/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യഭിചരിച്ച് സി.പി.എം - കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യ തകർച്ചയും അപചയവുമാണ് എല്ലാ ദിവസവും ചർച്ച ചെയ്യപ്പെടുന്നത്. പ്രിയ വർഗീസ് എന്ന ഒറ്റ വ്യക്തിക്ക് വേണ്ടിയുള്ള വഴി വിട്ട നീക്കങ്ങൾ സി.പി.എമ്മിന്റേയും സർക്കാരിന്റേയും മുഖം വികൃതമാക്കിക്കൊണ്ടിരിക്കുന്നു.
ഇത് പുത്തരിയൊന്നുമല്ല. സി.പി.എം എന്നെല്ലാം അധികാരത്തിൽ വന്നിട്ടുണ്ടോ അന്നെല്ലാം പാർട്ടിക്കാരെ പറ്റാവുന്നിടത്തെല്ലാം അവർ തിരുകി കയറ്റും. അതിനുള്ള ഏക യോഗ്യത സി.പി.എം. കാർ ആകണം എന്നത് മാത്രമാണ്.
ഇത് എല്ലാ സി.പി.എം കാർക്കും ലഭിക്കില്ല. പ്രിയ വർഗീസ് ഒന്നാം റാങ്കിലെത്തിയ ലിസ്റ്റിൽ രണ്ടാം റാങ്കിൽ എത്തിയ ജേക്കബ് സക്കറിയ എന്ന അധ്യാപകൻ മാർക്സിസ്റ്റ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ അംഗമാണ്. ഇതെല്ലാം കൃത്യമായി പുറത്തറിയാനും ചർച്ചയാകാനും കാരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എടുത്ത ശക്തമായ ധാർമ്മിക നിലപാടാണ്.
പ്രിയ വർഗീസിന്റെ ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്ന് കരുതരുത്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്. എം.ജി. സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സിലെ അസി. പ്രഫസർ നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കുകയും രണ്ടാം റാങ്കുകാരിയെ നിയമിക്കുവാൻ ഉത്തരവിടുകയും ചെയ്തു.
കേരള സർവകലാശാലയിൽ നടന്ന ഒരു ചതിയുടെ കഥ ഇതാണ്. വിവിധ പഠന വകുപ്പുകളിൽ അസി. പ്രഫസർ , അസോ. പ്രഫസർ തസ്തികകൾക്ക് വേണ്ടി വിജ്ഞാപനം ഇറക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.
ചില വകുപ്പുകളിൽ പട്ടികജാതി സംവരണ സീറ്റുകളും മറ്റ് ചില വകുപ്പുകളിൽ മുസ്ലീം സംവരണ തസ്തികകളും മറ്റ് ചില വകുപ്പുകളിൽ ഒബിസി തസ്തികകളും ചില വകുപ്പുകളിൽ മെറിറ്റ് തസ്തികകളും ആണ് ഉണ്ടായിരുന്നത്. സ്വന്തം പാർട്ടിക്കാരെ കയറ്റാൻ വേണ്ടി മൊത്തം തസ്തികകളും ഒരു യൂണിറ്റായി പൂൾ ചെയ്തു.
സംവരണ സീറ്റുകളും മെറിറ്റ് സീറ്റുകളും തമ്മിൽ വച്ച് മാറി എല്ലാ വകുപ്പുകളിലും പാർട്ടിക്കാരെ കയറ്റി. ഉദാഹരണത്തിന് മലയാള വകുപ്പിൽ പട്ടിക ജാതി സംവരണ തസ്തികക്ക് പാർട്ടി ഉദ്യോഗാർത്ഥി ഉണ്ടെങ്കിൽ സോഷ്യോളജി വകുപ്പിലെ പട്ടിക ജാതി സംവരണ തസ്തിക മലയാളത്തിലേക്ക് മാറ്റി ഈ വ്യക്തിയ അവിടെ നിയമിക്കും.
പകരം മറ്റൊരു വകുപ്പിൽ മുസ്ലീം സംവരണ തസ്തികക്ക് ആളുണ്ടെങ്കിൽ ഈ സംവരണ സീറ്റ് അങ്ങോട്ട് മാറ്റും. അതായത് യഥാർത്ഥത്തിൽ അർഹതപ്പെട്ട എല്ലാവരേയും തഴഞ്ഞ് പാർട്ടിക്കാരെ മാത്രം നിയമിച്ച ക്രൂരമായ നടപടി നടത്തിയത് കേരള സർവകലാശാലയാണ്. ഇതിപ്പോൾ കോടതിയിൽ ആണ്.
നിയമങ്ങൾ വളച്ചൊടിക്കാനും തങ്ങൾക്കനുകൂലമാക്കാനും സി.പി.എമ്മുകാർവിരുതന്മാരാണ്. ഇതിനായി തങ്ങളുടെ ആജ്ഞാനുവർത്തികളായ വിസിമാരെ ഇവർ നിയമിക്കുകയും അവരെക്കൊണ്ട് അനധികൃത നിയമനം നടത്തിക്കുകയും ചെയ്യും.
ഇത്തരം നിയമനങ്ങൾ തുടർച്ചയായി നടത്തി കേരളത്തിലെ സർവകലാശാലകൾ പാർട്ടി ബ്രാഞ്ചുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഒരു സർവകലാശാലയിലും ഗവേഷണം നടക്കുന്നില്ല. എല്ലായിടത്തും പാർട്ടി പ്രവർത്തനം മാത്രമാണ് നടക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഗോപിനാഥ് രവീന്ദ്രന് തുടർ നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള നിർബ്ബന്ധത്തിന് വഴങ്ങിയാണ് എന്ന് ഇതിനോടകം ഗവർണർ പറഞ്ഞു കഴിഞ്ഞു. ഇത് കേരളത്തെ നശിപ്പിക്കും.
ഉന്നത വിദ്യാഭ്യാസമുള്ള ഒരാൾക്കും ഇവിടെ ജോലി സാധ്യതയില്ല. അല്ലെങ്കിൽ സിപിഎമ്മുകാർ ആവണം. ഗവർണറെ ഭരണഘടന പഠിപ്പിക്കാനാണ് ഇ.പി. ജയരാജനും മന്ത്രി രാജീവും ശ്രമിക്കുന്നത്.
അതൊന്നും അദ്ദേഹത്തിന്റെ മുമ്പിൽ നടപ്പാകുമെന്ന് തോന്നുന്നില്ല. ഭരണവും സർക്കാറും തങ്ങളുടേതാണെന്ന സത്യം സി പി എം മറക്കുന്നു. ഗവർണറെ തോൽപിക്കുക എന്ന അജണ്ട മാത്രമാണ് ഉള്ളത്. കേരളത്തിലെ ഭരണം കേരളീയർക്കുള്ളതല്ല. സി.പി.എം കാർക്കുള്ളതാണ്.
സി.പി.എം. ഭരണത്തിൽ വരുമ്പോൾ പൊതു വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് മന്ത്രിയോ ഉദ്യോഗസ്ഥരോ അല്ല മറിച്ച് ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി.എ ആണ്.
സർവകലാശാലകൾ ഭരിക്കുന്നത് എ.കെ.പി.സി.ടി.എ യും എ.കെ.ജി.സി.ടി.യും. ഇവരെ നിലക്ക് നിർത്താതെ വിദ്യാഭ്യാസ രംഗം നന്നാവില്ല. ട്രാൻസ്ഫർ മുതൽ പാഠപുസ്തക പരിഷ്ക്കാരം വരെ നടത്തുന്നത് ഇവരാണ്.