Advertisment

നരനും ബലിയും നരബലിയും...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അഘോരി സന്യാസിമാർ മനുഷ്യമാംസം ഭക്ഷിക്കുന്നവരാണത്രേ. അവരിൽ അതുകൊണ്ടു തന്നെ അലൗകിക ശക്തിയും അതീന്ദ്രിയ ജ്ഞാനവും ഉള്ളതായി കരുതപ്പെടുന്നു. കുറച്ചു കാലമായി പല മീഡിയകളിലായി വാരി വിതറപ്പെടുന്ന ആശയഗതികളാണിത്. അപരിമിതമായ ലൈംഗികാനന്ദം നേടാനും അവർക്ക് കഴിയുന്നത് മനുഷ്യമാംസം കഴിക്കുന്നതിന്റെ ഫലമായിട്ടാണ് എന്നും മറ്റും കല്ലുവെച്ച ഊഹാപോഹ സാഹിത്യങ്ങൾ കാണാം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും മാധ്യമങ്ങളും വായനക്കാരും ഇതെല്ലാം വലിയ താൽപര്യത്തോടെയാണ് ആഘോഷിക്കുന്നത്.

മിത്തുകളും മാന്ത്രിക താന്ത്രികങ്ങളും ഇടകലർന്ന ഇന്ത്യയിൽ ഇതൊന്നും ഒരു പുത്തരിയല്ല. അഘോരികൾ മനുഷ്യമാംസം ഭക്ഷിക്കുമെന്നതിന്റെ അടിസ്ഥാനമെന്താണ് ? പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാബാ കീനാറാം എന്ന സന്യാസിയാണ് കാശ്മീരത്തിൽ അഘോരി സമ്പ്രദായം പ്രചാരത്തിലാക്കിയത്.

പഞ്ചവക്ത്രനായ പരമശിവന്റെ ഒരു മുഖമാണ് അഘോരം. ഗുരുവിനും ഗുരുവും മുമ്മൂർത്തികളുടെ ഐക്യസ്വരൂപവുമായ സാക്ഷാൽ ദത്താത്രേയനാണ് ഈ സമ്പ്രദായികളുടെ ആദിഗുരു. സുമന്തമുനി, അഥർവ്വ വേദ പാരംഗതയായ സന്യാസിനി ഭൈരവിബ്രാഹ്മണി എന്നിവരെല്ലാം മഹാദീക്ഷിതരായുള്ള പ്രസ്ഥാനമാണത്. ഗുജറാത്തിലെ ഗിരിനാർ മലയിൽ വെച്ച് ദീക്ഷ നൽകിയ ശേഷം ബാബാ കീനാറാമിന് ദത്താത്രേയൻ വാരണാസിയിലെ ക്രീമ കുണ്ഡിൽ വെച്ച് വിശപ്പടക്കാൻ ആദ്യ നിവേദ്യമായി നൽകിയത് സ്വന്തം തുടയിലെ മാംസമായിരുന്നത്രേ. അതാണ് മനുഷ്യമാംസത്തിന്റെ സാധുതയായി വന്നത്.

പെസഹയുടെ തിരുനാളിൽ തന്റെ രക്ത മാംസങ്ങളാണ്, ഇതെടുത്തു കൊൾക എന്നു പറഞ്ഞു കൊണ്ട് അപ്പവും വീഞ്ഞും ശിഷ്യർക്കു നൽകിയ ക്രിസ്തുചരിതം ഓർമ വരുന്നില്ലേ. മതങ്ങളുടെ രീതികൾ പലപ്പോഴും ഇത്തരത്തിലാണ്. മഹത്തുക്കൾക്ക് ദിവ്യശരീരമാണെന്നാണ് സങ്കൽപ്പം. രക്തം മാംസം എന്നൊക്കെ പറയുമ്പോൾ അതിനെ ഹീനമായോ ബോഡി വേസ്റ്റായോ വിശ്വാസികൾ കരുതുന്നില്ല.

സമൂഹബാഹ്യരുടെ നരബലി

അഘോരികൾ ചുടലയിൽ ചെന്ന് മനുഷ്യമാംസം കഴിക്കുകയാണെന്നും നരബലിയിലൂടെയുള്ള മാംസം കഴിക്കുകയാണെന്നും പല അഭിപ്രായങ്ങൾ ആളുകൾക്കിടയിലുണ്ട്. നിഗൂഢ ജീവിതം ഇഷ്ടപ്പെട്ടു കൊണ്ട് നഗ്നരായി ഭസ്മം പൂശി ഭാംഗും സേവിച്ച് ആളുകളിൽ നിന്നൊഴിഞ്ഞകന്നുള്ള ഹിമാലയൻ ജീവിതമാണ് അഘോരികൾ സാധാരണയായി തെരഞ്ഞെടുക്കുന്നത്.

തീവ്രസാധനാ മാർഗത്തിലുള്ള യഥാർത്ഥ അഘോരി സന്യാസിമാരും നാഗസന്യാസിമാരും മിക്കവാറും സമൂഹബാഹ്യരാണ്. ചില കൊടുക്കൽ വാങ്ങൽ ഒഴിച്ചാൽ അവർ മറ്റുള്ളവരുമായി കൂടുതൽ ബന്ധങ്ങൾക്കു നിന്നു കൊടുക്കുക തന്നെയില്ല. വ്യക്തമായ ചട്ടക്കൂടുള്ള സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറത്താണവർ എന്നർത്ഥം.

അവരെപ്പറ്റി പറയപ്പെടുന്ന കാര്യങ്ങളിലെ മിത്തും യാഥാർത്ഥ്യവും വേർതിരിക്കാൻ അതു കൊണ്ടു തന്നെ കഴിയണമെന്നില്ല. കാളയും പശുവും നടക്കുന്ന പോലെ എന്നല്ലാതെ അവർ ആർക്കും ഒരു ദ്രോഹവും ആകാറില്ല. അവരുടെ മാർഗങ്ങൾ ഗോപ്യമാകയാൽ അത്തരത്തിലുള്ള നരബലിയോ മറ്റോ അവരുടെ ലോകത്ത് ഉണ്ടെങ്കിൽ തന്നെ അതൊന്നും പൊതുസമൂഹത്തെ അത്ര കണ്ട് ബാധിക്കാറുമില്ല.

സമൂഹ സമ്മതമായ നരബലി

സന്യാസിമാർക്ക് സമൂഹബാഹ്യരായിരിക്കാൻ കഴിയും. എന്നാൽ മുഖ്യധാരാ സമൂഹത്തിന്റെ അംഗീകാരത്തോടെ തന്നെ നരബലി, ഒരു വിഷയമേയല്ലാത്ത വിധം കൊണ്ടാടപ്പെട്ട സമൂഹമായിരുന്നു നമ്മുടേത്. വാക്കുകൾ മാത്രമേ വ്യത്യാസമുള്ളൂ. കരുനിർത്തലും സതി സമ്പ്രദായവും പേരിലല്ലാതെ കാര്യത്തിൽ നരബലിയുമായി എന്തു വ്യത്യാസമാണുള്ളത് ?

പുഴയ്ക്കു കുറുകെ പാലം പണിയുമ്പോൾ പണിയാളരിൽ ഒരാളെപ്പിടിച്ച് ചളിയിൽ ഉറപ്പിച്ചു നിർത്തി കുലദൈവത്തിന് ബലിനൽകുന്ന ചടങ്ങായിരുന്നു കരുനിർത്തൽ. കരപ്രമാണിമാർ വെള്ളത്തിലിറങ്ങാതെ നാട്ടിനു വേണ്ടി അതു ചെയ്തിരിക്കും. മൊത്തത്തിലുള്ള സാമൂഹ്യനന്മയാണവിടെ ലക്ഷ്യമാകുന്നതത്രേ.

publive-image

അതുപോലെ ഭർത്താവു മരിച്ചാൽ ഭാര്യയും കൂടെ ചിതയിലേക്ക് പ്രവേശിക്കണം എന്ന കുലാചാരത്തെ അഭിമാനപൂർവ്വം നമ്മുടെ സമൂഹം ഒരു കാലത്ത് സതി എന്നും ഉടന്തടിച്ചാട്ടം എന്നും വിളിച്ച് പൊക്കിപ്പിടിച്ചു കൊണ്ട് നടന്നിരുന്നു. എല്ലാവരും കാൺകെ അവൾ അതിനു തയ്യാറായില്ലെങ്കിലോ. ആ വിധവ നാടിനു തന്നെ കേടാണ്. നാടിന്റെ നന്മയെക്കരുതി ആചാരസംരക്ഷകർ പാവം സ്ത്രീയെ പിടിച്ചു തീയിലേക്ക് ഇടും. നീക്കു പോക്കില്ല.. അവൾക്ക് പറക്കമുറ്റാത്ത മൂന്നോ നാലോ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ? എന്തൊരു മനുഷ്യത്വരഹിതമായ ഇടപാടാണത്.

ഉശിരനൊരു രാജാറാം മോഹൻ റോയ് ഇവിടെ ഉണ്ടായി വന്നത് വെറുതെയല്ല. കാലഘട്ടത്തിന്റെ ആവശ്യമായിട്ടാണത് സംഭവിച്ചത്. ആചാരത്തിന്റെ പേരിലുള്ള പച്ചമനുഷ്യബലിയായിരുന്നു സതി. ഈശ്വരോ രക്ഷതു എന്നതിനു പകരം പാശ്ചാത്യാഗമനോ രക്ഷതു എന്നോ ഇംഗ്ലീഷ് വിദ്യാഭ്യാസോ രക്ഷതു എന്നോ പറയുന്നതാകും ശരി.

നമ്മുടെ ചൂട്ടുവെട്ടത്തിനു പകരം പാശ്ചാത്യ ചിന്താ പദ്ധതികളുടെ ഇലക്ട്രിക് വെളിച്ചം വീണതോടെ അത്തരം ആചാരങ്ങൾ മുടങ്ങുമെന്നായി. ഘടാഘടിയൻ പാലങ്ങൾ കരുനിർത്താതെ തന്നെ ഉറയ്ക്കാൻ തുടങ്ങി. ഏതു പാലവും ഉറച്ചു നിൽക്കുന്നത് തൊഴിലാളിയുടെ വിയർപ്പു കൊണ്ടാണെന്നും അവന്റെ ചോര കൊണ്ടാകരുതെന്നുമുള്ള വിപ്ലവ ബാൻഡൊലിയുടെ മൂളക്കം ക്രമേണ നമ്മുടെ നാടിന്റെ മറ്റൊരാവേശമായി മാറി.

എന്തിനെയാണ് നമ്മൾ എപ്പോഴും ദൈവത്തിന് ബലിനൽകിയിരുന്നത് ? അടിമയായ ദളിതന്റെയും ചോദിക്കാനും പറയാനും ആളില്ലാത്ത സ്ത്രീയുടെയും അവശശരീരങ്ങളാണ് ദൈവത്തിനു പഥ്യം. എത്ര ഹൃദയശൂന്യനാണ് ആ ദൈവം. അതെ. ക്രൂരനരബലിയുടെ പ്രഛന്നവേഷങ്ങളായിരുന്നു കരു നിർത്തൽ മുതൽ സതി വരെയുള്ള ആചാരങ്ങൾ. സമൂഹസമ്മതമാകണമെങ്കിൽ നരബലിക്ക് വേഷപ്രച്ഛന്നമായി വന്നേ പറ്റൂ. നാമമോ സുന്ദരം - സതി.

രക്തവും ബലിയുമൊക്കെ പ്രതീകാത്മകമായ രീതിയിൽ ആവിഷ്കരിക്കപ്പെട്ട് ആധുനിക കാലഘട്ടത്തിലും മറ്റൊരു വിധത്തിൽ നിലനിൽക്കുക തന്നെയാണ്. വടക്കൻ കേരളത്തിന്റെ തെയ്യാട്ടക്കാവുകളിൽ ഉച്ചബലിക്കൂത്ത് എന്ന തെയ്യം ഇന്നും അരങ്ങേറുന്നുണ്ട്.

കോലധാരി ഉറഞ്ഞു വന്ന് സ്വന്തം കൈഞരമ്പ് കുത്തിത്തുറന്ന് ചിതറിത്തെറിക്കുന്ന ചോര ബലിക്കളത്തിൽ വീഴ്ത്തുന്നതാണ് ഉച്ചബലിത്തോറ്റത്തിന്റെ രീതി. ചടങ്ങുകൾ അതോടെ തീർന്ന് കോലധാരിയെ എല്ലാവരും ചേർന്ന് താങ്ങിയെടുത്തു കൊണ്ടു പോകുന്നു.

പൂവ്വാചാരമായിരുന്ന നരബലിയുടെ പ്രതീകാത്മക ആവിഷ്കാരമത്രേ ഈ തെയ്യം.

publive-image

അതെ. ആധുനിക ബോധ്യങ്ങളെയും നവോത്ഥാനധാരണകളെയും സ്വാംശീകരിച്ച പുതിയൊരു സാമൂഹ്യ വ്യവസ്ഥ ബലം കാണിക്കുന്നതു കൊണ്ടു മാത്രമാണ്. നാമെല്ലാം പുതിയ വേഷങ്ങൾ അണിഞ്ഞവരെങ്കിലും അതിനെല്ലാം അടിയിൽ ഗോത്രസ്വഭാവങ്ങൾ ഇപ്പൊഴുമുണ്ട്. ഇനിയും നാമെത്തിയിട്ടില്ലാത്ത ആധുനിക സമൂഹത്തിലേക്കുള്ള ഗത്യാവേഗം വർദ്ധിപ്പിക്കുക തന്നെയാണ് ഇത്തരം നാണക്കേടുകളിൽ നിന്നുള്ള പോം വഴി.

ഇന്ത്യയിലെന്നല്ല ലോകം മുഴുവൻ ചരിത്രാതീത ചരിത്രാധീന കാലഘട്ടങ്ങളിലെല്ലാം വിവിധ ജനപദങ്ങൾക്കിടയിൽ രഹസ്യമായും പരസ്യമായും നരബലികൾ ഉണ്ടായിരുന്നു. തന്റെ അകത്തും പുറത്തുമുള്ള രക്തത്തെക്കൊണ്ട് കളിയാടാനുള്ള വന്യവും പ്രാകൃതവുമായ ലഹരി മനുഷ്യന് എന്നുമുണ്ട്. അതിനു തെളിവായി ഒളിഞ്ഞും തെളിഞ്ഞും അരങ്ങേറുന്ന നരബലി വീണ്ടും വാർത്തകളിൽ നിറയുന്നു. പത്തു ലക്ഷം ആൾക്കാരെങ്കിലും വന്നു കണ്ടുവത്രേ. ആളുകൾ ആവേശത്തോടെ സംഭവസ്ഥലമെങ്കിലും ചെന്നുകണ്ട് സായൂജ്യമടയുവാനോ ? നരബലി നടന്ന ഇലന്തൂരിലേക്ക് ഒഴുകുകയല്ലേ.

മത സ്വഭാവത്തിലുള്ള നരബലിയുടെ കഥ ഇപ്രകാരമൊക്കെയാണെങ്കിൽ ലോക ചരിത്രത്തിൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള നരബലികളുടെ കഥ പറയാൻ തുടങ്ങിയാൽ ഇടങ്ങളൊന്നും പോരാതെ വരും. ചുരുക്കാം.

9497695422

8086705248

Advertisment