ഇന്ന് സ്വാതന്ത്രം അനുഭവിക്കുന്ന നമ്മുക്ക് അതിന്റെ മഹത്വം കേവലം ഒരു പതാക ഉയർത്തലിൽ മാത്രം ഒതുങ്ങുന്നതായി തോന്നും. ജാതിയുടെ, മതത്തിന്റെ, ഭാഷയുടെ പേരിൽ തമ്മിൽ കലഹിച്ചു തകരുന്നതിനെ നാം എതിർക്കണം. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും സമാധാനവും പുരോഗതിയും നിലനിർത്താൻ ഈ അവസരത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാകുമ്പോൾ അർദ്ധരാത്രി 12. 05 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) ചരിത്രം ഉറങ്ങുന്ന ഓഗസ്റ്റ് ക്രാന്തി മൈതാനത്തും അതിനടുത്തുള്ള തേജ്പാൽ ഹാളിലും ഒത്തുകൂടി ദേശീയ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുന്ന അവസരത്തിൽ രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായതിന്റെ ആഘോഷങ്ങൾ നടക്കുബോൾ ഓഗസ്റ്റ് ക്രാന്തി മൈതാനത്തും അതിനടുത്തുള്ള തേജ്പാൽ ഹാളിലും ചെല്ലുബോൾ ഉണ്ടാകുന്ന വികാരം പറഞ്ഞറിയിക്കുവാൻ കഴിയില്ല.

ഇന്ത്യക്ക് സ്വതന്ത്രം ലഭിക്കുവാൽ കാരണമായ പല നിർണായക തീരുമാനങ്ങളും എടുത്തത് ഇവിടെ വച്ചായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം കൊടുത്ത തേജ്പാൽ ഹാൾ... ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വഴികാട്ടിയുമായിരുന്ന പല തീരുമാനങ്ങൾ നമ്മുടെ നേതാക്കൾ എടുത്തത് ഇവിടെ വച്ചായിരുന്നു.

മഹാത്മാഗാന്ധിജിയും, ജവഹർലാൽ നെഹ്രുവും, സർദാർ വല്ലഭായി പട്ടേലും, ഡോ. ബിആർ അംബേദ്‌കറും, ലാൽ ബഹാദൂർ ശാസ്ത്രിയും, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ എല്ലാം ഒത്തുകൂടി നിർണായക മീറ്റിംഗുകൾ നടത്തിയ ഈ ഹാളിലും ഓഗസ്റ്റ് ക്രാന്തി മൈതാനത്തും
ഒരു സ്വതന്ത്ര ദിനത്തിൽ, ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച അർദ്ധരാത്രിയിൽ ഒത്തുചേരുവാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയില്ല.

ഇന്ന് സ്വാതന്ത്രം അനുഭവിക്കുന്ന നമ്മുക്ക് അതിന്റെ മഹത്വം കേവലം ഒരു പതാക ഉയർത്തലിൽ മാത്രം ഒതുങ്ങുന്നതായി തോന്നും. ക്വിറ്റിന്ത്യ പ്രസ്ഥാനത്തിന് നേത്യത്വത്വം കൊടുത്ത മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തു ചെല്ലുബോഴും ചരിത്രം ഉറങ്ങുന്ന ഓഗസ്റ്റ് ക്രാന്തി മൈതാനത്തു വച്ചു നടക്കുന്ന പല പരിപാടികളിലും പങ്കെടുക്കുമ്പോൾ ഈ മഹത്തായ പ്രസ്ഥാഥാനത്തിൻ്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷവും അഭിമാനവും തോന്നാറുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ബഹുജന പ്രക്ഷോഭമാണ് ക്വിറ്റിന്ത്യാ സമരവും മുംബെയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനവും. 1942 ഓഗസ്റ്റ് 7, 8 തീയതികളില്‍ മുംബെയിലെ മലബാര്‍ ഹില്ലില്‍ ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരുകയും മൗലാനാ ആസാദിന്റെ അധ്യക്ഷതയില്‍ നടന്ന ഈ യോഗത്തില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാനാവശ്യപ്പെടുന്ന ‘ക്വിറ്റ് ഇന്ത്യാ’ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിക്കുകയും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പിന്താങ്ങുകയും ചെയ്തു.

‘പോരാടുക, അല്ലെങ്കിൽ മരിക്കുക’ എന്ന ഗാന്ധിജിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. വൈകാതെ ബ്രിട്ടിഷ് സർക്കാർ നടപടി തുടങ്ങി. അർധരാത്രിയോടെ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും അടക്കമുള്ള കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളെയും പ്രഭാത പ്രാർഥനയ്‌ക്കെഴുന്നേറ്റ ഗാന്ധിജിയേയും അറസ്‌റ്റ് ചെയ്‌തതും എല്ലാം ഇവിടെ വച്ചായിരുന്നു.

ഓഗസ്‌റ്റ് ഒൻപത് പുലർന്നതോടെ അറസ്റ്റ് വാർത്ത കാട്ടുതീപോലെ പടർന്നു. ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് ജനങ്ങൾ ഓടിയെത്തി. രാജ്യമെങ്ങും നിയമലംഘനങ്ങളും പ്രകടനവും നടന്നു. ബ്രിട്ടിഷ് സൈന്യം സമരത്തെ ആയുധമുപയോഗിച്ചു നേരിടാൻ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം പൊലീസ് വെടിവയ്‌പുകൾ.

ആയിരത്തോളം പേർ കൊല്ലപ്പെട്ടു. ആറായിരത്തോളം പേരെ ജയിലിൽ അടച്ചു. റെയിൽവേ സ്‌റ്റേഷനുകളും പോസ്‌റ്റ് ഓഫിസുകളും പൊലീസ് സ്‌റ്റേഷനുകളും ആക്രമിക്കപ്പെട്ടു. അക്രമത്തെക്കുറിച്ചു വൈസ്രോയി ജയിലില്‍ കഴിയുന്ന ഗാന്ധിജിക്കെഴുതിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘സ്വാതന്ത്ര്യസമര ഭടന്‍മാര്‍ നടത്തുന്നതായി പറയപ്പെടുന്ന ഹിംസയെപ്പറ്റി സംസാരിക്കും മുമ്പ്, പ്രസ്ഥാനത്തെയാകെ ചോരയും ഇരുമ്പുമുപയോഗിച്ച് അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ അവരുടെ മൃഗീയ ഹിംസ ആദ്യം നിര്‍ത്തട്ടെ’ എന്നാണ്.

അഹിംസയുടെ പ്രചാരകനായ ഗാന്ധിജിക്കുപോലും സഹിക്കാനോ പൊറുക്കാനോ വയ്യാത്തത്ര ക്രൂരതകളാണ് സമരക്കാര്‍ക്ക് നേരെ ബ്രിട്ടിഷ് ഭരണകൂടം കാട്ടിയത്. 1944 ആദ്യം ഗാന്ധിജിയെ ജയില്‍ മോചിതനാക്കിയെങ്കിലും മറ്റുള്ളവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിരാഹാരം ആരംഭിച്ചതിനാല്‍ താമസിയാതെ അവരെയും സ്വതന്ത്രരാക്കി.

പക്ഷേ സമരത്തില്‍ ആവശ്യപ്പെട്ടപോലെ ബ്രിട്ടീഷുകാര്‍ ഉടനെ ഇന്ത്യ വിട്ടുപോയില്ല. അതിന്റെ പേരില്‍ ഗാന്ധിജിക്കും കോണ്‍ഗ്രസിനും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഇന്ത്യാക്കാരുടെ ഐക്യവും പോരാട്ടവീര്യവും ബ്രിട്ടീഷ് ഭരണകൂടത്തിനെ ബോധ്യപ്പെടുത്താന്‍ ഈ സമരം ഉപകരിച്ചു എന്നതാണ് വസ്തുതയും സത്യവും.

മൂന്നു വര്‍ഷത്തിനകം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിക്കപ്പെട്ടതും ക്വിറ്റിന്ത്യാ സമരത്തിന്റെയും ഫലമായിട്ടായിരുന്നുവെന്നതാണ് യാഥാർത്യവും ചരിത്രവും. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ പരമ്പരൃവുമായി അഭിമാനപൂർവ്വം മുന്നോട്ട് കടക്കുബോൾ ആയിരകണക്കിന്, പതിനായിര കണക്കിന്ന് ആളുകളുടെ ജീവൻ നൽകിയും, രക്തവും നല്കിയ അനേകം ധീര സഹന സമരഭടന്മാർ കാട്ടിയ പന്ഥാവിലൂടെ ലോക ജനാധിപത്യത്തിൽ മാതൃകയായി മുന്നോട്ട് പോകുബോൾ അത് സംരക്ഷികേണ്ട ഉത്തരവാദിത്വവും കോൺഗ്രസിൽ നിക്ഷിപ്തമായിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.

ജാതിയുടെ, മതത്തിന്റെ, ഭാഷയുടെ പേരിൽ തമ്മിൽ കലഹിച്ചു തകരുന്നതിനെ നാം എതിർക്കണം. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും സമാധാനവും പുരോഗതിയും നിലനിർത്താൻ ഈ അവസരത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം...

വന്ദേ മാതരം... ഭാരത് മാതാ കീ ജയ്... ജയ് ഹിന്ദ്..

-ജോജോ തോമസ്  (മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി)

Advertisment