ചിന്തകൾ ഏകീകരിച്ച് മനഃശക്തിയോടെ സഞ്ചരിച്ചുകൊണ്ടിരിക്കുക. എല്ലാ പരീക്ഷണങ്ങളും വിജയിക്കേണ്ടതുണ്ടെന്ന നിശ്ചയദാർഢ്യം നമ്മുടേതാണ്... മനോഭാവമാണ് പ്രധാനം 

author-image
nidheesh kumar
New Update

publive-image

Advertisment

ജീവിതത്തിൽ അവസരങ്ങൾ പലരൂപത്തിലും തേടിയെത്താറുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അത്തരത്തിലുള്ള ഒരവസരം തേടിയെത്തി. എണീറ്റ് നിൽക്കാനും സാങ്കേതിക സഹായത്തോടെ കുറച്ചു മുന്നോട്ട് നടക്കാനുമുള്ള അവസരം. യഥാർത്ഥത്തിൽ ജീവിതത്തിൽ സംഭവിക്കുന്ന കുറവുകൾ നഷ്ടപ്പെടലുകളല്ല, ശക്തിപ്പെടലുകളാണ്. അത് തിരിച്ചറിയുന്നത് വരെ ഇല്ലായ്മയിൽ മാത്രം സങ്കടം പറഞ്ഞുക്കൊണ്ടേയിരിക്കും.

അത് തിരിച്ചറിയുന്ന നിമിഷം മുതൽ ജീവിതം സ്വർഗ്ഗീയ സമാനമായിരിക്കും. അതുവരെ ഉള്ളതിനെ ക്രിയാത്മകമായി ഉപയോഗിക്കില്ല. നഷ്ടപ്പെട്ട ഒന്നിനേക്കാൾ നഷ്ടപ്പെടാത്ത 99 നെ ഉപയോഗിക്കാതെ ദൈവം എന്നെ ഇങ്ങനെയാക്കിയല്ലോ എന്ന് ശപിക്കുകയും പിറുപിറുക്കുകയും ചെയ്തുകൊണ്ടേയിരിക്കും.

എങ്കിൽ, ഒന്നേ പറയാനുള്ളൂ.. കിട്ടുന്നതിനെ കൃത്യമായി ഉപയോഗിക്കാൻ ശ്രമിക്കുകയെന്നതാണ് കാത്തിരിക്കുന്നതിനേക്കാൾ ഏറെ അഭികാമ്യം.

പ്രഗത്ഭനായ ഒരു ഡോക്ടറിന്റെ പാഷൻ ആയ റിസേർച്ചിന്റെ ഭാഗമായി ചെറുതായി കൂടെ ചേരാൻ അവസരം ലഭിച്ചപ്പോൾ നഷ്ടപ്പെടുത്തിയില്ല എന്ന് മാത്രമല്ല കഴിയാവുന്നതിനപ്പുറം ചെയ്തു നൽകാനും തീരുമാനിച്ചു. നമ്മുടെ തിരക്കുപിടിച്ച സമയത്തിന്റെ ചില മാറ്റിവെക്കലുകൾ വരാനിരിക്കുന്ന ഭാവിയിലെ ഒരുപാട് പേരുടെ സ്വപ്നസാക്ഷാൽക്കരമായി മാറുമല്ലോ എന്ന ഒരൊറ്റ ചിന്തയിലാണ് ഹൃദയം തുറന്ന് കൂടെക്കൂടിയത്.

കൂട്ടത്തിൽ ഇടക്കിടക്ക് ഒന്ന് നിവർന്ന് നിൽക്കുകയും ചെയ്യാം. പതിയെ കാൽവെച്ചു മുന്നോട്ട് രണ്ടടി വെക്കുകയും ചെയ്യാം. ജീവിതത്തിൽ ഇതൊന്നും മറന്നു പോവാൻ പാടില്ലല്ലോ. ഒരുദിവസം ദൈവം ഇനി എണീറ്റ് നടന്നെടാ എന്ന് പറയുമ്പോൾ ശ്രമിക്കാത്തതിന്റെ പേരിൽ ആവലാതി പറയരുതല്ലോ..!

എണീറ്റ് നിൽക്കുമ്പോൾ ഉടനെ കൂടെയുള്ളവരുടെ കൂടെ അവരറിയാതെ ഒന്ന് നീളം അളന്ന് നോക്കും. ശരീരത്തിലൊന്ന് ആകെ അളവ് എടുക്കും. തടി കൂടിയിട്ടുണ്ടോ, വയർ ചാടിയിട്ടുണ്ടോ, ശരീരം ഇപ്പോഴും ജിം തന്നെയല്ലേയെന്നൊക്കെ അളവ് എടുക്കും. ഒരു മനസുഖം. അത്രമാത്രം.

കുറച്ചു സമയം അധ്വാനിച്ചാൽ പൊടിയുന്ന വിയർപ്പ് തുള്ളികൾക്കെങ്കിലും നാളെകളിൽ അപരന്റെ പ്രതീക്ഷകൾക്ക് സാക്ഷാത്കാരം അടയുമ്പോൾ വരാനിരിക്കുന്ന ജീവിതത്തിൽ ഒരു മുതൽകൂട്ടാവുമല്ലോ. അല്ലാതെ എന്ത് സത്കർമ്മങ്ങളുടെ പേരിലാണ് ദൈവത്തിന്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ സാധിക്കുക.

ഈ അവസരം ലഭിച്ചപ്പോൾ ജീവിതത്തിൽ പത്തു വർഷം മുമ്പ് ഊരിവെച്ച പാന്റ്സ് മുഖത്തേക്ക് നോക്കി ചിരിക്കുകയാണ്. അങ്ങനെ പാന്റും ടീഷർട്ടുമിട്ട് പുതിയ ഒരു വേഷത്തിൽ പരീക്ഷണം നടത്തി. സഹപ്രവർത്തകർ പോലും അന്ധാളിപ്പോടെ നോക്കി നിന്നു. ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല എന്ന ഭാവമായിരുന്നു അവർക്ക്.

എന്തായാലും വേണ്ടില്ലാ, ഒരു ദിവസം പാന്റും ഷർട്ടും ഷൂവും ധരിച്ചു ഇൻസേർട്ട് ചെയ്ത് പഴയ എക്സിക്യൂട്ടീവ് വേഷത്തിലേക്ക് ഒന്ന് തിരിച്ചു പോവണം. എന്നും മുണ്ടും ഷർട്ടുമിട്ട്മടുത്തിട്ടല്ല,ചില നേരിയ മാറ്റങ്ങൾ ചിന്തകൾക്ക് മൂർച്ചയും ഹൃദയത്തിന് കുളിർമയും പ്രവൃത്തികൾക്ക് കൃത്യതയും നൽകും. മുണ്ടും ഷർട്ടും നൽകുന്ന ആത്മവിശ്വാസവും സുരക്ഷിത ബോധവും എനിക്ക് ഒരിക്കലും ജീവിതത്തിൽ വിസ്മരിക്കാൻ സാധിക്കില്ല.

വലിയ സ്വപ്നങ്ങളും ചെറിയ സ്വപ്നങ്ങളും എന്നതിലുപരി കാണുന്ന സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കുക എന്നതാണ് പ്രധാനം. അതിനുള്ള ആയുധങ്ങൾ പണിപ്പുരയിൽ മൂർച്ചകൂട്ടിക്കൊണ്ടേയിരിക്കുക. ഇടപെടുന്ന ഇടങ്ങളിൽ തന്റേതായ അടയാളപ്പെടുത്തലുകൾ കൊത്തിവെക്കുക. ഒരിക്കലും തിരുത്തപ്പെടാൻ സാധിക്കാത്തവിധം സജ്ജരായിക്കൊണ്ടേയിരിക്കുക. അതിന് കുറവുകൾ പരിഗണനീയമല്ല. മനോഭാവവും നിശ്ചയദാർഢ്യവുമാണ് പ്രധാനം.

-അൻവർ കണ്ണീരി അമ്മിനിക്കാട്

Advertisment