Advertisment

ഹെപ്പറ്റൈറ്റിസിനെ അറിയാം, പ്രതിരോധിക്കാം - ഡോ. ചാൾസ് പനയ്ക്കൽ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ലോകം ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത് എല്ലാ വർഷവും ജൂലൈ 28നാണ്. ഹെപ്പറ്റൈറ്റിസിന് എതിരെ ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കുകയും അതിന് നൊബേൽ സമ്മാനം നേടുകയും ചെയ്ത ഡോ. ബറുഷ് ബ്ലുംബർഗിന്റെ ജന്മദിനമാണ് ഈ ദിവസം.

അദ്ദേഹം തന്നെയാണ് ഹെപ്പറ്റൈറ്റിസ് കണ്ടെത്താനുള്ള പരിശോധനാ രീതിയും വികസിപിടിച്ചെടുത്തത്. ഓരോ വർഷവും ഓരോ സന്ദേശവുമായാണ് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ഹെപ്പറ്റൈറ്റിസിനായി കാത്തിരിക്കരുത് എന്നതാണ് ഈ വർഷത്തെ പ്രമേയം.

ജീവന് ഭീഷണിയായേക്കാവുന്ന ഈ രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും അതിനെതിരായ പ്രതിരോധ മാർഗങ്ങൾ തീർക്കാനുമാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത്.

വിവിധ കാരണങ്ങളാൽ കരളിൽ ഉണ്ടാകുന്ന നീർവീക്കമാണ് ഹെപ്പറ്റൈറ്റിസ്. ചില വൈറസുകൾ (ഹെപ്പറ്റോട്രോപ്പിക് വൈറസുകൾ അല്ലെങ്കിൽ നോൺ ഹെപ്പറ്റോട്രോപ്പിക് വൈറസുകൾ), പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന തകരാറുകൾ, കരളിനെ ബാധിക്കുന്ന ദഹനസംബന്ധിയായ പ്രശ്നങ്ങൾ, ശരീരത്തിനുള്ളിൽ കടക്കുന്ന വിഷാംശങ്ങൾ, മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ, എന്നിവയാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന പ്രധാന വില്ലന്മാർ.

അപൂർവമായി മറ്റ് ചില രോഗങ്ങളും ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്. ഇവയിൽ ഏത് കാരണത്താലാണ് ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നത് എന്നതിന് അനുസരിച്ച് രോഗത്തിന്റെ തീവ്രത കൂടുകയോ കുറയുകയോ ചെയ്യും.

ഭൂരിഭാഗം രോഗികളിലും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത് ഹെപ്പറ്റോട്രോപ്പിക് വൈറസുകളാണ്. പക്ഷെ ഇപ്പോൾ ജീവിതശൈലി കാരണമുണ്ടാകുന്ന ഫാറ്റി ലിവറും അതുമൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസും കൂടിവരികയാണ്.

തുടക്കത്തിൽ ഒരു ലക്ഷണവും പുറമെ കാണിക്കാത്ത രോഗമാണ് ഹെപ്പറ്റൈറ്റിസ്. പലപ്പോഴും വേറെ എന്തെങ്കിലും ഒരു അസുഖത്തിന് വേണ്ടി ടെസ്റ്റുകൾ നടത്തിനോക്കുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് കണ്ടുപിടിക്കുന്നത്.

ചിലരിൽ തലകറക്കം, മനംപിരട്ടൽ, ഛർദി, വിശപ്പില്ലായ്മ, അടിവയറ്റിലെ വേദന, മഞ്ഞപ്പിത്തം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാറുണ്ട്. ചിലരിൽ ഗുരുതരമാം വിധം കരൾ തകരാറിലായ ശേഷമായിരിക്കും ഹെപ്പറ്റൈറ്റിസ് എന്ന വില്ലനെ തിരിച്ചറിയുന്നത്. അപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത രക്തസ്രാവം, ബോധമില്ലായ്മ, വയറ്റിലെ നീര് എന്നീ ലക്ഷണങ്ങളും ഉണ്ടാവും.

രോഗം കൃത്യസമയത്ത് കണ്ടെത്തണമെങ്കിൽ മുൻകാലങ്ങളിൽ രോഗി ചികിത്സ തേടിയിട്ടുള്ള രോഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ അനിവാര്യമാണ്. ഒപ്പം കൃത്യമായ രക്ത, സ്രവ പരിശോധനകളും. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഹെപ്പറ്റൈറ്റിസ് എത്ര ഗുരുതരമായ സ്റ്റേജിലാണെന്ന് കണ്ടെത്താം. രോഗകാരണം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ കരൾ ബയോപ്സി പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.

ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ

പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്ന് അവയ്ക്ക് പേര് നൽകിയിരിക്കുന്നു. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിനമായ ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസർജ്യത്തിലൂടെയാണ് ഈ വൈറസുകളെ പുറന്തള്ളുന്നത്.

ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു. ഗർഭിണികളായ അമ്മമാർ രോഗികളാണെങ്കിൽ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരും. പ്രസവ സമയത്ത് വൈറസ് സാന്നിധ്യമുള്ള അമ്മയുടെ രക്തമോ ശരീരസ്രവങ്ങളോ സ്പർശിച്ചാലും കുഞ്ഞിന് രോഗമുണ്ടാകും.

ടാറ്റൂ കുത്തൽ, സൂചികൊണ്ടുള്ള മുറിവുകൾ, അണുബാധയുള്ള രക്തം സ്വീകരിക്കൽ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് പകരും. ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ വർഷങ്ങളോളം ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. കരൾ ഗുരുതരാവസ്ഥയിലാകുമ്പോഴായിരിക്കും ഹെപ്പറ്റൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്. ഹെപ്പറ്റൈറ്റിസ് ബി ഉണ്ടായവരിൽ കാണുന്ന ഒരു ഉപരോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി മാത്രമായി ആരിലും ഉണ്ടാകാറില്ല.

ലക്ഷണങ്ങൾ

പനി, ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, ഛർദി, അടിവയറ്റിൽ വേദന, ഇരുണ്ടനിരത്തിലുള്ള മൂത്രം, വിളറിയ മലം, സന്ധിവേദന, മഞ്ഞപിത്തം എന്നിവയാണ് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. ഏത് വൈറസാണ് രോഗകാരിയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധന ആവശ്യമാണ്. ശരീരത്തിൽ എത്രത്തോളം വൈറസ് പിടിമുറുക്കിയിട്ടുണ്ടെന്ന് കണ്ടെത്താൻ വൈറൽ ലോഡ് ടെസ്റ്റും വേണം.

ലഭ്യമായ ചികിത്സ

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളെ ശരീരത്തിൽ നിന്ന് തുരത്താൻ മരുന്നുകൾ ലഭ്യമാണ്. കരൾവീക്കം കുറയ്ക്കാൻ ഈ മരുന്നുകൾ സഹായിക്കും. ഹെപ്പറ്റൈറ്റിസ് ബി ഉള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് പ്രസവസമയത്ത് തന്നെ നൽകാനുള്ള പ്രതിരോധ മരുന്നുമുണ്ട്.

ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ ഒരു പരിധിക്കപ്പുറത്തേക്ക് സ്വയം കൂടില്ല. ശരിയായ ചികിത്സയിലൂടെ അസുഖം ഭേദപ്പെടും. പക്ഷെ രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളിൽ ഉടൻ ഐസിയുവിൽ പ്രവേശിപ്പിക്കണം.

നേരത്തെ കരൾ രോഗങ്ങൾ ഉള്ളവരാണെങ്കിൽ പ്രശ്നം ഗുരുതരമാകാൻ സാധ്യതയുണ്ട്. സ്ഥിതി വഷളായാൽ കരൾ മാറ്റിവെക്കേണ്ടി വരും. ഗർഭിണികളായ സ്ത്രീകളിൽ ഹെപ്പറ്റൈറ്റിസ് ഇ രോഗം ഗുരുതരമായ പ്രത്യഘാതങ്ങൾക്ക് വഴിവെക്കും. അതുകൊണ്ട് ആ കാലയളവിൽ അവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

പ്രതിരോധം

പൊതുജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന സംവിധാനങ്ങളുടെ ശുചിത്വം വളരെ പ്രധാനമാണ്. മലമൂത്രവിസർജ്യങ്ങൾ ശരിയായവിധം മറവുചെയ്യണം. ശുദ്ധജല വിതരണ കുഴലുകളുമായി ഒരുകാരണവശാലും മലമൂത്ര വിസർജ്യങ്ങൾ ബന്ധത്തിൽ വരാൻ പാടില്ല.

ഹെപ്പറ്റൈറ്റിസ് എന്ന വില്ലനെ പ്രതിരോധിക്കാൻ സാധാരക്കാരായ നമുക്ക് നല്ല വ്യക്തിശുചിത്വം പാലിക്കാം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ ധാരാളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ശുദ്ധമായ ഇടങ്ങളിൽ നിന്ന് മാത്രം വെള്ളം കുടിക്കുക.

ഉപയോഗിച്ച ശേഷം സിറിഞ്ചുകളും മറ്റ് വസ്തുക്കളും ശരിയായവിധം ഉപേക്ഷിക്കാൻ ആശുപത്രി സംവിധാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗികൾക്ക് രക്തം നൽകുന്നതിന് മുൻപ് അതിൽ അണുബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കണം. നാടൻ, ആയുർവേദ ചികിത്സകൾ പരമാവധി ഒഴിവാക്കുക.

പ്രതിരോധ മരുന്ന്

ഹെപ്പറ്റൈറ്റിസ് എ, ബി രോഗങ്ങൾക്ക് വാക്സിൻ ലഭ്യമാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികൾക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കണം. ലൈവ് വാക്സിൻ ആണെങ്കിൽ ഒറ്റ ഡോസ് മതിയാകും.വാക്സിൻ ലഭ്യമായി തുടങ്ങിയ ശേഷം, കുട്ടികളിൽ ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബാധ വളെരയധികം കുറഞ്ഞിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 1980 മുതൽ 2000 വരെയുള്ള കാലത്ത് അഞ്ച് വയസിൽ താഴെയുള്ള 5% കുട്ടികളെ ഹെപ്പറ്റൈറ്റിസ് ബാധിച്ചിരുന്നു. 2019 ആയപ്പോഴേക്കും അത് 1% ൽ താഴെയാക്കാൻ വാക്സിനുകൾക്ക് കഴിഞ്ഞു.

ഗർഭിണിയായ സ്ത്രീകൾ ഹെപ്പറ്റൈറ്റിസ് ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. കുട്ടി ജനിച്ചയുടനെ 24 മണിക്കൂറിനുള്ളിൽ ആദ്യത്തെ ഡോസ് എടുക്കാം.

ഹെപ്പറ്റൈറ്റിസ് ഡി വരാതിരിക്കാനുള്ള ഒരേയൊരു മാർഗം ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ മാത്രമാണ്. ഹെപ്പറ്റൈറ്റിസ് സി, ഇ വൈറസുകൾക്കെതിരെ ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല.കൃത്യമായ ഇടവേളകളിലെ പരിശോധന, പ്രതിരോധ കുത്തിവെയ്പ്പ്, എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് കാരണമുണ്ടാകുന്ന വെല്ലുവിളികളെ നമുക്ക് അതിജീവിക്കാം.

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. ചാൾസ് പനയ്ക്കൽ, സീനിയർ കൺസൽട്ടണ്ട് ഹെപ്പറ്റോളജിസ്റ്റ്, ഇന്റഗ്രേറ്റഡ് ലിവർ കെയർ, ആസ്റ്റർ മെഡ്സിറ്റി കൊച്ചി)

Advertisment