വ്യവസായങ്ങളും നിക്ഷേപവും സംരംഭകത്വവുമെല്ലാം നാടിന്റെ പുരോഗതിയിലേക്കുള്ള പടവുകളാണെന്ന് തിരിച്ചറിഞ്ഞതാണ് തമിഴ്‌നാടിന്റെ വിജയം. തമിഴ്‌നാട്ടില്‍ നിന്നും കേരളം ഇനിയുമേറെ പഠിക്കണം... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

ഒരുകാലത്ത് ഈ ബംഗാളികളുടെ സ്ഥാനത്ത് 'അണ്ണാച്ചികള്‍' എന്ന് വിളിച്ചിരുന്ന തമിഴ് ജനതയായിരുന്നു മലയാളികള്‍ക്കാശ്രയമായിരുന്നത്. കര്‍ഷകരായിരുന്ന മിക്കവരും വിളവെടുപ്പിന്റെ ഇടവേളകളില്‍ കേരളത്തിലെ മുക്കിലും മൂലയിലുമെത്തി മലയാളികള്‍ അറപ്പോടെ മാറിനില്‍ക്കുന്ന തൊഴിലടക്കം ചെയ്ത് സമ്പാദ്യവുമായി പോയിരുന്ന ഗതകാലം മിക്കവര്‍ക്കും ഓര്‍മ്മയുണ്ടാവും.

ഇന്ന് മലയാളികള്‍ തമിഴന്മാരുടെ നാട്ടിലെത്തി അധ്വാനിച്ച് പത്ത് കാശുണ്ടാക്കുന്ന വിധത്തിലേക്കുള്ള ഗതിമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. തൊഴില്‍ തേടി മാത്രമല്ല, വാണിജ്യ-വ്യവസായങ്ങളുമായി നൂറമേനി നേടാനുള്ള എല്ലാ സൗകര്യങ്ങളുമായി തമിഴ്‌നാട് എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്.

ഭൂമിശാസ്ത്രപരമായ അനുകൂലഘടകങ്ങളും ഉയര്‍ന്ന സാക്ഷരതയും മെച്ചപ്പെട്ട കാലാവസ്ഥയും ശുദ്ധജലവും രാജ്യാന്തര വിമാനത്താവളങ്ങളും തുറമുഖവുമെല്ലാം ഉണ്ടായിട്ടും കേരളം തുടങ്ങിയിടത്ത് നില്‍ക്കുകയും ശുദ്ധജലം പോലുമില്ലാതിരുന്നിട്ടും വ്യവസായ - വാണിജ്യ പുരോഗതിയിലും നിക്ഷേപത്തിലും നവീന മാറ്റങ്ങള്‍ കൊണ്ട് തമിഴ്‌നാട് മുന്നിട്ട് നില്‍ക്കുന്നതും പഠന വിഷയം തന്നെ.

തമിഴ്‌നാടിന്റെ ലക്ഷ്യം 2030ല്‍ ഒരു ട്രില്യന്‍ ഡോളര്‍ (80 ലക്ഷം കോടി രൂപ) സമ്പദ് വ്യവസ്ഥയാണെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ നാം അവയില്‍നിന്നു പഠിക്കാന്‍ ഇനിയും വൈകിക്കൂട.

ഐടി ഹബ്ബായ കര്‍ണാടകയില്‍ നിന്നു പോലും പല കമ്പനികളും തമിഴ്‌നാട്ടിലേക്ക് ചേക്കാറാനുള്ള ശ്രമം നടക്കുമ്പോള്‍, എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ മാത്രം കാര്യശേഷിയുള്ള ജനത വസിക്കുന്ന കേരളം പുറംതിരിഞ്ഞ് നില്‍ക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന ക്രൂരതയല്ലാതെ മറ്റെന്താണ് ?

സംസ്ഥാനത്തെ നിക്ഷേപസമൃദ്ധി വിനിയോഗിക്കാതെയും നിക്ഷേപകരോടുള്ള സമീപനത്തില്‍ സൗഹൃദാന്തരീക്ഷം പുലര്‍ത്താതെയും അതിവേഗ റെയില്‍പ്പാതയും വിമാനത്താവളവും തുറമുഖവും മാത്രമുണ്ടായിട്ടെന്ത് കാര്യം?

തമിഴ്‌നാട് നിക്ഷേപലോകത്തോട് പെരുമാറുന്ന രീതിയും വികസനത്തിലും വിഭവങ്ങളുടെ മികവുറ്റ ഉപയോഗത്തിലും തമിഴ്‌നാടിന്റെ പുലര്‍ത്തുന്ന മേന്‍മയാണ് ആ സംസ്ഥാനത്തിന്റെ വിജയഘടകം.

മതപരമായ, ജാതിയപരമായ പല വെല്ലുവിളികളും കേരളത്തിനേക്കാള്‍ തമിഴ്‌നാട്ടിനുണ്ടെങ്കിലും ആ പരിതസ്ഥിതിയെ, പുരോഗമനത്തിലേക്ക് നയിക്കാന്‍ കാര്യപ്രാപ്തിയുള്ള സര്‍ക്കാര്‍ സംവിധാനവും ജനപ്രതിനിധികളും ആ നാടിന്റെ മുഖമുദ്രയാവുകയാണ്.

രാജ്യത്ത് 41 പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണു തമിഴ്‌നാട്.  ഡിഎംെക അധികാരത്തിലെത്തിയ ശേഷം 132 കമ്പനികളുമായാണു ധാരണാപത്രം ഒപ്പിട്ടത്. 95,000 കോടി രൂപയുടെ നിക്ഷേപവും രണ്ടു ലക്ഷത്തിലധികം പേര്‍ക്കു തൊഴിലവസരങ്ങളും ഉണ്ടായി.

വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച്, വാഹനം മുതല്‍ വിമാനഘടകങ്ങള്‍ വരെ ഉല്‍പാദിപ്പിക്കുന്ന 37,220ല്‍ ഏറെ വ്യവസായശാലകളുമുള്ള തമിഴ്‌നാടാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

കേരളജനത കറണ്ട് ബില്ലില്‍ ഷോക്കടിക്കുമ്പോഴാണ്, ഏതാണ്ട് 16 ജിഗാ വാട്ട് കാറ്റില്‍ നിന്നു കൊയ്‌തെടുത്ത് തമിഴ്‌നാട് ഊര്‍ജ്ജോപയോഗത്തില്‍ ജനങ്ങളുടെ കീശ കാലിയാക്കാതെ സംരക്ഷിക്കുന്നത്. അതേ സമയം നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്തിനുള്ള സബ്‌സിഡി അടക്കം നിര്‍ത്തലാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണു നിരക്കു കൂട്ടാന്‍ നിര്‍ബന്ധിതനായതെന്നു വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി പറഞ്ഞു.

പുതുക്കിയ നിരക്കു പോലും വളരെ കുറവാണെന്നു സ്ഥാപിക്കാന്‍ അദ്ദേഹം കളത്തിലിറക്കിയത് കേരളത്തെ ചൂണ്ടിക്കൊണ്ടാണെന്നത് നമ്മള്‍ എത്തി നില്‍ക്കുന്ന യുഗത്തെക്കുറിച്ച് ചെറിയൊരു ബോധം നല്‍കും.

കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ ലോകത്ത് 9ാം സ്ഥാനം കൂടി തമിഴ്‌നാടിനു തന്നെയാണെന്ന് അറിയുമ്പോഴാണു തമിഴ്‌നാട് രാജ്യപുരോഗതിക്ക് നല്‍കുന്ന സംഭാവനകളുടെ വലുപ്പം മനസിലാവുക. തമിഴ്നാട്ടില്‍ 4,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ധനുഷ്‌കോടിയില്‍ കടലില്‍ കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വ്യവസായ സൗഹൃദ സംസ്ഥാനമാകുന്നതിലും നിക്ഷേപകരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതിലും കേരളം പ്രതിജ്ഞാബദ്ധമാണെന്നാണു പറയുന്നതെങ്കിലും വ്യവസായ പ്രോത്സാഹന പാക്കേജുകള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ തമിഴ്‌നാട് തീരുമാനങ്ങളെടുക്കുന്നതു വേഗത്തിനൊപ്പം എത്താന്‍ കേരളത്തിനിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാലും രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം 15ാം സ്ഥാനത്തെത്തിയെന്ന വാര്‍ത്ത തീര്‍ച്ചയായും നമുക്കു പ്രതീക്ഷ തരുന്നുണ്ട്.  നിക്ഷേപ സൗഹൃദ അന്തരീക്ഷം ബോധ്യപ്പെടുത്തി വന്‍കിട നിക്ഷേപം ആകര്‍ഷിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കേരളം  ബിസിനസ് സൗഹൃദ അന്തരീക്ഷം ഒരുക്കണം.

വ്യവസായങ്ങളും നിക്ഷേപവും സംരംഭകത്വവുമെല്ലാം നാടിന്റെ പുരോഗതിയിലേക്കുള്ള പടവുകളാണെന്ന് തിരിച്ചറിഞ്ഞതാണ് തമിഴ്‌നാടിന്റെ വിജയം. നമുക്കും ആ വിജയം എത്തിപ്പിടിക്കാവുന്നതേയുള്ളൂ. അതിന് ശ്രമമല്ല, ആത്മാര്‍ത്ഥതയാണ് ആവശ്യം. എല്ലാവര്‍ക്കും നല്ലൊരു കാലം വരുമെന്ന പ്രതീക്ഷയോടെ ശുഭസായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment