Advertisment

ഖത്തർ മൈതാനത്ത് എത്താൻ വിധിയുണ്ടെങ്കിൽ ഒരു കളിയെങ്കിലും ആരവങ്ങൾക്കിടയിൽ ആസ്വദിക്കണം. ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ഭിന്നശേഷിക്കാരന്റെ മനസ്സ് പന്ത് തട്ടുമ്പോൾ... ഹൃദയം ഖത്തറിലേക്ക്...

author-image
nidheesh kumar
New Update

publive-image

Advertisment

ഖത്തറിൽ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിൽ ഉരുളുന്ന ഓരോ നിമിഷവും ഫുട്ബോൾ ആരാധകരുടെ ഹൃദയാന്തരങ്ങളിൽ അലതല്ലുന്ന സന്തോഷ വികാരം വാക്കുകളിൽ ഒതുക്കാൻ സാധിക്കാത്ത വികാരമാണ്.

ഉരുളുന്ന ഫുട്ബോളിന് വല്ലാത്ത മാസ്മരികതയുണ്ട് എന്ന് തോന്നിയ നിമിഷം നേരെ വരുന്ന പന്തിലേക്ക് ചലനമറ്റ കാലുകൾക്ക് എന്തെന്നില്ലാത്ത അഭിനിവേശം കണ്ടപ്പോഴാണ്. വീട്ടിനകത്തു കുട്ടികൾ കളിക്കുമ്പോൾ ഒരു ഫുട്ബാൾ എന്റെ നേരെ ഉരുണ്ട് വരുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ചു വീൽചെയറിലിരിക്കുന്ന എന്റെ കാലിനുള്ളിൽ തോന്നിയ ഒരുതരം പ്രസരിപ്പിന് പ്രതീക്ഷയുടെ പുതുനാമ്പുകൾ നൽകിയിരുന്നു.

യാത്രകൾക്കിടയിൽ ഒഴിഞ്ഞ മൈതാനം കാണുമ്പോൾ ബൂട്ട് കെട്ടിയ ആ കാലത്തെ ഓർക്കും. കാരണം,ഹൃദയത്തിൽ അലിഞ്ഞു ചേർന്ന് പോയിരുന്നു ഫുട്ബോൾ. ഏത് തളർച്ചക്കും തളർത്താനാവാത്ത വികാരമാണ് ഫുട്ബാളിനുള്ളത്. അത് ഒരുതരം അഭിനിവേശമാണ്, പ്രചോദനവും പ്രത്യാശയും പ്രസരിപ്പുമാണ്.

ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളിലൊന്ന് മൈതാനത്തെ രണ്ട് ഗോളുകളാണ്. ഇന്നും അത് ഓർത്ത് സ്വയം പുളകം കൊള്ളാറുണ്ട്. ഒന്ന് കാല്പന്തിനെ വരുതിയിലാക്കിക്കൊണ്ടിരിക്കുന്ന ആദ്യകാലം വളാഞ്ചേരി മർക്കസിന്റെ വലിയ മൈതാനത്തു നേടിയ എന്റെ പ്രിയപ്പെട്ട ലോകകപ്പ് ടീം ഇംഗ്ലണ്ടിന്റെ സൂപ്പർ താരം വെയ്ൻ റൂണി മോഡൽ നേടിയ ഒരു ഗോൾ.

റൂണി ഉയർന്ന് വരുന്ന ബോളിനെ തന്റെ വലത്തെ കാലിന്റെ പുറം കൊണ്ട് തൊടുത്ത ഷോട്ട് നേരെ വല കുലുക്കിയത് പോലെ വൈകുന്നേരങ്ങളിൽ മർക്കസിന്റെ മൈതാനത്തു ഉയർന്ന് പൊങ്ങിയെത്തിയ പന്തിനെ വെറും ബൂട്ടില്ലാത്ത പുറം കാലുകൊണ്ട് തൊടുത്തപ്പോൾ ഗോളിയെയും മറികടന്ന് പോയ റൂണി മോഡൽ ഗോൾ ഇന്നുമെന്റെ നിർവൃതികളിലൊന്നാണ്.

കോളേജിൽ കളി വെച്ചപ്പോൾ ബി എ ഇംഗ്ലീഷ് ആദ്യ വർഷക്കാർ അട്ടിമറി കിരീടം നേടിയ ടൂർണ്ണമെന്റിൽ സെമിയിൽ നേടിയ ഗോൾ ഇന്നും ഓർമ്മയിലെ രാജാവാണ്. ഫൈനലിലേക്ക് ടീം എത്തിയ ആ ഗോൾ വഴി എന്റെ കാൽപന്ത് സ്നേഹം ഇരട്ടിയിലാക്കി. ഉയർന്ന് വന്ന പന്തിനെ ഗ്രൗണ്ടിന്റെ പാതിയിൽ നിന്നും നേരിട്ടുതിർത്ത ഷോട്ട് വല കുലുക്കിയപ്പോൾ തോന്നിയ മധുരിമ ഇന്നും അതേ മാധുര്യത്തിൽ നുണഞ്ഞുകൊണ്ടിരിക്കുന്നു.

പലപ്പോഴും വീട്ടിനകത്തു വീൽചെയറിലുരുന്നു ചെറിയ അനിയനെക്കൊണ്ട് പന്ത് കാലിലേക്ക് ഉരുട്ടിയിടാൻ നിർദേശിക്കും. അത് ഒരു പ്രതീക്ഷയായിരുന്നു. പന്ത് ഉരുണ്ടു വരുമ്പോൾ അറിയാതെ എണീറ്റ് ആവേശത്തിൽ പന്തിനെ തട്ടാൻ സാധിക്കുമെന്ന അമിത പ്രതീക്ഷ. നേരെ പന്ത് കാലിൽ വന്ന് തട്ടുമ്പോൾ ഉള്ള് കത്താറുണ്ടായിരുന്നു.

ചലനമറ്റ കാലുകൾക്ക് ചലനമേകാൻ സാധിക്കുമെന്ന പ്രതീക്ഷ. ടിവിയിൽ ഫുട്ബോൾ കാണുമ്പോൾ ആരവങ്ങൾക്കിടയിൽ ഫുട്ബോളിനെ ഒരിക്കലെങ്കിലും ആസ്വദിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്.. മനസ്സ്‌ എത്തുന്നിടത്തേക്ക് മെയ്യെത്താത്ത ഞാനെന്തിന് ഇങ്ങനെ വലിയ സ്വപ്‌നങ്ങൾ കാണണമെന്ന് ചിന്തിക്കുന്നവരുണ്ടാവാം. നിസ്സഹായത പറഞ്ഞു തോൽക്കാൻ ഞാനില്ല.

നിസ്സഹായതയെ തോൽപ്പിച്ചു ഹൃദയംകൊണ്ടെങ്കിലും ഖത്തർ മൈതാനങ്ങളിൽ ഞാനുണ്ടാകും. ശരീരത്തിന് അവിടെയെത്താൻ ധാരാളം സാമ്പത്തികമായും മറ്റും ധാരാളം തടസ്സങ്ങളുണ്ടാവാം. പക്ഷെ, ഹൃദയംകൊണ്ട് ഖത്തരിന്റെ മൈതാനങ്ങളിൽ പന്തുരുളുമ്പോലെ വീൽചെയറുരുട്ടി ഹൃദയംക്കൊണ്ട് ഉണ്ടാവും.

ഖത്തർ മൈതാനത്തു എത്താൻ വിധിയുണ്ടെങ്കിൽ ഒരു കളിയെങ്കിലും അവിടെയെത്തി ആരവങ്ങൾക്കിടയിൽ കണ്ട് ആസ്വദിക്കണം. ഖത്തർ സ്റ്റെഡിയങ്ങളിൽ ഭിന്നശേഷിക്കാർക്ക് കളി കാണാൻ പ്രത്യേകം സജ്ജീകരിച്ച ഭാഗങ്ങളുണ്ട് എന്ന് കേൾക്കുമ്പോൾ ലോകം ബിഗ് സല്യൂട്ട് നൽകേണ്ട മാതൃകാപരമായ സമീപനമാണിത്. ഈ വാർത്ത കൂടി കേട്ടപ്പോൾ ഹൃദയം അവിടെയെത്താൻ കൊതിച്ചു പോയി.

മെസ്സി -നെയ്മർ -ക്രിസ്റ്റിയാനോ തുടങ്ങിയ വമ്പന്മാരുടെ ഫ്ലെക്സുകളും കട്ടൗട്ടുകളും നാടെങ്ങും നിരത്തുമ്പോൾ ഉള്ളിലൊരു നിരാശയും അതേസമയം നീരസവുമാണ്. കാരണം, എന്ന് 130 കോടി ജനതയുടെ പതാക ഈ നിരത്തുകളിൽ ഉയരും എന്ന നിരാശയാണ് നിറയുന്നത്. ഇന്നും മറ്റുള്ള രാജ്യങ്ങളുടെ പതാകയെ ലക്ഷക്കണക്കിന് പണം മുടക്കി നമ്മുടെ നാട്ടിൽ അങ്ങോളമിങ്ങോളം മിതത്വം പാലിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്.

മത്സരബുദ്ധിയോടെ ബ്രസീലിനും അർജന്റീനക്കും ഉയരത്തിലും വലിപ്പത്തിലും ഫ്ലെക്സിനും കട്ടൗട്ടിനും മത്സരിക്കുമ്പോൾ ആ പണം നമുക്ക് നഷ്ടമാവരുത്. ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ സാധിക്കണം.

ഫുട്ബോൾ ഒരുതരം ലഹരിയാണ്. ലോകത്തെ ഒരു ഡി അഡിക്ഷൻ സെന്ററിനും ഫുട്ബോൾ ലഹരി ബാധിച്ചവരെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ല. ജീവിതത്തിൽ ബാധിക്കുന്ന ഗുണമേന്മയുള്ള ഇത്തരം ലഹരികൾ ശരീരത്തിനും മനസ്സിനും ഊർജ്ജമാണ്. പന്തുരുളുന്ന ഖത്തർ മൈതാനങ്ങളിൽ കണ്ണും നട്ട് ഇരിക്കുന്ന രാവുകൾക്ക് ലോകകപ്പ് പ്രശോഭിതമാണ്.

Advertisment