മധുവിന്റെ നീതിക്കായുള്ള വിലാപം കേള്‍ക്കാതെ പോകരുത്... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മധുവിനെ ഓര്‍മ്മയില്ലെ. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ.

കേരളമനസാക്ഷിയെ പിടിച്ചുലച്ച വാര്‍ത്താമുഖമായി മാറിയ അട്ടപ്പാടി കടുകുമണ്ണ ഊരിലെ മല്ലന്റെ മകന്‍ മധുവിന്റെ ഓര്‍മ്മകള്‍ക്ക് നാലു വയസ് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും വിശന്ന് വലഞ്ഞ് ജീവന്‍ ത്യജിക്കേണ്ടി വന്ന മധുവിന് നീതിക്കും അലയേണ്ട ഗതികേടിലാണ്.

കേസ് വിചാരണ മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. സാക്ഷികളുടെ കൂറുമാറ്റവും മധുവിന്റെ കുടുംബത്തില്‍ അതുണ്ടാക്കിയ ആശങ്കയുമെല്ലാം ശരിവയ്ക്കും വിധം കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോള്‍.

നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമായിരുന്നു. വീട്ടില്‍ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയായിരുന്നു കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനായ മധുവിന്റെ ജീവിതം.

വിശക്കുമ്പോള്‍ മാത്രം നാട്ടിലേക്ക് വരുന്ന, മാനസിക അസ്വാസ്ഥ്യമുള്ള മധുവിനെ അവര്‍ ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയിട്ടുണ്ടെങ്കില്‍ അത് കൊല്ലാന്‍ വേണ്ടി തന്നെയായിരുന്നുവെന്ന് ബലപ്പെടുത്തുന്ന രീതിയിലായിരുന്നു,

സമൂഹമാധ്യമങ്ങളിലൂടെ മധുവിനെ കെട്ടിയിട്ടിരിക്കുന്ന ചിത്രവും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചതിലൂടെ ലക്ഷ്യമിട്ടത്. ഇന്നും ആ രംഗങ്ങള്‍, മനസാക്ഷിമരവിപ്പിക്കുന്നു. എന്നിട്ടും ആ പാവത്തിന് നീതി വാങ്ങിച്ചു കൊടുക്കാനുള്ള കഴിവ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കില്ലാതെ പോയി.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതില്‍ നടപടി ഉണ്ടാകും വരെ വിചാരണ തടയണം എന്ന മധുവിന്റെ അമ്മ മല്ലിയുടെ ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യവും ഗൗരവമായി കാണേണ്ടതുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ക്കൂടിയാണ് മധുവിനെ പിടികൂടാന്‍ ആള്‍ക്കൂട്ടം കിലോമീറ്ററുകള്‍ വനത്തിനുളളിലേക്ക് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവര്‍ എങ്ങനെ പോയെന്നത് കുടുംബത്തിന്റെ ചോദ്യം പ്രസ്‌കതമാണ്. മധുവിനെ പിടിച്ചുകൊണ്ടുവരുമ്പോഴും മര്‍ദിക്കുമ്പോഴും ചില വനം വകുപ്പ് ഉദ്യോദസ്ഥര്‍ ദൃക്‌സാക്ഷികളായിരുന്നു.

എന്നാല്‍ അവരാരും മധുവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞില്ല. മുക്കാലിയിലെ വനം വകുപ്പിന്റെ ചെക്‌പോസ്റ്റ് കടന്നാണ് ആള്‍ക്കൂട്ടം മധുവിനെ പുറത്തേക്ക് കൊണ്ടുവന്ന് കെട്ടിയിട്ട് തല്ലിയത്. ഇതെല്ലാം ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചു. മധുവിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ വനം വകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു.

പക്ഷേ പിന്നീടുളള ബഹളത്തില്‍ ഇതേക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് യാതൊരു തെളിവുമില്ലെന്നാണ് നിലവില്‍ വനം വകുപ്പിന്റെ ന്യായം. 2018 ഫെബ്രുവരി 22നാണ് ലോകത്തിന് മുന്‍പില്‍ കേരളം തല താഴ്ത്തുന്നതിന് കാരണമായ മധുവിന്റെ കൊലപാതകം നടന്നത്.

മധുവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ 16 പേരെ അറസ്റ്റുചെയ്ത് കുറ്റപത്രവും നല്‍കി. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കി, ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

വിശപ്പാണ് മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥകളിലൊന്ന്. ആ വിശപ്പ് ശമിപ്പിക്കാനായി അല്‍പം അരി മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നു.

നിസ്സഹായനായി തെരുവിന്റെ വിചാരണയ്ക്ക് നിന്നു കൊടുക്കുന്ന മധുവിന്റെ ചിത്രം മനസാക്ഷിയുള്ള മലയാളിയുടെ വേദനയായിരിക്കെയാണ്, കേസില്‍ വിചാരണ മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയില്‍ പുരോഗമിക്കവെ സാക്ഷികളുടെ കൂറുമാറ്റവും മധുവിന്റെ കുടുംബത്തില്‍ അതുണ്ടാക്കിയ ആശങ്കയുമെല്ലാം കേരള മനസ്സാക്ഷിയെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്.

Advertisment