വൈദ്യുതി നിരക്കും വെള്ളക്കരവും നടുവൊടിയുന്ന ജനതയും (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കോവിഡും അതുയര്‍ത്തിയ സാമ്പത്തികമാന്ദ്യവും നല്‍കുന്ന ഭാരം എത്രമാത്രം പ്രയാസമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തൊഴില്‍ നഷ്ടവും രോഗപീഡകളും കൊണ്ട് കഷ്ടപ്പെടുന്ന ജനതയ്ക്ക് വെളിച്ചവും ദാഹജലവും വാങ്ങാന്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടി വരികയാണ്.

വെള്ളക്കരം, ഭൂനികുതി, കെട്ടിടം നികുതി, ബസ് ചാര്‍ജ് എന്നിവയ്ക്കു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും വര്‍ധിപ്പിച്ചു. ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശരി 25 പൈസയുടെ വര്‍ധനവാണ് വരുത്തിയത്. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉപയോഗമുള്ള വൈദ്യുതിക്ക് നിരക്ക് വര്‍ധനയില്ല. പ്രതിമാസം 50 യൂണിറ്റ് വരെയുള്ള മറ്റ് ഉപയോക്താക്കള്‍ക്കും വര്‍ധനവില്ല.

മാരകരോഗികളുള്ള വീടുകള്‍ക്ക് ഇളവ് തുടരും. അനാഥാലയം, അംഗന്‍വാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധനയില്ല എന്നൊക്കെ മുന്‍നിര്‍ത്തി നിരക്ക് വര്‍ധനയെ ന്യായീകരിച്ചാലും, അതുയര്‍ത്തുന്ന സാമൂഹികാഘാതത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അഞ്ച് വര്‍ഷത്തേക്കുള്ള വര്‍ദ്ധനവാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതെങ്കിലും ഒരു വര്‍ഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചത്.
കാലഘട്ടത്തിനനുസരിച്ച് നിരക്ക് വര്‍ധനവ് വേണമെങ്കിലും അത് നല്‍കാനുള്ള സാമ്പത്തികശേഷി ആ ജനതയ്ക്കുണ്ടോയെന്ന് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ വകുപ്പുകളിലും എന്തിനേറെ പറയുന്നു, മുഖ്യമന്ത്രിയുടെ വാഹനത്തില്‍ പോലും കാണിക്കുന്ന ധൂര്‍ത്തിന്റെ ഭാരത്തിന് ജനത്തിന്റെ കീശ കാലിയാക്കുന്നതിന് സമാനമായ അത്യാവശ്യ സര്‍വീസുകള്‍ക്ക് മേലെ വരുത്തുന്ന വിലക്കയറ്റം ഒരു ജനാധിപത്യ, സോഷ്യലിസ്റ്റ് ഭരണകൂടത്തിന് ഒട്ടും യോജിച്ചതല്ല.

കോവിഡിന്റെ ഭീഷണി കുറഞ്ഞിട്ടൊന്നുമില്ല, എങ്കിലും കഴിയാവുന്ന ജോലികള്‍ കണ്ടെത്തി, അന്നന്നത്തെ അത്താഴത്തിന് വക കണ്ടെത്തുന്ന അനേകലക്ഷം ജനത, പുറത്തിറങ്ങിയാല്‍ കിട്ടുന്ന വരുമാനത്തിന്റെ പകുതിയും വിലക്കയറ്റത്തില്‍ ഒലിച്ചു പോവുകയാണ് പതിവ്.

നല്ലൊരു ചികിത്സ കിട്ടണമെങ്കില്‍, ആരോഗ്യ ബുദ്ധിമുട്ടുകള്‍ക്ക് വേഗത്തില്‍ പരിഹാരം കാണണമെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ ആശ്രയം സ്വകാര്യ ആശുപത്രികളാണ്. ഇവിടെയാണെങ്കില്‍ കഴുത്തറുപ്പന്‍ മനോഭാവത്തിലാണ് പണം ഈടാക്കുന്നത്. ഇന്ന് ഒരു വീട്ടില്‍, ശരാശരി നാലുപേരില്‍ ഒരാള്‍ നിത്യരോഗിയാണ്.

അതില്‍ മറ്റുള്ളവരിലൊരാള്‍ ആ രോഗിക്ക് സഹായിയായി നില്‍ക്കേണ്ടി വരുന്നത് മൂലം വരുന്ന വരുമാന നഷ്ടവും, എന്നാല്‍ വെള്ളത്തിനും വൈദ്യുതിക്കും പാചകവാതകത്തിനും എണ്ണ തുടങ്ങി എല്ലാ നിത്യോപയോഗവുമായി ബന്ധപ്പെട്ടതിനെല്ലാം റോക്കറ്റ് കണക്കെ കൂടുന്ന വിലക്കയറ്റത്തില്‍, മൂക്കറ്റം കടത്തില്‍ മുങ്ങുന്ന, അല്ലെങ്കില്‍ കടം കൊണ്ട് കിടപ്പാടം പോലും നഷ്ടപ്പെടേണ്ടി വരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവിക്കാന്‍ എന്ത് സഹായമാണ് സര്‍ക്കാര്‍ കാര്യക്ഷമമായി ചെയ്യുന്നതെന്ന ചോദ്യം ഇവിടെ കൂടുതല്‍ ശക്തമായി ഉയരേണ്ടതുണ്ട്.

സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വലിയ പ്രചാരമുണ്ടെങ്കിലും അര്‍ഹരായ എത്രപേര്‍ക്ക് ഈ ആനുകൂല്യം മുറതെറ്റാതെ ലഭിക്കുന്നുവെന്ന് ചോദിച്ചാല്‍, കൈ മലര്‍ത്താനെ സര്‍ക്കാറിനും കീഴിലുള്ള വകുപ്പുകള്‍ക്കും സാധ്യമാവുകയുള്ളൂവെന്നത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.

രാഷ്ട്രീയപരമായ ഒരുപാട് നയവൈകല്യങ്ങള്‍ക്കൊപ്പം ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം പോലുള്ള വിപണിയിലെ കൊള്ളക്കെതിരേയും ശബ്ദിക്കുന്ന ജനത സര്‍ക്കാറിനെ തിരുത്താന്‍ രംഗത്തിറങ്ങിയില്ലെങ്കില്‍, ഭാവിയില്‍ ഇതിനേക്കാള്‍ ഇരുട്ടടിയാവും അനുഭവിക്കേണ്ടി വരിക.

സ്വകാര്യ ബസുകള്‍ക്ക് നിരക്ക് വര്‍ധനവ് വരുമ്പോള്‍, കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് ആ നിരക്ക് ലഭിച്ചിട്ടും കോടികളുടെ നഷ്ടം പറയുമ്പോള്‍, കെ എസ് ഇ ബിക്ക് ഒരിക്കലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടില്ലെന്നത് പരിശോധിക്കേണ്ടതാണ്.

2020-21 ല്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനലാഭം 10 കോടി രൂപയാണെന്ന് കമ്മീഷന്‍ അറിയിച്ചത്. എന്നിട്ടും എന്തിനാണ്, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വൈദ്യുതി നിരക്ക് എന്ന ചോദ്യമാണ് സമൂഹത്തിലെ പാവപ്പെട്ടവരും ധനികരും ചോദിക്കുന്നത്.

ചെറുകിട വാണിജ്യരംഗത്ത് മുന്നൂറിലേറെ കോടിയുടെ അധികഭാരമാണ് വൈദ്യുതിനിരക്കിലൂടെ വരുന്നതെന്നതിനാല്‍, ആ നിരക്കിന്റെ ഭാരവും സ്വന്തം വീട്ടാവശ്യത്തിനുള്ള നിരക്ക് വര്‍ധനവിന് മുന്നില്‍ വിയര്‍ക്കുന്നവരുടെ പിടലിക്ക് തന്നെ വരുമെന്ന കാര്യത്തില്‍ സംശയമില്ല.

വ്യാവസായിക നിരക്കും, കാര്‍ഷിക ഉപഭോക്താക്കള്‍ക്കുള്ള നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജ്ജിംഗിന് യൂണിറ്റിന് 50 പൈസ അധികം ഈടാക്കും. സിനിമ തീയേറ്ററുകള്‍ക്കുള്ള വൈദ്യുതി നിരക്കിലും മാറ്റമുണ്ട്. ഫിക്‌സ്ഡ് ചാര്‍ജ്ജ് 15 രൂപ കൂട്ടി. യൂണിറ്റിന് 30 പൈസയുടെ വര്‍ധനവ് വരും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അനുകൂല താരിഫാണെന്ന അവകാശവാദത്തോടെയാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതിനിരക്ക് പ്രഖ്യാപിച്ചതെന്ന് കൂടി കണക്കിലെടുക്കുമ്പോള്‍ സാധാരണക്കാരന്റെ കീശ കാലിയാവുന്നതോടൊപ്പം കൈ പൊള്ളുകയും ചെയ്യും. എല്ലാവര്‍ക്കും ആശ്വാസകരമായ ഒരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment