ഉമ്മൻ ചാണ്ടി... സമരത്തിന്റെ കാൽ നൂറ്റാണ്ട്. വികാര നിർഭരമായ ഓർമ്മകളുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ

author-image
nidheesh kumar
New Update

publive-image

Advertisment

എസ്എസ്എൽസി പരീക്ഷാ കാലത്ത് പവർകട്ട് ഏർപ്പെടുത്തിയ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്റെയും നായനാർ സർക്കാറിന്റെയും വിദ്യാർത്ഥിവിരുദ്ധ തീരുമാനത്തിനെതിരെ അന്നത്തെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് ജെ ജോസഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് കേരളത്തെ പിടിച്ചുലച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു.

1997 ഫെബ്രുവരി 28 നുണ്ടായ ആ പ്രതിഷേധ സമരത്തെ പ്രതിരോധിക്കാൻ അതിക്രൂരമായ മർദ്ദന മുറയാണ് പോലീസ് പ്രയോഗിച്ചത്. ജെ ജോസഫിനെ നിരവധി പോലീസുകാർ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതച്ചു. ജോസഫിനെ കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.മണികണ്ഠൻ, ചെമ്പഴന്തി അനിൽ, എം എം നസീർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി. ഗോപീദാസ് എന്നിവർക്കും നിരവധി കെ എസ് യു പ്രവർത്തകർക്കും പരുക്കേറ്റു.

ഗുരുതരമായി മർദ്ദനമേറ്റ പലരും ആശുപത്രിയിലായി. തിരുവനന്തപുരത്തെ കെ എസ് യു സമരങ്ങളിൽ എന്നും മുമ്പിലുള്ള എനിക്ക് പക്ഷേ അന്നത്തെ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കാനായിരുന്നില്ല. ഒരു സംഘടനാ പരിപാടിയിൽ സംബന്ധിക്കാൻ തലേന്ന് കോട്ടയത്തിന് പോന്നതായിരുന്നു കാരണം. ജെ ജോസഫിന് മർദ്ദനമേറ്റ വിവരം സന്ധ്യയോടെയാണ് അറിയാൻ കഴിഞ്ഞത്. ഇന്നത്തെ പോലെ വിവരങ്ങൾ പെട്ടെന്ന് അറിയാൻ മാർഗമുണ്ടായിരുന്നില്ല. മൊബൈൽ ഫോണിന്റെയും ദൃശ്യ - ഓൺലൈൻ മാധ്യമങ്ങളുടെയും കാലത്തിന് മുമ്പായിരുന്നതിനാൽ സായാഹ്ന പത്രത്തിലൂടെയാണ് വിവരം അറിഞ്ഞത്.

കെ എസ് യു മാർച്ചിന് നേരേയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ പിറ്റേന്ന് കോട്ടയത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചു. ആ സമരത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നത് ഏറെ ശ്രമകരമായിരുന്നു. കാരണം സമരം നടത്തേണ്ടത് കോളജ് - സ്കൂൾ പ്രവർത്തിക്കാത്ത ശനിയാഴ്ചയായിരുന്നതിനാൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുക എന്നത് ഏറെ ക്ലേശം നിറഞ്ഞ കാര്യമായിരുന്നു.

ലാൻഡ് ഫോൺ പോലും അപൂർവ്വമായിരുന്ന കാലത്ത് വിവര കൈമാറ്റം ബുദ്ധിമുട്ടേറിയതായിരുന്നു. എന്തെങ്കിലും സന്ദേശം നൽകണമെങ്കിൽ കവലയിലെ എസ്.ടി.ഡി ബൂത്തിനെ ആശ്രയിക്കണമായിരുന്നു. അങ്ങനെ പ്രയാസപ്പെടുമ്പോഴാണ് എന്റെ വീടിരിക്കുന്ന പ്രദേശമായ പളളിക്കത്തോട്ടിലെ ഗവ. ഐ ടി ഐ യിൽ ശനിയാഴ്ചയായിട്ടും ക്ലാസ് പ്രവർത്തിക്കുന്നുണ്ട് എന്നറിഞ്ഞത്.

പള്ളിക്കത്തോട് ജംഗ്ഷനിൽ നിന്നും വാടകക്കെടുത്ത 5 ജീപ്പുമായി ചെന്ന്, ആദ്യ ഷിഫ്റ്റിൽ പഠിക്കാനെത്തിയ കെ എസ് യു പ്രവർത്തകരെ മുഴുവൻ അതിൽ കയറ്റി കോട്ടയം ഡി സി സി യിലേയ്ക്ക് പാഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി മറ്റ് ചില കെ എസ് യു പ്രവർത്തകരേയും സംഘടിപ്പിച്ചിരുന്നു. 10 മണിയോടെ കോട്ടയം ഡി സി സി യിൽ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ചു.

നായനാർ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ ജാഥ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ പുളിമൂട് ജംഗ്ഷനിലേയ്ക്ക് നീങ്ങിയപ്പോൾ ചെറിയ പട്ടണമായ കോട്ടയത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന്
പോലീസെത്തി മാർച്ച് തടയുകയും സമരക്കാർക്ക് നേരേ അക്രമം അഴിച്ചു വിടുകയും ചെയ്തു.

പോലീസ് മർദ്ദനത്തിൽ നിന്ന് രക്ഷ നേടാൻ സമരക്കാരായ വിദ്യാർത്ഥികൾ ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിലേക്ക് ഓടിക്കയറി. കൊലക്കേസ് പ്രതികളെ പിടിക്കാൻ ശ്രമിക്കുന്ന രീതിയിൽ പോലീസ് ഡി സി സി ഓഫീസിലേയ്ക്ക് ഇരച്ചു കയറി. പോലീസ് മർദ്ദനം ഭയന്ന് പള്ളിക്കത്തോട് ഐ ടി ഐ വിദ്യാർത്ഥി തോമസുകുട്ടി ഒന്നാം നിലയിൽ നിന്നു താഴേക്ക് ചാടി. വീഴ്ചയിൽ തോമസുകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.

ഇതിനിടെ സമരത്തിന് നേതൃത്വം കൊടുത്ത ഞങ്ങളെ DCC ഓഫീസിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. ഇപ്പോഴത്തെ കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ തോമസ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം പി എ ഷമീർ തുടങ്ങിയവരായിരുന്നു എനിക്കൊപ്പം. ഡി സി സി ഓഫീസിൽ നിന്ന് താഴേക്ക് ചാടി ഗുരുതരമായി പരുക്കേറ്റ തോമസുകുട്ടിയടക്കം ഐ ടി ഐ യിലെ 3 വിദ്യാർത്ഥികളേയും അറസ്റ്റു ചെയ്തു. ഈ വിദ്യാർത്ഥികളെ ആശുപത്രിയിലാക്കുകയും ഞങ്ങൾ നാലുപേരെ റിമാൻഡ് ചെയ്ത് കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

പോലീസ് ഡി സി സി ഓഫീസ് അടിച്ചു തകർത്ത് ഞങ്ങളെ അറസ്റ്റു ചെയ്ത വാർത്ത കാട്ടുതീ പോലെ പടർന്നു. ഞങ്ങളെ അറസ്റ്റു ചെയ്തു കൊണ്ടുവന്ന കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

ഈ സമയം പാലായിൽ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഉമ്മൻ ചാണ്ടിയെ കോട്ടയത്തെ നേതാക്കൾ വിവരം അറിയിച്ചു. എല്ലാ പരിപാടികളും മാറ്റി വച്ച് ഉമ്മൻ ചാണ്ടി നേരേ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലേക്കെത്തി.

ഡി സി സി ഓഫീസിൽ കയറി അതിക്രമം കാണിച്ചതിലും കെ എസ് യു പ്രവർത്തകരെ അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി പോലീസ് സ്റ്റേഷന് മുമ്പിൽ നിരാഹാര സമരം ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്നതായിരുന്നു ആവശ്യം. എന്നാൽ നായനാർ സർക്കാർ അതിന് വിസമ്മതിച്ചു.

ഉമ്മൻ ചാണ്ടിയുടെ സമര പന്തലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കോൺഗ്രസ് പ്രവർത്തകർ ഒഴുകിയെത്തി. സമരക്കാരുടെ ബാഹുല്യത്താൽ മൂന്ന് ദിവസം അടുപ്പിച്ച്
കോട്ടയം നഗരം സ്തംഭിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് ഞങ്ങളെ പാർപ്പിച്ചിരുന്ന കോട്ടയം സബ്ജയിലിലേക്ക് കൊണ്ടുവന്നു.

publive-image

ജയിലിൽ ഞങ്ങൾ കെ എസ് യു പ്രവർത്തകരെ ഇട്ടിരുന്ന അതേ സെല്ലിൽ കഴിയണം എന്ന ആവശ്യം ആ സമയം ഉമ്മൻ ചാണ്ടി മുന്നോട്ടു വച്ചു. ഉമ്മൻ ചാണ്ടി എത്തിയതോടെ ജയിലിൽ കിടന്ന ഞങ്ങൾ നാലു പേരും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം ആരംഭിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഒപ്പം ജയിൽവാസം അനുഷ്ഠിച്ചത് എന്റെ രാഷ്ട്രീയജീവിതത്തിലെ മറക്കാനാകാത്ത ഒരദ്ധ്യായമാണ്. കെ എസ് യു പ്രവർത്തകരുടെ സെല്ലിൽ പ്രവേശിപ്പിക്കണം എന്നതൊഴികെ ജയിലിൽ മറ്റൊരു നിബന്ധനയും അദ്ദേഹം വച്ചിരുന്നില്ല.

ആദ്യ ദിവസം ഞങ്ങൾക്കൊപ്പം പായ വിരിച്ച് തറയിലാണ് ഉമ്മൻചാണ്ടി സാർ കിടന്നത്. രാവിലെ തറയിൽ നിന്ന് എഴുനേൽക്കാൻ അദ്ദേഹം ബുദ്ധിമുട്ടുന്നതു കണ്ട ഞാൻ ജയിലിന് തൊട്ടടുത്ത് താമസിച്ചിരുന്ന പാലാ കെ എം മാത്യു സാറിന്റെ വീട്ടിൽ നിന്ന് ഒരു ബെഞ്ചും ടേബിൾ ഫാനും കൊണ്ടുവരാൻ, ജയിലിൽ ഞങ്ങളെ കാണാൻ വന്ന പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചു. ജയിൽ സൂപ്രണ്ടിന്റെ അനുവാദത്തോടെ കൊണ്ടുവന്ന ആ ബെഞ്ചിൽ കിടക്കാൻ സന്നദ്ധനായതു മാത്രമാണ് അദ്ദേഹം ജയിലിൽ നിന്ന് സ്വീകരിച്ച ഏക ആനുകൂല്യം !

ജയിൽ എത്തുമ്പോഴേ ഉമ്മൻ ചാണ്ടി സാർ ക്ഷീണിതനായിരുന്നു. കാരണം മാർച്ച് 1 ന് പുലർച്ചെ ഒരു ചായ മാത്രം കഴിച്ച്, പാലായിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഡി സി സി ഓഫീസ് ആക്രമണ വാർത്തയറിഞ്ഞത്. ഉടൻതന്നെ അദ്ദേഹം കോട്ടയത്തേക്ക് തിരിച്ചു.

ഉച്ചയ്ക്ക് കോട്ടയം ടി ബി യിൽ ഭക്ഷണം പറഞ്ഞിരുന്നെങ്കിലും അത് കഴിക്കാൻ നിൽക്കാതെ അദ്ദേഹം പോലീസ് സ്റ്റേഷനിലെത്തി നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിനപ്പുറം പുലർത്തേണ്ട സത്യസന്ധതയുടെ രാഷ്ട്രീയം ഞങ്ങളുടെ തലമുറ ഉമ്മൻ ചാണ്ടിയിൽ നിന്നാണ് പഠിച്ചത്.

ജയിലിലെ നിരാഹാരസമരം ദിവസങ്ങളോളം നീണ്ടു. പകൽ സമയങ്ങളിൽ ഉമ്മൻ ചാണ്ടി സാറിനെ കാണാൻ സന്ദർശകർ ഒഴുകിയെത്തി. ഇതോടെ സംഭവം ഒത്തുതീർക്കാൻ സർക്കാർ ശ്രമം തുടങ്ങി. മുഖ്യമന്ത്രി ഇ.കെ.നായനാർക്ക് വേണ്ടി കോട്ടയം എം എൽ എ കൂടിയായ മന്ത്രി ടി കെ രാമകൃഷ്ണൻ ജയിലിലെത്തി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി സമരം പിൻവലിക്കാൻ അഭ്യർത്ഥിച്ചു.

എന്നാൽ ഡി സി സി ഓഫീസ് അടിച്ചു തകർത്ത പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ സമരം പിൻവലിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു ഉമ്മൻ ചാണ്ടി. ജയിലിലെ ഉമ്മൻ ചാണ്ടിയുടെ നിരാഹാര
സമരം മുന്നോട്ടു പോയതോടെ കോട്ടയം പട്ടണം അക്ഷരാർത്ഥത്തിൽ സമരഭൂമിയായി മാറി. ഉമ്മൻ ചാണ്ടിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ കോട്ടയത്തേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു.

നിരാഹാര സമരം ഒരാഴ്ച പിന്നിട്ടതോടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില വഷളായി. അദ്ദേഹത്തെ അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ ജയിൽ അധികൃതരോട് നിർദ്ദേശിച്ചു. തുടർന്ന് ഉമ്മൻ ചാണ്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയും അദ്ദേഹം നിരാഹാര സമരം തുടർന്നു . ഇതേസമയം ജയിലിൽ കഴിഞ്ഞ ഞങ്ങൾ നാലു പേരുടെ ആരോഗ്യനിലയും മോശമായി. ഇതേതുടർന്ന് ഞങ്ങളേയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

കോട്ടയത്ത് നിന്ന് സമരാഗ്നി കേരളത്തിലേക്ക് മുഴുവൻ വ്യാപിച്ചു. മറ്റ് മാർഗമില്ലാതെ സർക്കാർ എസ് എസ് എൽ സി പരീക്ഷാ കാലത്തെ പവർ കട്ട് പിൻവലിച്ചു. ഒപ്പം ഡി സി സി ഓഫീസ് അടിച്ചു തകർത്ത പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയുമുണ്ടായി.

ഇതേതുടർന്ന് ഉമ്മൻ ചാണ്ടി നിരാഹാര സമരം അവസാനിപ്പിച്ചു. അന്നത്തെ കെ പി സി സി പ്രസിഡന്റ് ശ്രീ.വയലാർ രവി കോട്ടയം മെഡിക്കൽ കോളജിലെത്തി നാരങ്ങാനീര് നൽകിയാണ് ഉമ്മൻ ചാണ്ടിയുടെ നിരാഹാര സമരം അവസാനിപ്പിച്ചത്. ഒപ്പം ഞങ്ങൾ നാലു പേരും വയലാർജിയിൽ നിന്ന് നാരാങ്ങാ നീര് വാങ്ങി കുടിച്ച് നിരാഹാര സമരം അവസാനിപ്പിച്ചു.

publive-image

ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ടെങ്കിലും ഈ സമരത്തോടെയാണ് ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ ജനകീയതയുടെ വ്യാപ്തി ലോകം അറിഞ്ഞത്. ദേശീയ തലത്തിൽ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറി. ആ ഉൾക്കരുത്തും നിശ്ചയദാർഢ്യവും ആത്മസമർപ്പണവും ജയിലിൽ ഒപ്പമിരുന്ന് അനുഭവിച്ചറിയാൻ ഞങ്ങൾ നാലു പേർക്കും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

ദിവസവുമുള്ള ഡയറിയെഴുത്തും രാത്രിയിലെ പ്രാർത്ഥനയും ഞാൻ ശീലിച്ചത് ജയിൽവാസ കാലത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിൽ നിന്നാണ്. ഏത് പ്രതിസന്ധിയേയും അനിതര സാധാരണമായ ഉൾക്കരുത്തോടെ സൗമ്യമായി നേരിടേണ്ടത് എങ്ങനെയാണെന്നും അന്ന് ഞങ്ങൾ പഠിച്ചു.

ഞങ്ങളുടെയെല്ലാം പ്രിയങ്കരനായ ജെ.ജോസഫ് തുടങ്ങി വച്ച സമരത്തിന്റെ തീജ്വാല കേരളത്തിലെ വിദ്യാർത്ഥി സംഘടനാ സമരങ്ങളുടെ ചരിത്രത്തിൽ എന്നും കെടാതെ നിൽക്കും. (സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ ജെ ജോസഫ് ഇപ്പോൾ അമേരിക്കയിലെ സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗസ്ഥനാണ്).

കേരളം മുഴുവൻ പടർന്നു കത്തിയ ആ വിദ്യാർത്ഥി സമരത്തിൽ ഒരു പ്രധാന പങ്കു വഹിക്കാനായത് എന്റെ സംഘടനാ പ്രവർത്തന പാതയേയും ശക്തിപ്പെടുത്തി. ഉമ്മൻ ചാണ്ടി അനുഷ്ഠിച്ച ഏക ജയിൽവാസത്തിൽ അദ്ദേഹത്തോടൊപ്പം പങ്കുചേരാനായത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ അനന്യ സുലഭമായ ഒരേടാണ് !

ആ സമരം നടന്ന് കാൽ നൂറ്റാണ്ടിനിപ്പുറം നിന്ന് എനിക്കുറക്കെ പറയാനാകും പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് ഞങ്ങളുടെയൊക്കെ ഹൃദയ ഭിത്തിക്കുള്ളിലാണ് സ്ഥിര താമസം എന്ന് ! അതിന് പകരം വയ്ക്കാൻ മറ്റൊരാളില്ല.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരേയൊരു ഉമ്മൻ ചാണ്ടിയേ ഉള്ളൂ ..!

വി.പി.സജീന്ദ്രൻ (കെ.പി.സി.സി. വൈസ് പ്രസിഡന്‍റ്)

Advertisment