/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കാലോചിതമായ മാറ്റങ്ങൾ ജന സമൂഹത്തിന്റെ ആവശ്യമാണ്. പ്രാചീന മനുഷ്യൻ ആധുനികമനുഷ്യനായി രൂപാന്തരം പ്രാപിച്ചത് ഒരു പരിണാമ പ്രതിഭാസത്തിന്റെ നൈരന്തര്യത്തിലൂടെയാണ്. ലോകത്തിന്റെ പല ഭാഗത്തും പല സംസ്ക്കാരങ്ങൾ രൂപപ്പെടുകയും കാലാന്തരത്തിൽ അത് ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.
സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെടുകയും പിന്നീട് ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഒരു ത്വര അല്ലെങ്കിൽ അഭിവാഞ്ച മനുഷ്യന്റെ കൂടെപ്പിറപ്പാണ്.
സാമ്രാജ്യങ്ങൾ പലതും തകർന്നത് യുദ്ധങ്ങളിലൂടെയാണ്. യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും എല്ലാം തരണം ചെയ്താണ് ആധുനിക ലോകത്തിൽ മനുഷ്യൻ എത്തി നിൽക്കുന്നത്.
ഇന്ന് അവന് ശാസ്ത്രം സഹായത്തിനുണ്ട്. സൃഷ്ടിക്കുവാനാണെങ്കിലും സംഹരിക്കുവാൻ ആണെങ്കിലും അവൻ ശാസ്ത്രത്തെ ഉപയോഗിക്കുന്നു.
ലോക ചരിത്രത്തിൽ നവോത്ഥാനകാലഘട്ടത്തിന് വലിയ പ്രാധാന്യമുണ്ട്. റഷ്യൻ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും വ്യവസായവിപ്ലവവും മനുഷ്യ ജീവിതത്തെ മാറ്റിമറിച്ചു. കമ്മ്യൂണിസം എന്ന പ്രത്യയ ശാസ്ത്രം പൊതുവെ അംഗീകരിക്കപ്പെട്ടു.
തുടർന്ന് നവോത്ഥാനത്തിന്റെ പിതൃത്വം തങ്ങളുടേതാക്കി മാറ്റി കമ്മ്യൂണിസ്റ്റുകാർ. അപ്പോഴും യാഥാസ്ഥിതിക മനോഭാവത്തിന് കാതലായ മാറ്റങ്ങൾ സംഭവിച്ചില്ല. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോകയുദ്ധവും മനുഷ്യരാശിക്ക് ഉണ്ടാക്കിയ ഭൗതികവും അല്ലാത്തതുമായ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.
അമേരിക്കയും ഇന്ത്യയും ലോകത്തിലെ രണ്ട് ജനാധിപത്യ ശക്തികളായി വളർന്നു. സോവിയറ്റ് യൂണിയൻ വിഭജിക്കപ്പെട്ടു. ചൈനയിൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം തുടർക്കഥയായി. ലോകത്ത് മുസ്ലീം തീവ്രവാദം ശക്തിപ്പെട്ടു.
വിയറ്റ്നാമിൽ കൈ പൊള്ളിയ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും തടിയൂരി രക്ഷപ്പെട്ടു.
ഇന്റർനെറ്റ് അദ്ഭുത വിദ്യയിലൂടെ ലോകം വിരൽത്തുമ്പിലായി. കംപ്യൂട്ടർ നിത്യജീവിതത്തിന്റെ ഭാഗമായി. ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന സംഭവ വികാസങ്ങൾ അപ്പപ്പോൾ നമ്മൾ അറിയുന്നു.
ഈ ഒരു പശ്ചാത്തലത്തിൽ വേണം മറ്റൊരു നവോത്ഥാനത്തിന് വിത്തിടാൻ നടക്കുന്ന ചില കിണറ്റിലെ തവളകളെ കാണാൻ കഴിയുന്നത്. ഏത് നവോത്ഥാനവും സൃഷ്ടിക്കപ്പെടുന്നത് വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണ്.
നമുക്ക് കേരളത്തിലേക്ക് വരാം. കേരളത്തിൽ അടിസഥാന വിദ്യാഭ്യാസത്തിന്റേയും ഉന്നത വിദ്യാഭ്യാസത്തിന്റേയും വിത്തിട്ടത് ക്രിസ്റ്റ്യൻ മിഷണറിമാരാണ്.
ഇന്നും കേരളത്തിലെ പ്രശസ്തമായ , ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നത് ക്രൈസ്തവ മാനേജ്മെന്റുകളാണ്. ഇതൊന്നും നിഷേധിച്ചിട്ട് കാര്യമില്ല. പിന്നീടാണ് എൻ.എസ്.എസ്, എസ്.എൻ.ഡി.പി, എം.ഇ.എസ് എന്നീ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ രംഗത്തേക്ക് വന്നത്.
നമുക്ക് ഉന്നത ശീർഷരായ നവോത്ഥാന നായകൻമാർ ഉണ്ടായിരുന്നു. അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, ശ്രീ നാരായണഗുരു എന്നിവർ അതിന്റെ മുൻ നിര നായകരാണ്. മനുഷ്യ സ്നേഹത്തിന്റെ പാഠം പഠിപ്പിച്ച ഇവർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇതൊന്നും അറിയാത്ത ചില കിണറ്റിലെ തവളകൾ പുതിയ നവോത്ഥാന നായകരായി അരങ്ങ് വാഴുന്ന കാഴ്ചയാണ് നാം കാണുന്നത്.
രാഷ്ട്ര പിതാവ് മഹാത്മജി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായിരുന്നു. എന്നാൽ ഗാന്ധിജി വിശ്വാസത്തേയും മതപരമായ ആചാരങ്ങളേയും ആദരിച്ചിരുന്നു. എന്നാൽ ആധുനികനവോത്ഥാന നായകർ എങ്ങിനേയും നവോത്ഥാനം നടപ്പാക്കിയേ തീരു എന്ന വാശിയിലാണ്.
ആദ്യം കൈവച്ചത് ശബരിമലയിലാണ്. ആചാര ലംഘനത്തിലൂടെ നവോത്ഥാനം കൊണ്ടുവരാമെന്ന് കരുതി. അതിനായി വനിതാ മതിൽ നിർമ്മിച്ചു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ മതിലിൽ തട്ടി നവോത്ഥാനത്തിന്റെ രഥം തകർന്ന് പോയി.
ഏറ്റവും അവസാനമായി നവോത്ഥാനം കൊണ്ടു വന്നത് പുതിയ പാഠ്യപദ്ധതിയിലൂടെയാണ്. പാഠ്യപദ്ധതി എന്നത് കൊണ്ട് സിലബസ് എന്ന് തെറ്റിദ്ധരിക്കണ്ട . സിലബസിന് പുറത്തുള്ള കാര്യങ്ങളാണ്.
പെൺകുട്ടികളെ പാന്റ്സ് ധരിപ്പിക്കുക, ക്ലാസുകളിൽ ഇടകലർത്തി ആൺകുട്ടികളേയും പെൺകുട്ടികളേയും ഇരുത്തുക ഇതെല്ലാമാണ് ആധുനിക നവോത്ഥാനത്തിൽ എത്തിച്ചേരാനുള്ള വഴികൾ.
ഒരു പാഠ്യപദ്ധതിയിലും നവോത്ഥാന നായകരെപ്പറ്റി യോ അവരുടെ സംഭാവനകളെപ്പറ്റിയോ പരാമർശമില്ല. വസ്ത്രധാരണത്തിലൂടെ നവോത്ഥാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന ഈ തവളകളെ പുച്ഛിക്കുകയല്ലാതെ എന്താണ് വേണ്ടത് ?
അവസാനം മതിലിൽ തട്ടി തകർന്നതുപോലെ ചില യാഥാസ്ഥിതിക മതിലുകളിൽ തട്ടി ഇതും തകർന്നു. ഒന്നുകിൽ ആലോചിച്ച് നടപ്പാക്കണം. തീരുമാനിച്ചാൽ നടപ്പാക്കാനുള്ള ആർജവം കാണിക്കണം. അല്ലെങ്കിൽ ഭരണകൂടങ്ങൾ ഇത്തരത്തിൽ പരിഹാസ്യരാകും.
കെ - റയിൽ പാളം തെറ്റിയതുപോലെ നവോത്ഥാനവും പാളം തെറ്റിയിരിക്കുന്നു. ഇനി ഏത് രൂപത്തിൽ ആയിരിക്കുമോ നവോത്ഥാനം ?