വിദ്യാർത്ഥികൾ പേടിച്ചാണ് സ്‌കൂളിൽ പോകുന്നത്. കുട്ടികൾ മടങ്ങിവരും വരെ രക്ഷിതാക്കൾക്ക് മനഃസമാധാനമില്ല. പ്രഭാത - സായാഹ്ന സവാരിക്കാർ പലരും ഇതുമൂലം ദൈനംദിന നടപ്പുതന്നെ നിർത്തി. മനുഷ്യനെ കടിച്ച് കൊന്നാലും തെരുവ് നായ്ക്കളെ കൊല്ലാൻ നിയമമില്ല. ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലകയുടെ നീളം അളക്കുകയാണ് സർക്കാർ - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇരുപതിലധികം പേരാണ് കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചത്. നൂറ്റമ്പതോളം പേർ ചികിത്സയിലാണ്. കേരളത്തിലെ ഒരു നിരത്തിലും തെരുവ് നായ്ക്കളെ പേടിച്ച് നടക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

കടിയേറ്റവരിൽ സ്കൂൾ വിദ്യാർത്ഥികളും വയോധികരുമുണ്ട്. മരണപ്പെട്ട എല്ലാവരും പേവിഷബാധയേറ്റവരാണ്. ഇതിൽ കുറച്ച് പേർ പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിട്ടില്ല എന്ന് അധികൃതർ പറയുമ്പോഴും വാക്ലിൻ കുത്തിവച്ച 5 പേർ മരണപ്പെട്ടു എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇതിനെയെല്ലാം നിസ്സാരവൽക്കരിക്കുന്ന ഒരു നിലപാടാണ് സർക്കാരിന്റേത്.


മനുഷ്യനെ കടിച്ച് കൊന്നാലും തെരുവ് നായ്ക്കളെ കൊല്ലാൻ നിയമമില്ല. അതായത് മനുഷ്യ ജീവനേക്കാൾ വില നായയുടെ ജീവനാണ്. നമ്മുടെ നാട്ടിൽ മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല എന്നാൽ മനുഷ്യനെ കൊല്ലുന്ന നായ്ക്കളെ കൊല്ലാൻ പാടില്ല .


പേ പിടിച്ച നായയെ വെടിവച്ച് കൊല്ലാൻ ഉത്തരവ് നൽകിയ ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് കോടതി കയറിയിറങ്ങുകയാണ്. ഇതെന്തൊരു നിയമമാണ്? നമ്മുടെ നാട്ടിലെ കപട മൃഗ സ്നേഹികൾ ആണ് നിയമം കൊണ്ട് വരാൻ കാരണഭൂതർ. ഇവരൊന്നും നിരത്തിലിറങ്ങി നടക്കുന്നവരല്ല.

എന്നാൽ ഈ വിഷയം സർക്കാർ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ല എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. അലഞ്ഞ് തിരിയുന്ന നായ്ക്കളെ വന്ധ്യംകരിക്കുവാൻ ഉള്ള ഉത്തരവാദിത്വം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ്.

publive-image

എന്നാൽ അവർ ഈ വിഷയം പരിഗണിക്കുന്നതേയില്ല. ആർക്കും ഉത്തരവാദിത്വമില്ലാത്ത ഒരു നിലയിലേക്ക് ഈ വിഷയം കടക്കുകയാണ്. ഇതിന് പുറമേ നായ കുറുകെ ചാടുന്നത് മൂലം എത്രയോ ഇരുചക വാഹന യാത്രക്കാരാണ് മരണപ്പെടുന്നത്.

പേ വിഷത്തിനുള്ള വാക്സിന്റെ ഗുണമേൻമയെക്കുറിച്ച് നിയമസഭയിൽ വരെ ചർച്ച നടന്നതാണ്. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ തിരുത്തുന്ന സാഹചര്യം വരെ ഉണ്ടായി. ഇക്കാര്യത്തിൽ ആരുടെ കണ്ണാണ് തുറപ്പിക്കേണ്ടത് ?


വിദ്യാർത്ഥികൾ പേടിച്ചാണ് സ്‌കൂളിൽ പോകുന്നത്. പലരും ഇതുമൂലം ദൈനം ദിന നടപ്പ് നിർത്തി. മനുഷ്യ ജീവന് വിലയില്ലാത്ത ഒരു നാട്ടിലാണ് നാം ജീവിക്കുന്നത് എന്നത് ഭയപ്പാടോടെ കാണണം.


ഇതിന് സർക്കാർ ശക്തമായ നിയമം കൊണ്ട് വന്നേ മതിയാകൂ. തെരുവ് നായ്ക്കളെ കൊല്ലാൻ പാടില്ല എന്നുണ്ടെങ്കിൽ അവയെ പുനരധിവസിപ്പിക്കണം. തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിലൊന്നും താൽപര്യമില്ല. അവർക്ക് വേറെ ചാകരയുണ്ട്.

ഇക്കാര്യത്തിൽ ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലകയുടെ നീളം അളക്കുകയാണ് സർക്കാർ . ഒരു ജനമുന്നേറ്റത്തിലൂടെ മാത്രമേ ഇതിന് പരിഹാരമുണ്ടാകൂ.

Advertisment