/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
സ്കൂൾ കാലഘട്ടങ്ങളിൽ തന്നെ നാടകത്തോട് അതിയായ ഭ്രമമായിരുന്നു. ആദ്യമായി നാടകം കളിക്കുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. കാട്ടുശ്ശേരി അയ്യപ്പൻ കാവിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്, ഒരു ഏകാംഗ നാടകം. തിങ്ങി നിറഞ്ഞ കാണികൾക്കു മുന്നിൽ നാടകം കളിച്ചിറങ്ങുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി... അത് വിവരണാതീതമാണ്.
കുട്ടിക്കാലത്ത് അതിന് ഇരട്ടി മധുരമാണ്. അതിനെ തുടർന്ന് എല്ലാ വർഷവും സ്കൂൾ നാടകങ്ങളിൽ ഞാനു മുണ്ടായിരുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളിൽ പങ്കാളിയാവാനും കഴിഞ്ഞിട്ടുണ്ട്. അക്കാലത്തെ പഞ്ചായത്തുതല കേരളോത്സവവേദികൾ എന്നിലെ എളിയ കലാകാരനെ കൂടുതൽ സമ്പന്നമാക്കുവാൻ പ്രചോദനമായി വർത്തിച്ചിട്ടുണ്ട്.
വേദികളിൽ നിന്നും കിട്ടുന്ന ഊർജ്‌ജവും, ആസ്വാദകരുടെ നല്ലവാക്കുകളും ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയം തന്നെയാണ്. പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി നാടകത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ വേദിയൊരുക്കിതന്നത് കല്ലടിക്കോട്ടിലെ ഒരു പറ്റം ചെറുപ്പക്കാരായിരുന്നു. കഴിവുറ്റ കലാകാരന്മാരായ മാത്യൂസ്, അബ്ബാസ്‌ക്ക, ജയൻ എന്നിവരൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
സൗപർണിക തീയ്യറ്റേർസ് കളിച്ചുവച്ച ''കാശ്മീരിൽ നിന്നൊരു കവിത '' എന്ന അതി പ്രശസ്തമായ ഒരു സ്ക്രിപ്റ്റ് ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്. നാടകത്തിൽ ഒരു സ്ത്രീ കഥാപാത്രമാണുണ്ടായിരുന്നത്. അഭിനേത്രികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള കാലമായിരുന്നതിനാൽ ഒരുപാട് അന്വേഷണനങ്ങൾക്കൊടുവിലാണ് ഒരു മുസ്ലിം പെൺകുട്ടി തയ്യാറായി മുന്നോട്ട് വന്നത്.
നല്ല രീതിയിൽതന്നെ റിഹേഴ്സൽ മുന്നോട്ട് നീങ്ങി. രാത്രിയും പകലുമായി രണ്ടര മാസത്തോളം നിരന്തരമായ റിഹേഴ്സൽ. ആദ്യമായി ഒരു പ്രൊഫഷണൽ നാടകം കളിക്കുന്നതിന്റ ത്രില്ലിലായിരുന്നു ഞങ്ങളെല്ലാവരും.
ആദ്യവേദി പുലാപ്പറ്റ ചൂരക്കോട് സത്രം കാവിലാണ്. ഉച്ചാറൽ വേലയോടനുബന്ധിച്ച്. പുരുഷാരങ്ങൾക്കിടയിൽ നല്ല രീതിയിൽ തന്നെ ഹർഷാരവങ്ങളോടെ ഞങ്ങൾ നാടകം കളിച്ചിറങ്ങി.
നാടകത്തിന്റ പശ്ചാത്തലം ഒരു പട്ടാള ക്യാമ്പ് ആയിരുന്നു. തോമസ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചിരുന്നത്. തോമസിന്റെ പ്രണയിനിയാണ് മുംതാസ്.
കൈ വിലങ്ങുമായി നിൽക്കുന്ന തോമസ്, തന്റെ ഗതകാലം ഒരു മാധ്യമത്തിനുമുന്നിൽ അയവിറക്കുന്നതാണ് നാടകത്തിന്റ ഇതിവൃത്തം.
മുംതാസിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പട്ടാള ക്യാമ്പിലെ ബ്രിഗേഡിയർ അവളെ ക്രൂരമായി പീഡിപ്പിക്കുന്നു. അനന്തരം തോമസ്സിന്റ മടിയിൽ കിടന്ന് മുംതാസ് അന്ത്യശ്വാസം വലിക്കുന്നു. തോമസ്സിന്റ സുഹൃത്തായ ഫസലിന്റ സഹോദരിയാണ് മുംതാസ്. മുംതാസിന്റെ മരണത്തിന്റെ പ്രതികാരമായി ഫസൽ ബ്രിഗേഡിയറെ വെടിവച്ചു കൊല്ലുന്നു. ആ കുറ്റം സുഹൃത്തായ തോമസ് ഏറ്റെടുക്കുന്നു.
അല്പസ്വല്പം ഹാസ്യവും, പ്രണയവും,വികാര തീവ്രമായ രംഗങ്ങളും, ചടുലമായ സംഭാഷണ ശകലങ്ങളെയും കൊണ്ട്, മനോഹരമാക്കിയ ഒരു ദൃശ്യ വിരുന്നായിരിന്നു ''കാശ്മീരിൽ നിന്നൊരു കവിത.'' എല്ലാവരും സംതൃപ്തിയോടെ കളിച്ചിറങ്ങി. ആദ്യവേദിയുടെ വിജയം എല്ലാവരെയും കൂടുതൽ ഉന്മത്തമാക്കി. അടുത്ത വേദിയുടെ ബുക്കിംഗ് അവിടുനിന്നുതന്നെ ലഭിച്ചു എന്നും അറിയാൻ കഴിഞ്ഞു.
ദിവസങ്ങളുടെ ചെറിയ ഇടവേളയ്ക്കു ശേഷമുള്ള അടുത്ത വേദിയുടെ ഫൈനൽ റിഹേഴ്‌സലിന് ക്യാമ്പിൽ ചെന്നപ്പോൾ മുംതാസിനെ കാണാനില്ല. പകരം മറ്റൊരു പെൺകുട്ടിയെയാണ് അവിടെ കണ്ടത്. വിവരം തിരക്കിയപ്പോൾ, ആരോ ഒരാൾ പറഞ്ഞു...! ഒരു മുസ്ലിം പെൺകുട്ടി കൃസ്ത്യാനിയായ (തോമസ് കഥാപാത്രമായിരുന്നു എന്ന വസ്തുത സ്മരണീയ്യം) ഒരാളുടെ മടിയിൽ തല വച്ചുമരിക്കുന്ന ആ നാടകത്തിലെ രംഗം, ചില പ്രാദേശിക യഥാസ്തിക മുസ്ലിം വിഭാഗത്തിന്നിടയിൽ ഒരു പാട് ഒച്ചപ്പാടുകൾ ഉണ്ടാക്കിയത്രെ....!
തുടർന്നും ഈ നാടകം ഇതര വേദികളിൽ കളിക്കുകയാണെങ്കിൽ ആ പെൺ കുട്ടിയുടെ കുടുംബത്തെ മഹല്ലിൽ നിന്നും പുറത്താക്കും എന്നുവരെ അവർ പറഞ്ഞുവത്രെ...! മുസ്ലിം മത നിയമങ്ങൾക്ക് കടുത്ത നിലപാടുകൾ ഉണ്ടെന്നറിയാമായിരുന്നെങ്കിലും (പിന്നീട് ഒരുപാട് കേട്ടറിഞ്ഞിട്ടുമുണ്ട് ) കേവലം നാട്ടിൻ പുറത്തെ ഒരു നാടകത്തിൽ ഇത്തരം ഒരനുഭവം എന്നെ വല്ലാതെ വിഷമിച്ചിരുന്നു അന്ന്.
ചുരുങ്ങിയ ദിവസം കൊണ്ട് പുതിയ പെൺകുട്ടിയെ മുംതാസ് ആക്കിയെടുത്ത് നാടകം കളിച്ചെങ്കിലും, ആദ്യ വേദിയെ അപേക്ഷിച്ച് കരഘോഷങ്ങൾ കുറവായിരുന്നു. എന്തായാലും ആ പരിപാടിയോടു കൂടി ആ സമിതിയും, നാടകവും അട്ടത്തായി. കലയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ നിഹനിക്കുന്ന ഇന്നിന്റെ എണ്ണമറ്റ നിലപാടുകൾ കാണുമ്പോൾ ഇതിനു വലിയ പ്രസക്തിയില്ലെന്നറിയാം.. എങ്കിലും..!