/sathyam/media/post_attachments/PxLkLkeKgoSMVcrvfgZk.jpg)
"ഇന്ത്യയുടെ മത നിരപേക്ഷത തകർന്നിരിക്കുന്ന സമയമാണിത്; മത ന്യൂനപക്ഷങ്ങളെ ഉൻമൂലനം ചെയ്യാൻ ചിലരൊക്കെ പദ്ധതിയിടുന്നൂ" - എന്നൊക്കെ പറഞ്ഞു കെ. സുധാകരൻറ്റെ പ്രസ്താവനക്ക് പിന്നാലെ ചിലരൊക്കെ ഓരിയിട്ടു തുടങ്ങിയിട്ടുണ്ട്. "ജനാധിപത്യ അവകാശം നിലനിൽക്കുന്ന സ്ഥലത്ത്, മൗലികാവകാശം തകർക്കപ്പെടുന്നതു നോക്കി നിൽക്കുന്നതു ജനാധിപത്യ വിശ്വാസിക്കു ഗുണകരമല്ല എന്ന തോന്നലാണ് ആർ.എസ്.എസു കാർക്ക് സംരക്ഷണം കൊടുക്കാൻ എന്നെ പ്രേരിപ്പിച്ചത്" - എന്ന് കെ. സുധാകരൻ പ്രത്യേകം പറയുന്നുണ്ട്.
"അതുകൊണ്ട് കെ.എസ്.യു. പ്രവർത്തകനായിരിക്കെ കിഴുന്ന, തോട്ടട എന്നിവിടങ്ങളിൽ ആർ.എസ്.എസ്. ശാഖ അടിച്ചു തകർക്കാൻ സി.പി.എം. ശ്രമിച്ചപ്പോൾ ആളെ അയച്ച് ശാഖയ്ക്കു താൻ സംരക്ഷണം നൽകി" - ഇതാണ് കെ. സുധാകരൻ പറഞ്ഞത്. ഇതിൽ എന്താണ് തെറ്റ് ?
ഇവിടെ ആർ.എസ്.എസ്. ശാഖകൾ അടിച്ചു തകർക്കാൻ സി.പി.എം. ആളെ അയച്ചത് ഗോവിന്ദൻ മാസ്റ്ററെ പോലുള്ളവരും, ഇസ്‌ലാമിസ്റ്റുകളും തെറ്റായി കാണില്ല. കാരണം രണ്ടു പേരും ജനാധിപത്യ വിരുദ്ധർ ആണല്ലോ. കൈ വെട്ടിനും, കാലു വെട്ടിനും പോകുന്ന ഇസ്‌ലാമിസ്റ്റുകൾക്ക് എവിടെയാണ് ജനാധിപത്യ ബോധം ഉള്ളത് ?
അതുപോലെ 51 വെട്ടിനു പിന്നാലെ പായുന്ന സി.പി.എമ്മുകാർക്ക് എന്ത് ജനാധിപത്യ ബോധമാണുള്ളത് ? "കണ്ണൂരിൽ സി.പി.എം. ഓഫിസുകൾ തകർക്കപ്പെട്ടപ്പോൾ, അവർക്കും സംരക്ഷണം നൽകിയ പാർട്ടിയാണു കോൺഗ്രസ്" എന്നും കെ. സുധാകരൻ പറഞ്ഞു. അതും സി.പി.എമ്മുകാർ കാണില്ല.
ഇനി ഇന്ത്യയുടെ മത നിരപേക്ഷതയെ കുറിച്ച് പറഞ്ഞാൽ, ഇന്ത്യയുടെ മത നിരപേക്ഷത ഒരിക്കലും തകർന്നിട്ടില്ല; ഇനിയൊട്ട് തകരുകയുമില്ലാ. സങ്കുചിതമായ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇന്ത്യയിലെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നവർക്ക് ഈ രാഷ്ട്രത്തിൻറ്റെ മഹത്തായ സാംസ്കാരിക പൈതൃകത്തെ കുറി ച്ചും, ഇന്ത്യയിലെ സാധാരണക്കാരായ ജനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന മത സൗഹാർദ്ദത്തേയും കുറിച്ച് ഒന്നുമേ അറിയില്ല.
ഇന്ത്യയിലെ സാധാരണക്കാരായ ജനം എപ്പോഴും മത സൗഹാർദം കാത്തു സംരക്ഷിക്കുന്നുണ്ട്. ഇത് ഇന്നും ആർക്കും നേരിൽ കാണാവുന്നതാണ്. മുംബയിലെ മാഹിം പള്ളിയിലും, ഹാജി അലി ദർഗയിലും, തക്കലയിലെ പീർ മുഹമ്മദ് സാഹിബിൻറ്റെ ദർഗയിലും, ഷിർദിയിലെ സായി ബാബയുടെ മന്ദിറിലും, അജ്മീറിലെ ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയുടെ ദർഗയിലും, വാരണാസിയിൽ കബീറിനെ അടക്കം ചെയ്തിരിക്കിന്നതിനടുത്തും നിത്യേന പ്രാർത്ഥിക്കാൻ വരുന്ന അന്യ മതസ്ഥർ ആയിരങ്ങളാണ്.
ഭക്തിയുടെ കാര്യത്തിൽ അതുകൊണ്ടുതന്നെ ഇന്ത്യയിലെ സാധാരണക്കാരുടെ ഇടയിൽ മത വിത്യാസങ്ങളില്ലാ. ഡൽഹിയിലെ ഖാൻ മാർക്കെറ്റിൽ ഉള്ള മാതാവിൻറ്റെ പള്ളിയിലുള്ള തിരക്ക് ആർക്കും നേരിട്ട് കാണാവുന്നതാണ്. അതുപോലെ വേളാങ്കണ്ണി മാതാവിൻറ്റെ തിരുനാളിൽ റോഡ് മുഴുവൻ പള്ളിയിലേക്ക് ഒഴുകുകയാണ്.
പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. ഇന്ത്യയിലെ മത നിരപേക്ഷത എന്നത് എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കുന്നതാണ്. മഹാത്മാ ഗാന്ധിയുടെ പ്രാർഥനാ സമ്മേളനങ്ങളിൽ അതുകൊണ്ട് ബൈബിളും, ഗീതയും, ഖുറാനും ഒക്കെ വായിക്കുമായിരുന്നു. മഹാത്മാ ഗാന്ധി കാണിച്ചുതന്ന ഈ മത സൗഹാർദത്തിൻറ്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിച്ചാൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യക്ക് വളരെ കാര്യക്ഷമമായി തന്നെ വർഗീയതയെ നേരിടാൻ സാധിക്കും.
ഇന്ത്യയിൽ പല പുണ്യ സ്ഥലങ്ങളിലേക്കും ഉള്ള തീർത്ഥാടനങ്ങൾ ഒരു 'ലിവിങ് ട്രഡിഷൻ' ആണ്. ഇതൊക്കെ ആർക്കും നേരിട്ട് കാണുവാൻ സാധിക്കും. വേളാങ്കണ്ണി പള്ളിയിലെ തിരുനാളിനൊക്കെ റോഡ് മുഴുവൻ പള്ളിയിലേക്ക് ഒഴുകുന്ന രീതിയിലാണ് ആളുകൾ സഞ്ചരിക്കുന്നത്. കുംഭമേളകളിൽ ലക്ഷകണക്കിനാളുകൾ ആണ് വരുന്നത്.
പഞ്ചാബിലെ സുവർണ ക്ഷേത്രം, ഷിർദിയിലെ സായി ബാബാ മന്ദിരം, അനന്ദ്പൂർ സാഹിബിലെ ഗുരുദ്വാരാ, ബാൻഗ്ലൂരിലെ മഞ്ജുനാഥ് ക്ഷേത്രം - ഇവിടങ്ങളിലൊക്കെയുള്ള ഭക്ഷണ വിതരണം നൂറു കണക്കിനാളുകൾ സ്വമേധയാ വന്നൊരുക്കുന്നതാണ്. ലക്ഷക്കണക്കിനാളുകൾ ആണ് ജാതി മത ഭേദമന്യേ ഇവിടുന്നൊക്കെ ഭക്ഷണം കഴിച്ചു സംതൃപ്തരായാണ് പോകുന്നത്. ഇത്തരത്തിലുള്ള നിസ്വാർത്ഥമായ പ്രവൃത്തികളുടെ പിന്നിൽ പ്രവർത്തിക്കുന്ന ഭക്തിയുടേയും, ആദ്ധ്യാമികത്മികതയുടേയും ചൈതന്യം ആരും കാണാതിരിക്കരുത്.
സാധാരണ ജനങ്ങൾക്കിടയിലുള്ള ഈ ഭക്തിയുടേയും ആധ്യാത്മികതയുടേയും വലിയ പാരമ്പര്യം സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. അതുകൊണ്ടു തന്നെ കമ്യൂണിസ്റ്റുകാർ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചപ്പോൾ, ഗാന്ധിജി പ്രാർഥനാ സമ്മേളനങ്ങളാണ് സംഘടിപ്പിച്ചത്.
കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമായിരുന്നു എന്നും ഇന്ത്യ. മഹാത്മാ ഗാന്ധിയുടെ പ്രാർഥനാ സമ്മേളനങ്ങളിൽ എല്ലാ മത ഗ്രന്ഥങ്ങളും വായിക്കപ്പെട്ടത് അതുകൊണ്ടാണ്. നമ്മുടെ രാഷ്ട്ര പിതാവായിരുന്ന ഗാന്ധിജി “When I survey the wondrous Cross” എന്ന ഗാനം അവസാന നിരാഹാര സത്യാഗ്രഹത്തിന് മുൻപ് സുശീല നയ്യരെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്.
ഇതിൻറ്റെ ഒക്കെ അർത്ഥം അദ്ദേഹം എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു എന്നതാണ്. ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് ആവശ്യം ഇത്തരത്തിൽ മനുഷ്യരേയും, മതങ്ങളേയും കൂട്ടിയിണക്കുന്ന പ്രത്യയ ശാസ്ത്രങ്ങളാണ്; അല്ലാതെ വിഘടിപ്പിക്കൽ പ്രത്യയ ശാസ്ത്രങ്ങളല്ല.
അജ്മീറിലെ മൊയ്നുദ്ദീൻ ചിഷ്ടി, ഷിർദിയിലെ സായി ബാബ, തക്കലയിലെ പീർ മുഹമ്മദ് സാഹിബ് - ഇങ്ങനെ അനേകം സൂഫി വര്യൻമാർക്ക് ഇന്ത്യയിലെ യോഗികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പല യോഗികളും അവരുടെ ഒക്കെ എഴുത്തിൽ ഇവരെയൊക്കെ സ്മരിച്ചിട്ടും ഉണ്ട്. കാശി വിശ്വനാഥ് ക്ഷേത്രത്തിനു ചുറ്റും വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്നത് മുസ്ലീങ്ങളാണ്.
അത് പോലെ തന്നെ പല ക്ഷേത്രങ്ങളിനു ചുറ്റിലും പൂജാ ദ്രവ്യങ്ങളൊക്കെ വിൽക്കുന്നത് മുസ്ലീങ്ങളാണ്. രാമേശ്വരത്തെ ക്ഷേത്രത്തിനടുത്താണല്ലോ മുൻ പ്രെസിഡൻറ്റ് അബ്ദുൾ കലാം ജനിച്ചു വളർന്നത്. ഇങ്ങനെ നോക്കുമ്പോൾ സാധാരണ ജനങ്ങൾക്കിടയിൽ തികഞ്ഞ മത സൗഹാർദവും, സാഹോദര്യവും ഉണ്ടെന്നുള്ള കാര്യം ആർക്കും കാണാം.
ഹിന്ദു-മുസ്‌ലീം സാഹോദര്യത്തിൻറ്റെ ഒരു വലിയ ചരിത്രമുള്ള നാടാണ് ഇന്ത്യ. ബദരീനാഥ് ക്ഷേത്രത്തിലെ ആരതിയുടെ സമയത്തു പാടുന്ന പാട്ട് ബദരി നാരായൺ ഭക്തനായ ബഹ്‌റുദ്ദിൻ എഴുതി എന്നാണ് വിശ്വാസം. അതുപോലെ ഷെഹ്‌നായ് വാദകനും ഭാരതരത്നം നേടിയിരുന്ന ആളുമായ ഉസ്താദ് ബിസ്മില്ലാ ഖാൻ കാശി വിശ്വനാഥൻറ്റെ വലിയൊരു ഭക്തനായിരുന്നു.
ഉത്തരേന്ത്യയിൽ പണ്ട് രാമായണ കഥ പറയുന്ന 'മുസ്‌ലിം ജോഗിമാർ' ഉണ്ടായിരുന്നൂ. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കിടയിലുള്ള ഈ മത സൗഹാർദവും, രാഷ്ട്രീയത്തിനുപരി ഇന്ത്യയുടെ സാംസ്കാരിക രംഗം കാത്തു സൂക്ഷിക്കുന്ന മത നിരപേക്ഷതയും ഇന്നും നമുക്ക് ഇന്ത്യയെ കുറിച്ച് വലിയ പ്രതീക്ഷകൾ തരുന്നുണ്ട്.
പണ്ട് പേർഷ്യനും മുഗളനും താർത്താരിയും ഒക്കെ ഇന്ത്യയിൽ വന്നപ്പോൾ ആ പേർഷ്യൻ സംസ്കാരവും ആയിട്ടാണ് വന്നത്. ഉത്തരേന്ത്യൻ ഭക്ഷണം, വസ്ത്രം, പാർപ്പിട നിർമാണം, ഡാൻസ്, മ്യൂസിക് - ഇവയിലെല്ലാം ആ പേർഷ്യൻ സാംസ്‌കാരത്തിൻറ്റെ സ്വാധീനം കാണാം. ഉത്തരേന്ത്യയിൽ ഇപ്പോഴും ആ സ്വാധീനം ഉണ്ട്. ഹവേലികൾ, കഥക് ഡാൻസ്, സൂഫി സംഗീതം, തന്തൂർ പാചകം - ഇവയൊക്കെ ഉത്തരേന്ത്യയിൽ ഇപ്പോഴും വ്യാപകമായി തന്നെ ഉണ്ട്.
മീനാകുമാരി, മധുബാല, രേഖ - മുതലായ അനേകം നടിമാർ പേർഷ്യൻ സ്വാധീന ശൈലിയിലുള്ള മനോഹര നൃത്തങ്ങൾ എഴുപതുകളിലും എൺപതുകളിലും ഉള്ള ഹിന്ദി ചിത്രങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. മിക്ക നൃത്ത രംഗങ്ങളും സുൽത്താൻമാരുടേയും നവാബുമാരുടേയും രാജ സദസിലോ, പ്രഭുക്കന്മാരുടെ കൊട്ടാരത്തിലോ ചെയ്യുന്ന രീതിയിലാണ് അവതരിക്കപ്പെട്ടിട്ടുള്ളത്.
പേർഷ്യൻ ശൈലിയും ഹിന്ദുസ്ഥാനി ശൈലിയും ഒന്നിക്കുന്ന കലാപ്രകടനങ്ങൾ ഉള്ള സിനിമകൾ എഴുപതുകളിലും എൺപതുകളിലും ഉത്തരേന്ത്യയിൽ സൂപ്പർ ഹിറ്റുകളായി; ഇന്ത്യയിലെ വരേണ്യ വർഗ്ഗവും മധ്യ വർഗവുമെല്ലാം ആ സിനിമകൾ ആസ്വദിച്ചു. 'പക്കീസ' എന്ന ഹിന്ദി ചിത്രത്തിൽ മീനാകുമാരിയുടെ സുന്ദരൻ കഥക്ക് ശൈലിയിലുള്ള ഡാൻസ് പെർഫോമൻസ് അതിലൊന്നാണ്.
മീനാകുമാരിയടക്കം മൂന്ന് കഥക്ക് നർത്തകിമാരുടെ നൃത്തം ഹിന്ദി സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യ വിരുന്നുകളിലൊന്നാണ്. 'ചൽതേ ചൽതേ' എന്നു തുടങ്ങുന്ന ആ ഗാനവും ഡാൻസ് പെർഫോമൻസും പോലെ തന്നെ 'ഇനി ലോഗോം നേ ലിയ ദുപ്പട്ടാ മേരാ' എന്ന മറ്റൊരു ഗാനരംഗവും മീനാ കുമാരിയുടേതായിട്ടുണ്ട് 'പക്കീസയിൽ'. 'പക്കീസ', 'ഉംറാവോ ജാൻ', ' മുഗൾ ഇ ആസം' - ഈ സിനിമകൾക്കൊക്കെ ഇന്നും ലക്ഷകണക്കിന് ആരാധകർ ഉണ്ട്.
മുഹമ്മദ് റാഫിയുടെ പാട്ടിനും, നൗഷാദിൻറ്റെ സംഗീതത്തിനും, യൂസഫ് ഖാൻ ആയിരുന്ന ദിലീപ് കുമാറിൻറ്റെ അഭിനയത്തിനും ഇന്നും ലക്ഷകണക്കിന് ആരാധകർ ഉണ്ട്. ഇന്ത്യയുടെ മത നിരപേക്ഷതയെ കുറിച്ച് സംശയമുള്ളവർ സമയമുള്ളപ്പോൾ യു ട്യൂബിൽ പോയി അതൊക്കെ കാണുകയാണ് വേണ്ടത്.
ഇന്ത്യയിലെ ജനങ്ങൾ അടിസ്ഥാനപരമായി മത നിരപേക്ഷത പുലർത്തുന്നവരായതുകൊണ്ടാണ് മുസ്‌ലിം സമുദായത്തിൽ പെട്ട ഇവർക്കൊക്കെ ഇത്ര വലിയ അംഗീകാരം ഇന്ത്യൻ ജനതയിൽ നിന്ന് കിട്ടിയത്. ഇന്നും ഷാ രൂക് ഖാനും, സൽമാൻ ഖാനും അമീർ ഖാനും ഹിന്ദിയിലെ മുൻനിര നടന്മാരാണ്.
കേരളത്തിൽ നമുക്ക് മമ്മൂട്ടിയും യൂസഫലി കേച്ചേരിയും പ്രേം നസീറും ഒക്കെ ഉണ്ടല്ലോ. മുസ്‌ലീം ആയതുകൊണ്ട് തനിക്ക് ഒരു വിവേചനവും ഇന്നുവരെ സിനിമയിൽ അനുഭവപ്പെട്ടിട്ടില്ല എന്നാണ് മമ്മൂട്ടി ഒരു ഇൻറ്റർവ്യൂവിൽ പറഞ്ഞത്. ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ തൻറ്റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ മമ്മൂട്ടിയുമായുള്ള ആ ഇൻറ്റർവ്യൂ ഇന്ത്യയുടെ മത നിരപേക്ഷതക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
"രാമ രാമ രാമ മോഹാഭി രാമ രഖു രാമ രാമ" - എന്നാണല്ലോ യൂസഫലി കേച്ചേരി എഴുതിയത്. മലയാളത്തിൽ ഹിറ്റായ സർഗത്തിലും, പരിണയത്തിലും യൂസഫലി കേച്ചേരിയാണ് പാട്ടുകൾ എഴുതിയത്. മുസ്ലീമായ യൂസഫലി കേച്ചേരിയുടെ വരികൾ, ഹിന്ദുവായ ബോംബെ രവിയുടെ സംഗീതം, ക്രിസ്ത്യാനിയായ യേശുദാസിൻറ്റെ ആലാപനം - ഇന്ത്യ എന്ന് പറഞ്ഞാൽ ഇതാണ്. മറിച്ചുള്ള പ്രചാരണമൊക്കെ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്.
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us