നോട്ട് നിരോധനം, ജി എസ് ടി, കോവിഡ്, പ്രളയം, വര്‍ഗീയത തുടങ്ങിയ എല്ലാ വിപത്തിനോടും പൊരുതി തളരുകയാണ് രാജ്യത്തെ സാധാരണക്കാര്‍. ഒരു പ്രശ്‌നത്തെ പലകുറി പോരാടി, ഒന്ന് നടുനിവര്‍ത്തുമ്പോഴേക്കും സര്‍ക്കാറിന്റെയോ, പ്രകൃതിയുടെയോ തമാശയെന്നോണം വരുന്ന പരിഷ്‌ക്കാരങ്ങളും പ്രകൃതിദുരന്തങ്ങളും കൊണ്ട് വീര്‍പ്പുമുട്ടി കഴിയുന്നവര്‍ക്കിടയില്‍, എവിടെ തിരിഞ്ഞാലും തീവിലയാണ്.
ഇതിനിടയില്‍ എന്തെങ്കിലും രോഗം കൂടി വന്നാലുള്ള അവസ്ഥ ചിന്തിക്കാന്‍ പോലും സാധാരണക്കാര്‍ക്കു കഴിയുന്നില്ല. കോവിഡ് ആഘാതത്തില്‍ വരുമാനം പൂര്‍ണമായോ പകുതിയെങ്കിലുമോ ഇല്ലാതായ അവസ്ഥയിലാണ് ജനങ്ങളേറെയും.
റോക്കറ്റ് കണക്കെയാണ് ഇന്ധനം, പാചകവാതകം, വണ്ടിക്കൂലി, വൈദ്യുതി, സര്‍വ മേഖലയിലും വിലക്കയറ്റം കത്തിക്കയറുന്നത്. പലവ്യഞ്ജന സാധനങ്ങള്‍ക്കു ജിഎസ്ടി കൂടി വന്നതോടെ അടുക്കളയിലെ കാര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമായി. മറ്റുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ 20 മുതല്‍ 50% വരെ വില വര്‍ധിച്ചു.
ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, പരിപ്പ്, കടല, മുളക്, മല്ലി എന്നിവയുടെ വിലയില്‍ അഞ്ച് ശതമാനം ജിഎസ്ടി കൂടി ചുമത്തിയതോടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ചുരുക്കത്തില്‍ സാധാരണക്കാര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്.
ജിഎസ്ടി ചുമത്തിയതോടെ അരി വില കുതിച്ചു തുടങ്ങി. ജിഎസ്ടി വന്നതോടെ കിലോഗ്രാമിന് രണ്ട് രൂപയോളം വില വര്‍ധിച്ചു. പച്ചരിക്കും വില വര്‍ധിച്ചു. നിലവില്‍ മറ്റു പച്ചക്കറികള്‍ക്ക് കാര്യമായ വില വര്‍ധനയുണ്ടായിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടാകുമെന്നാണു വ്യാപാരികള്‍ പറയുന്നു.
സര്‍വ മേഖലകളെയും വിലക്കയറ്റം ബാധിച്ചു തുടങ്ങിയപ്പോള്‍ സംസ്ഥാനത്തെ മുട്ട, മാംസ വിപണികളിലും വില വര്‍ധനയുണ്ടായി. മാംസ വിപണിയില്‍ ഏകീകൃത വില നിലവാരം ഇല്ലാത്തതിനാല്‍ പലയിടത്തും വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തില്‍ പച്ചക്കറി വില പൊള്ളുമ്പോള്‍ തമിഴ്‌നാട്ടിലെ ചിലയിടങ്ങളില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞു.
വില്‍പനയ്ക്ക് കൊണ്ടുപോയ തക്കാളി വിലയില്ലാത്തതിനല്‍ റോഡില്‍ കളഞ്ഞു മടങ്ങേണ്ട അവസ്ഥയിലാണു കര്‍ഷകര്‍. ജോലിക്കു പോയി ജീവിതം കഴിയുന്ന സാധാരണക്കാരെ വിലക്കയറ്റം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പാചക വാതകത്തിന്റെയും പെട്രോളിന്റെയും കുത്തനെയുള്ള വില വര്‍ധനയാണ് ഏറെ താളം തെറ്റിക്കുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമേ കുട്ടികളുടെ സ്‌കൂള്‍ ഫീസും ബസ് ഫീസുമൊക്കെ കൂടിയിരിക്കുകയാണ്. പ്രളയവും കോവിഡും വരള്‍ച്ചയും വിലത്തകര്‍ച്ചയും ഒരുപോലെ നേരിടുന്ന സാധാരണക്കാരായ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും തലയില്‍ ഇടിത്തീ പോലെ ജിഎസ്ടിയും കൂടിയിരിക്കുകയാണ്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ നികുതി കൂട്ടിയപ്പോള്‍ ഏറ്റവും വിഷമമനുഭവിക്കുന്നത് കര്‍ഷകരാണ്.
കര്‍ഷകര്‍ കൊടുക്കുന്ന ഉല്‍പന്നങ്ങള്‍ക്കു വിലക്കുറവും വാങ്ങുന്ന എല്ലാ സാധനങ്ങള്‍ക്കും ഇരട്ടി വിലയുമാണ്. രാസവളം, കീടനാശിനി, പണിക്കൂലി ഇവ കണക്കു കൂട്ടിയാല്‍ കൃഷി വന്‍ നഷ്ടമാണ്. ഇതിനിടയിലാണു പലവ്യഞ്ജനങ്ങള്‍ക്കു കൂടി ജിഎസ്ടി ചുമത്തിയത്. ദിവസംതോറും വില കൂടിക്കൊണ്ടിരിക്കുന്നതു കൊണ്ട് പലര്‍ക്കും കച്ചവടം തീരെ നടക്കുന്നില്ല. വാടകയും കൂലിയും കൊടുക്കാന്‍ കഷ്ടപ്പെടുകയാണ് കടയുടമസ്ഥര്‍.
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ വരെ അന്നന്നു കിട്ടുന്ന കൂലികൊണ്ടു സാധിക്കാത്ത അവസ്ഥയില്‍ വരവും ഒരുമിച്ച് പോകാത്ത സ്ഥിതിയില്‍ വളരെ പ്രയാസപ്പെടുകയാണ് സാധാരണക്കാര്‍. സമാധാനമുള്ള ഒരു ജീവിതമാണ് എല്ലാവരുടെയും പ്രതീക്ഷയും പ്രാര്‍ത്ഥനയും. അത്തരമൊരു സാഹചര്യമുള്ള നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.