/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തെരുവുനായ് മുക്ത കേരളം God's own country (ദൈവത്തിന്റെ സ്വന്തം നാട്) എന്ന് അഭിമാനിച്ചിരുന്ന കേരള നാട് ഇന്ന് Dog's own കൺട്രി (തെരുവ് നായ്ക്കളുടെ നാട്) എന്ന് മാറിയിരിക്കുകയാണ്.
കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് തെരുവുനായ ആക്രമണം കൊണ്ട് ഉണ്ടാകുന്ന പേവിഷബാധയും അതുമൂലം ഉണ്ടാകുന്ന ഭീകര മരണവും.സാധാരണ രോഗം വന്ന് മരിക്കുന്നതിൽ നിന്ന് വ്യത്യസ്തവും ഭീകരവും ആണ് പേവിഷബാധയേറ്റ് മരിക്കുന്നവരുടെ അവസ്ഥ.
മൃഗസംരക്ഷണ വകുപ്പ് നടത്തിയ സെൻസസ് കണക്ക് പ്രകാരം രണ്ടര ലക്ഷത്തിലധികം ആണ് കേരളത്തിലെ തെരുവ് നായ്ക്കളുടെ എണ്ണം യഥാർത്ഥ കണക്ക് ഇതിലും എത്ര വലുതായിരിക്കും.
കേരളത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്.
ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു ഈ കാലയളവിൽ തെരുവ്നായ് ആക്രമണം മൂലം മാത്രം മരിച്ചത് 42 പേരാണ് ഇതിനുപുറമേ നായ്ക്കൾ മൂലമുണ്ടായ വാഹനാപകട മരണവും, പേവിഷബാധ മൂലമുള്ള മരണവുംകൂടുമ്പോൾ മരണനിരക്ക് വലുതാണ്. ഈ വർഷം മാത്രം പേവിഷബാധ മൂലം 15 പേർ മരിച്ചതായി ആണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
ഇതിന് പരിഹാരം ഉണ്ടായേ തീരൂ മനുഷ്യന് നിയന്ത്രിക്കാൻ സാധിക്കാത്ത മരണങ്ങൾക്ക് പരിഹാരം കാണുക എളുപ്പമല്ല എന്നാൽ നിയന്ത്രിക്കാൻ സാധിക്കുന്നതും നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്നത് മൂലം ഉണ്ടാകുന്ന മരണങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ടവർ സമാധാനം പറയണം.
വളർത്തുമൃഗങ്ങൾക്ക് പ്രത്യേകിച്ച് നായ്ക്കൾക്ക് വാക്സിനേഷനും, ലൈസൻസും നിർബന്ധമാണ് അത് ഉടമസ്ഥന്റെ ഉത്തരവാദിത്വമാണ്. ഈ മൃഗങ്ങൾ മൂലം മറ്റു ജീവികൾക്കും മനുഷ്യനും ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ഉടമ ഉത്തരവാദിയുമാണ്. അതുപോലെ വന്യമൃഗങ്ങളുടെ ഉത്തരവാദിത്വം വനംവകുപ്പിനും ആണ്.
ഏതൊരു തെരുവുകളുടെയും, പൊതുസ്ഥലങ്ങളുടെയും ഉടമസ്ഥതയും ഉത്തരവാദിത്വവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. മുൻകാലങ്ങളിൽ തെരുവിൽ അലയുന്ന മൃഗങ്ങളെ പിടിച്ചു കെട്ടുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും 'പൗണ്ട്' എന്ന പേരിൽ ഒരു സ്ഥലം ഉണ്ടായിരുന്നു.
അതിനർത്ഥം തെരുവുകൾ മൃഗങ്ങൾക്ക് അലയാനുള്ളതല്ല എന്നതാണ്. എന്നാണ് അതിന് മാറ്റം വന്നത്, ആരാണ് തെരുവ് - നായ്ക്കൾക്ക് തീറെഴുതിയത് ? തെരുവുകളും പൊതുസ്ഥലങ്ങളും ഒരിക്കലും നായ്ക്കൾ എന്നല്ല ഒരു മൃഗങ്ങൾക്കും അലയാൻ വേണ്ടിയുള്ളതല്ല.
ഉത്തരവാദിത്വപ്പെട്ടവർ ചെയ്യേണ്ടത് ആ ജീവികൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള ആവാസ വ്യവസ്ഥിതി ഉണ്ടാക്കുക എന്നതാണ്. ആ ജീവികൾക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അവയെ വാഹനം ഇടിച്ചും, മനുഷ്യൻ ക്ഷമ കെട്ട് തല്ലിക്കൊല്ലുന്ന സ്ഥിതിയിലേക്കും എത്തിക്കുന്നതിൽ പ്രധാന ഉത്തരവാദികൾ ഇന്നുള്ള കപട മൃഗസ്നേഹികളും, ഉത്തരവാദിത്വമില്ലാത്ത ഭരണകർത്താക്കളും ആണ്.
അതിനാൽ മനുഷ്യജീവനും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന "തെരുവ്നായ്ക്കൾ " എന്ന് മുദ്രകുത്തപ്പെട്ട ആ ജീവികളെ തെരുവിൽ നിന്ന് ഒഴിവാക്കുക എന്നത് അനിവാര്യമാണ്. ഇതിന് വേണ്ടി ശബ്ദമുയർത്തുക എന്നത് നമ്മുടെ കടമയാണ്. ഇനിയും നാളെ മറ്റൊരു അഭിരാമിക്കും (അത് ചിലപ്പോൾ നമ്മുടെ വീടുകളിലും ആകാം) ഇതുപോലൊരു ഭീകര മരണം ഉണ്ടാകാതിരിക്കാൻ ഒറ്റക്കെട്ടായി പ്രതികരിക്കാം.