാർ പറഞ്ഞതാ, "പരീക്ഷ എഴുതുമ്പോൾ ഉത്തരം അറിയില്ലെങ്കിലും ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി വെക്കണം. ദയ തോന്നിയിട്ട്‌ മാർക്ക്‌ ഇടണമെങ്കിൽ അതിനുള്ള കുറിപ്പെങ്കിലും വേണമല്ലൊ."

Advertisment

ഞാൻ എസ്‌.എസ്‌.എൽ.സി പരീക്ഷക്കിരുന്നപ്പോൾ ആകെ വിഷമിച്ചുപോയത്‌ ഇംഗ്ലീഷ്‌ ചോദ്യപേപ്പർ കയ്യിൽ കിട്ടിയപ്പഴാ. ഒന്നിന്റേയും ഉത്തരം അറിയില്ല. അതെങ്ങനെ അറിയാനാ, വായിക്കുകയും പഠിക്കുകയും ചെയ്യേണ്ട സമയത്ത്‌ തയ്യല്‌ പഠിക്കാൻ പോയി. പിന്നെങ്ങനെ ഉത്തരമെഴുതും.

അപ്പഴാണ്‌ 'റബർക്കണ്ണൻ' എന്ന ഇരട്ടപ്പേരുള്ള ബേബി സാറിന്റെ മുകളിൽ പറഞ്ഞ ഡയലോഗ്‌ ഓർമ്മ വന്നത്‌. പിന്നൊന്നും ആലോചിച്ചില്ല, ചോദ്യപേപ്പറിലെ ചോദ്യങ്ങൾ അതേപടി ഉത്തരക്കടലാസിൽ പകർത്തിവെച്ചു.

ഒരു ആത്മധൈര്യത്തിന്‌ 'എന്റെ ഏറ്റുമാനൂരപ്പാ, ജയിച്ചാൽ ഒരു വല്യ വിളക്ക്‌ കത്തിച്ചോളാമേ' എന്നു രഹസ്യമായി മനസ്സിൽ ഒരു വഴിപാടും നേർന്നു !

ഒരു കാര്യം അന്നേ അറിയാർന്നു. പഠിച്ചു വല്യനിലയിൽ പാസായാലും കോളേജ്‌ മുറ്റം പോലും കാണാത്ത മന്ത്രിമാരുടേയും മേലാളന്മാരുടേയും പാദം നക്കിയാലേ നിലനിൽക്കാൻ പറ്റൂന്ന്.

ഇസ്കൂളു കാണാത്ത മുംബൈയിലെ അധോലോക രാജാക്കന്മാരായ ഹാജി മസ്താനെ പോലുള്ളവർക്ക്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും നൽകി വന്നിരുന്ന പരിഗണന വാർത്തകളിൽ ഉണ്ടായിരുന്നു.

പിന്നെ കാജാഭായി, വരദാഭായി, എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ്‌.

ഏതു സമ്പന്നരുടേയും പിന്നാം പുറം എടുത്തു കഴിഞ്ഞാൽ വിദ്യാഭ്യാസമല്ല, കഠിനാധ്വാനം ആണ്‌ സമ്പന്നതയുടെ അടിസ്ഥാനം എന്ന തിരിച്ചറിവ്‌ അന്നേ മനസ്സിൽ കയറിയിരുന്നു.

1971ൽ വായിച്ച ഒരു വാർത്ത ഇപ്പോഴും ഓർമ്മയിലുണ്ട്‌.

യു.പിയിൽ ഒരു ചെറുപ്പക്കാരൻ എഞ്ചിനീയറിംഗ്‌, എം.ബി.ബി.എസ്‌, ഐ.എ.എസ്‌ തുടങ്ങി ഏഴ്‌ ഉന്നത ബിരുദങ്ങൾ നേടിയ വാർത്തയായിരുന്നു അത്‌. മനസ്സിൽ വിചാരിച്ചു ഇയാൾ ലോക ചക്രവർത്തി ആയേക്കുമെന്ന്.

പക്ഷേ, പിന്നെ ഇന്നുവരെ അയാളെക്കുറിച്ച്‌ ഒന്നും കേട്ടിട്ടില്ല. പക്ഷേ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ലല്ലു പ്രസാദ്‌ യാദവിനെക്കുറിച്ച്‌ നമ്മൾ എന്നും കേൾക്കുന്നു.

എന്തായാലും റിസൽട്ട്‌ വന്നപ്പോൾ ഈയുള്ളവൻ ജയിച്ചിരിക്കുന്നു. 248 മാർക്ക്‌ എസ്‌.എസ്‌.എസ്‌.സിക്ക്‌. പ്രത്യേകം നോക്കി; ഇംഗ്ലീഷിനെത്ര ? 40 മാർക്ക്‌.

ആരോട്‌ നന്ദിപറയാൻ , ഏറ്റുമാനൂരപ്പനോടല്ലാതെ. ഓടി ഏറ്റുമാനൂരപ്പന്റെ തൃപ്പാദത്തിങ്കൽ കമിഴ്‌ന്നു വീണു യാചിച്ചു, എന്റെ ഏറ്റുമാനൂരപ്പാ നന്ദി ഞാനെങ്ങനെ പറയേണ്ടു, എങ്കിലും വഴിപാടിന്‌ (വല്യവിളക്ക്‌) 6 മാസം സമയം തരണമെന്ന്…

പുറത്തേക്കിറങ്ങിയപ്പോൾ ആരോ മനസ്സിൽ മന്ത്രിച്ചു; 'എടേ, പഠിച്ചിറങ്ങി ഒരു ജോലികിട്ടിയാൽ അത്‌ അഴിമതിക്കും കൈക്കൂലിക്കുമുള്ള ലൈസൻസ്‌ മാത്രമാണ്‌ ഇന്നത്തെ കാലത്ത്‌. അതേസമയം ഒരു സരംഭകനാകുക, അന്തസായി ജീവിക്കുക, അതിനോളം മഹനീയമായ മറ്റൊന്നില്ല. ലോകത്തുള്ള ബഹുഭൂരിപക്ഷം കോടീശ്വരന്മാരും വിദ്യാഭ്യാസം പൂർത്തീകരിച്ചവരല്ല.

പിന്നൊന്നും നോക്കിയില്ല. തട്ടുകട നടത്തിയ പാപ്പൻ ചേട്ടൻ സ്റ്റാർ ഹോട്ടലിന്റെ ഉടമയായി, കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന വറീത്‌ ചേട്ടൻ പഞ്ചായത്തിലെ ഏറ്റവും വലിയ ജന്മിയായി, കള്ളുഷാപ്പിൽ കറിക്കച്ചവടം നടത്തീരുന്ന പാപ്പച്ചൻ ചേട്ടൻ അബ്കാരി മുതലാളിയായി, പഠിക്കാൻ നേരത്ത്‌ തയ്ക്കാൻ പോയ ടീജി ഗാർമ്മെന്റ്‌ എക്സ്പോർട്ടറായി…

കഥ തീരുന്നില്ല. പഠിക്കേണ്ടത്‌ പുസ്തകമല്ല, ജീവിതമാണ്‌, ലോകത്തെയാണ്‌… ചുരുക്കിപ്പറഞ്ഞാൽ തോറ്റവരാണ്‌ ആഘോഷിക്കേണ്ടത്‌. അവരാണ്‌ നാളത്തെ സമ്പന്നർ.

തോറ്റവരെ, ഇതിലേ, ഇതിലേ…

Advertisment