/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
മാധവിക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സന്ധ്യാ ജയേഷ്പുളിമാത്ത് രചിച്ച പെയ്തൊഴിയാത്ത പ്രണയമേഘം എന്ന നോവൽ വായിച്ചു തുടങ്ങിയപ്പോൾ മനസ്സിൽ ഇരുണ്ടു കൂടിയ പ്രണയമേഘം വായിച്ചു തീർന്നിട്ടും ദിവസങ്ങൾ വീണ്ടും മുൻപോട്ട് പോയിട്ടും പെയ്തൊഴിഞ്ഞിട്ടില്ല.ഇനി ഒരു പക്ഷെ ആ പ്രണയമേഘം പെയ്തൊഴിയാതെ അങ്ങനെയിരുന്നിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
മാധവിക്കുട്ടിയുടെ പ്രണയവും സ്വകാര്യ നിമിഷങ്ങളും യാഥാർഥ്യവുമായി ബന്ധപ്പെടുത്തി ഭാവനയുടെ ചിറകുകൾ നൽകിയിരിക്കുന്നു.സമീപ കാലത്ത് ഇത്രയും മികച്ച ഒരു നോവൽ ഞാൻ വായിച്ചിട്ടില്ല എന്ന് മാത്രമല്ല മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലാ യെന്ന് നിസ്സംശയം പറയാം.
"പെയ്തൊഴിയാത്ത പ്രണയമേഘം "പ്രമേയം കൊണ്ടും വ്യത്യസ്തമായ ആഖ്യാന ശൈലി കൊണ്ടും വേറിട്ടു നിൽക്കുന്നു. പ്രധാന കഥാപാത്രം തന്റെ ആത്മകഥ പോലെ നോവൽ പറഞ്ഞു തുടങ്ങുമ്പോൾ ഒരു പക്ഷെ സന്ധ്യാ ജയേഷ് അല്ല മാധവിക്കുട്ടി തന്നെ ആത്മകഥ വെളിപ്പെടുത്തിയെഴുതിയ നോവൽ എന്ന് തോന്നിക്കുന്നു.
അത്രയ്ക്ക് മനോഹരമായാണ് നോവലിസ്റ്റ് നമ്മുടെ മനസ്സിനെ വാക്കുകളുടെ അഗ്നിച്ചിറകിലേറ്റി കൂട്ടിക്കൊണ്ട് പോകുന്നത്. മാധവിക്കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്നറിയാൻ എഴുത്തിനെ സ്നേഹിക്കുന്ന ഏവരും ആഗ്രഹിച്ച കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ സൗഹൃദപരമായ ഒരു' അന്വേഷണ കഥ 'എന്ന് കൂടി ഈ നോവലിനെ വിശേഷിപ്പിക്കേണ്ടി വരും.
നോവലിസ്റ്റ് സന്ധ്യാ ജയേഷ് വ്യക്തിപരമായും സത്യങ്ങൾ സമൂഹത്തിൽ തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിത്വമാണ്. ഈ നോവലിലും മാധവിക്കുട്ടിയെപ്പോലെ ഒരു എഴുത്തുകാരിയെ ചതിച്ചത് ആരെന്ന് പറയാൻ നോവലിസ്റ്റ് മടിക്കുന്നില്ല.
മാധവിക്കുട്ടിയുടെ മനസ്സിലെ നൊമ്പരങ്ങൾ വാക്കുകളിലൂടെ ഒരു ശിലാഫലകമെന്ന പോലെ വായനക്കാരുടെ മനസ്സിൽ രേഖപ്പെടുത്തി ഓരോ അദ്ധ്യായങ്ങളിലും മുന്നോട്ട് പോകാൻ നോവലിസ്റ്റിന്റെ രചനാ മികവ് കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
അത് പോലെ തന്നെ മാധവിക്കുട്ടി എന്ന സ്ത്രീയിലെ വികാരങ്ങളെ സഭ്യമായ ഭാഷയിൽ വർണ്ണിക്കുവാനും അങ്ങനെ മാധവിക്കുട്ടിയിലെ എഴുത്തുകാരിയെയും സ്ത്രീയെയും ഒരു പോലെ വായനക്കാരുടെ മുൻപിൽ തുറന്നു കാണിച്ചു കൊണ്ട് ഇരുപത്തിയഞ്ചു അദ്ധ്യായങ്ങളിലൂടെ അതി രസകരമായ വായനാനുഭവം പകർന്നു നൽകുന്ന ഈ രചനക്ക് മലയാള സാഹിത്യത്തിൽ അർഹമായ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.