പണ്ഡിതൻമാർക്കും 'ദീനി സ്നേഹികൾക്കും' ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാലം മുന്നോട്ടു പോകും.ആ മുന്നോട്ടു പോക്കിൽ അവർ മണിച്ചിത്രത്താഴിട്ടു പൂട്ടിയ പല നിലവറകളും തുറക്കപ്പെടും. ആ നിലവറക്കകം ശൂന്യമായിരുന്നു എന്ന് ലോകത്തിന് ബോധ്യപ്പെടും. ആ യാഥാർത്ഥ്യം തിരിച്ചറിയുന്നവരും തിരിച്ചറിയാത്തവരുമുണ്ട്. തിരിച്ചറിഞ്ഞവരിൽ ഒരാളാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.
സ്ത്രീകൾ എഴുത്തും വായനയും പഠിക്കുന്നത് നിരുൽസാഹപ്പെടുത്തേണ്ടതാണ് എന്ന് പ്രമേയം പാസ്സാക്കിയ പണ്ഡിത സംഘടനയുടെ നേതാവാണ് അദ്ദേഹം പക്ഷെ പഴയ കാലത്തെ 'ധിഷണാശാലികളായ' പണ്ഡിതൻമാരെ ആശയപരമായി തിരുത്താൻ മെനക്കെട്ടാൽ സമുദായത്തിലെ സിഡിക്കച്ചവടക്കാർ കാശുണ്ടാക്കുമെന്നതല്ലാതെ ഒരു പ്രയോജനവുമുണ്ടാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അദ്ദേഹം പ്രവർത്തിയിലേക്ക് കടന്നത്.
കോഴിക്കോട് ജില്ലയിലെ മരഞ്ചാട്ടിയിൽ വനിതകൾക്ക് മാത്രമായി മർക്കസുണ്ടാക്കിയത്. പിന്നീട് ലോ കോളേജ് വരേ ഉണ്ടാക്കിയത്. നോളജ് സിറ്റിയിൽ സ്ത്രീകൾ സദസ്സിലും വേദിയിലും മതപണ്ഡിതൻമാരോടൊപ്പം ഇരിക്കുന്നത് കണ്ട് അത്ഭുതമൊന്നും തോന്നാത്തത് പത്ത് വർഷം മുമ്പ് മലേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ സാക്ഷാൽ കാന്തപുരം ഇതേ പോലുള്ള വേദിയിൽ ഇരിക്കുന്നത് കണ്ടത് കൊണ്ടാണ്.
അത്തരം ഒരു സദസ്സിനെ അവതരിപ്പിക്കാൻ കേരളത്തിലെ 'സുന്നീ മനസ്സുകൾ' പാകപ്പെട്ടിട്ടില്ലാത്തത് കൊണ്ടാണ് അന്ന് മർക്കസിൽ അത് സംഭവിക്കാതിരുന്നത്. പത്ത് വർഷത്തിനിപ്പുറം മനസ്സുകൾ പാകപ്പെട്ടത് കൊണ്ടാണ് നോളജ് സിറ്റിയിൽ അത് സംഭവിക്കുന്നത്.
പള്ളിയുടെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ നടന്നിരുന്ന ചില ചെറുപ്പക്കാർ പള്ളിയിലേക്ക് പോയി തുടങ്ങുമ്പോൾ പള്ളി അഡിക്റ്റുകളായ ചില കൂതറ കാക്കാമാർ ചോദിക്കാറുണ്ട് "എന്താടാ, ഈ വഴിക്കൊക്കെ, നിനക്കിപ്പം പള്ളിയൊക്കെ പറ്റുമോ...? നമ്മളൊക്കെ വിളിച്ചപ്പോൾ നിനക്ക് പുച്ചമായിരുന്നല്ലോ...ന്താടാ കല്യാണ ആലോചന നടക്കുന്നുണ്ടോ...?"
ഈ കാക്കാമാരെ ഓർമിപ്പിക്കുന്ന ഓഡിറ്റിംഗാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഫോട്ടോ എടുക്കൽ ഹറാമാണെന്ന് പറഞ്ഞവർ ചാനൽ തുടങ്ങിയിട്ടുണ്ട്. വോട്ട് ചെയ്യൽ ഹറാമാണെന്ന് പറഞ്ഞവർ പാർട്ടി ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകളെ എഴുത്തും വായനയും പഠിപ്പിക്കരുതെന്ന് പറഞ്ഞവർ വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്... അത് ഗുണപരമായ മാറ്റമാണ്.
ആ മാറ്റങ്ങളെ അംഗീകരിക്കുകയോ പിന്തുണക്കാൻ ബുദ്ധിമുട്ടുള്ളവർ മൗനം പാലിക്കുകയോ ചെയ്യുന്നത്തിനപ്പുറം 'മുണ്ട് പറിക്കാൻ' പോയാൽ അവർ തിരിച്ചും മുണ്ടു പറിക്കും. എല്ലാവരും ജനമധ്യത്തിൽ നഗ്നരാകേണ്ടി വരും.
സമുദായത്തിനകത്ത് ഓരോരുത്തർക്കും പ്രവർത്തിക്കാനുള്ള ഇടമുണ്ട്, രാഷ്ട്രീയമോ, വിദ്യാഭാസ പ്രവർത്തനമോ, ആത്മീയതയോ, മാധ്യമരംഗമോ ഏതുമാവട്ടെ അവനവന്റെ മേഖലകളിൽ ശോഭിക്കുകയും മറ്റുള്ളവരെ ഒരു പരിധിക്കപ്പുറം ഓഡിറ്റിന് വിധേയമാക്കാതിരിക്കുകയും ചെയ്താൽ എല്ലാവർക്കും സമാധാനത്തോടെ മുന്നോട്ടു പോകാം.
ഈ വാളിൽ പലപ്പോഴും പറഞ്ഞത് ആവർത്തിച്ചു പറയട്ടെ, കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ കുതിച്ചു ചാട്ടം നടത്തുന്നുണ്ട്. മിക്ക സ്ഥാപനങ്ങളിലും 70 ശതമാനം വരെ പെൺകുട്ടികളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സംവരണം സ്ത്രീകൾക്ക് പൊതുപ്രവർത്തനത്തിന് അവസരം നൽകുന്നുണ്ട്.
വികസിത രാജ്യങ്ങളിൽ കാണും വിധം സ്ത്രീകളുടെ സമൂഹ്യമുന്നേറ്റം കേരളത്തിലും സംഭവിക്കും. മുസ്ലിം സമുദായത്തിലും സംഭവിക്കും. അതിനെ തടയണകെട്ടി നിർത്താൻ ഒരു പണ്ഡിത സംഘടനയെക്കൊണ്ടും പറ്റില്ല എന്ന് മാത്രമല്ല, ആ ശ്രമം വൻനാശനഷ്ടമുണ്ടാക്കും, തടയണകൾക്ക് താഴെ സുരക്ഷിതമെന്ന് കരുതിയതെല്ലാം കുത്തൊഴുക്കിൽ നാമാവശേഷമാകും.
പകരം സ്ത്രീ ശക്തിയെ കൂടെ നിർത്തി ഗുണപരമായ മാർഗ്ഗങ്ങളിലേക്ക് വഴിതിരിച്ചു വിട്ടാൽ അത് സമൂഹത്തിനും സമുദായത്തിനും മുതൽ കൂട്ടാകും.