Advertisment

സ്വാതന്ത്ര്യത്തിന്റെ അമൃത് വര്‍ഷങ്ങള്‍... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നമ്മുടെ രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷമായിരിക്കുന്നു. കൊളോണിയല്‍ ഭരണത്തിന് കീഴില്‍ ശ്വാസം മുട്ടി കഴിഞ്ഞിരുന്ന ജനത നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ അമൃത് വര്‍ഷങ്ങള്‍. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും.

ഇന്ത്യയുമായി വ്യാപാരം നടത്താന്‍ ബ്രിട്ടിഷുകാര്‍ 1600 ഡിസംബര്‍ 31ന് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചതോടെയാണ്, ഐതിഹാസികമായ ആ സമര ചരിത്രത്തിന് തുടക്കം കുറിച്ചതും ഇന്ത്യയെന്ന ലോകത്തിന് മുന്നില്‍ തലയെടുപ്പുള്ള രാജ്യമായി വളര്‍ത്തിയതും.

ഒട്ടേറെ മഹാത്മാക്കള്‍ ജീവന്‍ ബലി കൊടുത്തും പീഢനങ്ങള്‍ സഹിച്ചും നേടിത്തന്ന രാജ്യത്തിന്റെ ഈ സ്വാതന്ത്ര്യത്തെ ലോകത്തൊട്ടുമുള്ള ഇന്ത്യക്കാര്‍ ആത്മാഭിമാനത്തോടെയാണ് ആഘോഷിച്ചുവരാറുള്ളത്.

സ്വന്ത്രഭാരതത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് 'ആസാദി കാ അമൃത് മഹോത്സവ് '. രാജ്യത്തെ ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്റെ ഒരു സംരംഭമാണ്.

രാജ്യം ഇന്നേവരെ പുലര്‍ത്തിയ ആഘോഷങ്ങളില്‍ നിന്നും വിഭിന്നമായ ഒട്ടേറെ പുതുമകളാണ് മോദി സര്‍ക്കാര്‍ സ്വാതന്ത്ര്യദിനത്തിനായി കണ്ടെത്തി നടപ്പാക്കിയതും ജനങ്ങളോട് അതിന്റെ ഭാഗവാക്കാന്‍ പറഞ്ഞതും.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഔദ്യോഗിക യാത്ര 2021 മാര്‍ച്ച് 12ന് ആണ് തുടക്കം കുറിച്ചത്. 2023 ഓഗസ്റ്റ് 15ന് അവസാനിക്കുന്ന വിധത്തിലാണ് ആസാദി കാ അമൃത് മഹോത്സവത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഫ്രീഡം സ്ട്രഗിള്‍, ഐഡിയാസ് അറ്റ് 75, റിസോള്‍വ് അറ്റ് 75, ആക്ഷന്‍ അറ്റ് 75, അച്ചീവ്‌മെന്റ്‌സ് അറ്റ് 75 എന്നിവയാണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ അഞ്ച് തീമുകള്‍.

ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുന്നതിലേക്ക് നയിച്ചതിന് പിന്നിലെ ചരിത്രത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടേ നമുക്ക് ഇനിയും മുന്നേറാന്‍ കഴിയുകയുള്ളൂ. ഇന്ന് രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 74 -ാമത് വാര്‍ഷികമാണോ അതോ 75 -ാമത് വാര്‍ഷികം ആണോ ആഘോഷിക്കുന്നതെന്നത് പലപ്പോഴും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിഷയമാണ്.

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവം ഇന്ത്യ സ്വാതന്ത്ര്യം നേടി ഈ വര്‍ഷം 75 വര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. 1947 എന്നത് അടിസ്ഥാന വര്‍ഷമായി കണക്കാക്കുകയും കണക്കുകൂട്ടുകയും ചെയ്താല്‍, സ്വാതന്ത്ര്യത്തിന്റെ 74 വര്‍ഷമാണ് നമ്മള്‍ ആഘോഷിക്കുന്നത്.

അതേ സമയം 1947 ഓഗസ്റ്റ് 15, സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിനമായി പരിഗണിക്കുകയാണെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളാണ് നമ്മളിന്ന് ആഘോഷിക്കുന്നത്. അതുകൊണ്ടാണ് സംശയം നിലനില്‍ക്കുന്നത്. ഏതായാലും രാജ്യം 1947 മുതല്‍ വളരെ ദൂരം പിന്നിട്ടിരിക്കുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യയിലുള്‍പ്പെടെ ഇന്ത്യയുടെ സംഭാവനകള്‍ ലോകത്തുണ്ട്.

കച്ചവടത്തിന്റെ മറവില്‍ ബ്രിട്ടിഷുകാര്‍ കല്‍ക്കട്ടയില്‍ കോട്ട പണിയാന്‍ തുടങ്ങി. ഇന്ത്യന്‍ ചരക്കുകള്‍ക്കു നികുതിയും ചുമത്തി. ഇതിനെ എതിര്‍ത്ത ബംഗാള്‍ നവാബ്  സിറാജ് ഉദ് ദൗള 1756ല്‍ കാസിംബസാറിലെ ഇംഗ്ലിഷ് ഫാക്ടറി പിടിച്ചെടുത്തു. വില്യം കോട്ടയും  കീഴടക്കി.

1757ല്‍ പ്ലാസിയില്‍ നവാബിന്റെയും  റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടി. രാജസദസ്സില്‍ അംഗമായിരുന്ന മിര്‍ ജാഫറിന്റെ വഞ്ചനയില്‍ ദൗള കൊല്ലപ്പെട്ടു. ബ്രിട്ടിഷുകാര്‍ മിര്‍ ജാഫറിനെ ഭരണാധികാരിയാക്കി.

കല്‍ക്കട്ടയും മദ്രാസും ബോംബെയുമടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ ഫാക്ടറികള്‍ തുറന്നു. കമ്പനി സ്വത്തുക്കള്‍ സംരക്ഷിക്കാനും വ്യാപാരതാല്‍പര്യങ്ങള്‍ പരിരക്ഷിക്കാനും സൈന്യത്തെ ആവശ്യമായിവന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി സൈനികവും രാഷ്ട്രീയവുമായി കരുത്തരായി.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായി ബ്രിട്ടിഷ് പാര്‍ലമെന്റ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947 ജൂലൈയില്‍  പാസാക്കി. 1947 ഓഗസ്റ്റ് 14ന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയുടെ സമ്മേളനം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു.

മൗണ്ട് ബാറ്റണ്‍ പ്രഭു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റു. ജവാഹര്‍ലാല്‍ നെഹ്റു ആദ്യ പ്രധാനമന്ത്രിയായി. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ മൂവര്‍ണക്കൊടി പാറുകയായിരുന്നു.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 ആഘോഷിക്കപ്പെടുന്നു-ഇതാണ് ചരിത്രം. ആ ഓര്‍മ്മക്കരുത്തില്‍ രാജ്യത്തിന്റെ അഭിമാന നിമിഷങ്ങളില്‍ നമുക്കും പങ്കുചേരാം. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ജയ്‌ഹോ.

Advertisment