പ്രിയ വര്‍ഗീസിന് അവരുടേതായ വാദങ്ങള്‍ കണ്ടേക്കാേം. പക്ഷേ എല്ലാ യോഗ്യതകളുമുണ്ടായിട്ടും കോളേജ് അധ്യാപക തസ്തികയിലേയ്ക്ക് എത്തി നോക്കാന്‍ കഴിയാത്ത യുവാക്കള്‍ക്ക് ആ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രിയക്ക് ഇതല്ലെങ്കില്‍ കേരള വര്‍മ്മയില്‍ മറ്റൊരു ജോലിയുണ്ട്. പക്ഷേ, അതല്ല അഭ്യസ്തവിദ്യനായ ഒരു സാധാരണ മലയാളിയുടെ സ്ഥിതി. രാഷ്ട്രീയമാണ് തനിക്കെതിരെയുള്ള വിവാദങ്ങളെന്ന് താങ്കള്‍ പറയുന്നു. അതേ രാഷ്ട്രീയം ഒന്നു മാത്രം കൊണ്ടാണ് താങ്കള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമതായത് - പി.എസ് നായര്‍ എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനം വിവാദത്തിലാവുകയും ഗവര്‍ണര്‍ നിയമനം മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണല്ലൊ. ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നു.

Advertisment

ഈ വിവാദങ്ങള്‍ എല്ലാം കെ.കെ. രാഗേഷ് എന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ് ഇന്റര്‍വ്യൂവില്‍ ഒന്നാമതെത്തിയത് എന്നതുകൊണ്ടാണെന്നാണ് ഒന്നാം റാങ്കിലെത്തിയ പ്രിയ വര്‍ഗീസിന്റെ വാദം. നിയമന നടപടികള്‍ ഗവര്‍ണര്‍ സ്‌റ്റേ ചെയ്തതു പോലും രാഷ്ട്രീയമായ കളികളുടെ ഭാഗമായാണെന്ന് അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഈ വാദങ്ങള്‍ അവര്‍ക്ക് അവതരിപ്പിക്കാം. പക്ഷേ, എല്ലാ യോഗ്യതകളും നേടിയതിനു ശേഷവും കോളജ് അധ്യാപക തസ്തികയിലേക്ക് എത്തിനോക്കാന്‍ പോലും കഴിയാത്ത യുവാക്കള്‍ക്ക് ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. സാധാരണ ഒരു അപേക്ഷകന്‍ ആയിരുന്നു പ്രിയ വര്‍ഗീസിന്റെ സ്ഥാനത്തെങ്കില്‍ അവര്‍ സ്‌ക്രീനിങ്ങില്‍ തന്നെ പുറത്താകുമായിരുന്നു. അതിന് ഒരു വിശദീകരണം പോലും നല്‍കാന്‍ സര്‍വകലാശാലാ അധികൃതര്‍ തയാറാകുകയുമില്ലായിരുന്നു എന്ന് ഉറപ്പ്.

കേരളവര്‍മ്മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ പ്രിയ വര്‍ഗീസ് നിലവില്‍ ഡെപ്യൂട്ടേഷന്‍ കേരളാ ഭഷാ ഇസ്റ്റിറ്റിയൂട്ട് അസിസ്റ്റന്‍റ് ഡയറക്ടറാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു ജോലി അവരെ സംബന്ധിച്ച് എപ്പോഴും പ്രാപ്യമാണ്. ഇതല്ല അഭ്യസ്തവിദ്യനായ ഒരു സാധാരണ മലയാളിയുടെ സ്ഥിതി.

ഇത്തരം സാഹചര്യങ്ങളിലാണ് ഭരണത്തിലുള്ളവരുടെ ബന്ധുക്കള്‍ ഏതുകാര്യത്തിലും കൂടുതല്‍ യോഗ്യരാണ് എന്നു സാമാന്യ ജനത്തിനു തോന്നുന്നത്. അല്ലെങ്കില്‍ ഈ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ യോഗ്യയാക്കുന്ന എന്ത് അക്കാദമിക് ബ്രില്ല്യന്‍സാണ് ഇവര്‍ കാണിച്ചിട്ടുള്ളത് എന്ന് അവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ വ്യക്തമാക്കണം. ആളുകള്‍ വായിച്ചേ തീരു എന്നു കരുതാവുന്ന ഒരു ലേഖനമെങ്കിലും ഇവരുടേതായിട്ടുണ്ടെങ്കില്‍ മെറിറ്റ് എന്ന വാദം അംഗീകരിക്കാം. എന്നാല്‍ അത്തരത്തിലുള്ള ഒന്നുമില്ല എന്നും നാം മനസിലാക്കേണ്ടതുണ്ട്.

അടിസ്ഥാന യോഗ്യത ഇല്ല എന്നു വ്യക്തമായിട്ടും അയാളുടെ നിയമനത്തിനു വേണ്ടി വാദിക്കുകയാണ് ഭരണകൂടവും ഭരിക്കുന്ന പാര്‍ട്ടിയും. സ്വജനപക്ഷപാതം നടക്കുന്നു എന്നു വ്യക്തമായിട്ടും ആ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണെന്നു വാദിക്കുന്നു.

2018 -ല്‍ മാത്രം പിഎച്ച്.ഡി പുര്‍ത്തിയായ ഒന്നാം റാങ്കുകാരിക്ക് എന്ത് ഗവേഷണ മാതൃകയാണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അസോസിയേറ്റ് പ്രൊഫസര്‍ എന്ന നിലയില്‍ വയ്ക്കാന്‍ കഴിയുക. രണ്ടാം റാങ്ക് നേടിയ ജോഫ് സ്‌കറിയയുടെ മാര്‍ഗനിര്‍ദേശത്തില്‍ മൂന്നു പിഎച്ച്.ഡി. പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. പ്രത്യക്ഷത്തില്‍തന്നെ ഇരവരും തമ്മില്‍ യോഗ്യതയുടെ കാര്യത്തില്‍ വലിയ അന്തരമുണ്ടെന്നു വ്യക്തം.

കേവലയുക്തികൊണ്ട് യഥാര്‍ത്ഥ യോഗ്യതയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് ഒരു ജോലിയുടെ മാത്രം പ്രശ്‌നമല്ല എന്നും നാം മനസിലാക്കണം. ഒരു പാര്‍ട്ടി എകാധിപത്യം എന്ന നിലയിലേക്കു വളരുന്നതിനു ശ്രമിക്കുമ്പോള്‍ നടത്തുന്ന ക്രമക്കേടുകളില്‍ ഒന്നു മാത്രമാണിത്.

യോഗ്യത ഇല്ലാത്ത ഒരാള്‍ക്കു യോഗ്യത ഉണ്ട് എന്നു വാദിക്കുകവഴി ഇതേ മാര്‍ഗത്തിലൂടെയുള്ള നിയമനങ്ങള്‍ ഇനിയും തുടരാനുള്ള മൗനാനുവാദമാണ് നല്‍കുന്നത്. സി.പി.എം. പോലുള്ള പാര്‍ട്ടിയില്‍ ചേര്‍ന്നു നിന്നാല്‍ മാത്രമേ ഇനി നിയമനങ്ങള്‍ ലഭിക്കൂ എന്നു തോന്നുന്ന യുവജനങ്ങളില്‍ ഒരു വലിയ വിഭാഗം കാര്യസാധ്യത്തിനായി സി.പി.എമ്മിലേക്ക് അടുക്കാന്‍ തുടങ്ങും.

ഇത് ജനാധിപത്യപരമായ ഭരണകൂടങ്ങളുടെ അവസാനത്തിലേക്കു നയിക്കും. ഏകാധിപത്യം വളരാന്‍ വഴിയൊരുങ്ങും. സ്വജനപക്ഷപാതത്തിലൂടെ നടത്തുന്ന നിയമനങ്ങളാണ് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ശരി എന്ന് അതിന്റെ അണികള്‍ സ്വാഭാവികമായി വിശ്വസിക്കും. അതിലെ ശരി-തെറ്റുകളെ അവര്‍ പരിഗണിക്കുകയില്ല.

അങ്ങനെ ഭരണവര്‍ഗപാര്‍ട്ടിയുടെ എല്ലാ തെറ്റുകള്‍ക്കും അണികള്‍ അംഗീകാരം നല്‍കും. അത് ഒരു അരാജകസമൂഹത്തിന്റെ സൃഷ്ടിയിലേക്കു നയിക്കും. അതുകൊണ്ടുതന്നെ കേവലം ഒരു ജോലിയുടെ പ്രശ്‌നമായി സമൂഹം ഈ പ്രശ്‌നത്തെ കാണുന്നില്ല. ഇതു ഭാവി സമൂഹത്തിനുവേണ്ടിയുള്ള വിവാദമാണ്. അത്രയെളുപ്പം ഒരു തീരുമാനെമടുക്കാന്‍ കഴിയാത്തതും അതുകൊണ്ടാണ്.

Advertisment