ഇരുണ്ട സ്ത്രീക്കും ഒരു കീർത്തനമുണ്ടായിരിക്കുന്നു... എം.ബി മിനിയുടെ ഞാൻ ഹിഡുംബി (പുസ്തക നിരൂപണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കെ.സി. നാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ഇറങ്ങിയതിന്റെ ആഘോഷം തീരുന്നതിനു മുമ്പേ വന്ന വാർത്തയായിരുന്നു പീറ്റർ ബ്രൂക്കിന്റെ മരണം. ഇക്കഴിഞ്ഞ ജൂലൈ 2 ന് അരങ്ങൊഴിഞ്ഞ നാടകാചാര്യൻ പീറ്റർ ബ്രൂക്കിന്റെ മഹാഭാരതത്തെ അധികരിച്ച 9 മണിക്കൂർ ദൈർഘ്യമുള്ള രംഗഭാഷ്യവും 6 മണിക്കൂർ ദൈർഘ്യമുള്ള ടെലിവിഷൻ ഡ്രാമയും 3 മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രവുമായിരിക്കും ഇന്ത്യക്കാർ ആദ്യമാലോചിച്ചിട്ടുണ്ടാവുക.

മഹാഭാരതത്തിന്റെ വേരുകൾ തേടി 1970 മുതലുള്ള പീറ്റർ ബ്രൂക്കിന്റെ അലച്ചിൽ മരിക്കുവോളം തുടർന്നു എന്നതാണ് സത്യം. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, തുടങ്ങിയ ഏതാണ്ട് എല്ലാ വൻകരകളിലുമുള്ള മികച്ച അഭിനേതാക്കൾ പീറ്റർ ബ്രൂക്കിന്റെ മഹാഭാരത കഥാപാത്രമായി വേഷമിട്ടു.

ഇന്ത്യയിൽ നിന്നും മല്ലികാ സാരാഭായിക്കുമാത്രമാണ് നറുക്കു വീണത്; ദ്രൗപതിയാവാൻ. വ്യാസൻ അവിടവിടെ പറയാതെ പറഞ്ഞ ഹിഡുംബിയും ഘടോൽകചനും ആരാണ് ആടിയത് എന്നായിരുന്നു എന്റെ കൗതുകം. അമേരിക്കൻ അഭിനേത്രി എറിക റോസ് അലക്സാണ്ടറാണ് ഹിഡുംബിയെ അവതരിപ്പിച്ചത്. ഫ്രഞ്ച് നടൻ ബേക്കറി സംഗാരേ ഘടോൽക്കചനായി. സെനഗൽ നടൻ മമോദോ ഡിയോമേയാണ് ഭീമനായത്.

കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം, പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, വി.എസ്. ഖാണ്ഡേക്കറുടെ യയാതി, പ്രതിഭാ റോയിയുടെ ദ്രൗപതി, ശിവാജി സാവന്തിന്റെ കർണ്ണൻ, വി.ടി. നന്ദകുമാറിന്റെ എന്റെ കർണ്ണൻ, എം.ടി.യുടെ രണ്ടാമൂഴം ഇതൊക്കെ വായിച്ചപ്പോഴാണ് യുവാവായത് എന്നത് ഇപ്പോൾ വീണ്ടും ഓർത്തത് യാദ്യശ്ചികം.

കെ.സി.യുടെ മൈക്രോസ്കോപ്പിൽ മഹാഭാരതം മറെറാരു തരത്തിൽ തെളിയുന്നതു കണ്ട് ചൂടിയ കോരിത്തരിപ്പ് അവസാനിക്കുന്നതിനു മുമ്പേ ഇതാ എം.ബി. മിനിയുടെ "ഞാൻ ഹിഡുംബി" എന്ന നോവൽ രണ്ടു വർഷം വൈകി വായിച്ചു തീർത്തു. മുകളിൽ പറഞ്ഞ മഹാഭാരത വ്യാഖ്യാനങ്ങൾക്കൊപ്പം നിറുത്താവുന്ന മനോഹര കൃതിയാണ് ഇതെന്ന് സാക്ഷ്യപ്പെടുത്തട്ടെ.

വ്യാസനു പിന്നിൽ ഓരോ എഴുത്തുകാരനും എഴുത്തുകാരിയും എന്തുകൊണ്ടോ പറയാതെ വിട്ടയിടത്തേക്കാണ് മിനി യാത്ര ചെയ്തത്.അവിടെ വന്യമായ ഒരുകാട് ഉണരുന്നത് നമ്മൾ കാണുന്നു. കാട്ടാളന്റെ ശുദ്ധ ജനിതകത്തിൽ ത്രസിക്കുന്ന നേരുകളും സത്യത്തെ നേരിടാൻ ഭയക്കുന്ന അധികാരത്തേയും നമ്മൾ കാണുന്നു.

ഇരുണ്ട കാലത്ത് ജീവിക്കേണ്ടി വന്ന എഴുത്തുകാരിയെന്ന നിലയിൽ ഈണമില്ലാതെയെങ്കിലും പാടേണ്ടതുണ്ടെന്ന ആത്മാർത്ഥമായ തോന്നലിന്റെ ലിപി വിന്യാസമാണ് ഈ കൃതിയെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മനസിനെ ചിലപ്പോഴൊക്കെ വഴി തിരിക്കാൻ ശരീരത്തിനു കഴിയുമെന്ന് ചിന്തിച്ച് കാട്ടു തടാകത്തിലേക്ക് ആഴുന്ന ഹിഡിംബി, ഭീമൻ സർവ ശക്തിയുമെടുത്ത് തന്നിലേക്ക് തുളച്ചുകയറിയതിനു ശേഷമുള്ള നിരാലംബതയെ വരയ്ക്കുന്നതിങ്ങനെയാണ്.

"മുറിവേറ്റ മനസും ശരീരവുമായി ഞാൻ വീണ്ടും തടാകത്തിലേക്ക് ചാടി. ഇക്കുറി മനസ്സെന്ന പോലെ ശരീരവും വൃത്തിയാക്കണമായിരുന്നു. "

കഥാന്ത്യത്തിൽ കൃഷ്ണപാദത്തിലാഴ്ത്തിയ വിഷ അമ്പുമായി കാടുകയറുന്ന അശ്വാരൂഡനായ കലിയെ പ്രേക്ഷകർ കൈയടിച്ചു സ്വീകരിക്കുന്നതിനു കാരണം എഴുത്തിന്റെ സൗവർണ്ണ ദ്യുതിയും വ്യാസന്റെ വരികൾക്കിടയിലൂടെയുള്ള നോവലിസ്റ്റിന്റെ വിദഗ്‌ദ്ധ പ്രയാണവുമാണ്.

ഈ ഒരൊറ്റ കൃതി മതി മിനി എം.ബി.എന്ന എഴുത്തുകാരിയെ അടയാളപ്പെടുത്താൻ. ഈ നോവലിലൂടെ കടന്നുപോവുമ്പോൾ തൊണ്ട വരണ്ടു പൊട്ടുന്നതു പോലൊരു വേനലിൽ വായനക്കാരൻ ഉഷ്ണിച്ചവശനാവുമെന്നതാണ് നോവലിസ്റ്റിന്റെ വിജയം.

പാർശ്വവൽക്കരിക്കപ്പെട്ട കറുത്ത നിറത്തിനും ഒരു ഗാഥയുണ്ടായിരിക്കുന്നു. ഇരുണ്ട സ്ത്രീക്കും ഒരു കീർത്തനമുണ്ടായിരിക്കുന്നു. തമസ്കരിക്കപ്പെട്ട ചാരം മൂടിയ കനൽക്കട്ടകൾക്കും കള്ളി കിട്ടിയിരിക്കുന്നു.ശക്തമായ ഒരു കൃതി മലയാളത്തിൽ പിറന്നിരിക്കുന്നു.

Advertisment