Advertisment

2018ലെ കണക്കു പ്രകാരം 13.2% അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് രാജ്യത്ത് തൊഴിലില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം പറുദീസയായി മാറുമ്പോള്‍ സമ്പദ്-സമൃദ്ധിയുടെ പുത്തന്‍കൂറ്റിനായി കടല് കടക്കുകയാണ് മിക്കവരും. യുവത്വം നഷ്ടപ്പെടുന്ന കേരളം...

author-image
nidheesh kumar
New Update

publive-image

Advertisment

അറുപത്തിയാറ് തികയുന്ന കേരളത്തിന് യുവത്വം നഷ്ടപ്പെട്ടിരിക്കുന്നു, ഒപ്പം പ്രസരിപ്പും. ലഹരിയും പ്രണയക്കൊലയും രാഷ്ട്രീയ അധാര്‍മ്മികതയും കള്ളക്കടത്തും പീഡനങ്ങളും പെണ്‍വാണിഭങ്ങളും തൊഴിലില്ലായ്മയും വര്‍ഗീയ ചേരിതിരിവുകളും ചതിയും വഞ്ചനയും എന്നു തുടങ്ങി അധഃപതനത്തിന്റെ ഭാരം കൊണ്ട് കേരളം വീര്‍പ്പുമുട്ടുകയാണ്. ഇതിനിടയില്‍, വിശാലമായ ലോകം സ്വപ്‌നം കാണുന്ന യുവാക്കള്‍ കേരളം വിട്ട് വിദേശരാജ്യങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കുന്നു.

മാറുന്ന ജീവിത രീതികള്‍ക്കൊപ്പം മലയാളിയുടെ ഭക്ഷണ രീതികളും വസ്ത്ര രീതികളും മാറി. ഐ ടി പോലെയുള്ള വന്‍ തൊഴില്‍ അവസരങ്ങള്‍ കേരളത്തിലേക്ക് വന്നതോട് കൂടി, മലയാളിയുടെ സാംസ്‌ക്കാരിക പൈതൃകത്തില്‍ തന്നെ നേരിയ മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങി. വസ്ത്ര ധാരണത്തില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്.

ചുരിദാറുകളിലും സാരികളിലും മുണ്ടുകളിലും മാത്രം ഒതുങ്ങിയിരുന്ന മലയാളി, സ്ത്രീ-പുരുഷ ഭേദമന്യേ കാപ്രീസും ടീ-ഷര്‍ട്ടുകളും , ജീന്‍സുകളും ഒക്കെ സ്വന്തം സ്റ്റയില്‍ സ്റ്റേറ്റ്‌മെന്റായി കാണാന്‍ തുടങ്ങി. എന്നാലും ഒരു തൃപ്തിക്കുറവ് കാരണമാണ് യുവതലമുറ പുതിയ ജീവിത സാഹചര്യങ്ങളില്‍ യൂറോപ്യന്‍ കുടിയേറ്റത്തിനായി പരിശ്രമിക്കുന്നത്.

ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍, പൊതുജനജീവിതം സ്തംഭിക്കുന്നതും, മനഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതുമായ ഒരു രാഷ്ട്രീയസാഹചര്യത്തിന്റെ വാഴ്ചയാണ് കേരളത്തിലുള്ളത്. പരസ്പരം പഴിചാരി അനീതികളെ ന്യായീകരിച്ചുകൊണ്ട് പൊതുജനങ്ങളെയും പൊതുസ്വത്തും ചൂഷണം ചെയ്ത് ഉപജീവിക്കുന്ന ജനപ്രതിനിധികള്‍.

നിലവിലുള്ള റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാന്‍ കഴിയാത്തവന്‍ സൂപ്പര്‍ഹൈവേയെപ്പറ്റി സംസാരിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാന്‍ കഴിയാത്തവര്‍ കേരള എയര്‍വേയ്സിനെപ്പറ്റി വാചാലരാകുന്നു. എന്നാല്‍ ഇവയെല്ലാം നല്ല രീതിയില്‍ നടപ്പാക്കുന്ന വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് പുതുതലമുറകള്‍.

പണ്ട് തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയവര്‍, പിറന്ന നാടുമായി ഇഴയടുപ്പം സൂക്ഷിക്കുകയും തിരികെ വരുമെന്ന വാര്‍ത്തകള്‍ക്കായി കൊതിക്കുന്ന ഗ്രാമത്തിലേക്ക് തിരികെ വരാനും നാടിന്റെ വളര്‍ച്ചയിലേക്ക് സംഭാവനകള്‍ നല്‍കാനും ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവരില്‍ ഭൂരിപക്ഷവും അവിടുത്തെ സുഖസൗകര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തി അവിടെ തന്നെ ജീവിതം സമര്‍പ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്.

2021ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 1.6 ലക്ഷം പേരാണ്. 2020ല്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് സ്ഥിരതാമസത്തിനു പോയത് 7000 കോടീശ്വരന്മാരെന്ന് കൂടി കണക്കിലെടുക്കുമ്പോള്‍ കേരളം നേരിടുന്ന ഭാവിയെക്കുറിച്ച് ഏകദേശ ധാരണ കിട്ടും.

അറുപതുകള്‍ മുതല്‍ തന്നെ മികവുള്ളവര്‍ കേരളം വിട്ടു തുടങ്ങിയിരുന്നു. കേരളത്തില്‍ തുടര്‍ന്നവരുടെ അനന്തര തലമുറകളും പിന്നീടു കേരളം വിടാനുള്ള തയ്യാറെടുപ്പിലാണ്. ഇങ്ങനെ ഘട്ടംഘട്ടമായി കാലാനുസൃതമായ മാറ്റങ്ങള്‍ കേരളത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പുതുതലമുറ ഒരു വെര്‍ച്വല്‍ ലോകത്താണു ജീവിക്കുന്നത്. നാട്ടിലായിരിക്കുമ്പോഴും മനസ്സുകൊണ്ട് അവരുടെ ജീവിതം രാജ്യാന്തരതലത്തിലാണ്.

കേരളത്തിലെ സങ്കുചിത സാമൂഹികവ്യവസ്ഥിതിയില്‍ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പുറത്തുപോയാല്‍ കിട്ടുന്ന സ്വതന്ത്ര ജീവിതം ഇഷ്ടപ്പെടുന്നു. നൈപുണ്യമുള്ള യുവതയാണ് ഇങ്ങനെ പോകുന്നത്. വിദ്യാസമ്പന്നരായ കഴിവുള്ള ചെറുപ്പക്കാര്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മികച്ച വേതനത്തോടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ രാജ്യത്തിനു കഴിയുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം.

ബിരുദം പൂര്‍ത്തിയാക്കിയിറങ്ങുന്ന അഞ്ച് പേരില്‍ ഒരാള്‍ക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണിവിടെയുള്ളത്. 2018ലെ കണക്കു പ്രകാരം 13.2% അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് രാജ്യത്ത് തൊഴിലില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം പറുദീസയായി മാറുമ്പോള്‍ സമ്പദ്-സമൃദ്ധിയുടെ പുത്തന്‍കൂറ്റിനായി കടല് കടക്കുകയാണ് മിക്കവരും.

ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നായിരുന്നു കേരളം. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. വര്‍ഷാ-വര്‍ഷം പ്രളയ ഭീതി, കാലാവസ്ഥ വ്യതിയാനം മഹാമാരികള്‍ ഇവയെല്ലാം കേരളവും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. കേരളം വികസനത്തിലാണെന്ന് ഭരണകൂടം പറയുമ്പോഴും കേരളത്തനിമ നഷ്ടപ്പെടുന്നത് നാം കാണാതിരുന്നുകൂട.

പുഴയും മലയും കായലും കടലും എല്ലാമായി പ്രകൃതിയുടെ വരദാനങ്ങളാല്‍ സമ്പന്നമായ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളെ മലയാളം എന്ന ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ച് ഐക്യ കേരളമായി രൂപപെട്ടിട്ട് ഇന്നേക്ക് 66 വര്‍ഷം തികഞ്ഞ ഈയവസരത്തില്‍ ഇനിയെങ്കിലും യുവതലമുറകള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള കേരളത്തെ സ്വപ്‌നം കാണാം.

വൃദ്ധജനങ്ങളും ബംഗാളികളും കൊണ്ട് നിറയുന്ന കേരളത്തിന് യുവത്വവും പ്രസരിപ്പും നല്‍കാനുള്ള കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന് കേരളത്തെ സംരക്ഷിക്കണം. എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍.

-അസീസ് മാസ്റ്റര്‍

Advertisment