ആരോഗ്യപരമായ, സാമൂഹികപരമായ ഉത്തരവാദിത്വങ്ങളോരൊന്നും അതിന്റേതായ ഗൗരവത്തോടെ കാണുന്നതിന് പകരം, ലാഘവബുദ്ധിയോടെ സമീപിക്കുമ്പോള്‍, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നുവെന്ന കണക്കുകളാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്. കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍...

author-image
nidheesh kumar
New Update

publive-image

Advertisment

ലോകത്തെ സ്തംഭിപ്പിച്ച മഹാമാരിയാണ് കോവിഡ്. ഇന്നും കോവിഡിന്റെ ഭീഷണിയില്‍ നിന്നും ലോകം മുക്തരായിട്ടില്ലെങ്കിലും ലോക്ക്ഡൗണ്‍ പോലുള്ള വയില്‍ നിന്നും അന്താരാഷ്ട്ര-ആഭ്യന്തരയാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ നിന്നും പതിയെ നമ്മള്‍ മുക്തമായി, അതിജീവനത്തിന്റെ പാതയിലാണ്. നഷ്ടപ്പെട്ടുപോയ സന്തോഷങ്ങള്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ആശ്വാസത്തിന് വകയില്ലെന്ന കണക്കുകളാണ് കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വരുന്നത്.

മാസ്‌ക് ധരിക്കുന്നതിലും കൈകാലുകള്‍ അണുവിമുക്തമാക്കുന്നതിലും നമ്മള്‍ അശ്രദ്ധ കാട്ടുന്നതാണ്, കോവിഡിന്റെ ഭീഷണിയില്‍ നമ്മള്‍ പതറുന്നതിനുള്ള പ്രധാന കാരണം. ആരോഗ്യപരമായ, സാമൂഹികപരമായ ഉത്തരവാദിത്വങ്ങളോരൊന്നും അതിന്റേതായ ഗൗരവത്തോടെ കാണുന്നതിന് പകരം, ലാഘവബുദ്ധിയോടെ സമീപിക്കുമ്പോള്‍, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നുവെന്ന കണക്കുകളാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്.

ആ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഈ വര്‍ഷം ഫെബ്രുവരിയ്ക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണിതെന്ന് കൂടി കണക്കിലെടുക്കണം. മരണസംഖ്യയും കൂടുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു. ഒറ്റ ദിവസം 38 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,25,557 ആയി. നിലവില്‍ 1,36,076 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 16,482 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,30,28,356 ആയി.

5.10 ശതമാനമാണ് പ്രതിദിന പോസ്റ്റിവിറ്റി നിരക്ക്.  ഇന്നലത്തേക്കാള്‍ 19 ശതമാനം കൂടുതലാണ് ഇന്ന് രേഖപ്പെടുത്തിയത്. ലോകത്തൊട്ടാകെ വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ ദുരിതത്തിലാക്കിയ കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. വൈറസ് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീഷ്യസ് പറഞ്ഞു.

രോഗം മാറിയ ശേഷം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കൈകാര്യം ചെയ്യുന്നതിലും അപാകതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോംഗ് കോവിഡിനെക്കുറിച്ചായിരുന്നു മേധാവിയുടെ പ്രസ്താവന. 'കോവിഡ് കേസുകള്‍ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് ആരോഗ്യസംവിധാനത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്. കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരംഗത്തിന്റെ വ്യാപനത്തില്‍ നിന്നും മനസിലാകുന്നത്.

മാസ്‌ക്കില്ലാതെ പൊതുയിടങ്ങളില്‍ ആളുകള്‍ പെരുമാറുമ്പോള്‍, അതിനെതിരേ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുമ്പോഴും പലരുടെയും പെരുമാറ്റം കോവിഡ് നാടുനീങ്ങിയെന്നാണ്. കോവിഡിന്റെ ആരംഭത്തില്‍ ഒട്ടേറെ പ്രതിസന്ധികളാണ് രാജ്യം നേരിട്ടത്. ഒരുപാട് പേരുടെ മരണത്തിനും കോവിഡ് കാരണമായി. എന്നിട്ടും കോവിഡിനെതിരേ ശക്തമായ പോരാട്ടത്തില്‍ നമ്മള്‍ ആ വൈറസുകളെ അതിജീവിച്ചെങ്കിലും അവയുടെ വകഭേദങ്ങളുടെ ഭീഷണി ഇന്നും നമുക്കുചുറ്റും ശക്തമായി നിലകൊള്ളുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 16,903 പുതിയ കേസുകളും 45 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 45 കൊവിഡ് മരണങ്ങളില്‍ 17 എണ്ണവും കേരളത്തിലാണെന്ന് കൂടി പറയുമ്പോള്‍, ഇനിയും നമ്മള്‍ ശരിയായവിധം മാസ്‌ക് ശീലമുള്‍പ്പെടെ തുടരേണ്ടതിന്റെയും ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും തുടരുന്നതിന്റേയും പ്രാധാന്യം വിളിച്ചോതുന്നു. എല്ലാവര്‍ക്കും ആരോഗ്യപരമായ നല്ലൊരു സായാഹ്നം ആശംസിക്കുന്നു. ജയ്ഹിന്ദ്.

Advertisment