/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കേരള നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതിബില്ലിന്‍റെ ചര്‍ച്ചക്കിടയില്‍ മുന്‍മന്ത്രിയും
എം.എല്‍.എ.യുമായ കെ.കെ. ശൈലജ ടീച്ചറിന്‍റെ ആത്മഗതമായിരുന്നു "ഇയാള് നമ്മളെ
കൊയപ്പത്തിലാക്കുമോ" എന്നത്. മൈക്ക് ഓണ്‍ ആയിരുന്നതിനാല്‍ ഈ പരാമര്‍ശം സഭയില്‍
കേള്‍ക്കുകയും ചെയ്തു. സഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു ശൈലജ ടീച്ചര്‍.
ലോകായുക്തവിധിയുടെ പേരില്‍ മുന്‍പു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന കെ.ടി. ജലീല്‍ അതിനിടെ സംസാരിക്കാന്‍ എഴുന്നേറ്റു. ടീച്ചറുടെ പ്രസംഗത്തില്‍ ഇടപെട്ട് സംസാരിക്കാന്‍ ജലീല്‍ അവരോട് അനുവാദം ചോദിച്ചു. ടീച്ചര്‍ സമ്മതിച്ചു. എന്നിട്ട് ജലീലിന് സംസാരിക്കാന്‍ വേണ്ടി ടീച്ചര്‍ ഇരിക്കുന്നവേളയിലാണ് "ഇയാള് നമ്മെ കൊയപ്പത്തിലാക്കുമോ" എന്ന ആത്മഗതം അല്പം ഉച്ചത്തില്‍ പറഞ്ഞുപോയത്.
പരാമര്‍ശം വിവാദമായപ്പോള്‍ ജലീലിനെ ഉദ്ദേശിച്ചല്ല, താന്‍ പറഞ്ഞതെന്നും അനുവാദം
നല്‍കിയ അംഗത്തിന് അനുവദിച്ച സമയത്തില്‍ നിന്ന് രണ്ടാമത്തെയാള്‍ സംസാരിക്കുന്ന സമയം
കുറയ്ക്കുമെന്ന ആശങ്കയിലാണെന്നും ടീച്ചര്‍ വിശദീകരിച്ചു.
"തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല്ല; വിശ്വസിക്കാം. 101 ശതമാനം" എന്ന് ഫെയ്സ്
ബുക്കില്‍ പിന്നീട് മുന്‍മന്ത്രി കെ.ടി.ജലീല്‍ കുറിച്ചു. കെ.കെ. ശൈലജ ടീച്ചറിന്‍റെ പേരെടുത്ത്
പറയാതെയായിരുന്നു കുറിപ്പ്. പലരുടെയും പ്രസംഗത്തിലെ ചില നാക്കുപിഴകള്‍ കൂടെ
നില്‍ക്കുന്നവര്‍ക്ക്പോലും ആപത്ത് വരുത്തുമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ആത്മഗതങ്ങള്‍ ഉണ്ടാകുന്നത്.
ടീച്ചര്‍ മാത്രമല്ല, പലരും പലപ്പോഴും പറയേണ്ടിവന്നിട്ടുള്ള ആത്മഗതമാണിത്. ചിലരുടെ നാക്കുപിഴകള്‍ സ്വന്തം പ്രസ്ഥാനത്തിനുമാത്രമല്ല മുന്നണിക്കാകെ തിരിച്ചടികള്‍ സമ്മാനിച്ചിട്ടുണ്ട്. കെ.ടി. ജലീലിന് തന്നെ തന്‍റെ വാക്കുകള്‍ പലപ്പോഴും തിരുത്തേണ്ടതായും വിശദീകരണം നല്‍കേണ്ടതായും വന്നിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തില്‍ നിന്ന് വരാത്തതുകൊണ്ടാവാം ഇത്തരം ശൈലിയെന്ന് കെ.ടി ജലീല്‍ തന്നെ വിശദീകരിച്ചിട്ടുമുണ്ട്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണെന്ന ചിന്ത ഇത്തരം ആത്മഗതങ്ങളുടെ അന്തര്‍ധാരയായി നമുക്ക് സ്വീകരിക്കാം.
അര്‍ത്ഥശങ്ക തോന്നാത്തതും ഉചിതവുമായ വാക്കുകള്‍ ശീലിച്ചാല്‍ അപകടത്തില്‍ ചെന്ന് ചാടാതെ രക്ഷപ്പെടാനാകും. വാക്കുകള്‍കൊണ്ട് മാജിക് കാട്ടുന്നവര്‍ക്കുപോലും ആവേശത്തള്ളലില്‍ ചില നാക്കുപിഴകള്‍ സംഭവിച്ചുപോകാറുണ്ട്.
ജനത്തിന്‍റെ കയ്യടിയില്‍, സമനില മറന്ന് "വായില്‍തോന്നിയത് കോതക്ക്പാട്ട്" എന്ന ശൈലിയില്‍ പറഞ്ഞുപോകുമ്പോഴാണ് അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത്. വഹിക്കുന്ന പദവി, സ്ഥാനത്തിന്‍റെ
വലുപ്പം, സമൂഹത്തിന്‍റെ അന്തസ്സ്, ജീവിതത്തിന്‍റെ പക്വത എന്നിവയെല്ലാം പ്രസംഗങ്ങളിലും
വര്‍ത്തമാനങ്ങളിലും ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്.
വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളില്‍ ഉണ്ടാകണമെന്നാണ് കേരളീയജനത ആഗ്രഹിക്കുന്നത്. നാവിന്‍റെ വിലയും നിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകള്‍ സ്വന്തം മൂല്യം കുറയ്ക്കും. നാവില്‍നിന്ന് വരുന്ന വാക്കുകള്‍ക്ക് മൂല്യമുണ്ടാകണം എന്ന അടിസ്ഥാനപാഠം ആരും വിസ്മരിക്കരുത്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം. പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍
ഭരണഘടനയെ ഇടിച്ചുതാഴ്ത്തി സംസാരിച്ചതുവഴി വലിയ പ്രതിഷേധത്തിനും തുടര്‍ന്ന് അദ്ദേഹത്തിന്‍റെ രാജിയിലേക്കും വഴിതുറന്നു. ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമായ ചില അജ്ഞതയാണ് അക്ഷന്തവ്യമായ അപരാധമായി മാറിയത്.
ജനാധിപത്യപരവും ഭരണഘടനാപരവുമായ പദവി വഹിക്കുന്നവര്‍ തന്‍റെ വീക്ഷണവും ഭാഷണവും വളരെ കരുതലോടെ നടത്തണമെന്ന വലിയപാഠം മന്ത്രിയുടെ രാജിവഴി മറ്റുള്ളവര്‍ക്ക് ലഭിച്ചു. രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാവിയിലേക്കുള്ള വലിയ തിരിച്ചറിവായിരുന്നു അത്.
മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ രാജിയിലേക്കും മുന്നണിയെ പ്രതിസന്ധിയിലേക്കും നയിച്ചത് അദ്ദേഹത്തിന്‍റെ "പഞ്ചാബ് മോഡല്‍"പ്രസംഗത്തിലൂടെയായിരുന്നു. "കൈവിട്ട കല്ലും വാവിട്ടവാക്കും" തിരിച്ചെടുക്കാനാവില്ല എന്നാണ് പഴമൊഴി. നിയമസഭാ, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ ചിലരുടെ വിജയപരാജയങ്ങള്‍ക്ക് കാരണം ചിലര്‍ പ്രസംഗത്തിലൂടെ
മുന്നണിയെയും സ്ഥാനാര്‍ത്ഥിയെ കുഴപ്പത്തിലാക്കിയത് കൊണ്ടായിരുന്നു.
വിജയം സമ്മാനിക്കുന്നതും പരാജയം കൊണ്ടുവരുന്നതും നാവാണ്. മര്യാദയും ആദരവുമില്ലാത്ത അധമ ഭാഷണങ്ങള്‍ വിഷലിപ്തവും മനുഷ്യത്വവിരുദ്ധവുമാണ്. ദ്വയാര്‍ത്ഥപ്രയോഗവും വിടുവായത്തവും അശ്ലീലവും ആഭാസത്തരങ്ങളും തെറിയും സംസാരത്തില്‍ വരാതെ നോക്കണം.
ഫലം നിറയുംതോറും വൃക്ഷത്തിന്‍റെ കൊമ്പുകള്‍ താഴ്ന്നുവരുന്നതുപോലെ ഉന്നതിയിലെത്തു മ്പോള്‍ കൂടുതല്‍ വിനയാന്വിതരാവുക. സംസാരിക്കാന്‍ എളുപ്പത്തില്‍ പഠിക്കും. പക്ഷെ, എന്ത്, എങ്ങനെ, എപ്പോള്‍ സംസാരിക്കണമെന്ന് പഠിക്കാന്‍ ചിലപ്പോള്‍ ഒരായുസു മുഴുവന്‍ വേണ്ടിവരും. വാക്കുകള്‍കൊണ്ട് പ്രകോപനം സൃഷ്ടിക്കുന്നവരും പ്രചോദനം സൃഷ്ടിക്കുന്നവരുമുണ്ട്.
അനുഗ്രഹമാകുന്ന വാക്കുകളും അപമാനമേകുന്ന വാക്കുകളുമുണ്ട്. ആര്‍ദ്രതയോടെ, ആനന്ദപൂര്‍ണമായി സംസാരിക്കാനാകണം. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പ്രയോജന രഹിതമായ പാഴ്വാക്കുകള്‍ പറയരുത്. വായ് തുറക്കുന്നതിനമുമ്പ് ഹൃദയത്തോടാലോചിക്കണം.
ഈ വാക്കുകള്‍ മുറിപ്പെടുത്തമോ മുറിവുണക്കുമോ; അടുപ്പം കൂട്ടുമോ അകലം കൂട്ടുമോ; അഹന്തയില്‍ നിന്നോ വിവേകത്തില്‍ നിന്നോ; ആവേശഭരിതമോ നിരാശാജനകമോ. അകത്തുള്ളതാണ് വാക്കായും പ്രവൃത്തിയായും പുറത്തുവരുന്നത്.
കാതിനും നാവിനും മുന്നില്‍ ഒരു അരിപ്പ നിര്‍മിക്കണം. വേണ്ടത് മാത്രം അകത്തേക്കെടുക്കാനും പ്രയോജനകരമായത് മാത്രം പുറത്തേക്ക് വിടാനും. ഒരാളെയും നമ്മള്‍ കുഴപ്പത്തിലാക്കരുത്. സ്വയം കുഴപ്പത്തിലാവുകയും അരുത്. (8075789768)
-അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS