/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
വീണ്ടുമൊരു അധ്യാപക ദിനം കൂടി നമുക്ക് മുന്നില്‍ വിരുന്നെത്തിയിരിക്കുന്നു. ഗുരു-ശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃകകളും നല്ലോര്‍മ്മകളും മനസില്‍ തെളിഞ്ഞുവരുന്ന അസുലഭ നിമിഷത്തിലാണ് നാമെല്ലാവരും. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേരുന്ന അറിവിന്റെ വെളിച്ചമില്ലാതെ ആരും സ്വയം പ്രകാശമായി നാടിന് മാറിയിട്ടില്ല.
ആധുനിക കാലത്ത് പ്രാഥമിക പഠനം സാധ്യമാകാത്തവരാരും തന്നെയില്ല. പഠനശേഷിയുടെ കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസം പലര്‍ക്കും സാധ്യമായെന്നും വരില്ല. എന്നാലും അതിജീവനത്തിന്റെ വലിയ പാഠം നല്‍കിയാണ് ഓരോ ക്ലാസ് മുറികളും വിട്ട് അധ്യാപകര്‍ പൊതുസമൂഹത്തിലേക്ക് കടന്നുവരാറുള്ളത്.
പുസ്തകത്താളുകളിലച്ചടിച്ച അക്ഷരക്കൂട്ടങ്ങള്‍ക്കുപരി ജീവിത പാഠങ്ങള്‍ പകര്‍ന്നു തരുന്നവരാണ് യഥാര്‍ത്ഥ അധ്യാപകര്‍. കോവിഡ് കാലത്ത് ഇത് വ്യക്തമായതാണ്. കലാലയങ്ങളുടെ പരിപാവനതയിലെ പുണ്യമായി വിളങ്ങുന്ന അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ എന്നും ഓര്‍ത്തെടുക്കാറുണ്ട്.
രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്ന യഥാര്‍ത്ഥ എഞ്ചിനിയര്‍മാരാണ് അധ്യാപകര്‍. അധ്യാപനമെന്നത് വെറുമൊരു ജോലിയായി കാണുന്നവരിലുപരി അത് ഒരു തപസ്യയായി കാണുന്ന ഗുരുക്കന്മാരുണ്ട്. അവരാണ് ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹമെന്ന് നമ്മെക്കൊണ്ട് ചൊല്ലിപ്പിക്കുന്നത്.
''ജീവിതം തന്നതിന് ഞാന്‍ പിതാവിനോട് കടപ്പെട്ടിരിക്കുന്നു, എന്നാല്‍ നന്നായി ജീവിക്കാന്‍ പഠിപ്പിച്ചതിന് എന്റെ അധ്യാപകനോടാണ് കടപ്പാട്'' എന്ന് പറഞ്ഞത് മറ്റാരുമല്ല, ലോകം കീഴടക്കാനിറങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണ്. എന്നിട്ടും അധ്യാപകരാകാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞ് വരികയാണ്.
പലപ്പോഴും മികച്ച വിദ്യാര്‍ത്ഥികള്‍ മല്‍സരപരീക്ഷകള്‍ ജയിച്ച് കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലികളിലേക്ക് പോകുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും പഠനനിലവാരം കുറഞ്ഞ വ്യക്തികള്‍ ഏതെങ്കിലും ഒരു കോഴ്സ് ചെയ്യണമെന്നു കരുതി അധ്യാപന പരിശീലനത്തിന് പോകുന്നു. പ്രതിഫലത്തിലെ ഗ്ലാമറില്ലായ്മയാണ് അധ്യാപക വേഷം ധരിക്കാന്‍ പലരെയും പിന്നോട്ടടിപ്പിക്കുന്നത്.
ഇത്തരമൊരവസ്ഥ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം കുറയ്ക്കുന്നതിനു കാരണമാകുന്നോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് മുന്‍കൂട്ടി കണ്ടുവെന്നതാണ്, അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ പ്രസക്തി. അദ്ദേഹം അധ്യാപനത്തോട് പുലര്‍ത്തിയിരുന്ന പ്രതിബന്ധതയും വിദ്യാര്‍ത്ഥിസമൂഹത്തില്‍ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്.
ഡോ. എസ് രാധാകൃഷ്ണന്‍ രാഷ്ട്രപതി ആയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സപ്തംബര്‍ അഞ്ച് ഒരു ആഘോഷമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നല്‍കണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്‌നേഹപൂര്‍വ്വം നിരസിച്ചു.
ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ അവരുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു, ''നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സപ്തംബര്‍ അഞ്ച് എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിച്ചു കൂടേ.''
തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും വേണ്ടി നീക്കിവയ്ക്കാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെയാണ് സപ്തംബര്‍ അഞ്ച് ദേശീയ അധ്യാപക ദിനമായി തെരഞ്ഞെടുത്തത്. അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് അധ്യാപക ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.
കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടഞ്ഞ് കിടന്നപ്പോള്‍, ഓരോ വീടും ക്ലാസ് മുറികളാക്കി, അധ്യാപകരാണ് അതിജീവനത്തിന്റെ പാഠമോതി ഒപ്പം നിന്നത്. ടിവിയിലൂടെയും ഓണ്‍ലൈനിലൂടെയുമുള്ള പഠനം കുട്ടികളും അധ്യാപകരും മാത്രമല്ല, ഇവര്‍ക്കിടയില്‍ ഇരുപ്പിറപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് കൂടി ഉപകാരപ്പെട്ടു.
ചില അധ്യാപകര്‍, തങ്ങളുടെ ക്ലാസ് മുറികളില്‍ മാത്രം ഒതുക്കിയ കഴിവുകള്‍ ലോകം കണ്ടതിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. മൊബൈലും ലാപ്‌ടോപ്പും തുറന്ന് വെച്ച് കിടന്നുറങ്ങുന്ന വിദ്യാര്‍ത്ഥികളും മറ്റും കൊറോണക്കാലത്തെ തമാശകളായി തരംഗമായെങ്കിലും ഭൂരിപക്ഷം അധ്യാപകരും തങ്ങളുടെ ഉത്തരവാദിത്തം കൂടുതല്‍ മെച്ചപ്പെടുത്താന്‍, കൂടുതല്‍ ഫലപ്രദമായതെന്തോ അത് തേടിപ്പിടിച്ചു എല്ലാവരുടെയും കയ്യടി നേടി.
ഓണ്‍ലൈന്‍ പഠനകാലത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന വിമര്‍ശനമുയര്‍ന്നപ്പോഴും ഗുരു-ശിഷ്യ ബന്ധത്തിന്റെ സാങ്കേതിക വളര്‍ച്ച നാം കാണാതെ പോവരുത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയിലൂടെ കോവിഡ് കാലത്തെ വിരസതയെ അതിജീവിച്ചതുള്‍പ്പെടെയുള്ള നന്മയുടെ പാഠം എല്ലാവര്‍ക്കും നല്‍കിയ ആവേശം ഒട്ടും ചെറുതായിരുന്നില്ല.
വിവിധ പ്രതിഭകളെ കണ്ടെത്താനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും എല്ലാവര്‍ക്കും കോവിഡ് കാലത്തെ വീട്ടിലിരിപ്പില്‍ സാധിച്ചെങ്കിലും ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടിരുന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.
ഇതെല്ലാം സാധിച്ചത് അധ്യാപകരുടെ ആത്മാര്‍ത്ഥയും പ്രതിബദ്ധതയുമല്ലാതെ മറ്റെന്താണ്? ലോകത്തിന്റെ ഉന്നമനത്തിനായി, നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുന്ന, അധ്യാപകര്‍ക്കും അധ്യാപകരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ശിഷ്യന്മാര്‍ക്കും സായാഹ്നത്തിന്റെ ആശംസകള്‍. ജയ്ഹിന്ദ്.