ടി.ആർ. അജയൻ രചിച്ച ഓർമ്മ പുസ്തകം 'ഓർമ്മകൾക്കെന്തു സുഗന്ധം' ആത്മാർത്ഥതയുടെ ആഖ്യാന സുഗന്ധം... (പുസ്തക നിരൂപണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

എഴുപത്തിയഞ്ചു വർഷത്തിലധികമായി നടന്നു തീർത്ത ജീവിത പാതയിലെ സന്ദർഭങ്ങളെ കോറിയിടുമ്പോൾ ആത്മാർത്ഥതയുടെ ജ്വലനം പ്രകടമാകുന്ന വെങ്കിൽ ഓർമ്മകൾ സുഗന്ധ പൂരിതമായി വായനക്കാർക്ക് അനുഭവപ്പെടും.

ടി.ആർ. അജയൻ രചിച്ച ഓർമ്മ പുസ്തകം 'ഓർമ്മകൾക്കെന്തു സുഗന്ധം' വായനയെ ഏകാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോകുന്നത് അതിലെ ലളിത സുന്ദരമായ ഭാഷാ ശൈലിയും അതിലുപരി ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ വായിച്ചറിയുവാനുള്ള ജിജ്ഞാസയുമായിരിക്കും.

434 പേജുണ്ട് പുസ്തകത്തിന്.ഒരു മനുഷ്യായുസ്സിൽ താൻ ഇടപെട്ട സന്ദർഭങ്ങളെ അതിശയോക്തി കലർത്താതെ,ഞാൻ എന്ന ഭാവം വേണ്ടിടത്തു പോലും പ്രകടമാകാതെ സുന്ദരവും എന്നാൽ ലളിതവുമായ ഭാഷയിൽ രേഖപ്പെടുത്തുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

ആദ്യ 139 പേജുകളിൽ തന്റെ ബാല്യവും,കുടുംബ ബന്ധങ്ങളും, ഗ്രാമവും,വിദ്യാഭ്യാസ കാലവും, പ്രേമവും വിവാഹവുമൊക്കെയാണ് പ്രതിപാദ്യം.ഒരു കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകന്റെ ആർജ്ജവും. സ്ഥൈര്യവും,മാതൃകയുമാണ് അദ്ദേഹത്തിന് പിതാവ്. വാത്സല്യത്തിന്റെയും സഹനത്തിന്റെയും പര്യായമായിരുന്നു മാതാവ്.

മാർഗദർശിയായി,പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്തു പകർന്ന ജേഷ്ഠനെയും,ഒന്നിച്ചു താങ്ങായി കൂട്ടുനിന്ന സഹധർമ്മിണിയെയും, പ്രതീക്ഷക്കപ്പുറം വളർന്ന മക്കളെയും പേരമക്കളെയും, സ്നേഹ സമ്പന്നരായ മറ്റു സഹോദരങ്ങളെയും, കുടുംബാംഗങ്ങളെയുമൊക്കെ ഈ ഭാഗത്ത് അടയാളപ്പെടുത്തുകയാണ്.

ബന്ധങ്ങളുടെ ഇഴയടുപ്പം വരച്ചിടാൻ അദ്ദേഹത്തിന്റെ ഭാഷക്ക് കാന്തിക ശക്തിയുള്ളതായി അനുഭവപ്പെടുന്നു. അമിതാവേശ പ്രകടപരതയില്ലാതെ സന്തോഷത്തെയും വൈകാരികതയുടെ ആധിക്യത്തിലല്ലാതെ ദുഖത്തെയും കോറിയിടുന്നത് വായന സുഖം നല്കുന്നുണ്ട്.

അടുത്ത 297 പുറങ്ങളിൽ തന്റെ സാമൂഹിക ഇടപെടലുകളുടെ വിവരണങ്ങളാണ്.ഇതിൽ തന്റെ പ്രവൃത്തി മേഖലയിലെ (പൊതുമരാമത്തു വകുപ്പിലെ എഞ്ചിനീയർ എന്ന നിലയിൽ ) നാൾവഴി മറ്റൊരു പുസ്തകമായി നേരത്തെ വന്നിരുന്നു എന്നതു കൂടി പരിഗണിക്കുമ്പോൾ ഒരു വ്യക്തിക്ക് എങ്ങനെയിത്ര ബഹുമുഖ സപര്യകളിൽ സമയം കണ്ടെത്തുവാൻ കഴിയുന്നുവെന്നത് നമ്മെ അതിശയപ്പെടുത്തുന്നുണ്ട്.

എത്രയോ അതി ഗംഭീരമായ ഇവന്റുകളുടെ സംഘാടകനെന്ന നിലയിൽ പാലക്കാട്ടുകാർക്ക് ടി.ആർ. അജയൻ സുപരിചിതനാണ്.മറവി ആഭരണമായി കൊണ്ടു നടക്കുന്ന സത്യാനന്തര കാലത്ത് തന്നോടൊത്തു ചേർന്നു പ്രവർത്തിച്ച എല്ലാ വ്യക്‌തികളെയും മറക്കാതെ പ്രതിപാദിക്കുന്നതിലുള്ള രചയിതാവിന്റെ കഴിവ് അനിതരസാധാരണമാണ്. ആത്മാർത്ഥമായ ഇടപെടലുകളുടെ പ്രതിഫലനമാകും ഇതിന് കാരണം.

പാലക്കാടിന്റെ കലാ-സാംസ്കാരിക-കായിക ചരിത്രത്തിന്റെ രേഖപ്പെടുത്തലുണ്ട് ഈ കൃതിയിൽ.സത്യസന്ധമായി അതു രേഖപ്പെടുത്താനായി എന്നതാണ് മേന്മ.പുസ്തകത്തിന്റെ ആദ്യ പുറത്തിൽ പ്രസാധകൻ പ്രതാപൻ തായാട്ട് പറയുന്നതു പോലെ അടയാഭരണങ്ങളില്ലാത്ത ഭാഷയിൽ മനുഷ്യനോട് ഹൃദയപൂർവ്വം സംവദിക്കുന്ന ശൈലിയിൽ തന്നെയാണ് രചന.

പ്രായം എഴുപത്തിയഞ്ചു പിന്നിട്ടിട്ടും ഒപ്പം നില്കുന്ന ഓർമ്മശക്തിയും കാര്യക്ഷമതയും അതിശയകരമാണ്. ഭക്ഷണത്തിന്റെ വലിയൊരു പങ്ക് മരുന്നുകളാകുന്ന കാലത്താണ് ഈ അതിശയം. അതു തന്നെയാണ് ടി.ആർ. അജയനെന്ന വ്യക്തിയെ വേറിട്ട മനുഷ്യനാക്കുന്നത് എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഈ ഓർമ്മ കുറിപ്പിൽ രേഖപ്പെടുത്തിയ ഒരോ സന്ദർഭാഖ്യാനങ്ങളും.

എവിടെയും താൻ പോരിമ ഒരു ചെറിയ അംശം പോലും പ്രകടമാകുന്നില്ല.ഓരോ വ്യക്തിയുടെയും കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന് വളർത്തി മുന്നോട്ടു കൊണ്ടുപോകാനുള്ള ആ മാന്ത്രികത അദ്ദേഹത്തിന്റെ ശൈലിയാണ്. തന്നോടൊപ്പമുള്ളവർക്ക് താങ്ങും തണലുമായി നിൽകുമ്പോഴും, അധികാര കേന്ദ്രങ്ങളിൽ ഇടപെടാൻ നിരവധി സാധ്യതകളുണ്ടായിട്ടും തന്റെ വ്യക്തിപരമായ ഒരു കാര്യത്തിനും അത് ഉപയോഗിച്ചിരുന്നില്ല എന്നത് എടുത്തു പറയാതിരിക്കാനാവില്ല.

രാഷട്രീയ-സാഹിത്യ സാംസ്കാരിക മേഖലയിൽ പ്രമാണിക സ്ഥാനമുള്ള നിരവധി വ്യക്തിത്വങ്ങളെ അടുത്തറിയാമായിരുന്നിട്ടും, അവരിലാരെങ്കിലും രചിച്ച ആമുഖ കുറിപ്പ് ഈ ഗ്രന്ഥത്തിൽ ചേർക്കാതിരുന്നത് എന്തുകൊണ്ടാണെന്നറിയുന്നില്ല. തന്റെ കർമ്മ പഥത്തിലെ ചില അപൂർവ ചിത്രങ്ങളും ഇതിൽ ഉൾപെടുത്താമായിരുന്നു. ആദ്യ ഭാഗങ്ങളിൽ ചിലയിടത്തെങ്കിലും ചില കാര്യങ്ങൾ ആവർത്തിച്ചു പ്രതിപാദിക്കപ്പെടുന്നുണ്ട് എന്നു കാണുന്നു. ഇതൊഴിച്ചു നിർത്തിയാൽ മറ്റൊന്നും എന്റെ വിമർശന കണ്ണിൽ പെടുന്നില്ല.

വായന അവസാനിപ്പിച്ചപ്പോൾ പാലക്കാടിന് ഒരു കാലത്തെ സാംസ്കാരിക ചരിത്ര രേഖപ്പെടുത്തലുണ്ടായി എന്നായിരുന്നു ആദ്യ തോന്നൽ. എന്നാൽ അതിലപ്പുറം മാതൃകാപരമായ ഒരു സാമൂഹ്യ ജീവിതവും കുടുംബ ജീവിതവും എങ്ങനെ കെട്ടിപടുക്കണം എന്നതിന് വഴികാട്ടിയാകുന്ന ഒന്നാണിതെന്ന് കരുതുന്നു. എല്ലാറ്റിനുമുപരി സരളവും ലളിതവും ആത്മാർത്ഥവുമായ ആഖ്യാനശൈലി ഈ പുസ്തകത്തിന് വേറിട്ട സുഗന്ധമേകുന്നുണ്ട് എന്നു പറയാതെ വയ്യ.

(രാഷട്രീയ-സാഹിത്യ സാംസ്കാരിക മേഖലയിൽ പാലക്കാടിനെ നയിക്കുന്ന പൊതു സ്വീകാര്യനാണ് ടി.ആർ അജയൻ)

Advertisment