Advertisment

പ്രണയ തിരസ്കാരങ്ങള്‍ അംഗീകരിക്കാനാവണം...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പ്രണയപരാജയവും വേര്‍പിരിയലും സ്വാഭാവികമായും ലോകത്തെവിടെയും കാണാനാകും. എന്നാല്‍ അതിന്‍റെ പേരില്‍ വൈരാഗ്യമുണ്ടാകുന്നതും അത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങുന്നതും മറ്റ് രാജ്യങ്ങളില്‍ സാധാരണമല്ല. ഓരോവ്യക്തിയും അത്യന്തികമായി വെവ്വേറെ സ്വത്വം സൂക്ഷിക്കുന്നവരാണെന്നും ഒന്നിച്ചു ചേരാനും പിരിയാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മറന്നുപോകുന്നുവെന്നതാണ് പ്രണയത്തെ ദുരന്തത്തിലെത്തിക്കുന്നത്.


സ്വന്തം വ്യക്തിത്വത്തിലും അസ്തിത്വത്തിലും ജീവിക്കുക എന്നത് ഒരു സ്വാശ്രയ ശൈലിയാണ്. അവനവനില്‍തന്നെ ആശ്രയിക്കണമെന്ന തത്വം മനസിലാക്കി പ്രണയ തിരസ്കരങ്ങളെ അംഗീകരി ക്കാനും വിയോജിപ്പുകള്‍ പറഞ്ഞുതീര്‍ക്കാനും പരസ്പരം മാന്യമായി പരിയാനും തയ്യാറാകുമ്പോഴേ പ്രണയദുരന്ത ങ്ങള്‍ക്ക് പര്യവസാനമുണ്ടാവുകയുള്ളൂ.


പാറശാല മുര്യങ്കര ജെ.പി.ഹൗസില്‍ ജയരാജിന്‍റെയും പ്രിയയുടെയും മകന്‍ ജെ.പി.ഷാരോണ്‍ രാജ് (23) എന്ന വിദ്യാര്‍ത്ഥി വിഷം ഉള്ളില്‍ ചെന്ന് മരിച്ചത് പെണ്‍സുഹൃത്തായ ഗ്രീഷ്മ (23) നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായപ്പോള്‍ നാടാകെ നടുങ്ങി. ഷാരോണിനെ വീട്ടിലക്ക്േ വിളിച്ചുവരുത്തി ആദ്യം വിഷംകലര്‍ന്ന കഷായവും പിന്നീട് അതിന്‍റെ അരുചി മാറ്റാന്‍ ജ്യൂസും നല്‍കിയ ഗ്രീഷ്മ അവസാനംവരെ നിഷ്കളങ്കമായ പ്രണയം അഭിനയിക്കുകയായിരുന്നു.

മരണത്തോട് മല്ലടിക്കുമ്പോഴും സംശയം പ്രകടിപ്പിക്കാതെ സ്നേഹത്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു ഷാരോണ്‍. മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തുമ്പോഴും ഷാരോണ്‍ ഗ്രീഷ്മയെക്കുറിച്ച് ഒരു സംശയവും പറഞ്ഞില്ല. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ ഗ്രീഷ്മ തന്‍റെ വിവാഹജീവിതത്തിന് പ്രശ്നമുണ്ടാകാതിരിക്കാന്‍ ഷാരോണിനെ വീട്ടിലുണ്ടാക്കിയ കഷായത്തില്‍ കാപ്പിക് എന്ന കീടനാശിനി ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.

പ്രണയത്തില്‍നിന്ന് പിന്‍മാറാന്‍ ആദ്യം കല്യാണം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. അതില്‍ വിശ്വാസിക്കാത്ത ഷാരോണ്‍, "മരിക്കുന്നെങ്കില്‍ മരിക്കട്ടെ" എന്നുപറഞ്ഞ് ആറ്മാസം മുന്‍പ് ഗ്രീഷ്മയെ രഹസ്യമായി വിവാഹം ചെയ്തിരുന്നു. വിട്ടുപോകാന്‍ തയ്യാറാകാത്തതുകൊണ്ടും പലവട്ടം അഭ്യര്‍ത്ഥിച്ചിട്ടും തന്‍റെ സ്വകാര്യദൃശ്യങ്ങള്‍ തിരികെ നല്‍കാത്തതിലുള്ള വൈരാഗ്യം മൂലവുമാണ് വിളിച്ചുവരുത്തി വിഷം നല്‍കിയതെന്ന് ഗ്രീഷ്മ പിന്നീട് പോലീസിന് മൊഴി നല്‍കി.

പ്രണയ പരാജയവും പ്രണയവഞ്ചനയും കാരണമായി രാജ്യത്താകെ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഒരാഴ്ചമുമ്പ് പാനൂരില്‍ പ്രണയഭംഗമുണ്ടായപ്പോള്‍ പക മൂത്ത കാമുകന്‍ സ്വയം നിര്‍മിച്ച ആയുധങ്ങളുമായി പട്ടാപ്പകല്‍ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ച്ചെന്ന് വീട്ടിലെ കിടപ്പുമുറിയില്‍ അവരെ കഴുത്തറത്ത് കൊലപ്പെടുത്തി.

വള്ളായി നടമ്മല്‍ ഉമാമഹേശ്വരി ക്ഷേത്രത്തിനു സമീപം കണ്ണച്ചാങ്കണ്ടി വിനോദിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ വിഷ്ണുപ്രിയയെ (23) കൂത്ത്പറമ്പ് മാനന്തേരി സ്വദേശി താഴെകളത്തില്‍ എം.ശ്യാംജിത്ത് (23) ആണ് കൊലപ്പെ ടുത്തിയത്. പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം പാല സെന്‍റ്തോമസ് കോളേജിലെ ഒരു വിദ്യാര്‍ത്ഥി സഹപാഠിയായ പെണ്‍സുഹൃത്തിനെ ക്യാമ്പസില്‍വച്ച് വെട്ടിക്കൊന്നിരുന്നു. രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി പിന്നീട് അകലാന്‍ തുടങ്ങിയെന്ന തോന്നലാണ് കൊലയില്‍ എത്തിച്ചത്.

കഴിഞ്ഞവര്‍ഷം തന്നെ കോതമംഗലത്ത് ഡെന്‍റല്‍ കോളേജില്‍ ഹൗസ് സര്‍ജനായിരുന്ന മാനസയെ ആണ്‍സുഹൃത്ത് പ്രണയഭംഗപ്പക കാരണം വെടിവെച്ചുകൊന്നു. ബീഹാറില്‍ പോയി തോക്ക് വാങ്ങി വെടിവെച്ച് പരിശീലിച്ചാണ് ആ കൊടുംക്രൂരതചെയ്തത്.


പ്രണയനിരാസത്തിന് പകരംവീട്ടാന്‍ പ്രാണനെടുക്കുന്ന പ്രവണത കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രണയം നിരസിച്ചാല്‍ നിരസിക്കുന്നവരെ കൊല്ലണമെന്ന അപകടകരമായ ചിന്ത വികലമായ വ്യക്തിത്വത്തിന്‍റെ ബഹിര്‍സ്ഫുരണമാണ്. ആവര്‍ത്തിക്കുന്ന ഈ പ്രവണത കടുത്ത മനോരോഗത്തിന്‍റെ ഭാഗമായി കാണണം.


ഇതിന്‍റെ കാരണങ്ങളെപ്പറ്റി ഗൗരവമായി പഠിക്കുകയും അതിനുള്ള പ്രതിവിധികള്‍ നടപ്പാക്കുകയും വേണമെന്നത് കാലത്തിന്‍റെ ആവശ്യമാണ്. പ്രണയാഭ്യര്‍ത്ഥനയും കൊലയും ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് സംഭവിക്കുന്നതല്ല. കുറച്ചുകാലം പ്രണയിച്ചു നടന്നവരാണിവരെല്ലാം. ആദ്യഘട്ടത്തില്‍ പ്രണയം ആസ്വദിക്കും. വിധേയത്തോടെ പെരുമാറും. പിന്നീട് ഒത്തുപോകാന്‍ പറ്റാത്ത വ്യക്തിയാണെന്ന് തോന്നുമ്പോഴും കുറച്ചുകൂടി മെച്ചപ്പെട്ട ഒരാളെ കണ്ടെത്തുമ്പോഴും പെണ്‍കുട്ടികള്‍ പിന്മാറും.

ഈ അവഗണന പകയുടെ വഴിതേടും. എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന വാശിയാണ് കൊലയിലേക്ക് നയിക്കുന്നത്. മാസങ്ങളോളം ഒരുക്കം നടത്തിയാണ്

പലരും കൊലകള്‍ ആസൂത്രണം ചെയ്യുന്നത്. കുറ്റംചെയ്താല്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന ബോധമാണ് ഭൂരിപക്ഷം ജനങ്ങളെയും തെറ്റുകുറ്റങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുന്നത്.

നന്മതിന്മകളെക്കുറിച്ചും ചെയ്യുന്ന തെറ്റിന്‍റെ പ്രത്യാഘാതങ്ങളെ ക്കുറിച്ചും കൗമാരപ്രായക്കാര്‍ക്ക് പൊതുവേ അവബോധം കുറവായിരിക്കും. പിന്നെ പകയുടെ മനോഭാവം വീണ്ടുവിചാരത്തെ ഇല്ലാതാക്കുകയും ചെയ്യും. രണ്ടുപേരുടെയും ജീവിതം അതോടെ ഇല്ലാതാവുകയാണ്. നമ്മുടെ കുട്ടികളെ ഇങ്ങനെ കൊലക്ക് കൊടുക്കാനും കൊലപാതകികളാക്കാനും അനുവദിക്കാതിരിക്കാന്‍ എല്ലാവരും കൈകോര്‍ക്കുന്ന ചിന്താപദ്ധതികളുണ്ടാവണം.

ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങിനെയായിരിക്കണ മെന്ന പാഠങ്ങള്‍ മലയാളി ഇനിയും പഠിക്കേണ്ടതുണ്ട്. അത് ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ ത്തിലൂടെ നല്‍കാനാകണം. നമ്മുടെ വിദ്യാഭ്യാസം അക്കാദമിക് മികവുകളില്‍ ഊന്നല്‍ നല്‍കുമ്പോള്‍ വ്യക്തിത്വവും സ്വഭാവഗുണവും മാനുഷിക-സാംസ്കാരിക നിലവാരവും കുട്ടികളില്‍ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയാണ്.

വിദ്യാഭ്യാസത്തിന്‍റെ മൗലികലക്ഷ്യം സ്വഭാവഗുണം ആര്‍ജിക്കലാണ്. സംയമനം, ക്ഷമ, സഹിഷ്ണുത, അലിവ്, ആര്‍ദ്രത, കരുണ, ദയ, സമചിത്തത, സാഹോദര്യം, മനുഷ്യത്വം എന്നിവ പകര്‍ന്നുനല്‍കാന്‍ മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവും ശ്രദ്ധിക്കണം. ഈ സ്വഭാവഗുണങ്ങള്‍ ആര്‍ജിച്ചാലേ സമൂഹത്തോടും ജീവിതത്തോടും ഉത്തരവാദിത്വബോധമുള്ള തലമുറകളെ വളര്‍ത്തിയെടുക്കാനാകൂ. 8075789768

-അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS

Advertisment