/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ടെസ്റ്റ് ക്രിക്കറ്റിൽ കമന്റേറ്റേഴ്സ് സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്. 'The end of tail has started showing'.
അതായത് വാലറ്റം കണ്ട് തുടങ്ങിയിരിക്കുന്നു. വാലറ്റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവസാന ബാറ്റ്സ്മാൻമാരേയാണ്. അതായത് ഇന്നിംഗ്സ് തീരാറായിരിക്കുന്നു എന്നർത്ഥം.
ഇപ്പോൾ നടക്കുന്ന രാഷ്ട്രീയവും അല്ലാത്തതുമായ സംഭവവികാസങ്ങൾ ശ്രദ്ധിച്ച് വിലയിരുത്തിയാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പിണറായി എന്ന ബാറ്റ്സ്മാന്റെ ഇന്നിംഗ്സ് ഏകദേശം തീരാറായിരിക്കുന്നു. അത് ഗവർണറോടുള്ള ഏറ്റുമുട്ടൽ കൊണ്ട് മാത്രമല്ല മറ്റ് പല സംഭവവികാസങ്ങളും ഇതിന് ഉപോൽബലകമായി ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.
ആർ.എസ്.എസ് പിണറായിയെ വളരെ നേരത്തെ തന്നെ നോട്ടമിട്ടതാണ്. അവരെ നോവിച്ചാൽ അതിനുള്ള കൃത്യമായ പണി അവർ തിരികെ കൊടുക്കും.
ശബരിമലയിലെ കാനനപാതകളിൽ ആയിരക്കണക്കിന് ആർ.എസ്.എസ് കാരെയാണ് പിണറായിയുടെ പോലീസ് തല്ലിച്ചതച്ചത്. അവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
ഇതുവരെ ആർ.എസ്.എസ് അനങ്ങാതിരുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി- സി.പി.എം ധാരണയെ മുൻ നിർത്തിയാണ്. സി.പി.എം ന് വോട്ട് ചെയ്താൽ കോൺഗ്രസ് തകരുമെന്നും കോൺഗ്രസിൽ നിന്നും വലിയ ഒഴുക്ക് തങ്ങളിലേക്ക് ഉണ്ടാകുമെന്നും ബി.ജെ.പി കണക്ക് കൂട്ടി.
ആർ.എസ്.എസ് കാർ കൂട്ടത്തോടെ സി.പി.എം. ന് വോട്ട് കുത്തി. സി.പി.എം ന്റെ സീറ്റുകൾ വർദ്ധിച്ചതല്ലാതെ ബി.ജെ.പിക്ക് ഒരു ഗുണവുമുണ്ടായതുമില്ല. കൈയ്യിലിരുന്ന നേമം സീറ്റിൽ ബി.ജെ.പി തോൽക്കുകയും ചെയ്തു.
വി.ശിവൻകുട്ടിയെ ജയിപ്പിക്കാൻ കെ.മുരളീധരനെ കോൺഗ്രസ് നേമത്ത് നിർത്തിക്കൊടുക്കുകയും ചെയ്തു. സംസ്ഥാന ബി.ജെ.പിക്ക് ഇത് വലിയ നാണക്കേടായിപ്പോയി. നേമത്ത് ബി.ജെ.പിയെ തോൽപിക്കാൻ സി.പി.എം ന്റെ കൂടെ കോൺഗ്രസ് കൂടി ചേർന്നപ്പോൾ പിണഞ്ഞ അബദ്ധം ബി.ജെ.പി ക്കാർക്ക് മനസ്സിലായി. കോൺഗ്രസിൽ നിന്ന് എട്ടണ വിലയുള്ള ഒരു നേതാവിനെപ്പോലും ബി.ജെ.പിക്ക് കിട്ടിയതുമില്ല.
കോൺഗ്രസിൽ നിന്ന് പോയവരെല്ലാം അഭയം പ്രാപിച്ചത് സി.പി.എമ്മിലാണ്. ഇപ്പോൾ ആർ.എസ്.എസിന് ഒരു കാര്യം ബോധ്യപ്പെട്ടിരിക്കുന്നു. കേരളത്തിൽ ആർ.എസ്.എസും ബി.ജെ.പിയും വളരണമെങ്കിൽ തകർക്കേണ്ടത് കോൺഗ്രസിനേയല്ല മറിച്ച് സി.പി.എമ്മിനെത്തന്നെയാണെന്ന സത്യം.
ഒരു കേഡർ പാർട്ടിയിൽ നിന്ന് വിട്ട് പോകുന്നവർ മറ്റൊരു കേഡർ പാർട്ടിയിലേക്ക് മാത്രമേ പോകൂ എന്ന സത്യം ഇപ്പോൾ അവർ തിരിച്ചറിഞ്ഞിരിക്കുന്നു.
കേരളത്തിൽ സി.പി.എമ്മിനെ തകർക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് സഹകരണസംഘങ്ങൾ പൊളിച്ചടുക്കുക എന്നതാണ് തന്ത്രമെന്ന് മനസ്സിലാക്കിയ കേന്ദ്ര ബി.ജെ.പി അമിത് ഷാക്ക് കീഴിൽ സഹകരണ വകുപ്പ് കൊണ്ടുവന്നു.
സ്വർണ്ണക്കടത്തിലും റിവേഴ്സ് ഹവാലായിലും ഇ.ഡി. പിടി മുറുക്കി കഴിഞ്ഞു. ലാവ്‌ലിൻ കേസ് 20ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരികയാണ്. അതേത്തുടർന്ന് ഇ.ഡി. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യത ഏറി വരികയാണ്. എച്ച്.ആർ.ഡി.എസ് ഇന്ന് കൊടുത്ത പരാതി ഇതിന്റെ കൂടെ ചേർത്ത് വായിക്കണം.
ഗവർണറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് തന്നെ സ്വാധീനിച്ചു എന്നാണ് ഗവർണർ പറഞ്ഞത്. എങ്കിൽ മുഖ്യമന്ത്രി അധികാര ദൂർ വിനിയോഗം നടത്തിയിരിക്കുന്നുവെന്ന് വ്യക്തമാണ്. അതോടൊപ്പം കെ.കെ. രാഗേഷിനെതിരെ കേസ് എടുക്കേണ്ടിവരികയും ചെയ്യും.
ആരിഫ് മുഹമ്മദ് ഖാനെപ്പോലെയുള്ള ഒരു വ്യക്തി ഒന്നും കാണാതെ ഇറങ്ങിത്തിരിക്കില്ല എന്നത് വ്യക്തം.
ലോകായുക്ത, സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ല എന്ന് ഗവർണർ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ പിണറായിയുടെ കുരുക്ക് മുറുകുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വാർത്ഥലാഭത്തിന് ചിലവഴിച്ചു എന്ന ആരോപണം നിലനിൽക്കെ ലോകായുക്ത വിധി പിണറായിക്ക് അനുകൂലമാവാൻ ഒരു സാധ്യതയുമില്ല. ഇതെല്ലാം യാദൃച്ഛികമായി ഒന്നിച്ച് വന്നതല്ല. കാലം കാത്ത് വയ്ക്കുന്ന കാവ്യനീതി എന്നൊന്നുണ്ട്.
അത് ഒരു അശനിപാതം പോൽ പിണറായിക്ക് മേൽ പതിക്കാൻ പോകുന്നു. പിണറായിയുടെ തണലിൽ കഴിഞ്ഞ പലരും അഴിക്കുള്ളിലാകും. കേരളത്തിലെ സി.പി.എമ്മിനെ വകവരുത്തുക എന്ന അജൻഡ ആർ.എസ്.എസ് നടപ്പാക്കി തുടങ്ങിയിരിക്കുന്നു.
ഈ വമ്പന്റെ പതനം ആസന്നമായിരിക്കുകയാണോ ?