/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ജീവിക്കുന്ന കാലത്തോട് ചോദ്യങ്ങളും മറു ചോദ്യങ്ങളും ഉയർത്തുന്ന ചുരുക്കം ചില എഴുത്തുകാരെ നമ്മുടെ ഭാഷയിലുള്ളൂ. ആ കൂട്ടത്തിലെ മുൻനിരയിലാണ് എപ്പോഴും സച്ചിദാനന്ദൻ.
എഴുത്ത് രാഷ്ട്രീയത്തിൻ്റെ നിലപാട് കവിതയിലും പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും നിരന്തരമായി കൊണ്ടുവന്ന് മലയാളിയെ ഉണർത്തുന്ന സച്ചിദാനന്ദൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് "ഇന്ത്യ എന്ന സ്വപ്നം " (പ്രസാധനം: ബാഷോ ബുക്സ് )
പ്രസ്തുത പുസ്തകത്തിൽ ആരാണ് ഇന്ത്യക്കാർ? എന്ന ശീർഷകത്തിനു താഴെ
അദ്ദേഹം എഴുതുന്നു: "ഇന്ത്യൻ സംസ്കാരം ഏതെങ്കിലും വംശത്തിൻ്റെയോ മതത്തിൻ്റെയോ കുത്തകയല്ല. ഇന്ത്യക്കാരുടെ ഉൽഭവത്തെ പറ്റി സമീപകാലത്ത് ചരിത്രം, നരവംശശാസ്ത്രം, പുരാവസ്തു ചരിത്രം, ജനസംഖ്യാ പഠനം, ഭാഷാ വിജ്ഞാനീയം, ജനിതക ശാസ്ത്രം, പുരാലിപി വ്യാഖ്യാനം, തുടങ്ങിയ മേഖലകളിൽ ഒട്ടേറെ സൂക്ഷ്മ പഠനങ്ങൾ നടന്നിട്ടുണ്ട്.
റൊമീലാ ഥാപ്പർ, കായ് ഫ്രീസ്, ജയാ മേനോൻ, മൈക്കേൽ വിറ്റ് സെൽ എന്നിവരുടെ ലേഖനങ്ങൾ അടങ്ങുന്ന "നമ്മിൽ ആരാണ് ആര്യന്മാർ" (who of us are Aryans) റൊമീലാ ഥാപ്പറുടെ "ആര്യന്മാർ" (Aryans) ടോണി ജോസഫിൻ്റെ "ആദ്യകാല ഇന്ത്യക്കാർ" (Early indianട the story of our ance Stors and where we Came from) എന്നീ പുസ്തകങ്ങൾ ഈ സന്ദർഭത്തിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.
ഈ പഠന ഫലങ്ങളെ ഏറ്റവും നന്നായി സംഗ്രഹിച്ചിട്ടുള്ള ഒരു പുസ്തകം ടോണി ജോസഫിൻ്റെതാണ്. 65,000 വർഷം മുമ്പ് ഇന്ന് ദക്ഷിണേഷ്യയിൽ താമസിക്കുന്നവർ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയതായി ഹാർവാഡിലെ ഡേവിഡ് രീഹിൻ്റെ DNA പഠനങ്ങളെ ആശ്രയിച്ച് അദ്ദേഹം പറയുന്നു.
അറുപത്തി അയ്യായിരം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്നും അറേബ്യയിൽ നിന്നും വന്ന ആദ്യത്തെ ഇന്ത്യക്കാരും പിന്നീട് ബി.സി.ഇ 2000-3000 കാലത്ത് ഇന്നത്തെ ഇറാൻ പ്രദേശത്തു നിന്ന് വന്ന "സാ ഗ്രോസ് " കൃഷിക്കാരും ചേർന്നതായിരുന്നു ഹാരപ്പൻ നിവാസികൾ. ഇൻഡോ യൂറോപ്യൻ ഭാഷകൾ സംസാരിക്കുന്ന കന്നുകാലി വളർത്തുകാർ ബി.സി.ഇ 2000- 1000 കാലത്ത് ഇന്ത്യയിൽ വന്നു ചേർന്നു.
അവരുടെ വരവിനു മുൻപുണ്ടായിരുന്നവരും ഈ പുതിയ കുടിയേറ്റക്കാരും തമ്മിലുണ്ടായിരുന്ന മിശ്രണവും കൈമാറ്റവും ചേർന്നുണ്ടായവരെയാണ് "ആര്യന്മാർ" എന്ന സംശയകരമായ പേരുകൊണ്ട് നാം വിശേഷിപ്പിക്കുന്നത്.
ആദി ദ്രാവിഡ ഭാഷകൾക്ക് ഇറാനിലെ എലാമൈറ്റ് കുടുംബത്തിലെ ഭാഷകളുമായി ബന്ധമുണ്ടെന്നും ജാതി വ്യവസ്ഥയുടെ വരവിനു മുമ്പ് ജനിതകമിശ്രണം ഇന്ത്യയിൽ കാര്യമായി നടന്നിട്ടുണ്ടെന്നും എ.ഡി ഒന്നാം നൂറ്റാണ്ടിനു മുമ്പുള്ള കാലത്ത് സ്വജാതി വിവാഹ രീതിയുടെ വരവോടെയാണ് അത് കുറഞ്ഞതെന്നും ജനിതക ഭാഷാശാസ്ത്ര ഗവേഷണങ്ങൾ അടിസ്ഥാനമാക്കി ടോണി സ്ഥാപിക്കുന്നുണ്ട്.
പിന്നീടു നടന്ന കുടിയേറ്റങ്ങൾ ലിഖിത ചരിത്രത്തിൻ്റെ ഭാഗമാണല്ലോ.അങ്ങിനെ വന്നവരിൽ തന്നെ പലരും നമ്മുടെ ജനതയുടെ ഭാഗമായി മാറി.അങ്ങിനെ ഇന്നത്തെ ഇന്ത്യക്കാർക്ക് തങ്ങൾ കണിശമായും ഏതെങ്കിലും വംശത്തിൽ പെട്ടവരാണെന്ന് അവകാശപ്പെടാനേ സാധ്യമല്ല. ചിലർ പ്രചരിപ്പിക്കുന്ന " ആര്യ വംശ മഹിമാവാദം " അടിസ്ഥാന രഹിതമാണ് എന്നർത്ഥം.
അനേകം കുടിയേറ്റ തരംഗങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നവരാണ് ഇന്നത്തെ ഇന്ത്യക്കാർ.അതാണ് നമ്മുടെ വംശപരമായ നാനാത്വത്തിനും മിശ്രണത്തിനും അടിസ്ഥാനം.ഈ വംശങ്ങളെല്ലാം ഇന്ത്യൻ സംസ്കാരത്തിനു സംഭാവനകൾ നൽകിയിട്ടുണ്ട്. എല്ലാതരം ശുദ്ധിവാദങ്ങളും ഫാസിസത്തിലേക്കാണ് നയിക്കുക "