Advertisment

അരക്കോടി തരാം, കരിപ്പൂർ റൺവേ വെട്ടിമുറിക്കരുത് !!

author-image
nidheesh kumar
New Update

publive-image

Advertisment

എന്തുകൊണ്ട് കരിപ്പൂർ വിമാനത്താവളം വികസിക്കുന്നില്ല, എന്തിന് കരിപ്പൂർ മാത്രം ഇത്രയേറെ വിവാദ വിഷയമാവുന്നു എന്ന് ഏതെങ്കിലും ഒരു മലബാറുകാരൻ ചോദിച്ചാൽ അതിനുത്തരം പറയേണ്ടത് നമ്മുടെ രാക്ഷ്ട്രീയ നേതൃത്വമാണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.

നീണ്ട മുപ്പത്തഞ്ചു വർഷങ്ങളായിട്ടും ഒരിഞ്ചുഭൂമി പോലും വികസനത്തിനായി ഏറ്റെടുക്കാനാവാത്തതു മലബാറുകാരോട് മാറിമാറി വരുന്ന സർക്കാരുകൾ കാണിക്കുന്ന കൊടും പാതകമല്ലേ ? 365 ഏക്കറിൽ 1988 പണിത കോഴിക്കോട് എയർപോർട് അതെ മട്ടിൽ തുടരുന്നതിന്റെ നാണക്കേടിൽ സർക്കാരിന്റ ഇച്ഛാശക്തിയില്ലായ്മക്കുള്ള പങ്ക് ചെറുതല്ല.

വികസന മുറവിളിയുടെ മുപ്പതു വർഷം:


മുപ്പഞ്ചുവർഷംമുമ്പ് ആരംഭിച്ച കോഴിക്കോട് എയർപോർട്ട് വികസനത്തിന്റെ ആദ്യ മുറവിളി തുടങ്ങിയത് 1992-ലാണ്. കോഴിക്കോട്-ഷാർജ ഇന്ത്യൻ എയർലൈൻസ് വിമാനം പറന്നുയർന്നതോടെ വികസനത്തിന്റെ ആവശ്യവും ഉയർന്നു. അങ്ങനെ 2006-ൽ കോഴിക്കോടിന് അന്തരാഷ്ട്ര പദവി ലഭ്യമായി. വിദേശ വിമാനക്കമ്പനികളുടെ പറക്കലിനും വലിയ വിമാനങ്ങളുടെ വരവിനും വീണ്ടും വർഷങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു.


2011-ൽ സൗദി എയർലൈൻസിന്റെ വലിയ ഹജ്ജ് വിമാനങ്ങൾ പുറപ്പെട്ടതോടെ കരിപ്പൂരിൽ കോഡ് “ഇ” ഗണത്തിൽപെട്ട വിമാനങ്ങൾക്കു താൽക്കാലിക അനുമതികൊടുത്തു. തുടർന്ന് എമിരേറ്റ്സ്, ഇത്തിഹാദ്, ഒമാൻ എയർ എന്നീ വിദേശ വിമാനകമ്പനികൾക്കും അനുമതി ലഭിച്ചു. പക്ഷെ അന്നും ഇന്നും എല്ലാം 365 ഏക്കറിൽ ഒതുക്കിക്കൊണ്ടായിരുന്നു വികസിക്കാനുള്ള വിധി.

മാറിമറിയുന്ന മാസ്റ്റർ പ്ലാൻ:

വികസനത്തിന്റെ മാസ്റ്റർ പ്ലാനിൽ ആദ്യം 385 ഏക്കർ കൂടി ഏറ്റെടുക്കണമെന്നായിരുന്നു എയർപോർട്ട് അതോറിറ്റി പറഞ്ഞിരുന്നത്, പിന്നീടത് ചുരുക്കി 233 ഏക്കറിൽ ഒതുക്കിയെങ്കിലും ഒന്നും നടക്കാതായപ്പോൾ വീണ്ടും മറ്റൊരു റിവൈസ്ഡ് മാസ്റ്റർ പ്ലാനുണ്ടാക്കിയപ്പോൾ 157 ഏക്കറിൽ വികസനം പരിമിതപ്പെടുത്താമെന്നായി.

ഇതിനായി കേരള സർക്കാർ എയർപോർട് അതോറിറ്റിക്ക് ഭൂമി നൽകിയാൽ ആയിരം കോടി രൂപ ചെലവിൽ 3050 മീറ്റർ റൺവേയുള്ള അന്താരാഷ്ട്ര നിലവാരത്തിൽ കരിപ്പൂരിനെ വികസിപ്പിക്കാമെന്ന് എയർപോർട് അതോറിറ്റി സമ്മതം മൂളി.

തകിടം മറിച്ച വിമാനാപകടം:

publive-image

നിർഭാഗ്യവശാൽ അപ്രതീക്ഷിതമായി ഒരു വലിയ വിമാനാപകടവും 2020-ൽ ഇവിടെ സംഭവിച്ചു. അതോടെ എല്ലാം തകിടം മറിഞ്ഞപ്പോൾ റെസയുടെ വലിപ്പക്കുറവിന് പരിഹാരം തേടി ഇത്തിരി ഭൂമിക്കായി വീണ്ടും കേരള സർക്കാരിനെ സമീപിച്ചു. ഭൂമി തരപ്പെടുത്തിയില്ലെങ്കിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ വലുതാക്കാൻവേണ്ടി (റെസ) റൺവേ 2860 മീറ്ററിൽ നിന്നും 2540 മീറ്ററായി വെട്ടിച്ചുരുക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഭീഷണിയുമായി വന്നു.

ഒടുവിൽ കണ്ണുതുറക്കാത്ത രാക്ഷ്ട്രീയ നേതൃത്വം റെസക്ക് വേണ്ടിമാത്രം 14.5 ഏക്കർ ഏറ്റെടുക്കാൻ കേരളം സർകാറിനെ സമീപിച്ചു. പക്ഷെ അതിനും രാക്ഷ്ട്രീയ തടസ്സങ്ങൾ വന്നു കൊണ്ടിരിക്കുന്നത് തമാശയുള്ള പക്ഷെ ഗൗരവമേറിയ വാർത്തകളാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.

കോഴിക്കോട് വികസിക്കണമെങ്കിൽ:

ഇക്കഴിഞ്ഞ ദിവസം എം.എ. യൂസഫലിയുടെ “ഹയാത്ത് റീജൻസി” ഹോട്ടൽ തിരുവനതപുരത്ത് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത വേളയിൽ എല്ലാ രാക്ഷ്ട്രീയക്കാരെയും സാക്ഷിനിർത്തി യൂസുഫലി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. 500 കോടി ഉറുപ്പിക മുതൽമുടക്കി കോഴിക്കോട്ടും “ഹയാത്ത് റീജൻസി” ഹോട്ടൽ തുടങ്ങുമെന്ന്. കോഴിക്കോടിന്റെ വികസനത്തിന് നാഴികകല്ലായി മാറുന്ന ഈ പ്രഖ്യാപനം പക്ഷെ, മലബാറുകാർക്ക് അത്രയൊന്നും സന്തോഷം നൽകിയില്ല.

കാരണം മലബാറിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സഹായകരമാകുന്ന മലബാറിന്റെ കവാടമായ കരിപ്പൂർ എയർപോർട്ട് വികസിക്കാതെ ഇവിടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ വന്നിട്ട് യാതൊരു ഗുണവും ചെയ്യില്ല. ടൂറിസം വളരില്ല, ഐ.ടി. ഹബ്ബുകൾ ഉണ്ടാവില്ല,


എയർ കണക്റ്റിവിറ്റിയും വലിയ വിമാനങ്ങളും ഇറങ്ങാതെ മലബാറിൽ ആരാണ് വലിയ കച്ചവട സംരംഭങ്ങൾ ആരംഭിക്കുക. കുറെ സ്വർണക്കടകളും ഭക്ഷണശാലകളും ആശുപത്രികളും മാത്രമായി കോഴിക്കോട് ചുരുങ്ങും. കൂടുതൽ കൂടുതൽ ആഭ്യന്തര-അന്ത്രരാഷ്ട്ര വിമാനങ്ങൾ ഉണ്ടെങ്കിലേ എയർപോർട് സജീവമാവുകയുള്ളൂ. കച്ചവടവും ടൂറിസവും വളരുകയുള്ളൂ.


അരക്കോടിക്കായി അഭ്യർത്ഥന:

മാത്രമല്ല ഇതേ വാർത്ത വന്ന പത്രങ്ങളുടെ മറുപേജിൽ മറ്റൊരു വാർത്തയാണ് മലബാറുകാരെ ഞെട്ടിച്ചത്. “കരിപ്പൂരിൽ ഭൂമിയേറ്റെടുക്കല്‍ നടപടിക്രമങ്ങളിലേക്ക് കടക്കണമെങ്കില്‍ റിക്വിസിഷനിംഗ് അതോറിറ്റിയായ സംസ്ഥാന ഗതാഗത വകുപ്പ് നഷ്‌ട പരിഹാര തുകയുടെ 5% കണ്ടിജന്‍സി ചാര്‍ജോ അല്ലെങ്കില്‍ 50 ലക്ഷം രൂപയോ റവന്യു വകുപ്പിന് കൈമാറണം.

പ്രസ്തുത തുക കൈമാറ്റം വൈകുന്നത് സര്‍വേ നടപടിയും പരിസ്ഥിതി ആഘാത പഠനവും ഉള്‍പ്പടെയുള്ള എല്ലാ തുടര്‍ നടപടികളെയും വൈകിപ്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് തുക അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും കോഴിക്കോട്ട് എം.പി. രാഘവൻ നേരിൽ കണ്ടഭ്യർത്ഥിച്ചു. 50 ലക്ഷം രൂപ ഉടനെ അനുവദിക്കാമെന്നും ഗതാഗത വകുപ്പ് സെക്രട്ടറിക്ക് ഉടൻ നിർദേശം നൽകുമെന്നും ചീഫ് സെക്രട്ടറി മറുപടി നൽകി.”

കോഴിക്കോടിന്റെ എം.പി. ഈ അഭ്യർഥനവുമായി കേരള സർക്കാരിനെ സമീപിച്ചതിലെ വൈരുധ്യങ്ങൾക്കു ഇവിടെ പ്രസക്തിയില്ല. എയർപോർട് അഡ്വൈസറി ബോർഡ് ചെയർമാനും മലപ്പുറത്തിന്റെ എം.പി.യും ഇതേ ആവശ്യങ്ങൾക്കായി കേന്ദ്ര മന്ത്രാലയത്തെയും എയർപോർട് അതോറിറ്റി ചെയർമാനെയും സമീപിച്ചിട്ടുണ്ട്. പലതവണ എം.പി.മാർ കൂട്ടമായും നിവേദനങ്ങളും ഇമെയിലും അയച്ചിട്ടുണ്ട്.

പക്ഷെ, ഒന്നും നടക്കുന്നില്ല. അഥവാ നടത്താതിരിക്കാൻ ഏതോ അജ്ഞാത കരങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്, ആരുടെയൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങൾ കരിപ്പൂരിന്റെ വികസനം മുരടിപ്പിക്കുന്നുണ്ട്.

കരിപ്പൂരിനുവേണ്ടി അൻപതു ലക്ഷം രൂപ കണ്ടിജൻസി ചാർജ് നൽകാൻ മടിക്കുന്ന കേരള സർക്കാർ കെ-റെയിലിനു വേണ്ടി ഇതേവരെ ചെലവാക്കിയ തുകയുടെ കണക്കുംകൾ മുഖ്യമന്ത്രി ആ ദിവസം തന്നെ പ്രഖ്യാപിച്ചത് അന്നത്തെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. തുക എത്രയെന്നറിഞ്ഞാൽ കൗതുകം തോന്നും. 48,22,57,179.76 കോടി രൂപ.

സർവേക്ക് വേണ്ടി 2,08,93,760 കൊടിയും, കണ്ടിജൻസി ചാർജായി 20,50,00,000 കൊടിയുമാണ് ചെലവിട്ടത്. സർവേ കല്ലിടലിനായി 1.33 കൊടിയും ചെലവായപ്പോൾ 19,691 മഞ്ഞക്കല്ലുകൾ നിർമിച്ചെങ്കിലും 6744 കല്ലുകൾ മാത്രമേ ഇടാൻ സാധിച്ചുള്ളൂ.

എന്നാൽ വർഷത്തിൽ മുപ്പത്തിയാറ്ലക്ഷം യാത്രക്കാർ കയറി ഇറങ്ങുന്ന കരിപ്പൂർ എയർപോർട് ഇന്ത്യയിൽ എട്ടാം സ്ഥാനത്തനത്താണെന്ന യാഥാര്ഥ്യം കേരള സർക്കാർ എന്തുകൊണ്ടോ മനഃപൂർവം മറക്കുന്നു. ഒരിക്കലും വരില്ലെന്നുറപ്പുണ്ടായിട്ടും കെ-റെയിലിനുവേണ്ടി വൃഥാ ചെലവാക്കിയത് 48 കോടി രൂപയും, പക്ഷെ അരക്കോടി കരിപ്പൂരിനുവേണ്ടി ചെലവിടാൻ ഖജനാവിൽ കാശില്ല.


കേവലം 14.5 ഏക്കറിനുവേണ്ടിയുള്ള ഈ മൽപിടുത്തതിൽ മലബാറിന് നഷ്ടമാവുന്നത് ഈ നാടിന്റെ വളർച്ചയും വികസനവുമാണ്. ഉദാര മനോഭാവത്തോടെ മറ്റിടങ്ങളിൽ ആവശ്യത്തിലധികം ഭൂമികൾ ഏറ്റെടുക്കുമ്പോൾ കാലേക്കർ ഭൂമിയും അരക്കോടി രൂപയും അനുവദിക്കാനായി തിരുമുറ്റത്തെത്തി കേണപേക്ഷിക്കേണ്ട ഗതികേടിലാണ് മലബാറുകാർ.


മറ്റിടങ്ങളിൽ ഭൂമി ഏറ്റെടുത്തതിന്റെ കണക്കുമായി കരിപ്പൂരിനെ ഒരിക്കലും താരതമ്യപ്പെടുത്താനല്ല ഈ പട്ടിക ഇവിടെ ചേർക്കുന്നത്. മലപ്പുറത്തെ രാക്ഷ്ട്രീയ നേത്യത്വം അറിയാൻ വേണ്ടി മാത്രമാണ്.

1 ) നെടുമ്പാശ്ശേരി എയർ പോർട്ടിന് 1500 ഏക്കർ ഏറ്റെടുത്തു.

2 ) കണ്ണൂർ എയർപോർട് 2300 ഏക്കർ ഏറ്റെടുത്തു.

3 ) കൊച്ചിൻ മെട്രോക്ക് വേണ്ടി കൊച്ചിൻ നഗരത്തിലെ 100 കണക്കിന് ഏക്കർ ഏറ്റെടുത്തു

4 ) കൊച്ചിൻ സ്മാർട്ട് സിറ്റിക്ക് വേണ്ടി 500 ഏക്കർ ഏറ്റടുത്തു

5 ) കേരളത്തിലുടനീളം ഇൻഡസ്ട്രിയൽ, IT , ടെക്നോ പാർക്കുകൾക്ക് വേണ്ടി 1000 കണക്കിന് ഏക്കർ ഏറ്റടുത്തു

6 ) ബാംഗ്ലൂർ - കൊച്ചിൻ വ്യവസായ ഇടനായികയിൽ വ്യവസായം സ്ഥാപിക്കാൻ പാലക്കാട്, തൃശൂർ , എറണാകുളം ജില്ലകളിൽ 5000 ത്തിന് താഴെ ഏക്കർ ഏറ്റടുത്തു

7 ) പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് വേണ്ടി 400 ഏക്കർ എറ്റടുത്തു

8 ) പാലക്കാട് കോച്ച് ഫാക്ടറിക്ക് വേണ്ടി 500 ഏക്കർ ഏറ്റടുത്തു വെച്ചിരിക്കുന്നു

9 ) കരിപ്പൂരിനുവേണ്ടി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മാത്രം പണമില്ല, ഇത് മലബാറുകാരോട് കാണിക്കുന്ന സ്നേഹമോ വിവേചനമോ?

കോഴിക്കോട് വിമാനത്താവളത്തിന്റെ തകർച്ച മലബാറിന്റെയും കേരളത്തിന്റെയും തകർച്ച:

“കോഴിക്കോട് വിമാനത്താവളത്തില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന റണ്‍വേ റീ കാര്‍പെറ്റിങ്ങ് ജോലികളുടെ നിര്‍മാണ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിനെയും, ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വൈകുന്നത് ബാധിച്ചിരിക്കുകയാണ്.

ഭൂമി ഏറ്റെടുത്തു നല്‍കിയില്ലെങ്കില്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ നീളം കുറക്കാനുള്ള അതോറിറ്റിയുടെ തീരുമാനം സംസ്ഥാനത്തെ വടക്കന്‍ മേഖലക്ക് ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ വിവരണാതീതമായിരിക്കുമെന്ന് എം.പി. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനം മലബാറിന്‍റെയും കേരളത്തിന്‍റെ തന്നെയും സാമൂഹ്യ, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ, ടൂറിസം, ഐ.ടി, മെഡിക്കല്‍ തുടങ്ങിയ ഒട്ടനവധി മേഖലകളുടെ വികസനത്തെ സാരമായി ബാധിക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബഹു: മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായേ മതിയാവൂ.”

-ഹസ്സൻ തിക്കോടി

Advertisment