ഭാര്യ ഗർഭിണിയാവാത്ത വിഷമത്തിൽ കഴിയുന്ന ഭർത്താവും കുടുംബക്കാരും ഒരു മന്ത്രവാദിയെ കണ്ട് സങ്കടം പറഞ്ഞപ്പോൾ പ്രതിവിധി നിശ്ചയിച്ചത് ആരെയും ലജ്ജിപ്പിക്കുന്നതാണ് ! ദുർമന്ത്രവാദമെന്ന വിരോധാഭാസം...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാലം എത്രയോ മുന്നോട്ടു പോയി. ശാസ്ത്രവും നരവംശവും ഏറെ പുരോഗനപ്പെട്ടു. മനുഷ്യനും സാങ്കേതിക വിദ്യയും ഇഴപിരിയാബന്ധത്തിലുമായി. യുക്തിസഹമായ ചിന്തകൾക്കും ജീവനോപാധികൾക്കും മേലെ ഇന്നും മന്ത്രവാദവും അതിൻ്റെ പേരിലുള്ള ചികിത്സയും തുടർന്നുള്ള മരണവും മാനഹാനിയും ഇന്നും ഒരു തീരാശാപമായി നിൽക്കുന്നു.

മാസങ്ങൾക്ക് മുൻപാണ് കണ്ണൂരിൽ ഒരു പിഞ്ചു ബാലിക മന്ത്രവാദ ചികിത്സയുടെ ഇരയായി മാറിയത്. കേരളം അന്ധവിശ്വാസത്തിൻ്റെ പിടിയിലമർന്ന ആദ്യത്തെയോ അവസാനത്തെയൊ സംഭവമൊന്നുമല്ല.

എങ്കിലും വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവും മത- യുക്തി - രാഷ്ട്രീയ ബോധവുമുള്ളവരാണ് മലയാളികൾ എന്നാണ് പൊതുവെ പറയാറുള്ളത്. അത് ഏറെക്കുറെ ശരിയുമാണുതാനും. അന്ധവിശ്വാസങ്ങളുടെയും ആൾദൈവങ്ങളുടെയും വലയത്തിലാണെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. പക്ഷേ, ഇവരിലൂടെ മലയാളിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയൊന്നുമല്ല.

ഇത്തരം വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്ത് പ്രതികരണബോധം പോലും ഇല്ലാതാവുന്ന സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുറന്നുകാട്ടുന്ന ന്യൂനപക്ഷം പേരിലാണ് കേരളത്തിൻ്റെ പ്രതീക്ഷ. ഈ പ്രതീക്ഷ കെടാതെ സൂക്ഷിക്കേണ്ടത് യുക്തിസഹമായ ചിന്തകൾ കൈമോശം വരാത്തവരുടെ ബാധ്യതയും ഉത്തരവാദിത്വവുമാണ്.

ദൈവമുണ്ടോ ഇല്ലയോ എന്ന തർക്കങ്ങൾക്കപ്പുറം യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള ചർച്ചകളാണ് പുരോഗമനത്തിന് ശക്തി പകരുകയുള്ളൂ. യുക്തിവാദി പ്രസ്ഥാനത്തേക്കാൾ മത പ്രസ്ഥാനങ്ങൾ ദൈവ കല്പനകളെന്നോണം നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതും നാടിൻ്റെ നന്മയും സമ്പത്തും സംരക്ഷിക്കുന്നതുമാണ്.

മന്ത്രവാദത്തിൻ്റെ ഫലമായി ആഭിചാര ക്രിയകളും ജിന്ന് - പിശാച് -പ്രേത ചികിത്സകളും നാടിനെ അന്ധകാരത്തിലും ശാസ്ത്ര-സാങ്കേതിക ലോകത്തെ കൊഞ്ഞനം കുത്തുന്നതുമാണെന്ന് അറിയുന്നവർ തന്നെ ഏതെങ്കിലും പ്രയാസ ഘട്ടത്തിൽ ആശ്വാസം തേടി ഇവർക്കരികിലേക്ക് എത്തുന്നുവെന്നത് നഗ്നമായ സത്യമാണ്.

വിദ്യാഭ്യാസവും ഉന്നത ഉദ്യോഗവും സാമൂഹിക പദവികളും കൈകാര്യം ചെയ്യുന്നവർ ഉദ്ദിഷ്ട കാര്യത്തിന് ആൾദൈവങ്ങളുടെയും മന്ത്രവാദികളുടെയും കാൽക്കൽ വീഴുന്ന ചിത്രങ്ങളും വാർത്തകളും നാം കാണുന്നതുമാണ്.

യുക്തിപരമായും സാമൂഹികപരമായും യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രതിവിധികളാണ് മന്ത്രവാദികൾ പലപ്പോഴും നിർദ്ദേശിക്കാറുള്ളത്. ഭാര്യ ഗർഭിണിയാവാത്ത വിഷമത്തിൽ കഴിയുന്ന ഭർത്താവും കുടുംബക്കാരും ഒരു മന്ത്രവാദിയെ കണ്ട് സങ്കടം പറഞ്ഞപ്പോൾ പ്രതിവിധി നിശ്ചയിച്ചത് ആരെയും ലജ്ജിപ്പിക്കുന്നതാണ്.

ആളുകൾ നോക്കി നിൽക്കെ യുവതി കുളിക്കണം എന്ന്. മന്ത്രവാദിയെ അക്ഷരംപ്രതി അനുസരിച്ച ഭർത്താവിനും കുടുംബത്തിനെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്.

കേസിനാസ്പദമായ  സംഭവം ഇതാണ്; "വർഷങ്ങളായി ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. മന്ത്രവാദിയുടെ വാക്ക് കേട്ട് യുവതിയെ റഗാഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോവുകയും എല്ലാവരും നോക്കി നിൽക്കെ കുളിക്കാൻ നിർബന്ധിക്കുകയുമായിരുന്നു’.

ഗർഭധാരണത്തിന് വേണ്ടി മന്ത്രവാദി കൽപിച്ചത് പ്രകാരമാണ് ഇത്തരമൊരു വിചിത്ര ആചാരത്തിന് യുവതിയെ കുടുംബം നിർബന്ധിച്ചത്. ഏതായാലും ഐപിസി സെക്ഷൻ 498, നരബലി-ദുർമന്ത്രവാദം-മറ്റ് മനുഷ്യത്വ രഹിത ക്രിയകൾ എന്നിവയ്‌ക്കെതിരായ മഹാരാഷ്ട്ര പ്രിവൻഷൻ ആക്ട് 2013 എന്നിവ പ്രകാരമാണ് ഭർത്താവിനും കുടുംബത്തിനും മന്ത്രവാദിക്കുമെതിരെ പൊലീസ് കേസെടുത്തത്.

എങ്ങനെയുണ്ട് മന്ത്രവാദവും അതിനെ തുടർന്നുണ്ടായ പൊങ്കലാപ്പും. ഇതൊക്കെ അറിഞ്ഞ സംഭവം. അറിയാത്തത് എത്രയുണ്ടാവും. ശക്തമായ യുക്തിബോധവും ദൈവഭക്തിയും ഉള്ള സമൂഹത്തിനേ അന്ധവിശ്വാസവും അനാചാരവും മറ്റു ചൂഷണങ്ങളും ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂ. ഈയൊരു തിരിച്ചറിവാകട്ടെ, ഈ സായാഹ്നത്തിൽ എല്ലാ വായനക്കാർക്കുമെന്ന് പ്രത്യാശിക്കുന്നു. ജയ് ഹിന്ദ്!

Advertisment