/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പഴമക്കാർ പറയാറുണ്ട്. മനസ്സിലെ സന്തോഷങ്ങളും പ്രയാസങ്ങളും പ്രശ്നങ്ങളും മുഖത്ത് പ്രസരിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരസ്പരം കാണുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലത് ഇങ്ങനെയാണ്, എന്തുപറ്റി ഇന്ന് ഭയങ്കര സങ്കടത്തിലാണല്ലോ! ഇന്നെന്താ സുഖമില്ലേ? ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.
പ്രശ്നങ്ങളും പ്രയാസങ്ങളും ഇല്ലാത്ത മനുഷ്യർ അപൂർവമായിരിക്കും. നമ്മുടെ മനസ്സിലെ നീറുന്ന പ്രശ്നങ്ങൾ അറിയാനും പരിഹാരം നിർദ്ദേശിക്കാനും താൽപര്യമുള്ളവർ ഒരുപക്ഷേ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാലും എല്ലാ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും ഉള്ളിലൊതുക്കി ആളുകളുമായി കണ്ടുമുട്ടുമ്പോൾ പിശുക്കില്ലാതെ നമുക്ക് നിർവഹിക്കാൻ കഴിയുന്ന ഒരു വലിയ കാര്യമാണ് ഒരു ചെറു പുഞ്ചിരി സമ്മാനിക്കുക എന്നത്.
ഇന്ന് അന്യം നിന്നു പോയിട്ടുള്ള ഒട്ടനവധി നന്മകളിൽ പെട്ടതാണ് പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കുക എന്നത്. 'നന്മകളിൽ ഒന്നിനെയും നിങ്ങൾ നിസാരമായി കാണരുത്. തന്റെ സഹോദരനെ പ്രസന്ന വദനനായി കണ്ടുമുട്ടന്നതുപോലും" എന്ന് കാരുണ്യത്തിന്റെ തിരുദൂതർ അവിടുത്തെ മൊഴിമുത്തുകളിലൂടെ മാനവ കുലത്തിന് പകർന്നു നൽകി.
പരസ്പരം കാണുമ്പോഴുള്ള പുഞ്ചിരിയിൽ ഒരുപാട് ഗുണങ്ങളുണ്ട്. പരിചയം പുതുക്കലും, ബന്ധം ഊട്ടിയുറപ്പിക്കലും, പരസ്പര സഹകരണ മനോഭാവത്തിന്റെ കവാടം തുറക്കാനുള്ള ഒരു എളുപ്പ വഴിയായും തുടങ്ങി... ഒരു പരിചയവുമില്ലാത്തവരാണെങ്കിൽ പോലും ഒന്ന് പുഞ്ചിരിച്ചാൽ അത് നിർഭയത്വത്തിനും സമാധാനത്തിനും വരെ കാരണമാകുന്നു.
ജനങ്ങളെ ആകർഷിക്കാനും, ആവശ്യങ്ങൾ നിറവേറ്റാനുമെല്ലാം പുഞ്ചിരികൊണ്ട് സാധിക്കുന്നു. അതിലേറെ, ഏറ്റവും നല്ല സ്വഭാവത്തോടെ, പുഞ്ചിരിച്ച് വിഷയങ്ങൾ ചോദിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ഇന്ന് വലിയ സ്ഥാപനങ്ങളിലും കച്ചവട മേഖലകളിലും ഒക്കെ നമുക്ക് കാണാൻ സാധിക്കും.
അഥവാ പുഞ്ചിരിയെ ഒരു കച്ചവട തന്ത്രമായി ഉപയോഗിക്കുന്നവരും ഉണ്ടെന്നു ചുരുക്കം! അതുകൊണ്ടാണല്ലോ ഇന്ന് മിക്ക സ്ഥാപനങ്ങളിലും ഓഫീസുകളിലുമൊക്കെ റിസപ്ഷൻ കൗണ്ടറും, ഹെൽപ് ഡെസ്കും, എൻക്വയറി കൗണ്ടറും ഒക്കെ സ്ഥാപിച്ചിട്ടുള്ളത്.
അത്തരമൊരു സ്ഥാപനത്തിലേക്കോ ഓഫീസിലേക്കോ കയറി ചെല്ലുമ്പോൾ പുഞ്ചിരി സമ്മാനിച്ച് നമ്മെ വരവേൽക്കുന്നവർക്കു മുമ്പിൽ നമ്മുടെ ആവശ്യങ്ങൾ പറയാനും, കാര്യങ്ങൾ സംസാരിക്കാനും മനസ്സിന് സന്തോഷവും ഊർജവും സ്ഥൈര്യവും ലഭിക്കും. എന്നാൽ, നേരെ വിപരീതമാണെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ...!?
നാം കയറി ചെല്ലുമ്പോൾ മുഖം കറുപിച്ച് ഇരിക്കുകയും ഒന്ന് ചിരിച്ചാൽ തന്നെ കണ്ണുരുട്ടി നോക്കുകയും ചെയ്യുന്നവർ... ഞണ്ടിന് അധികാരി പണി കിട്ടിയ പോലെ എന്ന് പഴമക്കാർ പറയാറുണ്ട്. അതുപോലെ ''ഞാനെന്ന" ഭാവത്തിൽ ഇരിക്കുന്നവർ... അത്തരക്കാർക്ക് മുമ്പിൽ ഒരു ആവശ്യമോ മറ്റോ പറയാൻ വന്നവന് കാര്യങ്ങൾ തുറന്ന് പറയാൻ കഴിയില്ല എന്ന് മാത്രമല്ല പോകുന്നത് വരെയും ശേഷവും നിരാശ മാത്രമായിരിക്കും ബാക്കിയാകുന്നതും.
"ചിലയാളുകളുടെ പെരുമാറ്റരീതിയെക്കുറിച്ച് ചിന്തിക്കാൻ ഇടവന്നു. വർഷങ്ങളോളം ഒപ്പം കഴിഞ്ഞിട്ടും അവർ ഒരു പുഞ്ചിരി പൊഴിച്ചതായി ഓർക്കുന്നില്ല. ഒരു തമാശ കേട്ടിട്ടു മറ്റുളളവരെ പ്രീതിപ്പെടുത്താനെങ്കിലും ചിരിക്കുകയോ തന്നോട് സംസാരിക്കുന്നവനോട് മാന്യമായി ഒന്ന് പ്രതികരിക്കുകയോ ചെയ്തുകണ്ടിട്ടില്ല.അവർ ആ രീതിയിൽ വളർന്നതുകൊണ്ടാവും, അങ്ങനെയല്ലാതെ പെരുമാറാൻ അവർക്ക് സാധ്യമല്ലാത്തതുകൊണ്ടായിരിക്കും എന്നെല്ലാം ഞാൻ വിചാരിച്ചു.
പക്ഷേ, പിന്നീട് ചില പ്രത്യേക സന്ദർഭങ്ങളിൽ പണക്കാരും സ്വാധീനശക്തിയുളളവരുമായി അവർ നന്നായി ചിരിച്ചും രസിച്ചും പെരുമാറുന്നതു കണ്ടപ്പോൾ, സ്വാർഥതാൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് അവർ അങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലായി. തന്മൂലം മഹത്തരമായ പ്രതിഫലം അവർക്ക് ലഭിക്കാതെ പോകുന്നു.
വിശ്വാസി തന്റെ പെരുമാറ്റത്തിലൂടെയും സംസ്കാരത്തിലൂടെയും ദൈവപ്രീതി മാത്രമാണ് ലക്ഷ്യം വക്കേണ്ടത്. സമ്പത്തിനുവേണ്ടിയോ സ്ഥാനമാനങ്ങൾക്കുവേണ്ടിയോ ആളുകളുടെ പ്രശംസ പിടിച്ചുപറ്റാൻ വേണ്ടിയോ അല്ലാതെ, ദൈവ പ്രീതി നേടാനും, തന്നെ അവന്റെ സൃഷ്ടികൾക്ക് പ്രിയപ്പെട്ടവനാക്കി മാറ്റുവാനുമായിരിക്കണം.
അതെ, സൽസ്വഭാവം പുണ്യപ്രവൃത്തിയായി കണക്കാക്കുന്നവർ പണക്കാരോ പണിക്കാരോ മേധാവിയോ തൂപ്പുകാരനോ എന്നു നോക്കാതെ, എല്ലാവ രോടും നന്നായി പെരുമാറാൻ ശ്രമിക്കുന്നവരാണ്." (ഇസ്തംതിഅ ബിഹയാതിക, ഡോ. മുഹമ്മദ് അൽ അരീഫി) നിഷ്കളങ്കമായ പുഞ്ചിരിയും സ്നേഹവും കൈമാറാൻ നമുക്ക് സാധിക്കട്ടെ...
-ദുൽക്കർഷാൻ അലനല്ലൂർ