/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
സർക്കാരും പ്രതിപക്ഷവും ഈ സമരത്തിന്റെ മുമ്പിൽ തോൽക്കും - വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം അവരുടെ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടമാണ്.
അവർക്ക് വലിയ ആവശ്യങ്ങളൊന്നുമില്ല. കടലിൽ പോയി മത്സ്യം പിടിക്കാനുള്ള സാഹചര്യം വേണം. അത് വിൽക്കുവാനുള്ള സൗകര്യം വേണം. അന്തിയുറങ്ങാൻ ഒരു കൂര വേണം. ഇതിനായിട്ടാണ് അവരുടെ സമരം.
വലിയ വികസന സാധ്യതകൾ മുമ്പിൽ കണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിച്ചത്. അദാനി ഗ്രൂപ്പിനാണ് തുറമുഖം പാട്ടത്തിന് നൽകിയിരിക്കുന്നത്. ഇതിന്റെ കരാർ ഒപ്പിട്ടത് 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ്. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അന്ന് ചാകരയായിരുന്നു.
അദാനിയുടെ കൈയ്യിൽ നിന്നും ഇഷ്ടം പോലെ ദ്രവ്യം ലഭിച്ചു അദാനി ക്ക്‌വേണ്ടതു യാതൊരു ലോഭവുമില്ലാതെ ചെയ്തു കൊടുത്ത് കൊണ്ടിരുന്നു. വളരെ കുറഞ്ഞ നിരക്കിലാണ് അദാനിക്ക് പാറകൾ നൽകിക്കൊണ്ടിരുന്നത്. അദാനിയെ സുഖിപ്പിക്കാൻ സി.പി.എം. കോൺഗ്രസ്, ബി.ജെ.പി ഇവരെല്ലാം മത്സരിച്ചു കൊണ്ടിരുന്നു.
എന്നാൽ ഒരു വിഭാഗത്തെ ഇവരെല്ലാം മറന്നു. പാവം മത്സ്യത്തൊഴിലാളികളെ . അവരുടെ പുനരധിവാസ പാക്കേജുകൾ ഒന്നും തന്നെ നടപ്പാക്കാൻ സർക്കാർ ശ്രദ്ധിച്ചില്ല. അവർ എങ്ങിനെയെങ്കിലും ജീവിച്ചു കൊള്ളുമെന്ന് രാഷ്ട്രീയക്കാർ കരുതി.
എന്നാൽ ഇപ്പോൾ കണക്ക് കൂട്ടലുകൾ തെറ്റിയിരിക്കുന്നു. അവർ വൈരാഗ്യ ബുദ്ധിയോടെ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നു. വിഴിഞ്ഞത്ത് കടലിൽ കല്ലിട്ടപ്പോൾ വലിയതുറ ശംഖുമുഖം ഭാഗത്തെ തീരം മുഴുവൻ കടലെടുത്തു. അത് കടലിന്റെ സ്വഭാവമാണ്.
ഒരു വശത്ത് കടലിനെ ഒതുക്കാൻ ശ്രമിച്ചാൽ മറ്റൊരിടത്ത് അകത്തേക്ക് കയറും. തീരം ഇല്ലാതായതോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളും കടലെടുത്തു. യാതൊരു ശാസ്ത്രീയ പഠനവും നടത്താതെയാണ് പദ്ധതി തുടങ്ങിയത്.
കടന്നൽ കൂട്ടിൽ നിന്ന് കടന്നലുകൾ ഇളകുമ്പോലെ മത്സ്യത്തൊഴിലാളികൾ ഇളകിയപ്പോൾ സിംഹാസനങ്ങൾ വിറച്ചു. എല്ലാവരും നെട്ടോട്ടം തുടങ്ങി. അദാനിയോട് കാശ് വാങ്ങിച്ചിരിക്കുന്നതു കൊണ്ട് അവിടെയൊന്നും പറയാൻ പറ്റില്ല.
പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതു കൊണ്ട് മത്സ്യത്തൊഴിലാളികളെ അഭിമുഖീകരിക്കുവാനും പറ്റില്ല. പണം വാങ്ങുമ്പോൾ ഇങ്ങിനെയൊരു കുരുക്ക് ഉണ്ടാവുമെന്ന് ഭരണ പ്രതിപക്ഷ കക്ഷികൾ കരുതിയില്ലേ?
മത്സ്യത്തൊഴിലാളികൾ പറഞ്ഞാൽ പറയുന്നത് ചെയ്യുന്നവരാണ്. സർക്കാരിനെപ്പോലെയല്ല. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സെക്രട്ടറിയറ്റിൽ കയറാൻ അവർ സമ്മതിക്കില്ല.
രാഷ്ട്രീയം പറയാൻ ചെന്ന പ്രതിപക്ഷ നേതാവിനും പിൻവാങ്ങേണ്ടി വന്നില്ലേ ? ഇതേ മത്സ്യത്തൊഴിലാളികളാണ് ഐ.എസ്.ആർ.ഒ ക്ക് സ്ഥലം നൽകിയത്. അതുകൊണ്ട് ഇവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ അദാനിയുടെ കൈയ്യിൽ നിന്നും പണം വാങ്ങിയ എല്ലാവരും നാടുവിടേണ്ടിവരും.