/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
നമ്പി നാരായണനെ നശിപ്പിച്ചവർക്ക് ഇനിയും പക തീരാത്തത് എന്തുകൊണ്ട് ? സംഭവിക്കാത്ത ഒരു കാര്യം. നടക്കാത്ത ഒരു ഗൂഢാലോചന. അതിന്റെ പേരിൽ കള്ളക്കേസ്സെടുത്ത് പോലീസും മാധ്യമങ്ങളും ചേർന്ന് ഭാവനയിൽ സൃഷ്ടിച്ചെടുത്ത ഒരു ചാരക്കഥ അവസാനം ചാരമായി മാറി.
ലോകം ആദരിക്കേണ്ട ഒരു ശാസ്ത്രജ്ഞനായി തീരേണ്ടിയിരുന്ന ഒരു ഹതഭാഗ്യനായ മനുഷ്യന്റെ ജീവിതം, കരിയർ, കുടുംബം ഇതെല്ലാം നശിപ്പിച്ചു.
സമൂഹത്തിന്റെ ദൃഷ്ടിയിൽ രാജ്യത്തെ ഒറ്റുകൊടുത്ത ചാരനായി അദ്ദേഹം മാറി. സർക്കാരിന്റെ ശമ്പളം പറ്റുന്ന ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻമാരും ആർക്കോ വേണ്ടി ഇതിൽ ഈ മനുഷ്യനെ ബലിയാടാക്കി.
മാലിയിൽ നിന്ന് ടൂറിസ്റ്റുകളായി വന്ന രണ്ട് വിദേശ വനിതകളിൽ സുന്ദരിയായ സ്ത്രീ ചില നികൃഷ്ടൻമാരായ പോലീസ് ഉദ്യോഗസ്ഥർക്ക് വഴിപ്പെട്ടില്ല എന്നതാണ് കേസിനാസ്പദമായ വസ്തുത.
പ്രസ്തുത സ്ത്രീകളെ ഐ.എസ്.ആർ.ഒയിലെ ചില ശാസ്ത്രജ്ഞൻമാരുമായി കോർത്തിണക്കി ആണ് ഭാവനയിൽ ആ കഥ വിടരുന്നത്.
അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ താഴെയിറക്കാൻ കോൺഗ്രസിലെ പ്രമുഖ ഗ്രൂപ്പും കേരളത്തിലെ പ്രമുഖ പത്രവും രംഗത്തിറങ്ങി.
അതോടൊപ്പം ഗ്രൂപ്പിന് വേണ്ടപ്പെട്ട മിടുക്കനെന്ന് എല്ലാവരും കരുതിയിരുന്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും രംഗത്തിറങ്ങിയതോടെ ചാരസുന്ദരിയുടെ കഥ ചൂടപ്പം പോലെ വിറ്റു.
അന്നത്തെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ രമൺ ശ്രീവാസ്തവ കരുണാകരന്റെ ആളായിരുന്നു. ഇതായിരുന്നു കരുണാകരനെതിരെയുണ്ടായ ആരോപണം. എന്തായാലും കരുണാകരന് രാജി വയ്ക്കേണ്ടി വന്നു.
തീ ആളിക്കത്തിച്ച മറ്റൊരു വ്യക്തിയാണ് അന്ന് ബാംഗ്ലൂരിൽ ഐ.ബി. ഉദ്യോഗസ്ഥനായിരുന്ന ശ്രീകുമാർ. ഇന്നദ്ദേഹം ജയിലിലാണ്. നരേന്ദ്ര മോദിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി എന്ന സുപ്രീം കോടതി നിരീക്ഷണത്തെത്തുടർന്നാണിത്. കാലം കാത്ത് വച്ച കാവ്യനീതി നോക്കൂ.
തുടർന്ന് ശക്തമായ നിയമ പോരാട്ടത്തിലൂടെ നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ കുറ്റവിമുക്തനാക്കപ്പെട്ടു. ചാരക്കേസ് ചാരമായിത്തീർന്നു. അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാൻ നീതി പീഠം ഉത്തരവിട്ടു.
അന്ന് ഡിവിഷൻ തലവൻ ആയിരുന്ന കസ്തൂരിരംഗൻ മനസ്സിരുത്തി കാര്യം പഠിച്ചിരുന്നെങ്കിൽ ഈ കേസ് തന്നെ ഉണ്ടാകുമായിരുന്നില്ല എന്ന് പിന്നീട് കോടതി നിരീക്ഷിച്ചു. നല്ലതുക നഷ്ടപരിഹാരമായി നമ്പി നാരായണന് ലഭിച്ചതോടെ ശത്രുക്കൾ വീണ്ടും ഉണർന്നു.
അപ്പോഴാണ് റോക്കടി എന്ന മാധവന്റെ സിനിമ ഇറങ്ങിയത്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ഈ സിനിമയ്ക്കെതിരെ ശാസ്ത്രജ്ഞരായ മുത്തു നായകവും ശശികുമാറും രംഗത്ത് വന്നിരിക്കുകയാണ്.
സിനിമയിൽ പറയുന്നതിന് വാസ്തവവുമായി ബന്ധമില്ല എന്നാണ് അവരുടെ വാദം. സിനിമയിൽ പറയുന്ന കഥ സത്യമാകണമെന്ന് ഒരു നിർബന്ധവുമില്ല. നമ്പി നാരായണൻ പീഡിപ്പിക്കപ്പെട്ടപ്പോൾ കൈകൊട്ടി ചിരിച്ച മുത്തു നായകം രാജീവ് ഗാന്ധി സെന്റർ ഓഫ് ബയോ ടെക്നോളജിയിൽ ഡയറക്ടർ ആയി ഇരുന്നപ്പോഴത്തെ നാറിയ കഥകൾ പുറത്ത് വരാൻ ഇരിക്കുന്നതേയുള്ളൂ.
പത്മശ്രീ നൽകി രാജ്യം ആദരിച്ച ഒരു മഹാനായ ശാസ്ത്രജ്ഞനെ കൊത്തി നുറുക്കിയത് പോരേ ഈ കാപാലികർക്ക് ?