/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കൗൺസിലിങ് എന്നു കേൾക്കുമ്പോഴേ ഒരു ചുവട് പിന്നോട്ട് വെക്കുന്നവരാണ് നമ്മൾ.പേടിയാണ് നമുക്ക് കൗൺസിലിംഗിന് പോകാൻ. 'ആളുകൾ തനിക്കു വട്ടാണോ'എന്നു കരുതുമോ എന്ന പേടി. നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ നമ്മൾ ഡോക്ടറെ കാണില്ലേ ? അതിപ്പോ പനി ആയാലും ക്യാൻസർ ആയാലും.
അത് പോലെ തന്നെയാണ് നമ്മുടെ മനസ്സിന് അസുഖം വരുന്നതും.ശരീരത്തിന് അസുഖം വന്നാൽ ചികിൽസിക്കുന്നത് പോലെ തന്നെ മനസ്സിനെയും ചികിൽസിക്കുന്നത് നിർബന്ധമാണ്.
സത്യം പറഞ്ഞാൽ ഓരോരുത്തരും ഒരു തരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ മാനസികമായി അസ്വസ്ഥത തോന്നുന്നവരാണ്.ചിലർക്കത് കൈകാര്യം ചെയ്ത് പോകാൻ അറിയാം.ചിലർക്കതിനു മറ്റൊരാളിന്റെ (പ്രൊഫെഷണൽ )സഹായം വേണ്ടി വന്നേക്കാം.
നമ്മുടെ മനസ്സിലുള്ള ഒരു വിഷയം /പ്രശ്നം മറ്റൊരാളോട് മനസ്സ് തുറന്നൊന്നു പറഞ്ഞു കഴിഞ്ഞാൽ ഒട്ടുമിക്കവരുടെയും മനസ്സ് നോർമൽ ആകും. പക്ഷെ നാം ഒരു കാര്യം ഷെയർ ചെയ്യുന്നതിന് മുൻപ് ഇതെല്ലാം ശ്രദ്ധിക്കുന്നതാണ് നല്ലത്.
ഞാൻ പറയുന്നത് കേൾക്കാൻ അപ്പുറത്ത് ഉള്ള ആൾക്ക് ടൈം ഉണ്ടോ ?ഞാൻ പറയുന്നത് അതേ രീതിയിൽ തന്നെ അയാൾക്ക് മനസ്സിലാക്കാൻ കഴിയുമോ ? ഞാൻ പറയുന്നതെല്ലാം കേട്ട് കഴിഞ്ഞു, അതിനു കൃത്യമായ ഒരു ഉത്തരം തന്നു എന്റെ ചിന്തകളെ നേർവഴിക്ക് കൊണ്ടു വരാൻ കഴിയുന്ന ഒരാളാണോ അതോ എല്ലാം കേട്ട് കഴിഞ്ഞതിന് ശേഷം "എല്ലാം ശരിയാക്കുമെടാ, നീ സമാധാനിക്കു "എന്നൊരു ക്‌ളീഷേ വാചകത്തിൽ പറഞ്ഞു നിർത്തുന്ന ഒരാളാണോ ?
എല്ലാറ്റിനുമുപരി എനീക്കിയാളെ വിശ്വസിക്കാൻ ആകുമോ?അതോ ഞാൻ പറയുന്ന കാര്യങ്ങൾ അണുവിട തെറ്റാതെ മറ്റൊരാളോട് പറയുന്ന ആളാണോ ?
ഇവിടെയാണ് കൗൺസിലറുടെ പ്രസക്തി. അതിനു കൗൺസിലിഗ് എന്താണെന്ന് അറിയാം.
വളരെ ഈസിയായി പറയണമെങ്കിൽ കൗൺസിലിംഗ് ഒരു 'ടോക്ക് തെറാപ്പി' ആണ്. ഒരു വ്യക്തിയെയോ,ദമ്പതികളോ ,കുടുംബമോ പരിശീലനം ലഭിച്ച ഒരു പ്രൊഫെഷണലിനു മുന്നിൽ അവർ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും മാനസിക ബുദ്ധിമുട്ടുകളെയും കുറിച്ച് രഹസ്യമായി സംസാരിക്കുന്ന ഒരു പ്രോസസ്സ്.
കൗൺസലിംഗിലൂടെ ആളുകൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയുവാനും (അതെന്ത് തന്നെയായാലും ),അവരുടെ സാഹചര്യങ്ങളെയും അനുഭവങ്ങളെയും പുതിയ കാഴ്ചപ്പാടുകളിലൂടെ നോക്കി കാണുവാനും കഴിയും.
കൗൺസിലിങ് ഒരിക്കലും ഒരു ഉപദേശമല്ല.ശരി തെറ്റുകളെ കുറിച്ചുള്ള വേർതിരിവുകളുമല്ല ഓരോരുത്തരെയും,അവരുടെ പ്രശ്നങ്ങളെയും സ്വയം അറിഞ്ഞു മനസ്സിലാക്കിക്കുകയും ,അതിലൂടെ അവരുടെ ഉള്ളിൽ ആ ഒരു വിഷമാവസ്ഥയിൽ നിന്നും പുറത്തു കടക്കേണ്ടതെങ്ങിനെയെന്ന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് കൗൺസിലിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
നമുക്കു മറ്റൊരാളെയും തിരുത്തുവാനോ,സ്വഭാവങ്ങളോ ,ചിന്തകളെയോ മാറ്റുവാനോ കഴിയില്ല.പക്ഷെ നമുക്ക് നമ്മെ മനസ്സിലാക്കുവാനും ,സ്വയം തിരുത്തുവാനും കഴിയും.അത് മാത്രമാണ് നമുക്ക് കഴിയുന്നതും .അവിടെയാണ് നമുക്ക് ഒരു കൗൺസിലറുടെ ആവശ്യം. മൈൽഡ് ഡിപ്രെഷൻ,ഉത്കണ്ഠ ,ടെൻഷൻ,ദേഷ്യം,ഭയം , വ്യക്തിപരമോ,കുടുംബപരമോ ആയ പ്രശ്നങ്ങൾ ഇവയെല്ലാം കൗൺസിലിങ്ങിലൂടെ നമുക്ക് പരിഹരിക്കാനാകും.
സ്കൂൾ കുട്ടികൾ ,ടീനേജർസ് കുട്ടികളിലെ ആത്മത്യ പ്രവണത ,പഠിത്തത്തിൽ ശ്രദ്ധയില്ലായ്മ ,എക്സാം പേടി എന്നിവയിൽ താങ്ങായും,തണലായി നിൽക്കുവാനും ഒരു നല്ല കൗൺസിലർക്കു കഴിയും.
പിന്നെ മറ്റൊരു കാര്യം തീർച്ചയായും മനസ്സിൽ വെക്കേണ്ടതുണ്ട്.നമ്മുടെ ജീവിതം എങ്ങിനെ ജീവിച്ചു തീർക്കണം എന്നുള്ളത് തീർച്ചയായും നമ്മുടെ ഇഷ്ട്ടമാണ്. പക്ഷെ അതിന്നിടയിൽ എവിടെയെങ്കിലും നമ്മുടെ ജീവിതത്തിൽ നിന്നും സന്തോഷവും,സമാധാനവും അകന്നു പോകുന്നുവെങ്കിൽ, അത് തിരിച്ചു പിടിക്കാൻ അതിനു നിങ്ങളെ സഹായിക്കാൻ ഒരു കൗൺസർലർക്കേ കഴിയൂ.
വ്യക്തിപരവും സാമൂഹികപരവുമായ കാര്യങ്ങൾ കൊണ്ട് മനസ്സ് കലുഷിതമായി,പിടിവിട്ടുപോകുമെന്നു തോന്നുന്ന ഘട്ടത്തിൽ കൗൺസിലിംഗ് നടത്തുന്നയാൾ ഒരു ആശ്രയം തന്നെയാണ്.
-റിഷ റഷീദ്
(വേ ട്യൂണർ അക്കാദമി, തൃശൂർ)